ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുഖ്യമായും മുന്നോട്ടുവെക്കുന്നത് ധ്രുവീകരണത്തിനെതിരേയുള്ള രാഷ്ട്രീയമാണെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. വസീഫ്. മലപ്പുറം പ്രസ് ക്ലബ്ബ് നടത്തിയ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റുകൂടിയായ അദ്ദേഹം.
അവൈലബിളായ ജനപ്രതിനിധി, എം.പി.യാകുകയാണ് എന്റെ ലക്ഷ്യം. ജനങ്ങള്‍ക്കു സമീപിക്കാന്‍ കഴിയുന്ന, അവര്‍ക്ക് ഇടപെടാന്‍പറ്റുന്ന, ഏറ്റവും ജനകീയനായ ജനപ്രതിനിധിയാകാനാണു ശ്രമം. അതിന് അവസരം തരണമെന്നാണ് ആവശ്യപ്പെടുന്നത്.
എന്റെ രാഷ്ട്രീയം വിലയിരുത്തൂ
മണ്ഡലത്തില്‍ യുവ വോട്ടര്‍മാര്‍ ഒരുപാടുണ്ട്. അവരോട് അഭ്യര്‍ഥിക്കാനുള്ളത് എന്നെയും എന്റെ രാഷ്ട്രീയനിലപാടും നന്നായി നോക്കി ഈ കാലഘട്ടത്തിന് ആരാണ് ഉചിതമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യണമെന്നാണ്. രാഷ്ട്രീയനിലപാടുകള്‍ വളരെ പെട്ടെന്ന് മാറ്റുന്ന സാഹചര്യമാണിപ്പോള്‍ രാജ്യത്ത്. അവിടെയെല്ലാം നാട് ആഗ്രഹിക്കുന്നത് തെളിമയും കൃത്യതയുമുള്ള ഉറച്ച നിലപാടുകളാണ്. അത്തരം ഉറച്ച നിലപാട് എടുക്കുന്നവരോടൊപ്പം നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നു.
വലിയ ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള മണ്ഡലമാണ് മലപ്പുറം. വള്ളിക്കുന്ന് പഞ്ചായത്തില്‍ മൂന്നുകിലോമീറ്റര്‍ മാത്രമാണ് കടലോരമുള്ളത്. അങ്ങാടിപ്പുറത്തുമാത്രമാണ് റെയില്‍വേ സൗകര്യമുള്ളത്. ഇവിടെപ്പോലും ആവശ്യത്തിനു സൗകര്യമുണ്ടോ എന്നു പരിശോധിക്കണം. ആവശ്യത്തിനില്ലെന്നാണ് എന്റെ അഭിപ്രായം. ആവശ്യത്തിന് തീവണ്ടികളുമില്ല. വികസനകാര്യങ്ങളിലും യാത്രാസൗകര്യങ്ങളിലും ഈ ജനപ്രതിനിധികളുടെ ഇടപെടലുണ്ടായിട്ടില്ല.
മണ്ഡലം വന്നശേഷം ഇവിടെ ജയിക്കുന്നത് മുസ്ലിം ലീഗിന്റെ പ്രതിനിധികളാണ്. അവര്‍ പലരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധകാണിക്കുന്നില്ലെന്നു ബോധ്യപ്പെട്ടു. എന്തു സംഭവിച്ചാലും ജയിക്കുമെന്ന വിചാരമാണ് അവര്‍ക്ക്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് ജനം പറയുന്നത്. അതിനുള്ള മറുപടിയാകും ഈ തിരഞ്ഞെടുപ്പ്. ജയിച്ചുകഴിഞ്ഞാല്‍ വികസനപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന, മണ്ഡലത്തിനുവേണ്ടി പരമാവധി സമയം ചെലവഴിക്കുന്ന എം.പി.യായി മാറും.
മതനിരപേക്ഷതയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഇടമാണ് മലപ്പുറവും കേരളവും. കേരളത്തിലെ ജനപ്രതിനിധികള്‍ മതനിരപേക്ഷതയുടെ പക്ഷത്തുനില്‍ക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ജയിച്ചാല്‍ ആ പക്ഷത്ത് ഉറച്ചുനില്‍ക്കുന്ന എം.പി.യായി ഞാനുണ്ടാകും. ഫെഡറല്‍ സംവിധാനത്തെ ലംഘിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ശക്തമായ നിലപാടാകും എന്റെ പക്ഷം.
വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ്
തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കുമ്പോള്‍ ആശങ്കയുണ്ടെന്ന് വിശ്വാസികള്‍ പഠിച്ചശേഷമാകും പറഞ്ഞത്. ആശങ്ക പരിഹരിക്കുമെന്നാണു കരുതുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി മന്ത്രി വി. അബ്ദുറഹ്‌മാനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. നമ്മുടെ മണ്ഡലത്തില്‍ 68 ശതമാനവും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിശ്വാസി സമൂഹമാണ്. വിവിധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണിത്. അവരൊക്കെ ഇത് ആവശ്യപ്പെട്ടു. അതിനോട് അനുകൂലമായി കമ്മിഷന്‍ പ്രതികരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
2004 ആവര്‍ത്തിക്കും
ഇവിടെ 2004 ആവര്‍ത്തിക്കുമെന്ന് ജനം പറയുന്നു. പ്രത്യേകിച്ച് ലീഗിലെ സ്ഥാനാര്‍ഥിമാറ്റം വലിയ ചര്‍ച്ചയാണ്. എന്തിനാണ് ഇങ്ങനെയൊരു മാറ്റം? മുന്നണിമാറ്റത്തിന്റെ ഭാഗമായി മാറ്റം വരാറുണ്ട്. ഇത് രണ്ടിടത്തും ലീഗ് സ്ഥാനാര്‍ഥികള്‍ പരസ്പരം മാറുകയാണ്. ടി.കെ. ഹംസ 2004-ല്‍ മഞ്ചേരിയില്‍ ജയിച്ച രാഷ്ടീയസാഹചര്യം 20 വര്‍ഷത്തിനുശേഷം ഉണ്ടെന്നാണു വിശ്വാസം. അന്ന് കേരളത്തില്‍ ജയിച്ച 19 ഇടത് എം.പി.മാര്‍ ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ നിരുപാധിക പിന്തുണയല്ലേ യു.പി.എ.യ്ക്ക് നല്‍കിയത്. അന്ന് കോമണ്‍ മിനിമം പ്രോഗ്രാമില്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണ് തൊഴിലുറപ്പ് പദ്ധതി. അതേസാഹചര്യം 2024-ലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രചാരണ വിഷയങ്ങള്‍
ഇടതുപക്ഷം കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെച്ചാണ് എക്കാലത്തും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ആ സമയത്തെമാത്രം രാഷ്ട്രീയമല്ല. എല്ലാകാലത്തും പ്രസക്തമായ നിലപാടുകളാണ്. ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയവും ധ്രുവീകരണത്തിനും വിഭാഗീയ ചിന്താഗതിക്കുമെതിരായ രാഷ്ട്രീയവുമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്. പൗരത്വനിയമ ഭേദഗതി, മുത്തലാഖ്, ഏക സിവില്‍കോഡ്, ബീഫ് നിരോധനം തുടങ്ങി ബി.ജെ.പി. കൊണ്ടുവരുന്നതെല്ലാം ധ്രുവീകരണം ലക്ഷ്യമിട്ടാണ്.
അതിനെതിരേ മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്ന മാനവികതയുടെ രാഷ്ട്രീയമാണ് പറയാനുള്ളത്. അതോടൊപ്പം നാടിന്റെ വികസനം പറയും. നിലവിലെ എം.പി.യുടെയും മുന്നണിയുടെയും പ്രവര്‍ത്തനം വിലയിരുത്തും.
എല്ലാവരെയും കാണുന്നുണ്ട്
പ്രചാരണത്തിന്റെ ഭാഗമായി സമസ്തയടക്കം എല്ലാ വിഭാഗം ജനങ്ങളെയും കാണുകയും വോട്ടഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍തന്നെ എനിക്ക് വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷ. അവരുടെ നിലപാടിനും രാഷ്ട്രീയത്തിനും പറ്റുന്ന സ്ഥാനാര്‍ഥിയാണ് ഞാന്‍ എന്നതിനാല്‍ പിന്തുണയുണ്ടാകും.
സി.എ.എ. വിഷയത്തിലടക്കം ലീഗിന് എന്തോ ഭയമുണ്ട്. അമിത് ഷാ ഭീഷണി ഉയര്‍ത്തുമ്പോള്‍ മുട്ടുവിറയ്ക്കുന്നത് ജനം കാണുന്നുണ്ട്. ഇടത് എം.പി.ക്ക് ആ ഭയമില്ലല്ലോ. പരമിതികളുണ്ടെന്ന് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ പരിമിതികളില്ലാതെ സംഘപരിവാരത്തിനെതിരേ പോരാട്ടം നയിക്കുന്നവരെ തിരഞ്ഞെടുത്താല്‍പോരേ എന്ന് ജനം ചിന്തിക്കും.
സര്‍ക്കാരിന്റെ വിലയിരുത്തലും
സംസ്ഥാന സര്‍ക്കാരിന്റെകൂടി വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. എങ്ങനെയാണ് ഓരോ മുന്നണിയും നാടിനെ കാണുന്നതെന്നും നാട്ടുകാരോട് ഇടപെടുന്നതെന്നും വോട്ടര്‍മാര്‍ പരിശോധിക്കും. കേരള സര്‍ക്കാര്‍ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധതയും പരിശോധിക്കപ്പെടും.
Content Highlights: ldf candidate v vaseef meet the candidate
Published: 19 Mar 2024, 01:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented