കൊട്ടാരക്കര: ഒരേ മണ്ഡലത്തിൽ തുടർച്ചയായി പത്തുതവണ മത്സരിക്കുക. അതിൽ എട്ടുതവണ വിജയിക്കുക. പുതിയ ഇന്ത്യൻ പാർലമെന്റിൽ എം.പി. കാലയളവിൽ മുതിർന്നയാൾ കൊടിക്കുന്നിൽതന്നെ. കഴിഞ്ഞ പാർലമെന്റിൽ ഭരണപക്ഷത്തായിരുന്ന മേനകാ ഗാന്ധിക്ക് കൊടിക്കുന്നിലിനൊപ്പം പാർലമെന്ററി വയസ്സുണ്ടെങ്കിലും ഇക്കുറി അവർ പരാജയപ്പെട്ടു.
മറ്റുള്ളവരെല്ലാം വിജയത്തുടർച്ച നേടിയിട്ടുള്ളത് പല മണ്ഡലങ്ങളിൽനിന്നാണെങ്കിൽ കൊടിക്കുന്നിലിന്റെ പത്തു മത്സരങ്ങളും ഒരേ മണ്ഡലത്തിൽതന്നെ ആയിരുന്നു.
അടൂർ മണ്ഡലം മാവേലിക്കരയായി രൂപം മാറിയിട്ടും കൊടിക്കുന്നിൽ മാറിയില്ല. അടൂരിലും മാവേലിക്കരയിലും ഹാട്രിക് വിജയം നേടിയെന്ന പ്രത്യേകതയുമുണ്ട്.
ഇക്കുറി പ്രതിസന്ധികൾ ഏറെയായിരുന്നു. കൊടിക്കുന്നിൽ മാറിനിൽക്കണമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പാർട്ടിക്കുള്ളിലെതന്നെ എതിരാളികൾ ഒളിയമ്പെയ്തായിരുന്നു തുടക്കം. ഒട്ടുമിക്ക മാധ്യമങ്ങളും മാവേലിക്കരയിൽ കൊടിക്കുന്നിലിന്റെ തോൽവി പ്രവചിച്ചു. പ്രതിസന്ധികൾക്കു ചെവി നൽകാതെ വ്യക്തമായ രൂപമോ അതിരുകളോ ഒരു മണ്ഡലം ആസ്ഥാനമോ ഇല്ലാതെ പരന്നുകിടക്കുന്ന മാവേലിക്കരയിൽ കൊടിക്കുന്നിൽ പ്രചാരണം തുടങ്ങുകയായിരുന്നു. പ്രചാരണത്തിൽ ഒരു ഘട്ടത്തിലും പിന്നോട്ടു പോകാൻ തയ്യാറാകാതെ നിറഞ്ഞുനിന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവപ്പൻ കോട്ടകളായി മാറിയ കുട്ടനാടും ചെങ്ങന്നൂരും മാവേലിക്കരയും ചങ്ങനാശ്ശേരിയും കുന്നത്തൂരും കൊട്ടാരക്കരയും നിറം മാറ്റിയെടുക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് പത്താം അങ്കത്തിനിറങ്ങിയ കൊടിക്കുന്നിലിന് അറിയാമായിരുന്നു. രണ്ടു എം.പി. ഓഫീസുള്ള സംസ്ഥാനത്തെ ഏക എം.പി.ക്ക് വിജയത്തിലേക്കുള്ള അനുഭവ വഴികൾ മനഃപാഠമായിരുന്നു.
സ്കോർ ബോർഡിൽ ഇഴഞ്ഞിഴഞ്ഞുനീങ്ങിയ ഭൂരിപക്ഷം 10868-ൽ എത്തിയപ്പോൾ ഏഴിൽ നാല് നിയമസഭാ മണ്ഡലങ്ങളും ത്രിവർണമണിഞ്ഞിരന്നു. മാവേലിക്കരയിൽ പകരക്കാരനില്ലാത്ത സാരഥിയായി കൊടിക്കുന്നിൽ മാറി.
അറുപത്തിരണ്ടു വയസ്സിനിടെ ഒരേ മണ്ഡലത്തിൽ എട്ടു വിജയം നേടിയ, കേന്ദ്ര മന്ത്രിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പും സി.പി.പി. സെക്രട്ടറിയും പ്രോ ടേം സ്പീക്കറും ആയിട്ടുള്ള കൊടിക്കുന്നിലിനോളം പാർലമെന്റ് പരിചയമുള്ള ഒരു നേതാവും നിലവിൽ ഇന്ത്യൻ പാർലമെന്റിൽ ഇല്ല.
Content Highlights: Kodikkunnil Suresh creates history by winning 8th time in lok sabha election, Mavelikkara
Published: 06 Jun 2024, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented