
മാന്നാറിലെ ആലകൾ ഊതിക്കാച്ചിയ വെങ്കലത്തേക്കാൾ ചൂട് തൻ്റെ പോരാട്ടവീര്യത്തിനുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് നാലാം തവണയും മാവേലിക്കരയിൽ നിന്ന് ഡൽഹിക്കു പുറപ്പെട്ട ബസിൻ്റെ ഫ്രണ്ട് സീറ്റിൽ തന്നെ കൊടിക്കുന്നിൽ സുരേഷ് ഇരിപ്പുറപ്പിച്ചത്. മൂന്ന് തവണ വിജയം നൽകിയ മണ്ഡലം നാലാമങ്കത്തിലും കൈവിടില്ലെന്ന ഉറച്ച വിശ്വാസം തെറ്റിയില്ല. മാവേലിക്കരയിൽ വിജയമുറപ്പിച്ചതോടെ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ എം.പി.യാകുന്ന റെക്കോഡിൻ്റെ ഖ്യാതി കൂടി കൊടിക്കുന്നിലിന് സ്വന്തം. മാവേലിക്കരയിൽ പാറിയ 'കൊടി' തകർത്ത് ചെങ്കോട്ട കെട്ടുമെന്ന സി.എ.അരുൺകുമാറിൻ്റെ പ്രതീക്ഷ വൃഥാവിലായി. എന്നാൽ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ചവെച്ച അരുൺ കുമാറിനു മുന്നിൽ കൊടിക്കുന്നിൽ കാലിടറാതെ പിടിച്ചു നിൽക്കാൻ അൽപം പ്രയാസപ്പെട്ടു എന്നു തന്നെ പറയാം. 2019-ലെ കൊടിക്കുന്നിലിൻ്റെ 61500-ൻ്റെ ഭൂരിപക്ഷം 10868-ലേക്ക് അരുൺകുമാർ ഒതുക്കിയത് അതിൻ്റെ തെളിവാണ്. കൊടിക്കുന്നിൽ സുരേഷ് 369516 വോട്ടുകൾ നേടിയപ്പോൾ അരുൺകുമാർ 358648 വോട്ടുകൾ നേടി. 142984 വോട്ടുകളാണ് എൻ.ഡി.എയുടെ ബൈജു കലാശാലയ്ക്ക് ലഭിച്ചത്.
ശക്തമായ മത്സരം കാഴ്ചവെച്ച അരുൺ കുമാറിനോടുള്ള പോരാട്ടത്തിൽ സാമാജികത്വത്തിലെ തന്ത്രജ്ഞത കൊടിക്കുന്നിലിന് നേട്ടമായെന്ന് അനുമാനിക്കാം. ഈ പരിചയസമ്പത്തു തന്നെയാണ് മണ്ഡലത്തിനുള്ളില്‍ വിരുദ്ധവികാരം നേരിട്ടിട്ടും കാലിടറാതെ പിടിച്ചു നില്‍ക്കാന്‍ കൊടിക്കുന്നിലിനെ സഹായിച്ചതും.
തെക്ക് പത്തനാപുരത്തു നിന്ന് തുടങ്ങി വടക്കു കുട്ടനാടു വരെ മൂന്നു ജില്ലകളിലായി പരന്നു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. എൻ.എസ്.എസ്,എസ്.എൻ.ഡി.പി,കെ.പി.എം.എസ്, വിവിധ ക്രൈസ്തവ സഭകൾ തുടങ്ങി വിവിധ സാമുദായിക സംഘടനകളുടെ പ്രഭാവം ശക്തമാണ് സംവരണ മണ്ഡലം കൂടിയായ മാവേലിക്കരയിൽ. രാഷ്ട്രീയത്തോടൊപ്പം സാമുദായിക ചേരുവകൾക്കും വ്യക്തമായ സ്വാധീനമുള്ള മണ്ഡലം കൈരേഖ പോലെ പരിചിതമാണെന്നത് കൊടിക്കുന്നിലിൻ്റെ നേട്ടമാണ്. ഈ പരിചയസമ്പത്തു തന്നെയാണ് മണ്ഡലത്തിനുള്ളില്‍ വിരുദ്ധവികാരം നേരിട്ടിട്ടും നേട്ടം കൊയ്യാൻ കൊടിക്കുന്നിലിനെ സഹായിച്ചതും.
കസേരയിളകാതെ കൊടിക്കുന്നിൽ, കുറഞ്ഞ് ഭൂരിപക്ഷം
മണ്ഡലം രൂപീകൃതമായ 1962 മുതൽ 2019 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണയും ജനഹിതം യു.ഡി.എഫിനു അനുകൂലമായിരുന്നു. ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോഴും തൊട്ടടുത്ത വര്‍ഷം തിരിച്ചുപിടിക്കാൻ യു.ഡി.എഫിനു കഴിഞ്ഞിട്ടുമുണ്ട്. മധ്യതിരുവിതാംകൂറിലെ സ്ഥിരം സംവരണ മണ്ഡലമായ അടൂർ മണ്ഡല പുനർനിർണയത്തിൽ ഇല്ലാതായപ്പോഴാണ് 2009-ൽ സംവരണപദവി മാവേലിക്കരയ്ക്ക് കൈവന്നത്. അടൂരിന് പകരം പത്തനംതിട്ട ജനറല്‍ സീറ്റായി. സംവരണ മണ്ഡലമായ ശേഷം 2009-ൽ നടന്ന തിരഞ്ഞെടുപ്പിൽ അടൂരിലെ സിറ്റിങ് എം.പി.യായിരുന്ന കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ മത്സരിച്ചു. അന്നുമുതൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെയും കൊടിക്കുന്നിലല്ലാതെ മറ്റൊരു ഉത്തരം മാവേലിക്കരയ്ക്കുണ്ടായിരുന്നില്ല. ഇന്നത്തെ വിജയം കൂടി എഴുതിച്ചേർത്തതോടെ അടൂരിൽ നിന്നും മാവേലിക്കരയിൽ നിന്നുമായി എട്ടു തവണയാണ് കൊടിക്കുന്നിൽ പാർലമെൻ്റിൽ വിജയക്കൊടി നാട്ടുന്നത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കൊടിക്കുന്നിലിന്റെ വരവ്. തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിയമ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആദ്യമായി സ്ഥാനാര്‍ഥി ടിക്കറ്റ് ലഭിക്കുന്നത്. അന്ന് കെ.എസ്.യു. സംസ്ഥാന വൈസ്പ്രസിഡന്റായി വിജയിച്ച കൊടിക്കുന്നില്‍ പിന്നീട് അടൂരില്‍ സ്ഥാനാര്‍ഥിയായി. 1989-ല്‍ 27-ാം വയസ്സിലായിരുന്നു കന്നിയങ്കം. സി.പി.ഐ.യുടെ എന്‍. രാജനായിരുന്നു എതിരാളി. 21,542 വോട്ടിന്റെ ഭൂരിപക്ഷം നേടി കന്നിപ്പോരാട്ടത്തില്‍ കൊടിക്കുന്നില്‍ പാര്‍ലമെന്റിലേക്ക് വണ്ടികയറി. 1991-ല്‍ അടുത്ത തിരഞ്ഞെടുപ്പെത്തി. സി.പി.ഐ.യുടെ ഭാര്‍ഗവി തങ്കപ്പനായിരുന്നു എതിരാളി. ഭൂരിപക്ഷം 18,595 ആയി കുറഞ്ഞെങ്കിലും അടൂരുകാര്‍ അത്തവണയും കൊടിക്കുന്നിലിനെ കൈവിട്ടില്ല.
1996-ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യുടെ പി.കെ. രാഘവനെ 65,545 വോട്ടിന് തോല്‍പ്പിച്ച് അടൂരിലെ ഹാട്രിക് പൂര്‍ത്തിയാക്കി. പക്ഷേ അടുത്ത തിരഞ്ഞെടുപ്പില്‍ സി.പി.ഐ. രംഗത്തിറക്കിയക്കിയ പുതുമുഖമായ ചെങ്ങറ സുരേന്ദ്രനു മുന്നില്‍ കൊടിക്കുന്നിലിനു കാലിടറി. 98-ല്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ 17005 വോട്ടുകള്‍ക്ക് കൊടിക്കുന്നിലിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഒരു വര്‍ഷം കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പില്‍ 22,006 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചെങ്ങറയെ തോല്‍പ്പിച്ച് പ്രതികാരം വീട്ടി. എന്നാല്‍ 2004-ല്‍ ചെങ്ങറയ്ക്ക് മുന്നില്‍ 54,534 വോട്ടുകള്‍ക്ക് കൊടിക്കുന്നില്‍ പിന്നെയും വീണു. അടൂര്‍ മണ്ഡലം ഇല്ലാതായി 2009-ൽ മാവേലിക്കരയിലേക്കെത്തിയപ്പോള്‍ പി.കെ. രാഘവന്റെ മകന്‍ ആര്‍.എസ്. അനിലും എൻ.ഡി.എ.യുടെ പി.എം. വേലായുധനുമായിരുന്നു എതിരാളികൾ. 48,048 വോട്ടിന്റെ ഭൂരിപക്ഷം നേടിയ കൊടിക്കുന്നിൽ പതിനഞ്ചാമത് ലോക്‌സഭയില്‍ സ്ഥാനമുറപ്പിച്ചു.

2014-ൽ മാവേലിക്കരയിലെ രണ്ടാമങ്കത്തിൽ കാത്തിരുന്ന എതിരാളി അടൂർ മണ്ഡലത്തിൽ കൊടിക്കുന്നിലിനെ നില തെറ്റിച്ച ചെങ്ങറ സുരേന്ദ്രനായിരുന്നു. ഒപ്പം എൻ.ഡി.എ. സ്ഥാനാർഥിയായി അന്നത്തെ യുവമോർച്ച സംസ്ഥാന പ്രസിഡൻ്റായിരുന്ന പി.സുധീറും. കുട്ടനാട് പാക്കേജ് നടപ്പാക്കാനാകാതിരുന്നതും അന്നത്തെ സോളാർ വിവാദവുമൊക്കെ പ്രചാരാണായുധമാക്കി കൊടിക്കുന്നിലിനെ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും 32,737 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി.2019-ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആണിയടിച്ചുറപ്പിച്ച കൊടിക്കുന്നിലിൻ്റെ അധീശത്വത്തെ നേരിടാൻ അടൂരിൽ സിറ്റിങ്ങ് എം.എൽ.എ.യായ ചിറ്റയം ഗോപകുമാറിനെയാണ് സി.പി.ഐ. ഇറക്കിയത്. ബി.ഡി.ജെ.എസിൻ്റെ തഴവ സഹദേവനെ എൻ.ഡി.എ. സ്ഥാനാർഥിയായും രംഗത്തിറക്കി. ചിറ്റയം ഗോപകുമാർ 3,76497 വോട്ടും തഴവ സഹദേവൻ 1,32323 വോട്ടുകളും നേടിയപ്പോൾ 61500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 4,37997 വോട്ടുകളുമായി കൊടിക്കുന്നിൽ ഹാട്രിക് വിജയം ഉറപ്പിക്കുകയായിരുന്നു. ഒടുവിൽ 2024-ൽ മാവേലിക്കര ഏതുവിധേനയും പിടിച്ചെടുക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് പുതുമുഖമായ സി.എ. അരുൺകുമാറിനെ സി.പി.ഐ. രംഗത്തിറക്കിയത്. പോരാട്ടം ശക്തിപ്പെടുത്താൻ കോൺഗ്രസ് വിട്ട് ബി.ഡി.ജെ.എസിലെത്തിയ ബൈജു കലാശാലയെ എൻ.ഡി.എ.യും മത്സരത്തിനിറക്കി. എന്നാൽ, മാവേലിക്കരയിലെ കൊടിക്കുന്നിൽ പ്രഭാവത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ അരുൺകുമാറിനും ബൈജു കലാശാലയ്ക്കും ആയില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

എന്നാല്‍ 2019-ല്‍ ആഞ്ഞടിച്ച യു.ഡി.എഫ്. തരംഗത്തില്‍ ഒപ്പം കൂടിയ ഭൂരിപക്ഷം ഇക്കുറി കൊടിക്കുന്നിലിന് നേടാനായില്ല എന്നത് എടുത്തു പറയേണ്ടതാണ്. 2014-ൽ 32,737 ആയിരുന്ന ഭൂരിപക്ഷം 61500 ആയി ഉയർത്താൻ 2019-ൽ കൊടിക്കുന്നിലിന് കഴിഞ്ഞിരുന്നു. എന്നാൽ ഇക്കുറിയും സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം നിലനിൽക്കുമ്പോൾ പോലും ഭൂരിപക്ഷത്തിൽ ഇത്രയേറെ ഇടിവുണ്ടായതിന് കാരണമായി ചൂണ്ടിക്കാട്ടാവുന്നത് മണ്ഡലത്തിനുള്ളിൽ സിറ്റിങ് എം.പി.യായ കൊടിക്കുന്നിലിനെതിരെ നിലനിന്ന വിരുദ്ധ വികാരമാണ്. എന്നാൽ കൊടിക്കുന്നിലിൻ്റെ ജനസമ്മതിക്ക് വിരുദ്ധവികാരത്തേക്കാൾ ശക്തിയുണ്ടെന്ന് വേണം കരുതാൻ. മറ്റൊരു പ്രധാന കാര്യം വോട്ടുവിഹിതമാണ്. 2009, 2014,2019 തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം മാറിയപ്പോഴും വോട്ടുവിഹിതത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ കൊടിക്കുന്നിലിന് കഴിഞ്ഞിരുന്നില്ല. 45 ശതമാനത്തിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കൊടിക്കുന്നിലിൻ്റെ വോട്ടുവിഹിതം. ഇക്കുറിയും പ്രകടമായ മാറ്റം വോട്ടുവിഹിതത്തിലുണ്ടാക്കാൻ കൊടിക്കുന്നിലിന് കഴിഞ്ഞില്ല എന്നു വേണം കരുതാൻ.

അരുൺകുമാറിന് തിരിച്ചടിയായത് പാർട്ടിക്കുള്ളിലെ വിഭാഗീയതയോ
കുട്ടനാട്ടിലെ സിപിഎമ്മിലുണ്ടായ വിഭാഗീയതയും കൂട്ടരാജിയും തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്ന അനുമാനത്തിലാണ്. കൂടാതെ സ്ഥാനാർഥി നിർണയത്തിൽ ഇടതു പാളയത്തിലുണ്ടായ പൊട്ടിത്തെറികളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നും കണക്കുകൂട്ടലുണ്ട്. സി.പി.എം വിട്ടെത്തിയ നേതാക്കൾ സിപിഐയിലെത്തിയത് ബലം കൂട്ടുമെന്നായിരുന്നു ധാരണയെങ്കിലും അത് പ്രതീക്ഷ മാത്രമായി നിലനിന്നു. കേരള കോൺഗ്രസ് ഇടത്തോട്ട് പോയതും മന്ത്രിസ്ഥാനം ലഭിച്ച കെ.ബി.ഗണേഷ് കുമാറിൻ്റെ സ്വാധീനവും ഗുണം ചെയ്യുമെന്ന വിശ്വാസവും നേട്ടമുണ്ടാക്കിയില്ല. കൊടിക്കുന്നിലിനെതിരെയുളള ജനവിരുദ്ധ വികാരവും കോൺഗ്രസിനുള്ളിൽ തന്നെ നിലനിന്ന എതിർപ്പും കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കിയേക്കുമെന്ന എൽഡിഎഫ് പ്രതീക്ഷയും വെറുതെയായി. എന്നാൽ കൊടിക്കുന്നിലിൻ്റെ ഭൂരിപക്ഷം ഇത്രത്തോളം വെട്ടി കുറയ്ക്കാനായത് അരുൺ കുമാറിൻ്റെ നേട്ടമാണ്.
നേട്ടം കൊയ്യാതെ എൻ.ഡി.എ.
ബിഡിജെഎസിന് വളക്കൂറുള്ള മണ്ണിൽ ബൈജു കലാശാല തെറ്റില്ലാത്ത ഒരു വിഹിതം വോട്ട് പിടിക്കുമെന്നായിരുന്നു എൻ.ഡി.എയുടെ പ്രതീക്ഷ. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് ഏതാണ്ട് ഒരുവർഷം മുമ്പ് തന്നെ മണ്ഡലത്തിൽ എൻ.ഡി.എ. പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇക്കുറി മാവേലിക്കരയിൽ എൻഡിഎ സീറ്റുറപ്പിക്കുമെന്ന് മാവേലിക്കര മണ്ഡലത്തിൻ്റെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ ഭഗവന്ത് ഖൂബ പറയുകയും ചെയ്തു. ഖൂബ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ പോലും വരുന്നതിനും ഏറെ മുമ്പാണെന്നതാണ് ശ്രദ്ധേയം. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷൻ്റെ ആധുനീകരണം ഉൾപ്പടെ കേന്ദ്രനേതൃത്വത്തിൻ്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കായിരുന്നു എൻഡിഎ നേതൃത്വം നൽകിയതും.
എന്നാൽ 2019-ൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച തഴവ സഹദേവൻ നേടിയ 1,33,546 വോട്ടുകളിൽ നിന്ന് കാര്യമായ മാറ്റമുണ്ടാക്കാൻ ബൈജു കലാശാലയ്ക്കായില്ല. 142984 വോട്ടുകൾ മാത്രമാണ് ബൈജു കലാശാല നേടിയത്.
Content Highlights: lok sabha election 2024 udf kodikunnil suresh won in mavelikkara
Published: 04 Jun 2024, 06:07 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented