കൊല്ലം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ്‌ ആര്‍എസ്പിക്ക് തന്നെ നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണ. സിറ്റിങ് എംപി എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയാവുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് - ആര്‍എസ്പി ഉഭയകക്ഷി ചര്‍ച്ചയില്‍ മറ്റൊരു പേരും ഉയര്‍ന്നുവന്നില്ല. യുഡിഎഫിന്റെ സീറ്റ് വിഭജനചര്‍ച്ച പൂര്‍ത്തിയായ ശേഷമായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

To advertise here,

കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലായി കൊല്ലം യുഡിഎഫിനായി നിലനിര്‍ത്തുന്ന ആര്‍എസിപിക്ക് തന്നെ സീറ്റ് നല്‍കാന്‍ നേരത്തേ തീരുമാനമായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു. ആര്‍എസ്പിയെ പ്രതിനിധീകരിക്കാന്‍ പ്രേമചന്ദ്രനേക്കാള്‍ മികച്ച മറ്റൊരു സ്ഥാനാര്‍ഥിയുണ്ടാവില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

2014-ല്‍ എം.എ. ബേബിക്കെതിരായി മത്സരിച്ചപ്പോള്‍ മുപ്പത്തേഴായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് ലഭിച്ചത്. 2019-ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും വോട്ടുകളുടെ എണ്ണം മാത്രമല്ല ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക് ഉയര്‍ത്താനും പ്രേമചന്ദ്രനായി. സിപിഎമ്മിന്റെ കെ.എന്‍. ബാലഗോപാലിനെ തോല്‍പിച്ചാണ് പ്രേമചന്ദ്രന്‍ കഴിഞ്ഞ തവണ സീറ്റ് നിലനിര്‍ത്തിയത്‌

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീന്‍ എം.എം. ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ ഷിബു ബേബി ജോണിനെയും പ്രേമചന്ദ്രനെയും കൂടാതെ ആര്‍എസ്പിക്കായി എ.എ. അസീസും ബാബു ദിവാകരനും ചര്‍ച്ചയില്‍ പങ്കെടുത്തു. യുഡിഎഫിലെ എല്ലാ കക്ഷികളുമായും ചര്‍ച്ച പൂര്‍ത്തിയായ ശേഷമേ കൊല്ലം സീറ്റ് ആര്‍എസ്പിക്ക് നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ എന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.