അന്വേഷണ ഏജന്‍സികളോട് പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. സഞ്ജയ് സിങ്ങിന് ജാമ്യം ലഭിക്കുമ്പോള്‍ ഇ.ഡി.നല്ലത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ മോശം. ഇത്തരത്തില്‍ രണ്ട് തരം മാനദണ്ഡങ്ങളാണ് പ്രതിപക്ഷത്തിന്. ഇത് ശരിയല്ല. ഒരു നിലപാടില്‍ ഉറച്ച് നില്‍ക്കണം. ഇവയെല്ലാം സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികളാണെന്നും പ്രതിപക്ഷത്തെ രാഷ്ട്രീയപരമായി വേട്ടയാടുകയാണെന്ന ആരോപണം വസ്തുതയില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ മന്ത്രിയുടെ പ്രതികണം.
ലോക്സഭാ തിരഞ്ഞടുപ്പില്‍ രാജ്യവ്യാപകമായി ബി.ജെ.പിയുടെ സാധ്യതകള്‍ എന്താണ് ?
തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രധാനവിഷയം വിശ്വാസ്യതയാണ്.അത് ബി.ജെ.പിക്കുണ്ട്. അതിനാല്‍ മോദിയാണ് തങ്ങളുടെ ചോയ്സെന്ന് ജനങ്ങള്‍ പറയുന്നു. കാരണമെന്താണ്? 2014 ല്‍ അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ പാലിച്ചു. അന്ന് അധികാരത്തിലേറുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തികരംഗം താറുമാറായിക്കിടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തരായ അഞ്ച് സാമ്പത്തിക ശക്തികളിലൊന്നായി വളര്‍ന്നു. റോഡ്, റെയില്‍വെ, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അങ്ങനെ സമസ്ത മേഖലകളിലും വികസനം കൊണ്ടു വന്നിരിക്കുന്നു. കഴിഞ്ഞ 60 വര്‍ഷം കൊണ്ട് രാജ്യത്തുണ്ടായതിനെക്കാള്‍ വികസനം പത്ത് വര്‍ഷം കൊണ്ട് നടപ്പാക്കി. വികസനത്തിന്റെ നേതാവാണ് മോദി. ഇതെല്ലാം ജനങ്ങള്‍ ബി.ജെ.പിയെ മൂന്നാമതും അധികാരത്തിലെത്തിക്കാനുള്ള കാരണങ്ങളാണ്.
ബി.ജെ.പി 2019 ല്‍ തന്നെ പരമാവധി സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഇക്കുറി 370 ലേറെ സീറ്റുകള്‍ നേടുമെന്ന അവകാശവാദത്തിന് എന്താണ് അടിസ്ഥാനം ?
ഞങ്ങളുടെ അവകാശവാദം ശരിയായിരുന്നുവെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ മനസ്സിലാകും. ഇപ്രാവശ്യം ഞങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ദക്ഷിണേന്ത്യയില്‍ നേടാന്‍ പോവുകയാണ്. ഇതുവരെ നേടാത്തത്ര സീറ്റുകള്‍ ഞങ്ങള്‍ സ്വന്തമാക്കും. തെലങ്കാന, കര്‍ണാടക, തമിഴ്നാട്,ആന്ധ്ര,കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ,സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടി ബി.ജെ.പിയായി മാറും.തെലങ്കാനയില്‍ ഇരട്ട സംഖ്യ നേടും.തമിഴ്‌നാട്ടില്‍ എന്‍.ഡി.എ സഖ്യം നേട്ടമുണ്ടാക്കും.കര്‍ണാടകയില്‍ കഴിഞ്ഞ തവണയുണ്ടാക്കിയ സീറ്റ് നില ഇക്കുറിയും നിലനിര്‍ത്തും.കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം മടുത്തു കഴിഞ്ഞു.നടപ്പാക്കാന്‍ കഴിയാത്ത വ്യാജ വാഗ്ദാനങ്ങളാണ് അവര്‍ നല്‍കിയതെന്ന ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.ബംഗാളില്‍ 25 സീറ്റ് ബി.ജെ.പി നേടും.സന്ദേശ്ഖലി വിഷയം സ്ത്രീകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.വനിതാ മുഖ്യമന്ത്രി ഭരിച്ചിട്ടും സ്ത്രീസുരക്ഷ ഉയര്‍ത്താന്‍ കഴിയുന്നില്ല.സ്ത്രീകള്‍ നിരന്തരം അപമാനിക്കപ്പെടുന്നു.അഴിമതി വ്യാപകം.മമതയുടെ സ്വന്തക്കാര്‍ക്ക് എന്തും ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.പ്രീണനരാഷ്ട്രീയത്തിന്റെ കേന്ദ്രമാണ് ബംഗാള്‍.കൊള്ളയും കൊള്ളിവയ്പും വ്യാപകം.മഹിളാ വിരോധി സര്‍ക്കാരാണ് ഭരിക്കുന്നത്.സംസ്ഥാനം മുഴുവന്‍ മമതാ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുകയാണ്.
തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് യുക്തമായ സഖ്യം പോലുമില്ലല്ലോ ?
തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ ആവേശകരമാണ്.ഡി.എം.കെയുടെയും എ.ഐ.ഡി.എം.കെ.യുടെയും നയങ്ങളില്‍ ജനങ്ങള്‍ മടുത്തു കഴിഞ്ഞു.അവര്‍ വളരെ ഗൗരവത്തോടെ ഒരു ബദലിനായി ശ്രമിക്കുകയാണ്.വെള്ളപ്പൊക്കം ഉള്‍പ്പടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ഡി.എം.കെ സര്‍ക്കാര്‍ പരിപൂര്‍ണ പരാജയമായിരുന്നു.പല മന്ത്രിമാരും അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്.തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഒരു ബദലിനായി കാത്തിരിക്കുകയാണ്.രാജ്യത്തെ വീക്ഷിക്കുമ്പോള്‍,ബി.ജെ.പി മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള ബദല്‍.വികസിത ഇന്ത്യയാണ് മോദിയുടെ സ്വ്പ്നം.
ദക്ഷിണേന്ത്യയില്‍ എത്ര സീറ്റുകള്‍ കിട്ടും? പ്രത്യേകിച്ച് കേരളത്തില്‍ ?
ഇതുവരെ ദക്ഷിണേന്ത്യയില്‍ നിന്ന് ബി.ജെ.പിക്ക് എത്ര സീറ്റുകള്‍ കിട്ടിയിട്ടുണ്ടോ ,അതിനെക്കാള്‍ കൂടുതലായിരിക്കും ഇത്തവണ സ്വന്തമാക്കുക.ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടും.കേരളത്തിലും വന്‍ നേട്ടമുണ്ടാക്കും.നവീന്‍ പട്നായിക്ക് സര്‍ക്കാരിനെതിരെയുള്ള വികാരം ശക്തമായ ഒഡീഷയില്‍ സംസ്ഥാന ഭരണവും ബി.ജെ.പി നേടും.
കേരളത്തില്‍ കാലങ്ങളായി രണ്ട് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മുന്നണികള്‍ക്കാണ് മേധാവിത്വം.അവിടെ ബി.ജെ.പി എങ്ങനെയാണ് നേട്ടമുണ്ടാക്കുക ?
നോക്കു,ഞങ്ങള്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും പറയുന്നു.എന്നാല്‍ കേരളത്തില്‍ അവര്‍ പരസ്പരം മത്സരിക്കുന്നു.കേരളത്തിന് പുറത്ത് അവര്‍ ഒരുമിച്ച് മത്സരിക്കുന്നു.ബംഗാളില്‍ മമതാ ബാനര്‍ജി കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും അടുപ്പിക്കുന്നില്ല.പഞ്ചാബില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ കൊടിയ അഴിമതി ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.അവിടെയെങ്ങും ഇന്ത്യാ സഖ്യമില്ല.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു.ആരാണ് അദ്ദേഹത്തെ പിന്തുണക്കുന്നത് ? എസ്.ഡി.പി.ഐ.,ഉത്തര്‍പ്രദേശില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍,രാഹുല്‍ കേരളത്തിലേക്ക് കുടിയേറിയിരിക്കുന്നു,എന്നിട്ട് അവിടെ എസ്.ഡി.പി.ഐ. പിന്തുണക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു ?
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മോദി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ദക്ഷിണേന്ത്യയിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ പരാതി ഉയര്‍ത്തുന്നുണ്ട്.അര്‍ഹമായ സാമ്പത്തിക സഹായത്തിനായി ചില സര്‍ക്കാരുകള്‍ കോടതിയെ സമീച്ചിരിക്കുകയാണ്.എന്താണ് പ്രതികരണം ?
ദക്ഷിണന്ത്യന്‍ സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്ന സമീപനം സര്‍ക്കാരിനോ ബി.ജെ.പിക്കോ ഇല്ല.പ്രതിപക്ഷമാണ് ഭരിക്കുന്നതെന്ന കാരണത്താല്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പുരോഗതി തടയില്ല.ജി.എസ്.ടി നഷ്ടപരിഹാരത്തുകയുടെ കാര്യം എടുക്കു.സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം സമയബന്ധിതമായി നല്‍കിയില്ലേ.ഞങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ നികുതി പിരിവ് വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.ഇതിന്റെ വിഹിതം സമയാസമയം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം ലഭിക്കുന്നുണ്ട്.എന്നാല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കേന്ദ്രം മൂന്നു വട്ടം കുറച്ചിട്ടും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചോ ?ഞങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിക്കുന്നു,എന്നാല്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിക്കുകയാണ്.അവര്‍ നികുതികള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ല.
പ്രതിപക്ഷ നേതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രം വേട്ടയാടുന്നുവെന്ന ആക്ഷേപം ശക്തമാണ്.എന്നാല്‍ അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ ഉടന്‍ അവര്‍ക്കെതിരെയുള്ള കേസുകള്‍ ഒഴിയുന്നു.ബി.ജെ.പി അലക്ക് യന്ത്രം പോലെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.എന്ത് പറയുന്നു ?
പ്രതിപക്ഷം ഇത്തരം പ്രചരണങ്ങള്‍ ഏറെ നടത്തുന്നുണ്ട്.രാവും പകലും അവര്‍ തെറ്റായ പ്രചരണം നടത്തുകയാണ്.ഖാനാ,പീനാ,സോനാ,റോണാ- അതാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ദിനചര്യ.പ്രൊപ്പഗാന്‍ഡ ചായ,പ്രൊപ്പഗാന്‍ഡ പക്കോഡ,പ്രൊപ്പഗാന്‍ഡ പനീര്‍ എന്ന മട്ടിലാണ് പ്രതിപക്ഷത്തിന്റെ കാര്യം.അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നടത്തുന്നതും അത്തരത്തിലുള്ള പ്രചരണമാണ്.സഞ്ജയ് സിംഗിന് ജാമ്യം ലഭിക്കുമ്പോള്‍,ഇ.ഡി നല്ലതാണ്.അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇ.ഡി മോശം.ഇത്തരത്തില്‍ രണ്ട് തരം മാനദണ്ഡങ്ങള്‍ പാടില്ല.നിങ്ങള്‍ ഒരു നിലപാടില്‍ ഉറച്ച് നില്‍ക്കണം.ഇവരെല്ലാം സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികളാണ്.ഇ.ഡി.യായാലും സി.ബി.ഐ.ആയാലും നോട്ടീസ് നല്‍കുന്നു.അത് അവര്‍ തള്ളിക്കളയുന്നു.കോടതി പിന്നെയും തീയതി നല്‍കുന്നു.ഹാജരാകുന്നില്ല,അരവിന്ദ് കെജ്രിവാള്‍ 9 സമന്‍സുകളാണ് അവഗണിച്ചത്.തെറ്റു ചെയ്താല്‍ ആര്‍ക്കെതിരെയും നടപടിയുണ്ടാകും.അതാരായാലും.ഏത് രാഷ്ട്ീയ കുടുംബത്തിലെ അംഗമായാലും ഒഴിവാകില്ല.നിയമത്തിന്റെ മുന്നില്‍ ഒരു അഴിമതിക്കാരന്‍,അഴിമതിക്കാരനാണ്.അയാള്‍ ഏത് പാര്‍ട്ടിയെന്ന് നോക്കാറില്ല.
തിരഞ്ഞെടുപ്പ് ഫണ്ട് പദ്ധതിയാണല്ലോ രാജ്യത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.തിരഞ്ഞെടുപ്പ് ഫണ്ടിലൂടെ ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ബി.ജെ.പിക്കാണ്.കടുത്ത ആരോപണങ്ങള്‍ നേരിടുന്ന ലോട്ടറി മാഫിയയുടെ പണമാണ് ഇതില്‍ ഏറ്റവും കൂടുതല്‍.പണം ലഭിച്ചതോടെ ഇവര്‍ക്കെതിരെയുള്ള കേസുകള്‍ നിര്‍ത്തി വച്ചു എന്ന ആക്ഷേപം ശക്തമാണ്.എന്താണ് മറുപടി ?
ഒരേയൊരു സംസ്ഥാനത്ത് സാന്നിധ്യമുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലൂടെ എത്ര പണം കിട്ടി ?തമിഴ്നാട്ടില്‍ ഡി.എം.കെ.ക്ക് എത്ര ഫണ്ട് കിട്ടി ? ഡി.എം.കെ.ക്ക് ഈ ലോട്ടറിക്കാരന്‍ എത്ര നല്‍കി.തിരഞ്ഞെടുപ്പ് ഫണ്ടെന്ന സുതാര്യമായ നടപടി ക്രമം കൊണ്ടു വന്നത് ഞങ്ങളാണ്.സുതാര്യമായ മാര്‍ഗ്ഗത്തിലൂടെ ആര്‍ക്കും സംഭാവന സ്വീകരിക്കാമെന്നാണ് ഈ വ്യവസ്ഥയിലൂടെ ഉദ്ദേശിച്ചത്.ഭരണകക്ഷിക്കോ പ്രതിപക്ഷേേത്തിനാ ഏത് പാര്‍ട്ടിക്കായാലും ഫണ്ട് സ്വീകരിക്കാം.അത് ശരിയായ ലക്ഷ്യത്തോടെ കൊണ്ടു വന്ന സംവിധാനമാണ്.പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍,രാഷ്ട്രീയ സംഭാവനകള്‍ നല്‍കുന്നതിന്റെ പേരില്‍ ആരും പീഡിപ്പിക്കപ്പെടരുതെന്ന് കര്‍ശനമായി എല്ലാവരും നിലപാട് സ്വീകരിച്ചിരുന്നു.സംഭാവന നല്‍കുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടരുതെന്ന് വ്യവസ്ഥ ബില്ലില്‍ ഉണ്ടായിരുന്നത് അതു കൊണ്ടാണ്.അല്ലെങ്കില്‍ ചെളിവാരിയെറിയലുകളും വിഴുപ്പലക്കലുകളും നടക്കും.പണ്ട് കാശായിട്ടായിരുന്നു സംഭാവന സ്വീകരിച്ചത്.ഇതില്‍ ക്രമക്കേടുകളും വെട്ടിപ്പുകളും നടക്കാന്‍ സാധ്യതയുണ്ട്.എന്നാല്‍ തിരഞ്ഞെടുപ്പ് ബോണ്ടില്‍ നടപടികള്‍ സുതാര്യമാണ്.പണം നേരിട്ട് പാര്‍ട്ടി അക്കൗണ്ടിലേക്കാണ് പോകുന്നത്.എന്നാല്‍ കുടുംബാധിപത്യപാര്‍ട്ടികള്‍ക്ക് ഈ സുതാര്യ സംവിധാനത്തില്‍ താല്‍പര്യമില്ല.അതാണ് അടിസ്ഥാനപരമായ വ്യത്യാസം.രാഷ്ട്രീയ സംഭാവനകളും, സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയുള്ള കേസുകളും തമ്മില്‍ ഒരു ബന്ധവുമില്ല.കേസുകള്‍ അതേ പടി തുടരും.അന്വേഷണ ഏജന്‍സികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കേസുകളില്‍ നടപടി സ്വീകരിക്കാമല്ലോ.അതിന് തിരഞ്ഞെടുപ്പ് തടസ്സമല്ല.
ഭരണത്തില്‍ തിരിച്ചു വന്നാല്‍ തിരഞ്ഞെടുപ്പ് ബോണ്ട് സംവിധാനം പുനഃസ്ഥാപിക്കുമോ ?
ഒന്നോ രണ്ടോ വര്‍ഷം കാത്തിരിക്കു.സുപിംകോടതി തന്നെ തിരഞ്ഞെടുപ്പ് ബോണ്ട് നല്ല സംവിധാനമായിരുന്നുവെന്ന് തിരിച്ചറിയുമെന്നാണ് ഞാന്‍ കരുതുന്നത്.എന്നാല്‍ ഇപ്പോള്‍ കോടതിയുടെ വിധി വന്നു കഴിഞ്ഞു.അത് നമ്മള്‍ അനുസരിക്കുന്നു.രാജ്യം അടുത്ത ഒന്നോ രണ്ടോ വര്‍ഷം രാഷ്ട്രീയപാര്‍ട്ടികളുടെ സംഭാവനാ നടപടികള്‍ വീക്ഷിക്കും.പഴയ രീതിയിലുള്ള സംഭാവനാ രീതികള്‍ തിരിച്ചു വരും.അതോടെ,രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് എവിടെ നിന്നാണ് വരുന്നതെന്ന് ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങും.
പൗരത്വ നിയമത്തെക്കുറിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയാശങ്കകളുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഈ നിയമം ഇപ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്തു കൊണ്ടാണ് ?
പൗരത്വ നിയമം മുസ്ലീം വിഭാഗങ്ങള്‍ക്കെതിരല്ല എന്നാണ് എനിക്ക് രാജ്യത്തെ മുസ്ലിം സഹോദരീസഹോദരന്‍മാരോട് പറയാനുള്ളത്.നിരവധി പേര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുണ്ട്.അവര്‍ മുസ്ലീം വിഭാഗത്തില്‍ ഭയാന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.2014 ലെ തിരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തില്‍ പ്രചരണം നടന്നു.മോദി വന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഈ രാജ്യത്ത് ഇടമില്ലെന്നായിരുന്നു പ്രചരണം.എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി,ന്യൂനപക്ഷങ്ങള്‍,മുസ്ലീങ്ങളാണ് കേന്ദ്ര പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കള്‍.മാത്രമല്ല,പൗരത്വ നിയമം എന്നത് പാകിസ്താന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ മതവിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ്.ഇത് പൗരത്വം നല്‍കാനാണ്.അല്ലാതെ ആരുടെയും പൗരത്വം എടുത്തുകളയാനല്ല.
അയോധ്യയിലെ രാമക്ഷേത്രം തിരഞ്ഞെടുപ്പില്‍ എത്ര സ്വാധീനമുണ്ടാക്കും ?
അയോധ്യയിലെ രാമക്ഷേത്രം ഞങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പായിരുന്നു.സാംസ്‌കാരിക പുനരുദ്ധാരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.കേവലം അയോധ്യ മാത്രമല്ല,കാശി വിശ്വനാഥ് ക്ഷേത്രം,മഹാകാല്‍ ക്ഷേത്രം,സോമനാഥ് ക്ഷേത്രം,കേദാര്‍നാഥ് എല്ലാം നവീകരിക്കുകയാണ്.ഈ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് റോഡ്,റെയില്‍,എയര്‍ കണക്ടിവിറ്റിയും ഏര്‍പ്പെടുത്തുന്നുണ്ട്.വിനോദ സഞ്ചാരവും വര്‍ധിക്കും.തൊഴിലവസരങ്ങള്‍ വര്‍ധിക്കും.ഞങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല.നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ച,നടപ്പാക്കിയ പാര്‍ട്ടിയാണ്.ഭരണഘടനയുടെ 370 -ാം അനുച്ഛേദം പിന്‍വലിക്കല്‍,മുത്തലാഖ്,പൗരത്വ നിയമം,ഏക സിവില്‍ കോഡ്,രാമക്ഷേത്ര നിര്‍മാണം തുടങ്ങിയവയെല്ലാം ബി.ജെ.പിയുടെ വാഗ്ദാനങ്ങളായിരുന്നു.അതെല്ലാം യാഥാര്‍ഥ്യമാക്കി.ഏക സിവില്‍ കോഡ് ഉത്തരാഖണ്ഡില്‍ നടപ്പാക്കി.ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കും.
കച്ചത്തീവ് വിഷയം പൊടുന്നനെ ബി.ജെ.പി ഉയര്‍ത്തിയല്ലോ?എന്താണ് അതിന് പിന്നില്‍ ?
എന്താണ് കച്ചത്തീവ് വിഷയത്തില്‍ കോണ്‍ഗ്രസ് മനഃപൂര്‍വം മൗനം പാലിക്കുന്നതെന്നതാണ് എന്റെ ചോദ്യം.ഇത്ര പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ എന്തു കൊണ്ട് അവര്‍ മൗനം പാലിക്കുന്നു.ഇന്ത്യയുടെ മണ്ണ് വിട്ടു കൊടുത്തതെന്തിന് ?ഈ വിഷയത്തില്‍ രാജ്യത്തെ എന്തു കൊണ്ട് ഇരുട്ടില്‍ നിര്‍ത്തുന്നു ?50 വര്‍ഷം കഴിഞ്ഞ നിലക്കെങ്കിലും അവര്‍ മറുപടി പറയണ്ടേ.പണ്ട് അവര്‍ വലിയ തോതില്‍ ഇന്ത്യയുടെ പ്രദേശം ചൈനക്ക് വിട്ടു കൊടുത്തു.അതിന് ശേഷം ശ്രീലങ്കക്ക് കൊടുത്തു.പാക് അധീന കാശ്മീര്‍ അവര്‍ക്ക് തിരിച്ചു പിടിക്കാമായിരുന്നു.എന്നാല്‍ അതില്‍ അവര്‍ പരാജയപ്പെട്ടു.എന്താണ് കോണ്‍ഗ്രസിന് മുന്നിലുള്ള തടസ്സം ?ഏത് സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഈ ഭൂമി വിട്ടു കൊടുത്തത് ?ഡി.എം.കെ എന്തു കൊണ്ടാണ് മൗനം പാലിക്കുന്നത്.എ.ഐ.ഡി.എം.കെക്ക് ഇതില്‍ എന്താണ് പറയാനുള്ളത്. ?
Content Highlights: lok sabha election 2024 union minister anurag thakur interview
Published: 05 Apr 2024, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented