കേരള കോണ്‍ഗ്രസുകളുടെ അഭിമാന പോരാട്ടം അരങ്ങേറുന്ന മണ്ഡലമാണ് കോട്ടയം. കോണ്‍ഗ്രസിനെ കൈവിട്ട് ഇടത്തുമാറിയ ജോസ് പക്ഷത്തിനും യുഡിഎഫിനൊപ്പം തുടരുന്ന പി.ജെ ജോസഫ് വിഭാഗത്തിനും ഇത് ബലപരീക്ഷണത്തിന്റെ വേദി കൂടിയാണ്. എല്‍ഡിഎഫിലെത്തി തദ്ദേശ സ്ഥാപനങ്ങളിലും എംഎല്‍എമാരെയും മന്ത്രിയേയും കിട്ടിയെങ്കിലും പാലായിലെ തോല്‍വിയുടെ ക്ഷീണം മായ്ക്കാന്‍ കോട്ടയത്ത് ചാഴിക്കാടന്റെ വിജയമാണ് ജോസ് പക്ഷം കണക്കുകൂട്ടുന്നത്. പി.ജെ ജോസഫിനാകട്ടെ ജോസ് വിഭാഗം പോയിട്ടും കിട്ടിയ ലോക്‌സഭാ സീറ്റ് എന്ത് വിലകൊടുത്തും ജയിച്ചേ തീരൂ. അവര്‍ക്ക് ഇത് നിലനില്‍പിന്റെ പ്രശ്‌നം കൂടിയാണ്. 1977 ലാണ് ഇതിന് മുമ്പ് കേരള കോണ്‍ഗ്രസ്സുകള്‍ കോട്ടയത്ത് നേര്‍ക്ക് പോരാടിയത്. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം നടക്കുന്ന ആദ്യത്തെ ലോക്​സഭാ തിരഞ്ഞെടുപ്പാണിത് എന്ന പ്രത്യേകതയും ഉണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷം ജില്ലയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ അത് കേവലം സഹതാപതരംഗത്തിനപ്പുറം ഒന്നുമല്ലെന്ന് ഇടത് ക്യാമ്പ് വിലയിരുത്തുന്നു. എല്‍ഡിഎഫിനായി സിറ്റിങ് എം.പി തോമസ് ചാഴിക്കാടന്‍ തന്നെ മത്സരിക്കുന്നു. ഫ്രാന്‍സിസ് ജോര്‍ജാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്റെ മകനാണ് അദ്ദേഹം. ഇടുക്കിയില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ രണ്ടുതവണ ലോക്‌സഭയിലെത്തിയതും ഇടത് സ്ഥാനാര്‍ഥിയായിട്ടാണ്. യുഡിഎഫില്‍ പി.ജെ ജോസഫിനൊപ്പമെത്തിയിട്ട് ഇടുക്കി നിയമസഭാ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും തോറ്റു, 

To advertise here,

യുഡിഎഫോട് അടുപ്പം, പക്ഷേ സുരേഷ് കുറുപ്പിനോട് പ്രത്യേക സ്‌നേഹം

മണ്ഡലത്തിന്റെ ചരിത്രത്തില്‍ 11 തവണ കോണ്‍ഗ്രസ് പക്ഷത്ത് നിന്ന മണ്ഡലം അഞ്ച് തവണ ചുവന്നു. ഇതില്‍ നാല് തവണയും ജയിച്ചത് കെ.സുരേഷ്‌കുറുപ്പായിരുന്നു. രാഷ്ട്രീയത്തിനപ്പുറം സുരേഷ് കുറുപ്പിനോടുള്ള കോട്ടയംകാരുടെ ഇഷ്ടം മനസ്സിലാക്കാന്‍ ഇത് തന്നെ ധാരാളം. രമേശ് ചെന്നിത്തലയും പി.സി ചാക്കോയും ആന്റോ ആന്റണിയും കുറിപ്പിന് മുന്നില്‍ കീഴ്ടങ്ങിയവരാണ്. എറണാകുളം, ചാലക്കുടി പോലെ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഏറെ വിജയപ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് കോട്ടയം. 1984 ല്‍ യുഡിഎഫ് ഇരുപതില്‍ 19 ഇടത്തും ജയിച്ചപ്പോള്‍ കോട്ടയം മാത്രം ഇടത്തോട്ട് ചാഞ്ഞു. പൊതുവെ കോണ്‍ഗ്രസിനൊപ്പം കേരള കോണ്‍ഗ്രസിനും വളക്കൂറുള്ള മണ്ഡലം. ക്രൈസ്തവ സഭകളുടെ നിലപാട് ഏത് തിരഞ്ഞെടുപ്പിലും നിര്‍ണായകമാണ്. ക്നാനായ സമുദായക്കാരനാണ് ചാഴിക്കാടന്‍. റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നാണ് ഫ്രാന്‍സിസ് ജോര്‍ജ്. പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നാണ് കോട്ടയം ലോക്‌സഭാ മണ്ഡലം. ഇതില്‍ ഏറ്റുമാനൂര്‍ മന്ത്രി വാസവന്റെ മണ്ഡലമാണ്. വൈക്കം ഉറച്ച ഇടത് കോട്ടയാണ്. ഈ ഏഴിടത്ത് കോണ്‍ഗ്രസിന് എംഎല്‍എമാരുള്ളത് പിറവം, കടുത്തുരുത്തി, പാല, കോട്ടയം, പുതുപ്പള്ളി സീറ്റുകളിലാണ്. പിണറായിയുടെ തുടര്‍ഭരണം വന്നപ്പോഴും അഞ്ച് സീറ്റ് ഉറച്ച് നിന്നതാണ് യുഡിഎഫിന്റെ പ്രതീക്ഷ. 

കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ്, 1952 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു സി പി മാത്യുവാണ് വിജയിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മാത്യു മണിയങ്ങാടന്‍ കോട്ടയത്തു നിന്ന് പാര്‍ലമെന്റിലെത്തി. 1962ല്‍ ലും മണിയങ്ങാടന്‍ തന്നെയായിരുന്നു കോട്ടയത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയത്. 1967ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് കോട്ടയം ആദ്യമായി ചുവക്കുന്നത്. കെ.എം എബ്രഹാം ആണ് കോട്ടയത്തുനിന്ന് നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു വിജയിക്കുന്ന ആദ്യത്തെയാള്‍.

1971- മുതലാണ് മണ്ഡലം കേരളാ കോണ്‍ഗ്രസിന്റെ കൈ പിടിക്കുന്നത്. വര്‍ക്കി ജോര്‍ജ്ജായിരുന്നു കേരളാ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി ജയിച്ചത്. 1977 ലും 80 ലും സ്‌കറിയ തോമസ് കേരളാ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തി. 1984ല്‍ മണ്ഡലം വീണ്ടും ചുവന്നു. ഇടതു ടിക്കറ്റില്‍ മത്സരിച്ച കെ സുരേഷ് കുറുപ്പ് വിജയിച്ചു പാര്‍ലമെന്റിലെത്തി. 1989 ല്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസിനെ തുണച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമേശ് ചെന്നിത്തല വീണ്ടും 91 ലും 96 ലും ജയിച്ച് ഹാട്രിക് തികച്ചു. പക്ഷേ നാലാം അങ്കത്തില്‍ കോട്ടയം കൈവിട്ടു. അതും സുരേഷ് കുറുപ്പിന്റെ മടങ്ങിവരവില്‍. 98 മുതല്‍ 2004 വരെ ഇടതുപക്ഷത്തെ കെ സുരേഷ് കുറുപ്പായിരുന്നു കോട്ടയത്തിന്റെ ജനപ്രതിനിധി. 2009ലും 2014ലും കേരളാ കോണ്‍ഗ്രസില്‍ നിന്ന് ജോസ് കെ മാണി വിജയിച്ചുകയറി. മൂവാറ്റുപുഴയില്‍ കന്നി അങ്കത്തില്‍ തോറ്റശേഷമായിരുന്നു കോട്ടയത്തെത്തി ജോസ് ജയം രുചിച്ചത്. കഴിഞ്ഞ നിയമസഭയിലേക്ക് എല്‍ഡിഎഫ് ചരിത്രം വിജയം നേടിയപ്പോഴും പാലാക്കാര്‍ ജോസ് കെ മാണിയെ തോല്‍പിച്ചു. 2019 കേരളാ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച തോമസ് ചാഴിക്കാടന്‍ വിജയിച്ചുകയറി. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്നു കേരളാ കോണ്‍ഗ്രസ്.
 

വര്‍ഷം
 
സ്ഥാനാര്‍ഥി
 
പാര്‍ട്ടി
 
ഭൂരിപക്ഷം
 
1952  സിപി മാത്യൂ
 
 INC     56336
1957 മാത്യൂ മണിയങ്ങാടന്‍
 
INC     23425 
1962മാത്യൂ മണിയങ്ങാടന്‍INC  65296 
1967കെ.എം അബ്രഹാം
 
CPM 48584
1971വര്‍ക്കി ജോര്‍ജ്
 
KEC26023
1977 സ്‌കറിയ തോമസ്
 
KEC68688 
1980 സ്‌കറിയ തോമസ്KEC 5374 
1984 സുരേഷ് കുറുപ്പ്
 
CPM 5446
1989 രമേശ് ചെന്നിത്തല
 
INC 53506 
1991 രമേശ് ചെന്നിത്തലINC 62589
1996 രമേശ് ചെന്നിത്തലINC 67050
1998സുരേഷ് കുറുപ്പ്CPM 5433
1999സുരേഷ് കുറുപ്പ്CPM 10633 
2004 സുരേഷ് കുറുപ്പ്CPM 42911
2009ജോസ് കെ മാണിKEC(M)71572
2014ജോസ് കെ മാണി

KEC(M)

1,20,587
2019 തോമസ് ചാഴിക്കാടന്‍

 
KEC(M)1,06,259


2019 ല്‍ സംഭവിച്ചത് എന്ത്?

യുഡിഎഫ് തരംഗം സൃഷ്ടിച്ച 2019ലെ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് അധികം വിയര്‍പ്പൊഴുക്കാതെയാണ് തോമസ് ചാഴിക്കാടന്‍ വിജയിച്ചുകയറിയത്. 106259 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ചാഴിക്കാടന്റെ ജയം. പരാജയപ്പെട്ടതാകട്ടെ ഇപ്പോഴത്തെ മന്ത്രി വി.എന്‍.വാസവനും.

യുഡിഎഫിന്റെ കോട്ടയായാണ് കോട്ടയത്തെ പൊതുവേ വിലയിരുത്തുന്നത്. പക്ഷേ ഇത്തവണ അങ്ങനെ കണക്ക് ശരിയാകണമെന്നില്ല. കാരണം കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പും മുന്നണിമാറ്റവും തന്നെ. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് കോട്ടയം. അവിടെ ജോസഫ് വിഭാഗത്തിന് മണ്ഡലത്തില്‍ എത്ര ശക്തിയും സ്വാധീനവുമുണ്ടെന്ന് തെളിയിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് കൂടിയാകുമിത്‌. പക്ഷേ യുഡിഎഫ് ടിക്കറ്റില്‍ വോട്ടുവാങ്ങി വിജയിച്ച് എല്‍ഡിഎഫിനൊപ്പം പോയതിന്റെ കലിപ്പ് കോട്ടയത്തെ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്‌. എന്നാല്‍ കോട്ടയംകാരനാണ് എന്നത് ചാഴിക്കാടന് അനുകൂലഘടകമാണ്‌. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലത്തിന് പുറത്തുനിന്നു വരുന്നൊരാളാണ്.  ഈ ഘടകം മണ്ഡലത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാത്തിരുന്നു കാണാം.  

2019 ലെ തിരഞ്ഞെടുപ്പ് ഫലം നിയസഭ മണ്ഡലങ്ങളെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍  വൈക്കത്തു മാത്രമാണ് എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിച്ചത്. മറ്റ് ആറ് മണ്ഡലങ്ങളിലും യുഡിഎഫിനൊപ്പം നിന്നു. യുഡിഎഫിനെ കാത്ത ആറ് നിയമസഭാ മണ്ഡലങ്ങളില്‍ കടുത്തുരുത്തി മാത്രമാണ് ജോസഫ് വിഭാഗത്തിന്‌ മുന്‍തൂക്കമുള്ള മണ്ഡലം. മോന്‍സ് ജോസഫിന്റെ സ്വന്തം മണ്ഡലം എന്നു തന്നെ പറയാം. പക്ഷേ ഈ ഒരു മണ്ഡലത്തെ മാത്രം ആശ്രയിച്ച് യുഡിഎഫിന്  കോട്ടയം കോട്ട കാക്കനാകില്ല എന്നതാണ് വസ്തുത. വൈക്കവും ഏറ്റുമാനൂരും എല്‍ഡിഎഫിന്റെ ഉറച്ച സീറ്റുകളായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കേരള കോണ്‍ഗ്രസ് ചേരിമാറിയതോടെ ഫലത്തില്‍ കടുത്തുരുത്തി, പിറവം, പാല, പുതുപ്പള്ളി എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫിന് കഴിഞ്ഞ തവണ കിട്ടിയ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാം. ചാഴിക്കാടന്‍ നാല് തവണ ജയിച്ചത് ഏറ്റുമാനൂരില്‍ നിന്നാണ. മണ്ഡല പുനരേകീകരണത്തോടെ ഇടത് ചായ്‌വ് കൂടിയ മണ്ഡലമാണ് ഏറ്റുമാനൂര്‍. കഴിഞ്ഞ മൂന്നു തവണയും ഇടതുപക്ഷത്തിന്റെ ജയമുറപ്പാക്കിയതും ഈ മാറ്റമാണ്‌. ആദ്യം സുരേഷ് കുറുപ്പും കഴിഞ്ഞ തവണ വാസവനും. കുമരകം അടക്കം ഏറ്റുമാനൂരിലേക്ക്‌ വന്നതോടെയാണ് സ്വഭാവം മാറിയത്.

പ്രവചനാതീതം കോട്ടയം
 
കൂടുതല്‍ ജയിച്ച കോണ്‍ഗ്രസോ കേരള കോണ്‍ഗ്രസോ ആണെങ്കിലും കാറ്റ് അനുകൂലം എന്ന് കരുതുമ്പോള്‍ ധാരണ തെറ്റിക്കുന്നതും കോട്ടത്തുകാരുടെ സ്വഭാവമാണ്‌. ഇരു മുന്നണികള്‍ക്കും അപ്രതീക്ഷിത തിരിച്ചടികള്‍ പല കുറി കോട്ടയം നല്‍കിയിട്ടുണ്ട്. സുരേഷ് കുറുപ്പിനെ നാല് തവണ ജയിപ്പിച്ച് വിട്ടു. 1984 ലില്‍ 10 ല്‍ 19 ഇടത്തും ഇടതുപക്ഷം തോറ്റപ്പോഴും ജയിച്ച ഏക സീറ്റ് കോട്ടയമായിരുന്നു. അന്നത്തെ സുരേഷ് കുറുപ്പ് എന്ന യുവത്വമായിരുന്നു കോട്ടയത്തെ വോട്ടര്‍മാരെ ഇടതിനൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ഥി മികവും നോക്കി വോട്ട് ചെയ്യുന്ന ശീലവും കോട്ടയത്തിനുണ്ട്. ഫലത്തില്‍ പ്രവചിക്കാനാകില്ല വോട്ടര്‍മാരുടെ മനസ്സ്. 

ബിജെപി വോട്ടുകള്‍ എങ്ങോട്ട്

ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും പരമ്പരാഗതമായി നിശ്ചിത വോട്ട് ബാങ്കുള്ള മണ്ഡലമാണ് കോട്ടയം. ഇപ്പോഴത്തെ ജോസഫ് പക്ഷ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനായ പി.സി തോമസ്സായിരുന്നു കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ഥി. അന്ന് ഒന്നര രക്ഷത്തിലധികം വോട്ട് നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശബരിമല വിഷയം അതിന് മുഖ്യകാരണമായി. ശരാശരി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 20,000 ത്തിന് മേലെ വോട്ട് 2019 ല്‍ ബിജെപിക്ക് നേടാനായി. അതില്‍ തന്നെ പാലായിലാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്. 26,533 വോട്ട്. അവിടെ എല്‍ഡിഎഫുമായി 6900 വോട്ടിന്റെ വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്. 2014 ലില്‍ നോബിള്‍ മാത്യുവിന് ലഭിച്ച 44357 വോട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വളര്‍ച്ച ബിജെപിക്ക് നേടാനായി. അത് തന്നെയാണ് ബിജെപി കോട്ടയത്ത് ശ്രദ്ധവെക്കുന്നതിന് കാരണവും. ഇത്തവണ ബിഡിജെഎസ്സിനായിരിക്കും എന്‍ഡിഎയില്‍ കോട്ടം സീറ്റെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ പാര്‍ട്ടി തലവന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിച്ചാല്‍ ബിജെപി കൂടുതല്‍ ശ്രദ്ധവെക്കും. ബിഡിജഎസ്സിന്റെ വരവോടെ വോട്ട് ചോര്‍ച്ച ഇടത്തുനിന്നാകും വലത്തുനിന്നാകുമോ എന്ന ആശങ്ക ഇരുമുന്നണിക്കുമുണ്ട്. എങ്കിലും കഴിഞ്ഞ തവണ ശബരിമല വിഷയം വോട്ടായതാണ് ഇത്തവണ എന്‍ഡിഎ വോട്ട് കുറയുമെന്നാണ് രണ്ട് മുന്നണികളും പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം.

കോട്ടയത്തുകാരുടെ വോട്ടുമനസ്സ് അങ്ങനെ പെട്ടെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. പ്രവചനങ്ങള്‍ തെറ്റിക്കുന്ന ശീലംപണ്ടേയുണ്ട്. ഇത്തവണ കേരള കോണ്‍ഗ്രസ്സുകള്‍ മേധാവിത്വത്തിന്റെ വേദിയാണ് തിരഞ്ഞെടുപ്പെങ്കിലും ഒരു വശത്ത് കോണ്‍ഗ്രസും മറവശത്ത് സിപിഎമ്മുമാണ് വോട്ടിന്റെ വഴി തുറക്കുക