പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറാണ് എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയെന്ന് ശനിയാഴ്ച വൈകീട്ടാണ് പാര്‍ട്ടി ദേശീയനേതൃത്വം പ്രഖ്യാപിച്ചത്. പിന്നാലെ പാലക്കാട് പട്ടണത്തില്‍ കൃഷ്ണകുമാര്‍ പ്രചാരണം തുടങ്ങി. പാലക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തകരോടൊപ്പം ഇരിക്കുന്നതിനിടെ യാണ് സ്ഥാനാര്‍ഥിപ്രഖ്യാപനം അറിഞ്ഞത്. ഞായറാഴ്ച രാവിലെ ആറിന് കോട്ടമൈതാനത്ത് പ്രഭാതസവാരിക്കെത്തുന്നവരുമായി സമ്പര്‍ക്കം നടത്തും. ശേഷം മലമ്പുഴ മണ്ഡലത്തിലെയും ഉച്ചയ്ക്കുശേഷം പാലക്കാട് മണ്ഡലത്തിലെയും പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കും. പിരായിരി ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംനടത്തും.

To advertise here,

വിജയപ്രതീക്ഷ

എന്‍.ഡി.എ.യുടെ എ പ്ലസ് മണ്ഡലമായ പാലക്കാട്ട് വലിയ വിജയപ്രതീക്ഷയുണ്ടെന്ന് സി. കൃഷ്ണകുമാര്‍ പറഞ്ഞു. 2019-ല്‍ ഇതേ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയപ്പോള്‍ കിട്ടിയ പിന്തുണ പ്രതീക്ഷ നല്‍കുന്നതാണ്. ശക്തമായ സാന്നിധ്യമുറപ്പിച്ച് 1,36,000 വോട്ടില്‍നിന്ന് 2,18,000 വോട്ടായി ഉയര്‍ത്താന്‍ അന്ന് കഴിഞ്ഞു. സംസ്ഥാനത്ത് ഇത്തവണ എന്‍.ഡി.എ. അക്കൗണ്ട് തുറക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

വികസനം ചര്‍ച്ചയാവും

കേരളത്തില്‍ എല്‍.ഡി.എഫ്., യു.ഡി.എഫ്. മുന്നണികള്‍ സ്ഥിരമായി ജയിച്ചിട്ടും വികസനം എന്തെന്ന് പാലക്കാട് അറിഞ്ഞിട്ടില്ല. കേരളത്തില്‍നിന്ന് ബി.ജെ.പി.ക്ക് എം.പി.മാര്‍ ഇല്ലാതിരുന്നിട്ടും സംസ്ഥാനഭരണം ഇല്ലാതിരുന്നിട്ടും എന്‍.ഡി.എ. സര്‍ക്കാര്‍ കേരളത്തെ മറന്നില്ല. ഇതുവരെ ഒരുമുന്നണിയും നല്‍കാത്ത വികസനമാണ് മോദി സര്‍ക്കാര്‍ പാലക്കാടിനു നല്‍കിയത്. ആ വികസനത്തുടര്‍ച്ച തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന് സി. കൃഷ്ണകുമാര്‍ പറഞ്ഞു.

എം.പി.മാര്‍ ജില്ലയെ മറന്നു

എല്‍.ഡി.എഫ്. സര്‍ക്കാരിനുകീഴില്‍ ജനങ്ങളുടെ സുരക്ഷതന്നെ ഉറപ്പില്ലാത്ത സ്ഥിതിയായി. ജില്ലയിലെ നെല്ലുസംഭരണ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇവിടത്തെ സംസ്ഥാന സര്‍ക്കാരിനോ പാലക്കാട്ടെ എം.പി.ക്കോ കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയിലെ ശിശുമരണങ്ങളും അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മയും ഇന്നും ചര്‍ച്ചകളില്‍ നിറയുന്നത് ഇവിടത്തെ ജനപ്രതിനിധികളുടെ പരാജയമാണ് കാണിക്കുന്നത്. ഇരു മുന്നണികളുടെയും ഭരണപരാജയങ്ങള്‍ എന്‍.ഡി.എ.യുടെ വോട്ടായി മാറും.