
കുറ്റ്യാടി: കത്തുന്ന വെയിലാണ് പുറത്ത്. മുറിക്കുള്ളിലും പുകയുന്നുണ്ട്. എന്നാലും തെല്ലാശ്വാസമുണ്ട്. ഈ വെയിലത്ത് കോൺക്രീറ്റുപണി ചിന്തിക്കാനാവാത്ത കാര്യമാണ്. അതുകൊണ്ടാണ് മുനറുൽ മുല്ലയും കൂട്ടുകാരും ഒരുദിവസം അവധിയെടുത്ത് മുറിക്കുള്ളിൽത്തന്നെ കൂടിയത്. എല്ലാവരും ഫോണിലാണ്. ഇടക്ക് ആരെങ്കിലും എന്തെങ്കിലും പറയും. അങ്ങനെയാണ് കഴിഞ്ഞദിവസം കുറ്റ്യാടിയിൽ നടന്ന റോഡ്‌ഷോ സംസാരത്തിലേക്ക് വന്നത്.
എത്രപേരാണ് റാലിയിലെന്നായി സുനാറുൽ ഷെയ്ക്ക്. തിരഞ്ഞെടുപ്പുപ്രചാരണം കേരളത്തിലാണ് കൂടുതൽ കളറെന്ന് അലംഗീർ ഷെയ്ക്. ബംഗാളിലെ ബർഹംപുരിൽനിന്നാണ് 15 കൊല്ലം മുമ്പ് മുനറുൽ കേരളത്തിലെത്തിയത്. ‘‘ബംഗാളിലും വലിയ റാലിയൊക്കെയുണ്ട്. അവിടെ റാലിയിൽ പോയാൽ 50- 100 രൂപ കിട്ടും. വോട്ടുചെയ്യാനും പണംകിട്ടും. ഇവിടെ അതൊന്നുമില്ലാതെയാണ് ആളുകൾ പോകുന്നത്.’’ -ബാബു ഷെയ്ക്കും സുനാറുൽ ഷെയ്കും ചിരിച്ച് ശരിവെച്ചു. നാട്ടിൽ തിരഞ്ഞെടുപ്പിന് എപ്പോഴും പ്രശ്നമാണ്. ബോംബേറ്, ബൂത്തുപിടിത്തം അങ്ങനെ. പോലീസ് ജീപ്പ് കത്തിച്ചതൊക്കെ കണ്ടിട്ടുണ്ടെന്ന് മുനറുൽ.
മുമ്പ് കോൺഗ്രസ് അനുഭാവിയാണ് മുനറുൽ മുല്ല. ഇപ്പോൾ മമത ബാനർജിയുടെ ആരാധകൻ. തൃണമൂൽ കോൺഗ്രസ് ജയിക്കുമെന്ന കാര്യത്തിൽ കൂടെയുള്ളവർക്കും സംശയമില്ല. ‘‘കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എല്ലാം ഞങ്ങൾക്ക് ഒന്നുതന്നെ’’. യുട്യൂബ് വഴിയും വീട്ടിൽനിന്ന് വിളിക്കുമ്പോഴും കാര്യങ്ങളെല്ലാം അറിയുന്നുണ്ട്. സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചത് ഗ്രാമത്തിലെല്ലാവർക്കും വലിയ സന്തോഷമായിട്ടുണ്ടെന്ന് അലംഗീർ ഷെയ്ക്ക്. എന്നാലും മമതതന്നെ ജയിക്കുമെന്ന് മുനറുൽ. ഇടയ്ക്ക് ഒന്നുരണ്ടു ദിവസം കുറ്റ്യാടിച്ചുരംകയറി വയനാട്ടിൽ പണിക്കുപോയിരുന്നു മുനറുൽ. ‘അവിടെ രാഹുൽ ഗാന്ധി ജയിക്കും’- രാഹുലിലാണ് ഇന്ത്യമുന്നണിയുടെ പ്രതീക്ഷയെന്ന്, നാടുവിട്ട് ഇന്ത്യമുന്നണിയിലെ കക്ഷികൾ പരസ്പരം പൊരുതുന്ന കേരളത്തിൽ കുടിയേറിയ തൃണമൂൽ മനസ്സുമായി മുനറുൽ പറയുന്നു.
പഠിക്കാൻപോയാൽ പട്ടിണി മാറില്ല
വയനാട് റോഡിലെ ഇരുനിലക്കെട്ടിടത്തിലും ബംഗാളികളും ത്ധാർഖണ്ഡുകാരും ഇയർഫോണിൽ പാട്ടൊഴിയുമ്പോൾ നാട്ടിലെ കഥകൾ പറയും. ത്ധാർഖണ്ഡിലെ പർവത്പുർ ഗ്രാമത്തിൽനിന്നാണ് സബാജുൽ അൻസാരിയും മുഹമ്മദ് മിൻഹാജ് അൻസാരിയും കുറ്റ്യാടിയിലെത്തിയത്. ഒരാൾ ഒന്നാംക്ലാസിൽ സ്കൂളിൽ പോയിട്ടുണ്ട്. മറ്റേയാൾ പോയിട്ടില്ല. പഠിക്കാൻ പോയാൽ സ്കൂളിൽനിന്ന് ഭക്ഷണം കിട്ടും. പണിക്കുപോയാൽ വീട്ടിലെല്ലാവർക്കും ഭക്ഷണം കഴിക്കാനാവും. അപ്പോൾ പിന്നെ പണിക്കുപോണോ പഠിക്കാൻ പോണോ, മിൻഹാജിന്റെ ചോദ്യത്തിൽ ഗ്രാമജീവിതത്തിന്റെ പ്രതിസന്ധികളെല്ലാമുണ്ട്.
നാട്ടിൽ പണിക്കുപോയാൽ 400 രൂപയാണ് കൂലി കിട്ടുക. ഭക്ഷണം സ്വന്തം ചെലവിൽ കഴിക്കണം. ഇവിടെ 900 രൂപയും ഭക്ഷണവും കിട്ടും. കഠ്‌വയിൽ നിന്നുള്ള കോൺക്രീറ്റ് തൊഴിലാളി കിത്താബുൽ കേരളത്തോടുള്ള പ്രിയം വെളിപ്പെടുത്തുന്നു. ആരുജയിച്ചിട്ടും കാര്യമില്ല, ഭക്ഷണത്തിനുള്ള വക കണ്ടെത്തണമെങ്കിൽ നമ്മൾ പണിക്കുപോവണമെന്ന ലളിതവേദാന്തവും കിത്താബുൽ പങ്കുവെച്ചു. സ്കൂളിലൊന്നും കിത്താബുൽ പോയിട്ടില്ല. നാട്ടിൽനിന്ന് അഞ്ചുമണിക്കൂർ പോയാൽ ബംഗ്ലാദേശ് ആണെന്നറിയാം.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജയിക്കുമെന്ന കാര്യത്തിൽ മുഹമ്മദ് അസറുല്ലിന് സംശയമൊന്നുമില്ല. മുമ്പ് സി.പി.എം. പ്രവർത്തകനായിരുന്ന രാജേഷ് ഷെയ്കിനും അങ്ങനെത്തന്നെ. എല്ലാവരും പാർട്ടിവിട്ടപ്പോൾ രാജേഷും ടി.എം.സി. ആയതാണ്. എന്താണ് കാര്യമെന്നൊന്നും അറിയില്ല. ത്ധാർഖണ്ഡിൽ ഇന്ത്യമുന്നണിക്കാണ് സാധ്യതയെന്ന പ്രതീക്ഷയാണ് പർവത്പുരിൽ നിന്നെത്തിയ രണ്ട് അൻസാരിമാർക്കും. യു.പി.ക്കാരായ സുഹൃത്തുക്കൾവരെ ഇക്കാര്യം പറയുന്നുണ്ടെന്ന് ഇരുവരും.
എൻ.ആർ.സി. വരുമോ
എൻ.ആർ.സി. (ദേശീയ പൗരത്വ രജിസ്റ്റർ) സി.എ.എ. (പൗരത്വനിയമ ഭേദഗതി) എന്നിവയെക്കുറിച്ചെല്ലാം യു ട്യൂബിൽ കണ്ടിട്ടുണ്ട്. പക്ഷേ അതിനെക്കുറിച്ചൊന്നും കാര്യമായ ധാരണ മിക്കവർക്കുമില്ല. പക്ഷേ എൻ.ആർ.സി. പ്രശ്നമാണെന്ന് വാർത്തകൾ കണ്ട് മനസ്സിലാക്കിയ ത്ധാർഖണ്ഡുകാരൻ സാജിദ് അൻസാരി ചർച്ചയെ സീരിയസാക്കി. പലവിഭാഗങ്ങളും ആശങ്കയിലാണ്. കൂടെ ജോലിചെയ്യുന്ന ഉത്തരേന്ത്യക്കാർക്കെല്ലാം ഈ ആശങ്കയുണ്ടെന്നും സാജിദ്.
പിതാമഹൻമാരുടെ കാലത്തേ ഇവിടെ താമസിക്കുന്നവരെ എങ്ങനെ പുറത്താക്കുമെന്ന് കൂട്ടത്തിൽനിന്നുതന്നെ ചോദ്യമുയർന്നു. ആ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. നാട്ടിലും റാലികളും പ്രസംഗങ്ങളുമെല്ലാമായി തിരഞ്ഞെടുപ്പ് ഉഷാറാണെന്ന് എല്ലാവർക്കും ഒരേ ആവേശം. വോട്ടുചെയ്യാനായി ആരും നാട്ടിലേക്ക് വണ്ടി കയറുന്നില്ല. സ്ഥലത്തില്ലെങ്കിലും ഇത്രയുംകാലം വോട്ടൊന്നും പാഴായിട്ടില്ല. അതിനുള്ള വഴിയൊക്കെ നാട്ടിലുണ്ടെന്ന് എല്ലാവരുടെ മുഖത്തും ഒരേ ചിരി.
Content Highlights: voting thoughts of neighboring state labors
Published: 09 Apr 2024, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented