മലപ്പുറം: ജീവനക്കാര്‍ക്ക് ശമ്പളംലഭിക്കാത്ത വിഷയത്തില്‍ ട്രഷറിക്കു മുന്‍പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് ചെയ്യേണ്ടത് രാജ്ഭവന്‍ മാര്‍ച്ചാണെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍.ഡി.എഫ്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് അര്‍ഹിച്ച പണം കേന്ദ്രം ഇതുവരെ തന്നിട്ടില്ല. അതുലഭിച്ചാല്‍ എല്ലാം ശരിയാകും. എന്നാല്‍ ഏതെങ്കിലും യു.ഡി.എഫ്. എം.പി.മാര്‍ ഇക്കാര്യത്തില്‍ പ്രതിഷേധിച്ചോ?. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്രചെയ്യുകയാണ്. നമുക്ക് ഒന്നിച്ചു സമരം ചെയ്യാമെന്ന് കേരളത്തിലെ പ്രതിപക്ഷത്തോട് പറഞ്ഞപ്പോള്‍ അവര്‍ ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല. ഡല്‍ഹിയില്‍നടന്ന കേരളത്തിന്റെ സമരത്തിനു ദേശീയശ്രദ്ധയാണ് കിട്ടിയത്.

To advertise here,

മലയോരമേഖലയില്‍ വന്യജീവി പ്രശ്നമുണ്ട്. കേന്ദ്രസര്‍ക്കാരാണ് ഇതില്‍ ഇടപെടേണ്ടത്. ക്ഷുദ്രജീവികളെ വെടിവെച്ചു കൊല്ലുകയാണ് പരിഹാരം. ഇതിനു നിയമനിര്‍മാണം നടത്തണം. നേര്യമംഗലത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയത് രാഷ്ട്രീയലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.ക്ക് വട്ടപ്പൂജ്യത്തിനു അപ്പുറം കടക്കാനാകില്ല എന്നതാണ് കേരളത്തിന്റെ ഗ്യാരന്റി. മതനിരപേക്ഷതയുടെ കളിത്തൊട്ടിലാണ് കേരളം. രാമക്ഷേത്ര ഉദ്ഘാടനം ഇടതുപക്ഷം എതിര്‍ക്കാന്‍ കാരണം അതില്‍ വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയത ഉള്‍പ്പെടുത്തിയതുകൊണ്ടാണ്. ഉദ്ഘാടനത്തിനു ക്ഷണിക്കപ്പെട്ട സീതാറം െയച്ചൂരി പങ്കെടുക്കാന്‍ കഴിയില്ല എന്നുതന്നെ പറഞ്ഞു. തുടര്‍ന്നാണ് കോണ്‍ഗ്രസും കഴിയില്ല എന്നു പറഞ്ഞത്.

എന്നാല്‍ മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് വോട്ട് ചെയ്ത് ബി.ജെ.പി.യെ വിജയിപ്പിക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. മലപ്പുറം ഇടതുപക്ഷത്തിനു ബാലികേറാമലയല്ലെന്നും വസീഫ് സ്ഥാനാര്‍ഥിയായതോടെ മുസ്ലിംലീഗിന് ചങ്കിടിപ്പ് ഉണ്ടായിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പി. സുബ്രഹ്‌മണ്യന്‍ അധ്യക്ഷതവഹിച്ചു. സി.പി.എം. ജില്ലാസെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ്, എല്‍.ഡി.എഫ്. മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി വി. വസീഫ്, പാലോളി മുഹമ്മദ്കുട്ടി, വി.പി. അനില്‍, പി. ശ്രീരാമകൃഷ്ണന്‍, ടി.കെ. ഹംസ, എം. സ്വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.