
പാലക്കാട്: ജോലിയിൽനിന്ന് വിരമിച്ചശേഷം 56-ാം വയസ്സിലാണ് പാലക്കാട് വെണ്ണക്കര ‘ശ്രീവിശ്വ’ത്തിൽ പി.കെ. വിശ്വനാഥൻനായർ ആദ്യമായി പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യുന്നത്. അതിനുമുമ്പെല്ലാം തപാൽവോട്ടായിരുന്നു. ഇന്ന് 103-ാം വയസ്സിലും വോട്ടവകാശം വിനിയോഗിക്കാനുള്ള ആവേശത്തിലാണ് അദ്ദേഹം. പാലക്കാട് ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടർമാരിൽ ഒരാളാണ് വിശ്വനാഥൻനായർ.
23 വയസ്സിലായിരുന്നു ആദ്യത്തെ വോട്ട്. ‘പട്ടാളത്തിലായിരുന്നു തുടക്കം. പത്തുകൊല്ലം ജോലിചെയ്തു. പിന്നീട് തമിഴ്നാട്പോലീസിൽ 13 വർഷം. തുടർന്ന്, ഇന്റലിജൻസ് ബ്യൂറോയിലായി ജോലി. 56-ാം വയസ്സിലാണ് വിരമിച്ചത്’ -വിശ്വനാഥൻനായർ പറഞ്ഞു.
കസവുമുണ്ടും വെള്ള ഫുൾക്കൈ ഷർട്ടും തോളിലൊരു തോർത്തും ധരിച്ച് വീടിന്റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പത്രംവായിക്കുന്നത് രാവിലെയുള്ള പതിവാണ്. കേൾവി അല്പം കുറവാണെങ്കിലും കാഴ്ചയ്ക്ക് ഒരു മങ്ങലുമില്ല. പണ്ടത്തെ തിരഞ്ഞെടുപ്പേയല്ല ഇന്നെന്നും പ്രചാരണരീതികൾ വരെ വളരെ മാറിയെന്നുമാണ് വിശ്വനാഥൻനായരുടെ നിരീക്ഷണം. തിരഞ്ഞെടുപ്പ് രംഗത്തെക്കുറിച്ച് അപ്‍ഡേറ്റഡാണ്. അതിന് സഹായിക്കുന്നത് വർഷങ്ങളായി വായിക്കുന്ന ‘മാതൃഭൂമി’ പത്രവും. 30വർഷം മുമ്പാണ് ഭാര്യ കെ. കുഞ്ഞമ്മാളു അമ്മയുടെ വിയോഗം. അതിനുശേഷം മക്കളുടെ കൂടെയാണ് വിശ്വനാഥൻനായരുടെ യാത്രകളെല്ലാം. ഇക്കുറിയും വെണ്ണക്കരയിലെ യു.പി. സ്കൂളിൽ വോട്ടുചെയ്യാൻ മക്കളോടൊപ്പം പോകും.
വിരമിച്ചശേഷമുള്ള ആദ്യവോട്ട് 1977-ൽ വെണ്ണക്കര യു.പി. സ്കൂളിലാണ് ചെയ്തത്. പാലക്കാട് മുൻ എം.പി. വി.എസ്. വിജയരാഘവൻ അന്ന് വോട്ട് ചോദിച്ചെത്തിയതും ഓർക്കുന്നു. ഇന്ന് സൗകര്യങ്ങൾകൂടി. വോട്ടുചോദിച്ച് എവിടേക്കും വേഗത്തിലെത്താം... അദ്ദേഹം പതിഞ്ഞസ്വരത്തിൽ പറഞ്ഞു.
‘എങ്ങനെയാണച്ഛാ.. അന്നൊക്കെ വോട്ട്’.. മക്കളായ ജയകൃഷ്ണനും ഉണ്ണിക്കൃഷ്ണനും ചോദിച്ചു... ‘അന്ന് സ്കൂളിലേക്ക് പോകുന്നു. വോട്ടുചെയ്യുന്നു പോരുന്നു. അതിൽ കൂടുതലെന്താ...’ ഉത്തരംകേട്ട് ചുറ്റുമിരുന്ന കുടുംബാംഗങ്ങൾ പൊട്ടിച്ചിരിച്ചു. ‘നല്ല പ്രായത്തിൽ നാട്ടിലില്ലായിരുന്നു. സുഹൃത്തുക്കളും കുറവ്. യാത്രയൊക്കെ മക്കളോടൊപ്പമായിരുന്നു. ഇന്റലിജൻസ് ബ്യൂറോയിലായിരുന്ന സമയത്ത് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ഠാവ് എം.കെ. നാരായണനെ നേരിൽ കണ്ടിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു. കഴിവുള്ള സ്ഥാനാർഥിക്ക് വോട്ടെന്ന ഉറപ്പുമായാണ് അദ്ദേഹം സംസാരിച്ച് നിർത്തിയത്. പ്രായംകൂടിയ വോട്ടറെന്ന നിലയിൽ കഴിഞ്ഞദിവസം അധികൃതർ ഇദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു.
Content Highlights: palakkad senior voter aged 103
Published: 11 Apr 2024, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented