പ്രധാന മുന്നണിയിതര സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്രന്‍മാര്‍ക്കും പറയാനുണ്ട് അവരുടെ രാഷ്ട്രീയം. ആ നിലപാടിനു വേണ്ടിയാണ് അവര്‍ മത്സരിക്കുന്നത്. അവരെക്കുറിച്ച്.
രാജ്യത്ത് ആര്‍.എസ്.എസ്. നിയന്ത്രിക്കുന്ന ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പി.യും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ഇവരോട് ചേര്‍ന്നുനില്‍ക്കുകയാണ്. ഈ നിയന്ത്രണത്തില്‍നിന്നു ഭൂരിപക്ഷസമൂഹത്തെ രക്ഷിച്ച് ദേശീയ രാഷ്ട്രീയത്തില്‍ ഇടംപിടിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പുനയം.- സന്തോഷ് പാലത്തുംപാടന്‍, ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി (ആന)
കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യംഭരിക്കുന്ന ബി.ജെ.പി. പ്രതിനിധികളെ പുറത്താക്കി ജനകീയ സമരരാഷ്ട്രീയത്തെ മുന്‍നിരയില്‍ എത്തിക്കണം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങളും രാജ്യത്ത് കൊണ്ടുവന്ന തൊഴിലില്ലായ്മ രൂക്ഷമാക്കിയ കുത്തക അനുകൂല നയങ്ങള്‍ക്കെതിരേയുമുള്ള ജനവിധി ഉണ്ടാകണം.- കെ. ബിമല്‍ജി, എസ്.യു.സി.ഐ.(കമ്യൂണിസ്റ്റ്) സ്ഥാനാര്‍ഥി (ബാറ്ററി ടോര്‍ച്ച്)
ഓരോ വ്യക്തിയുടെയും പൗരന്റെയും അവകാശങ്ങളും അന്തസ്സും മനുഷ്യാവകാശങ്ങളാലും ഭരണഘടനയാലും നിയമത്താലും സുരക്ഷിതമാക്കുക എന്ന ലക്ഷ്യമാണ് ഈ തിരഞ്ഞെടുപ്പ്. തൊഴിലില്ലായ്മ പരിഹരിക്കുക, ശാസ്ത്രീയ വികസിത മാനവിക ഇന്ത്യയെ വാര്‍ത്തെടുക്കുക തുടങ്ങിയ നയങ്ങള്‍ യാഥാര്‍ഥ്യമാക്കാനും വിജയം അനിവാര്യമാണ്.- സുരേഷ് നൂറനാട്, എ.പി.ഐ. (കോട്ട്)
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനു മുന്‍നിര പങ്കാളിത്തമോ പ്രാധാന്യമോ രാജ്യം നല്‍കുന്നില്ല. ഇത് എല്ലാവരെയും ഈ തിരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെടുത്തണം. ബി.ജെ.പി.യുടെ ഘടകകക്ഷി ആകാനായി രൂപവത്കരിച്ച പാര്‍ട്ടിയാണ് ദ്രാവിഡ മുന്നേറ്റ പാര്‍ട്ടി. എന്നാല്‍, രൂപവത്കരണത്തിനുശേഷം പാര്‍ട്ടിയെ തഴഞ്ഞു. ഇതില്‍ പ്രതിഷേധം അറിയിക്കുന്നതിനാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.- സി. മോനിച്ചന്‍, സ്വതന്ത്രന്‍ (ആപ്പിള്‍)
നിലവില്‍ മൂന്ന് മുന്നണികളും ഒരേ കാഴ്ചപ്പാടിലാണു പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കക്ഷികളായി മത്സരിക്കാതെ എല്‍.ഡി.എഫ്., യു.ഡി.എഫ്. എന്നിവ ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. നിലവില്‍ രണ്ടായി മത്സരിച്ച് കേരളത്തില്‍ ബി.ജെ.പി.യെ വളര്‍ത്താനുള്ള സമീപനമാണ് ഇരുപാര്‍ട്ടിയും ഏറ്റെടുത്തിരിക്കുന്നത്. ഇതിനെതിരേയാണ് എന്റെ പോരാട്ടം.-മാന്തറ വേലായുധന്‍, സ്വതന്ത്രന്‍ (ഓട്ടോറിക്ഷ). മാന്തറ ഭവന്‍, ശൂരനാട് തെക്ക് കൊല്ലം
കേന്ദ്രഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് എന്റെ സ്ഥാനാര്‍ഥിത്വം. മാവേലിക്കരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പേരും എന്റെ പേരും തമ്മിലുള്ള ചെറിയ സാമ്യം സ്വഭാവികമാണ്. ഒരു അപരനായി മത്സരിക്കാനല്ല, മറിച്ചു സ്വതന്ത്രമായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളായതിനാലാണ് മത്സരരംഗത്തേക്ക് എത്തിയത്.- കൊഴുവശ്ശേരില്‍ സുരേഷ്, സ്വതന്ത്രന്‍(ബാറ്റ്)
Content Highlights: maveleikkara lok sabha election candidates
Published: 23 Apr 2024, 08:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented