
കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ എൽ.ഡി.എഫ്., ബി.ജെ.പി. സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ച അതത് പാർട്ടികൾക്കും മുന്നണികൾക്കും ഉള്ളിൽ പുരോഗമിക്കുന്നു. ആർ.എസ്.പി.ക്ക് നൽകിയിട്ടുള്ള സീറ്റിൽ സിറ്റിങ് എം.പി. എൻ.കെ.പ്രേമചന്ദ്രനെ മുൻനിർത്തി യു.ഡി.എഫ്. കളത്തിലിറങ്ങിക്കഴിഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള മുതിർന്ന നേതാക്കളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന സി.പി.എമ്മിനുവേണ്ടി ജില്ലയ്ക്കു പുറത്തുനിന്ന് ഒരു സ്ഥാനാർഥി എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയാണെങ്കിൽ കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എന്നിവരുടെ പേരുകളാകും സജീവമായി പരിഗണിക്കുക.
മുതിർന്ന നേതാക്കളായ എം.എ.ബേബി, കെ.എൻ.ബാലഗോപാൽ എന്നിവരെ മത്സരിപ്പിച്ചിട്ടും 2014, 2019 തിരഞ്ഞെടുപ്പുകളിൽ പ്രേമചന്ദ്രനെ തോൽപ്പിക്കാനായില്ല. 2019-ൽ ഇടതു കേന്ദ്രങ്ങളിൽപ്പോലും പ്രേമചന്ദ്രൻ വലിയ മേൽക്കോയ്മ നേടിയിരുന്നു. പാർട്ടിക്കു പുറത്തുള്ള സ്വീകാര്യത പരിഗണിച്ച് എം.എൽ.എ.മാരായ എം.മുകേഷ്, ഡോ. സുജിത്ത് വിജയൻപിള്ള, മുൻ എം.എൽ.എ. അയിഷാ പോറ്റി എന്നിവരെ മത്സരിപ്പിക്കാനുള്ള ആലോചനയുമുണ്ട്. ഒരിടത്തും പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ലെന്നുള്ളതാണ് മുകേഷിനെ സ്ഥാനാർഥിയാക്കണമെന്ന് പറയുന്നവരുടെ വാദം.
ജില്ലയിൽനിന്നുള്ള പാർട്ടി നേതാവിനെ പരിഗണിച്ചാൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപനാകും പ്രഥമ പരിഗണന. മുതിർന്ന ജില്ലാപഞ്ചായത്ത് അംഗങ്ങൾ ഉണ്ടായിട്ടും പി.കെ.ഗോപനെ പ്രസിഡന്റ് സ്ഥാനത്തേക്കു കൊണ്ടുവന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. സീനിയോറിറ്റി മറികടന്നുള്ള സ്ഥാനാരോഹണത്തെപ്പറ്റി ചോദിച്ചവരോട്, ‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കാൻ സ്ഥാനാർഥി വേണ്ടേ’ എന്ന ചോദ്യം മുതിർന്ന നേതാക്കൾതന്നെ ഉന്നയിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, ഡി.വൈ.എഫ്.ഐ. നേതാവ് ആർ.എസ്.അരുൺ ബാബു, കൊല്ലം കോർപ്പറേഷൻ കൗൺസിലർ യു.പവിത്ര എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപി.എം. ജില്ലാ കമ്മിറ്റിയിൽ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചയുണ്ടാകുമെന്നാണ് അറിയുന്നത്.
ബി.ജെ.പി. വോട്ടുകൾ നിർണായകമാകും
ബി.ജെ.പി.യും ഇക്കുറി മുതിർന്ന നേതാക്കളെ മത്സരിപ്പിക്കുമെന്നാണ് സൂചന. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരനെ കൊല്ലത്ത് മത്സരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. അടുത്തിടെ ബി.ജെ.പി.യിൽ ചേർന്ന പി.സി.ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർഥിയാകാൻ സാധ്യതയുള്ളതിനാലാണ് ഈ മാറ്റം. മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസിന്റെ പേരും കൊല്ലത്ത് പരിഗണിക്കുന്നതായാണ് വിവരം.
ജില്ലയിൽനിന്നുള്ള സ്ഥാനാർഥിയാണെങ്കിൽ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിനാണ് പ്രഥമ പരിഗണന. ചാത്തന്നൂർ നിയമസഭാമണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ രണ്ടാംസ്ഥാനത്തെത്തിയ ഗോപകുമാർ കഴിഞ്ഞതവണ 42,090 വോട്ടുകൾ നേടി. കഴിഞ്ഞ തവണ ബി.ജെ.പി.ക്കുവേണ്ടി കെ.വി.സാബു 1,03,339 വോട്ടുകളാണ് കരസ്ഥമാക്കിയത്. ബി.ജെ.പി. വോട്ട് ഉയർത്തിയാൽ അത് ഇരു മുന്നണി സ്ഥാനാർഥികളെയും എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഈ മാസം അവസാനത്തോടെ ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്.
Content Highlights: Kollam Loksabha Constituency CPM probable list of candidates
Published: 08 Feb 2024, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented