കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവേ കുഞ്ഞനന്തനുമായി താൻ പലതവണ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞ പലതും ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും മുസ്‌ലിംലീഗ് നേതാവ് കെ.എം. ഷാജി ടെലിഫോണിൽ ‘മാതൃഭൂമി’യോട് പറഞ്ഞു.
കുഞ്ഞനന്തന്റെ മരണത്തിനുമുമ്പ് ഒരു വി.വി.ഐ.പി. ജയിൽ സന്ദർശിച്ചിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘‘തെളിവുള്ളതുകൊണ്ടാണ് ആരോപണം ഉന്നയിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞുതീർക്കാനുള്ള കാര്യമല്ല അത്. ഇടതുസർക്കാർ അന്വേഷണത്തിന് ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് ഈ ആരോപണം ഉന്നയിച്ചതിന് എന്റെ പേരിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതുവഴി എനിക്ക് തെളിവ് ഹാജരാക്കാൻ അവസരംകിട്ടും. അതല്ലെങ്കിൽ മറ്റു നിയമവഴി തേടും.
കൊലപാതകാനന്തരം നടക്കുന്ന വിക്രിയകൾ മാധ്യമങ്ങളും ജനങ്ങളും മറുന്നുപോകുന്നു. കുഞ്ഞനന്തൻ മരിക്കുന്ന വേളയിൽ സെൻട്രൽ ജയിൽ ഉൾപ്പെടുന്ന പ്രദേശത്തെ എം.എൽ.എ.യായിരുന്നു ഞാൻ. ജനപ്രതിനിധി എന്ന നിലയിൽ സ്വാഭാവികമായും എനിക്ക് കൂടുതൽ വിവരങ്ങൾ കിട്ടും -അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകക്കേസുകളിലെ പല പ്രതികളുടെയും മരണത്തിൽ സംശയമുണ്ട്. വയലിന്റെ നടുവിലിട്ട് ഒരു കുട്ടിയെ വെട്ടിക്കൊല്ലുകയും ചന്ദ്രശേഖരനെ 51 വെട്ടിന് കൊല്ലുകയുംചെയ്യുന്ന അതിക്രൂരന്മാരായ ആളുകൾ ആത്മഹത്യചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
കൊന്നവനെ കൊല്ലുക, തെളിവുനശിപ്പിക്കുക തുടങ്ങിയവ കേരളത്തിൽ പ്രായോഗികമാക്കുന്നത് സി.പി.എമ്മാണ്. ഫസൽ വധക്കേസിലെ മൂന്നുപ്രതികൾ കൊല്ലപ്പെട്ടു. ഷുക്കൂർ വധക്കേസിലെ പ്രധാനപ്രതിയും മറ്റൊരുപ്രതിയുടെ ഭാര്യയും ആത്മഹത്യചെയ്തു. മൻസൂർ വധക്കേസിൽ പ്രധാനപ്രതി വളയത്തുപോയി ആത്മഹത്യചെയ്തു. ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വ്യക്തമായ അന്വേഷണംവേണം.
ഒരു പരിപാടിക്ക് ഞാൻ ജയിലിൽച്ചെന്നപ്പോൾ സാത്വികഭാവത്തിന്റെ മുഖംമൂടിയുള്ള കുഞ്ഞനന്തൻ എന്നെ ഇങ്ങോട്ടുവന്ന് പരിചയപ്പെടുകയായിരുന്നു. ജയിലിൽ കുടിവെള്ള ക്ഷാമമുണ്ടെന്ന് ഡി.ഐ.ജി.യുടെ മുമ്പിൽവെച്ചാണ് പറഞ്ഞത്. ജയിലറും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ. ഫണ്ടുപയോഗിച്ച് ജയിലിൽ കുഴൽക്കിണർ കുഴിച്ചത്. ജയിലിലെ ലൈബ്രറി നന്നാക്കണമെന്നും കുഞ്ഞനന്തൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഷാജി പറഞ്ഞു.
Content Highlights: km shaji-pk kunhanandan death
Published: 16 Apr 2024, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented