യ്മനത്തെ ഒരു ബൂത്തില്‍ വോട്ടുരേഖപ്പെടുത്താനെത്തിയ അമ്മച്ചി വോട്ടിങ് കമ്പാര്‍ട്ട്മെന്റില്‍ കയറിയ ഉടനെ വിളിച്ചുപറഞ്ഞു, 'ഞാന്‍ വോട്ടുചെയ്യേണ്ടത് ആര്‍ക്കാണെന്ന് മറന്നുപോയി സാറന്മാരെ. ഇനി എന്നാ ചെയ്യും... പുറത്തുപോയി ചോദിച്ചിട്ടു വന്നോട്ടെ? ഇത് കേട്ടതും പോളിങ് സ്റ്റേഷനില്‍ കൂട്ടച്ചിരി ഉയര്‍ന്നു. അല്‍പനേരത്തിനു ശേഷം വോട്ട് രേഖപ്പെടുത്തി ഇറങ്ങുകയുംചെയ്തു ഈ അമ്മച്ചി.

To advertise here,

മഷിപുരട്ടാനൊരു ചന്തംവേണ്ടേ

അതിരമ്പുഴ പഞ്ചായത്തിലെ കോട്ടയ്ക്കുപുറം സ്‌കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ പ്രായംചെന്ന വീട്ടമ്മയുടെ ചൂണ്ടുവിരലില്‍ ഉദ്യോഗസ്ഥന്‍ മഷിരേഖപ്പെടുത്തി. ഈ മഷി പടര്‍ന്നതോടെ അമ്മയുടെ വിധം മാറി. 'ഇത് മൊത്തം പടര്‍ന്നല്ലോ'. ഉടനെ തുടച്ചുകളയാനായി ശ്രമം. ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ അമ്മയുടെ പ്രതികരണമിങ്ങനെ, 'മഷിപുരട്ടുന്നതിന് ഒരു ചന്തമൊക്കെ വേണ്ടേ. എല്ലാവരെയും കാണിക്കേണ്ടതല്ലെ'.

മറ്റൊരു ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ അമ്മച്ചിക്ക് തിരിച്ചറിയല്‍ രേഖകളൊന്നുമില്ല. എന്നാല്‍, വോട്ടുചെയ്‌തേ മതിയാകൂ. തിരിച്ചറിയല്‍ രേഖകള്‍ മക്കള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് അമ്മ. ഇതോടെ ബൂത്ത് ഏജന്റുമാരും കൈയൊഴിഞ്ഞു. പ്രിസൈഡിങ് ഓഫീസറോട് കേണപേക്ഷിച്ചെങ്കിലും തിരിച്ചറിയല്‍ രേഖയില്ലാത്തതിനാല്‍ ഒടുവില്‍ വോട്ടുചെയ്യാതെ അമ്മച്ചി സങ്കടത്തോടെ മടങ്ങി. 

കവറില്‍ കവര്‍ പെട്ടു

പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും കിട്ടി പണി. 30-ലധികം കവറുകളിലാണ് പോളിങ്‌സാമഗ്രികള്‍ വിതരണ കേന്ദ്രത്തില്‍നിന്ന് നല്‍കിയത്. ഇവ തിരിച്ചേല്‍പിക്കാനായി എത്തിയ ഒരു ടീമിന് തിരിച്ചും മറിച്ചും നോക്കിയിട്ടും കൊണ്ടുപോയ അത്രയും കവറുകള്‍ ഇല്ല. ഒടുവില്‍ നാലുപേരും കൂടിയിരുന്ന് മുഴുവന്‍ കവറുകളും തുറന്ന് പരിശോധിച്ചു. തിരക്കില്‍ എല്ലാംകൂടി വാരിവലിച്ച് കവറിലാക്കി. ചില കവറുകള്‍ മറ്റ് കവറിലായിപ്പോയി. അങ്ങനെ, രാത്രി ഒന്‍പതിന് പിരിഞ്ഞു പോകേണ്ടവര്‍ പിരിഞ്ഞത് 12 മണിയോടെ.

ഓട്ടോ വളപ്പില്‍ കയറരുത്

പോളിങ് ഏജന്റുമാരുടെ വകയുമുണ്ടായിരുന്നു ചിലത്. കോട്ടയത്തെ ഒരു സ്ഥാനാര്‍ഥിയുടെ ചിഹ്നം ഓട്ടോറിക്ഷ. പോളിങ് സ്റ്റേഷന്റെ പരിസരത്ത് ഓട്ടോ എത്തിക്കരുതെന്നായിരുന്നു ഈ ഏജന്റിന്റെ ആവശ്യം.

മുപ്ലിവണ്ട് ബൂത്തുപിടിച്ചു, പരിഹാരം പഞ്ഞി

എരുമേലി ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡായ ചെറുവള്ളി എസ്റ്റേറ്റിലെ 150-ാം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ടിങ്ങിന് തലേന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറങ്ങിയില്ല. സമ്മര്‍ദം കൊണ്ടല്ല. മുപ്ലിവണ്ടുകള്‍ ബൂത്തുപിടിച്ചതാണ് കാരണം. മുപ്ലിവണ്ടിന്റെ ശല്യം റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ ലഭിച്ചതാകട്ടെ വണ്ട് കയറാതെ ചെവിയില്‍ വെക്കാനുള്ള പഞ്ഞിയാണ്.

ഉറങ്ങാതെ നേരംവെളുപ്പിച്ച സാഹചര്യം പ്രിസൈഡിങ് ഓഫീസറായ ഭരണങ്ങാനം സെയ്ന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സോജന്‍ മാത്യു വിശദീകരിക്കുമ്പോള്‍, വാക്കുകളില്‍ പരാതിയും പരിഭവങ്ങളുമില്ല. ഒരു അപേക്ഷമാത്രം... 'പോളിങ് ബൂത്തില്‍ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കണം'.  

ഒറ്റയ്ക്കുചെയ്ത് മറ്റുള്ളവരെ വലച്ചു

പരിചയക്കുറവില്‍ പതറിയ കഥയാണ് അടുത്തത്. എയ്ഡഡ് സ്‌കൂളിലെ ടീച്ചര്‍ക്ക് പ്രിസൈഡിങ് ഓഫീസറായി ആദ്യനിയമനം. എല്ലാം ഭംഗിയായി നടക്കണമെന്നേ ടീച്ചര്‍ വിചാരിച്ചിട്ടുണ്ടാകൂ. മറ്റുള്ളവരെ കൂട്ടാതെ ഒറ്റയ്ക്ക് എല്ലാം ചെയ്യാനുള്ള ശ്രമം പാളി. വോട്ടിങ് കംപാര്‍ട്ട്‌മെന്റ് ഉറപ്പിക്കുന്നതിന് സ്വയം ശ്രമിച്ചു. വളരെ വൈകി വിജയിപ്പിച്ചു. ഇതോടെ ആത്മവിശ്വാസംകൂടി. 

പക്ഷേ കൂടെയുള്ളവര്‍ക്ക് പിടിപ്പത് പണി. കാരണം ഇവര്‍ ഒറ്റയ്ക്ക് ചെയ്തുതീര്‍ക്കാന്‍ എടുക്കുന്നത് മണിക്കൂറുകള്‍. സമീപ ബൂത്തുകളിലെ എല്ലാവരും തങ്ങളുടെ പായ്ക്കിങ് പൂര്‍ത്തിയാക്കിട്ടും ടീച്ചര്‍മാത്രം തിരഞ്ഞെടുപ്പ് ഗൈഡ് മനഃപ്പാഠമാക്കുന്ന തിരക്കിലായിരുന്നു. ഇവിടെ പായ്ക്കിങ് തീര്‍ന്നപ്പോള്‍ നേരം വല്ലാതെ ഇരുട്ടി.

മുറിഹിന്ദിക്ക് മറുപടി 'ചിരി'ഹിന്ദി

വോട്ടുചെയ്യാന്‍ സമ്മതിദായകരുടെ നീണ്ട നിര. വോട്ടിങ് വൈകുന്നുവെന്ന ആക്ഷേപം ബൂത്തിന് ചുറ്റും പരക്കെ വ്യാപിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ മന്‍ബേഷ് സിദ്ധു സംഭവസ്ഥലത്തെത്തി. പലരും വോട്ടുചെയ്യാന്‍ വരിയില്‍ കാത്തുനില്‍പ്പാണ്. വോട്ടിനുശേഷം പണിക്കുപോകേണ്ട ഒരാള്‍ സര്‍ദാര്‍ജിയെ കണ്ടമാത്രയില്‍ ഹിന്ദിയില്‍തന്നെ സങ്കടമുണര്‍ത്തിച്ചു. 

'ഹം കോ കാമ് കര്‍ണേ കേലിയേ ജാനാ ഹെ', വോട്ടുകഴിഞ്ഞ് പണിക്കുപോകേണ്ടതാ സാറേ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടായിരുന്നു ചെറുതായി പൂസായ ആളിന്റെ പരാതി. 'ഇപ്പൊ ശെര്യാക്കിത്തരാമെന്ന്' ഹിന്ദിയില്‍ മൊഴിയുമെന്ന് കരുതിയെങ്കിലും ചെറുചിരികൊണ്ട് സര്‍ദാര്‍ജി മറുപടിപറഞ്ഞു. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയാണല്ലോ ചിരി.

തയ്യാറാക്കിയത്: ഷിജു എസ്.നായര്‍, ലിപിന്‍ ഇടിക്കുള പൗലോസ്, സനല്‍ പുതുപ്പള്ളി.