ടത് കോട്ടയായി ഏറെക്കാലം വാഴ്ത്തപ്പെട്ട പാലക്കാട് ലോക്‌സഭാ മണ്ഡലം തങ്ങള്‍ക്ക് ഒരു ബാലികേറാമലയല്ലെന്ന് 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തെളിയിച്ചതാണ്. 1957 ലെ തിരഞ്ഞെടുപ്പ് തൊട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. 1996 മുതല്‍ 2014 വരെ എല്‍.ഡി.എഫിന്റെ കോട്ടയായി തുടര്‍ന്ന പാലക്കാടിന്റെ ചരിത്രം കോണ്‍ഗ്രസ് മാറ്റിയെഴുതി. തീര്‍ച്ചയായും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു തിരഞ്ഞെടുപ്പെത്തുമ്പോള്‍ പാലക്കാട്ടെ രാഷ്ട്രീയം അവിടുത്തെ കാലാവസ്ഥ പോലെ തന്നെ കൊടുംചൂടിലേക്ക് നീങ്ങുമെന്നുറപ്പാണ്. നഷ്ടപ്പെട്ട കോട്ട വീണ്ടെടുക്കാന്‍ എല്‍.ഡി.എഫും പിടിച്ചടക്കിയത് നിലനിര്‍ത്താനുള്ള യു.ഡി.എഫിന്റെയും പോരാട്ടമായിരിക്കും അത്. 

To advertise here,

പാലക്കാട് ലോക്‌സഭാ മണ്ഡലം

പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുള്ളതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. 1952 മുതല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലം നിലവിലുണ്ട്. എന്നാല്‍ ഇന്നുള്ള പല നിയമസഭാ മണ്ഡലങ്ങളും അന്നുണ്ടായിരുന്നില്ല. രാജ്യം നേരിട്ട രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി. കുഞ്ഞന്‍ വിജയിച്ചു. 1967-ല്‍ ഇ.കെ. നായനാരും 1971-ല്‍ എ.കെ. ഗോപാലനും പാലക്കാടിന്റെ പ്രതിനിധികളായി പാര്‍ലമെന്റിലെത്തി.  

placeholder
Photo: Mathrubhumi

ഇടതുപക്ഷത്തിന്റെ ഈ മുന്നേറ്റത്തിന് തടയിട്ട് 1977 -ല്‍ കോണ്‍ഗ്രസിന്റെ എ. സുന്നാസാഹിബ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1980ലും സഹതാപ തരംഗം ആഞ്ഞടിച്ച 84ലും   കോണ്‍ഗ്രസിന്റെ തന്നെ വി.എസ്. വിജയരാഘവനാണ് പാര്‍ലമെന്റിലെത്തിയത്. 1989- ല്‍ സി.പി.എമ്മിന്റെ എ. വിജയരാഘവന്‍  മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 1991-ല്‍ കോണ്‍ഗ്രസിന്റെ വി.എസ്. വിജയരാഘവന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ വിജയിച്ചുകയറിയതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും എന്‍.എന്‍. കൃഷ്ണദാസ് മണ്ഡലം നിലനിര്‍ത്തി.  

2009 ലാണ് പാലക്കാട് മണ്ഡലം പുനഃസംഘടിപ്പിക്കപ്പെട്ടത്. അന്ന് മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ മാറ്റം വന്നു. ആലത്തൂരും ചിറ്റൂരും പഴയ കൊല്ലങ്കോടുമെല്ലാം അന്ന് പാലക്കാട്ട് നിന്ന് മാറി. പകരം ഷൊര്‍ണൂരും ഒറ്റപ്പാലവും പട്ടാമ്പിയും പാലക്കാടിന്റെ ഭാഗമായി. ഈ പുനഃസംഘടന ആ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കി. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ 1820 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമാണ് എം.ബി. രാജേഷിന് തന്റെ കന്നിയങ്കത്തില്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ 2014-ലെ തിരഞ്ഞെടുപ്പില്‍ രാജേഷ് ആ ക്ഷീണം തീര്‍ത്തു. യു.ഡി.എഫിന്റെ എം.പി. വീരേന്ദ്രകുമാറിനെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് രാജേഷ് മറികടന്നത്. എന്നാല്‍ 2019 ല്‍ കഥമാറി. മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 

 

placeholder

2014-ല്‍ ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷമായിരുന്നു. 2019- ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമായി. 2021-ലെ തിരഞ്ഞെടുപ്പിലും നിയമസഭാ മണ്ഡലങ്ങള്‍ അതേ രാഷ്ട്രീയ മുന്നണികളുടെ കയ്യില്‍ തന്നെ.

വര്‍ഷങ്ങളായി മണ്ഡലം ഇടതുപക്ഷത്ത് നില്‍ക്കുകയും യു.ഡി. എഫിന്റെ പ്രാതിനിധ്യം ഏഴില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയും ചെയ്യുമ്പോഴാണ് കോണ്‍ഗ്രസ് സഖ്യം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ കേരളത്തെയാകെ അമ്പരപ്പിച്ച് സിറ്റിങ് എം.പി. എം.ബി. രാജേഷിനെ പരാജയപ്പെടുത്തി വി.കെ. ശ്രീകണ്ഠന്‍ അട്ടിമറി വിജയത്തിലൂടെ മണ്ഡലം പിടിച്ചടക്കി. 

എല്‍.ഡി.എഫ്. മണ്ഡലങ്ങളായ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ എന്നിവിടങ്ങളെല്ലാം അന്ന് യു.ഡി.എഫിന് ഒപ്പം നിന്നു. മണ്ണാര്‍കാട് കഴിഞ്ഞാല്‍ എല്‍.ഡി.എഫിന്റെ മുഹമ്മദ് മുഹ്‌സിനെ രണ്ട് തവണ നിയമസഭയിലെത്തിച്ച പട്ടാമ്പിയാണ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വികെ.ശ്രീകണ്ഠന് ഏറ്റവും അധികം വോട്ട് കുത്തിയ രണ്ടാമത്തെ നിയമസഭാ മണ്ഡലം. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. മുന്നിലായിരുന്നുവെങ്കിലും 2016 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ പാലക്കാട് മാത്രമാണ് യു.ഡി.എഫിന് വോട്ട് വിഹിതം കുറഞ്ഞത്. അന്ന് ബി.ജെ.പിക്കും, യു.ഡി.എഫിനും ലഭിച്ച വോട്ടുകളുടെ എണ്ണം കുറയുകയും എല്‍.ഡി.എഫിന്‌ മുന്‍ വര്‍ഷത്തേക്കാള്‍ 5411 വോട്ടുകള്‍ അധികമായും ലഭിച്ചു. അതായത് ഒരു സമ്പൂര്‍ണ മുന്നേറ്റമാണ് അന്ന് പാലക്കാട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. നടത്തിയത്. ഇക്കാരണത്താല്‍ തന്നെ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. 

വർഷംപാർലമെന്‍റംഗംപാർട്ടിഭൂരിപക്ഷം
1957പി. കുഞ്ഞൻസിപിഐ47213
1962പി. കുഞ്ഞൻസിപിഐ72335
1967ഇ.കെ നായനാർ സിപിഎം67358
1971എ.കെ. ഗോപാലൻസിപിഎം52266
1977എ. സുന്നാ സാഹിബ്കോൺഗ്രസ്14871
1980വി.എസ്. വിജയ രാഘവൻകോണ്‍ഗ്രസ്12088
1984വി.എസ്. വിജയ രാഘവൻകോണ്‍ഗ്രസ്38153
1989എ.വിജയരാഘവൻ സിപിഎം1286
1991വി.എസ്. വിജയ രാഘവൻകോണ്‍ഗ്രസ്15768
1996എൻ.എന്‍ കൃഷ്ണദാസ്സിപിഎം23423
1998എൻ.എന്‍ കൃഷ്ണദാസ്സിപിഎം25022
1999എൻ.എന്‍ കൃഷ്ണദാസ്സിപിഎം30767
2004എൻ.എന്‍ കൃഷ്ണദാസ്സിപിഎം98158
2009എംബി രാജേഷ്സിപിഎം1820
2014എംബി രാജേഷ്സിപിഎം105300
2019വി. കെ ശ്രീകണ്ഠൻകോൺഗ്രസ്11637

പാലക്കാട് തിരഞ്ഞെടുപ്പ് 

വികെ. ശ്രീകണ്ഠനില്‍ നിന്ന് ഇടതുപക്ഷം മണ്ഡലം പിടിച്ചടക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് പാലക്കാട് ഇത്തവണ തേടുന്നത്. നിലവിലുള്ള എംപി മാരെ തന്നെ അതാത് മണ്ഡലങ്ങളില്‍ നിലനിര്‍ത്തണമെന്ന കോണ്‍ഗ്രസ് നിലപാട് നിലനില്‍ക്കെ, കഴിഞ്ഞ തവണ പാലക്കാട് ഉജ്ജ്വല വിജയം നേടിക്കൊടുത്ത വി.കെ. ശ്രീകണ്ഠന്‍ തന്നെയായിരിക്കും പാലക്കാട്ടെ സ്ഥാനാര്‍ഥി. വി.കെ. ശ്രീകണ്ഠനെതിരേ ശക്തനായ സ്ഥാനാര്‍ഥിയെ തിരയുന്ന ഇടതുപക്ഷത്ത് നിന്ന് സി.പി.എം. നേതാവ് എം. സ്വരാജിന്റെ പേരാണ് ഉയര്‍ന്നുവരുന്നത്. സി.പി.എം. പ്രതിനിധിയായി ജനങ്ങള്‍ക്കിടയില്‍ സ്ഥിരസാന്നിധ്യമായ മുഖമാണ് എം. സ്വരാജിന്റേത്. മികച്ചൊരു വാഗ്മി കൂടിയായ സ്വരാജിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

2011 ലെ സെന്‍സസ് അനുസരിച്ച് പാലക്കാട് മണ്ഡലത്തില്‍ 12.5 ശതമാനം എസ്.സി. വോട്ടര്‍മാരും, 2.1 ശതമാനം എസ്ടി വോട്ടര്‍മാരുമാണ്. മുസ്ലി വോട്ടര്‍മാര്‍ 29.6 ശതമാനം വരും. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ 3.6 ശതമാനവും ഹിന്ദു വോട്ടര്‍മാര്‍ 66.8 ശതമാനവുമാണ്. 13,23,010 വോട്ടര്‍മാരാണ് പാലക്കാട് മണ്ഡലത്തിലുള്ളത്. ഇതില്‍ 2019 ല്‍ 10,19,337 പേരാണ് വോട്ട് ചെയ്തത്. 77.77 ശതമാനം പോളിങ് രേഖപ്പെടുത്തി. 

 

placeholder

ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കൊങ്ങാട്, മലമ്പുഴ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നിവിടങ്ങള്‍ യു.ഡി.എഫിനൊപ്പവും നിന്നു. വോട്ട് ചെയ്ത 10,19,337 പേരില്‍ 3,99,274 പേര്‍ യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍, 3,87,637 പേര്‍ എല്‍.ഡി.എഫിനൊപ്പവും നിന്നു. 

പാലക്കാട്ടെ മൂന്നാമത്തെ പ്രധാന കക്ഷി ബി.ജെ.പിയാണ്. ബി.ജെ.പിയുടെ ശക്തമായ ഇടപെടല്‍ നടക്കുന്ന മണ്ഡലമാണിത്. 2021 ലെ തിരഞ്ഞെടുപ്പില്‍ 2,18,556 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ആക വോട്ടിന്റെ 21.26 ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിയുടെ വോട്ടുവിഹിതത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇത്തവണ അനുകൂലമായാല്‍ വിജയം കണ്ടില്ലെങ്കിലും വോട്ട് വിഹിതം ഉയര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചേക്കും. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് സ്വാധീനം. സംസ്ഥാനത്ത് പാർട്ടി ഭരണം കൈയാളുന്ന രണ്ട് നഗരസഭകളിൽ ഒന്ന് പാലക്കാടാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സുപ്രധാന ദേശീയ രാഷ്ട്രീയ പാര്‍ട്ടിയെന്ന പരിഗണന കേരളം കോണ്‍ഗ്രസിന് നല്‍കിവരാറുണ്ടെങ്കിലും ആറ് തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്ന പാലക്കാട് ഏത് രീതിയിലാണ് ഇത്തവണ ചിന്തിക്കുക എന്ന് പറയുകയെങ്ങനെ.