മലപ്പുറം: പുതിയ തലമുറയിലെ പടക്കുതിരകളെ കളത്തിലിറക്കിയുള്ള പോരാട്ടത്തിനു തന്നെയാണ് ഇത്തവണയും മലപ്പുറത്ത് ഇടതുപക്ഷം തയ്യാറെടുക്കുന്നത്. അതിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് വി. വസീഫിനെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയായി പരിഗണിച്ചത്. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയാണ് വസീഫ്.

To advertise here,

മലപ്പുറം മണ്ഡലത്തിലെ ആദ്യത്തേതിലൊഴികെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം യുവാക്കളെയും വനിതയെയുമാണ് പാര്‍ട്ടി രംഗത്തിറക്കിയത്. പാര്‍ലമെന്റ് മണ്ഡലം രൂപവത്കരിച്ചതിനുശേഷം ആദ്യ തിരഞ്ഞെടുപ്പ് 2009-ലായിരുന്നു. അന്ന് മുസ്ലിംലീഗിന്റെ ഇ. അഹമ്മദിനെതിരേ ടി.കെ. ഹംസ മത്സരിച്ചു. 2014-ലെ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിനെതിരേ പാര്‍ട്ടി നിര്‍ത്തിയത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് പി.കെ. സൈനബയെയാണ്. അന്ന് അവര്‍ രണ്ടരലക്ഷത്തോളം വോട്ടും നേടി. 

2017-ലെ ഉപതിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ ഡി.വൈ.എഫ്.ഐ. നേതാവ് എം.ബി. ഫൈസലിനെ രംഗത്തിറക്കി. 2019-ലെ തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ എസ്.എഫ്.ഐ. നേതാവ് വി.പി. സാനു മത്സരിച്ചു. 2021-ല്‍ എം.പി. അബ്ദുസമ്മദ് സമദാനിക്കെതിരേയും സാനു തന്നെയായിരുന്നു സ്ഥാനാര്‍ഥി. ആ തിരഞ്ഞെടുപ്പില്‍ മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ 51625 വോട്ട് ലീഗ് സ്ഥാനാര്‍ഥിക്ക് കുറഞ്ഞപ്പോള്‍ സാനു 93913 വോട്ട് അധികംനേടി. ഇത്തവണയും അത്തരമൊരു ശക്തിതെളിയിക്കല്‍ തന്നെയാണ് യുവനേതാവിനെ നിര്‍ത്തിക്കൊണ്ട് സി.പി.എം. ഉദ്ദേശിക്കുന്നത്.

കൂമ്പാറ എഫ്.എം.എച്ച്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ വസീഫ് സി.പി.എം. കോഴിക്കോട് ജില്ലാക്കമ്മിറ്റിയംഗമാണ്. കൊടിയത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായിരുന്നു. ഡോ. അര്‍ഷിദയാണ് ഭാര്യ.