കാസര്‍കോടിന്റെ രാഷ്ട്രീയ'ജാതകം' തിരുത്തപ്പെട്ട തിരഞ്ഞെടുപ്പാണ് 2019-ല്‍ നടന്നത്. 35 വര്‍ഷത്തിനുശേഷം മണ്ഡലം യു.ഡി.എഫിലേക്ക് ചാഞ്ഞു. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ. മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനെ കളത്തിലിറക്കിയപ്പോള്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ മത്സരിപ്പിക്കുകയാണ് ബി.ജെ.പി. മഹിള മോര്‍ച്ച നാഷണൽ എക്സിക്യുട്ടീവ് അംഗം എം.എല്‍. അശ്വിനി. ബി.ജെ.പി. പ്രഖ്യാപിച്ച ആദ്യഘട്ടത്തിലെ 12 പേരുടെ പട്ടികയിലെ സസ്പെന്‍സ് സ്ഥാനാര്‍ഥി എന്ന് പറയാം അശ്വിനിയെ.

To advertise here,

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കടമ്പാര്‍ ഡിവിഷന്‍ പ്രതിനിധിയാണ്‌ എം.എല്‍. അശ്വിനി. മഹിള മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം എന്ന നിലയില്‍ ദേശിയ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയായ അശ്വിനി തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

അപ്രതീക്ഷിതമാണല്ലോ സ്ഥാനാര്‍ഥിത്വം

വളരെ അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥിയാകാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കണമെന്നുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉറപ്പിന്റെ ആദ്യപടിയെന്നോണമാണ് കാസര്‍കോട് ജില്ലയിലെ ആദ്യ ബി.ജെ.പി. വനിതാ സ്ഥാനാര്‍ഥിയാകാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിക്കുന്ന ഞാന്‍ പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവിലെ പ്രതിനിധിയുമാണ്. പാര്‍ട്ടി ഉത്തരവാദിത്വങ്ങളുടെ ഭാഗമായി പത്തില്‍ അധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സഹചര്യങ്ങളിലെല്ലാം പാര്‍ട്ടി നേതൃത്വം എന്റൈ പ്രവർത്തനം വീക്ഷിക്കുന്നുണ്ടായിരിക്കണം.

placeholder
അശ്വിനിയെ പ്രവർത്തകർ സ്വീകരിക്കുന്നു

ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന നിലയിലെ പ്രവര്‍ത്തനമാണോ സ്ഥാനാര്‍ഥിത്വത്തിന് വഴിയൊരുക്കിയത്‌

പ്രദേശിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും സഹായകമായിട്ടുണ്ട്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കടമ്പാര്‍ ഡിവിഷനില്‍ നിന്നാണ് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെയുള്ള പഞ്ചായത്തുകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രകള്‍ വേണ്ടിവരാറുണ്ടെങ്കിലും ജനങ്ങള്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ അവരോട് ചേര്‍ന്ന് നില്‍ക്കാനും ആവശ്യങ്ങള്‍ നടപ്പാക്കാനും ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പന്തുണ എനിക്കൊപ്പമുണ്ടെന്ന് പൂര്‍ണമായ വിശ്വാസമുണ്ട്.

മണ്ഡലത്തില്‍ കാസര്‍കോടും മഞ്ചേശ്വരവുമാണ് ബി.ജെ.പി. ശക്തികേന്ദ്രങ്ങള്‍. മറ്റ് പ്രദേശങ്ങളിലെ പ്രചാരണം എങ്ങനെയായിരിക്കും.?

2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍, നമ്മുടെ പ്രദേശത്തെ രാഷ്ട്രീയപരിതസ്ഥിതി മൂലം ഇതില്‍ പലതും നമുക്കു നഷ്ടപ്പെടുകയാണ്. ജനങ്ങള്‍ ഇത് കാണുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായ വികസനം നമ്മുടെ നാട്ടിലെ ആളുകളും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ തീര്‍ച്ചയായും ഈ നാട്ടിലെ ജനങ്ങള്‍ എന്‍.ഡി.എയെ വിജയിപ്പിക്കും.

പ്രബല സ്ഥാനാര്‍ഥികളാണ് എതിര്‍ സ്ഥാനത്തുള്ളത്. ഇതിനെ എങ്ങനെ കാണുന്നു

എതിര്‍ സ്ഥാനാര്‍ഥികളെ വിലയിരുത്താനോ കുറ്റം പറയാനോ ഞാനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകളെല്ലാം പാലിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ധൈര്യമായി ജനങ്ങള്‍ക്ക് മുന്നിലെത്തി വോട്ട് ചോദിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ബി.ജെ.പി. നല്‍കുന്ന ഉറപ്പുകള്‍ തുടര്‍ന്നും പാലിക്കുമെന്ന ഉറപ്പായിരിക്കും ഞാനും ജനങ്ങള്‍ക്ക് മുന്നിലേക്ക് വയ്ക്കാന്‍ പോകുന്നത്. മറ്റ് രണ്ട് മുന്നണികളിലേയും സ്ഥാനാര്‍ഥികളെ മുഖ്യഎതിരാളി എന്ന നിലയില്‍ കാണുന്നില്ല. ഇത് ശരിക്കും ഒരു ത്രികോണ മത്സരമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് നല്‍കുന്ന പ്രധാന്യം

ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിച്ച കാസര്‍കോട് ജില്ലയിലെ ആരോഗ്യരംഗം വളരെ പിന്നിലാണ്. അതുപോലെ തന്നെയാണ് വിദ്യാഭ്യാസ മേഖലയും. ആശുപത്രികള്‍ക്കും കോളേജുകള്‍ക്കുമായി കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ കൊറോണക്കാലത്ത് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ഒട്ടേറെ ആളുകളാണ് മരിച്ചത്. ഈ അവസ്ഥ ആവര്‍ത്തിക്കരുതെന്നാണ് എന്റെ ആഗ്രഹം. എന്‍.ഡി.എയ്ക്ക് വോട്ട് നല്‍കുകയാണെങ്കില്‍ ആരോഗ്യമേഖലയിലെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയുടെ കാര്യത്തിലും ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിക്കുമെന്നും യുവജനങ്ങള്‍ക്കും ഉറപ്പു നല്‍കുകയാണ്.

placeholder
എം.എൽ. അശ്വിനി പ്രചാരണത്തിനിടെ

കാസര്‍കോടിന്റെ എയിംസ് എന്ന ആവശ്യം

ഈ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. വിജയിക്കുകയാണെങ്കില്‍ കാസര്‍കോട് ജില്ലയില്‍ എയിംസ് എത്തിക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നാണ് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന ഉറപ്പ്. മറ്റ് ജില്ലകളെ പോലെയല്ല, കാസര്‍കോട് ജില്ലയുടെ ആരോഗ്യ മേഖല വളരെ പിന്നിലാണ്. ഒരു അസുഖം വന്നാല്‍ മംഗലാപുരത്തെ ആശ്രയിക്കുക മാത്രമാണ് വഴി. നമ്മുടെ നാട്ടില്‍ മികച്ച ഒരു ആശുപത്രി ഒരുങ്ങിയാല്‍ ഏത്രയും വേഗം നല്ല ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ എയിംസ് ഉള്‍പ്പെടെ മികച്ച ആരോഗ്യരംഗമാണ് എന്‍.ഡി.എ. കാസര്‍കോട് ജില്ലയിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പ്.

കര്‍ണാടകയിലെ ഭാരണമാറ്റം കാസര്‍കോട് ജില്ലയിലെ ഭാഷാന്യൂനപക്ഷ മേഖലയെ സ്വാധീനിക്കുമോ

കര്‍ണാടകയുടെ സ്വാധീനമുള്ള മേഖലയാണ് കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശങ്ങളെങ്കിലും അവിടെയുണ്ടായിട്ടുള്ള രാഷ്ട്രീയമാറ്റം ഇവിടത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെ പാലിച്ചിട്ടില്ല. ഭരണമാറ്റം നല്‍കിയതിന്റെ പശ്ചാത്താപത്തിലാണ് അവിടെയുള്ള ജനങ്ങള്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ വിശ്വാസിച്ചാല്‍ അവരുടെ അവസ്ഥയായിരിക്കും ഉണ്ടാകുകയെന്ന തിരിച്ചറിവ് കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങള്‍ക്കുണ്ട്.

എന്‍.ഡി.എയ്ക്കുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ

ന്യൂനപക്ഷ വിഭാഗങ്ങളുടെ വലിയ പിന്തുണയാണ് കാസര്‍കോട് മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്കുള്ളത്. എവിടെ എന്ത് നടക്കുന്നുവെന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്ല അവബോധമുണ്ട്. ഇവിടെ ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ നമ്മള്‍ സുരക്ഷിതരാണെന്ന ഉറപ്പ് ഇതിനകം ജനങ്ങള്‍ക്ക് വന്നിട്ടുണ്ട്. നിരവധി ആളുകള്‍ വ്യക്തിപരമായി ബി.ജെ.പി. വിജയിക്കണമെന്നാണ് ആഗ്രഹം എന്നും, ഈ ഭരണത്തില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞിട്ടുണ്ട്.

placeholder
അശ്വിനി പ്രവർത്തകർക്കൊപ്പം

33 ശതമാനം സ്ത്രീ സംവരണം എന്ന ആശയം യാഥാർഥ്യമാവുമോ

സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ബി.ജെ.പി. കൊണ്ടുവന്നിട്ടുള്ളത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് പിന്നാലെ നടപ്പാക്കിയ സ്വച്ഛ് ഭാരത് അഭിയാന്‍ സ്ത്രീ കേന്ദ്രീകൃത പദ്ധതിയായാണ് ആരംഭിച്ചത്. അതിനുശേഷം ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, നാരിശക്തി തുടങ്ങിയ പദ്ധതികളെല്ലാം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതില്‍നിന്നു തന്നെ ബി.ജെ.പി. വനിതകള്‍ക്ക് നല്‍കുന്ന പ്രധാന്യം തിരിച്ചറിയാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് വലിയ പ്രധാന്യം ലഭിക്കാത്ത മേഖലകളില്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതികളിലൂടെ കഴിവുള്ള സ്ത്രീകളെ കണ്ടെത്തുകയും പരിഗണിക്കപ്പെടുകയും ചെയ്യും.

സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതിലെ സന്തോഷം

ഒരിക്കലും പ്രതീക്ഷിക്കാതെ ലഭിച്ച അവസരമാണ്. സ്ഥാനാര്‍ഥിയായി എന്നെ തീരുമാനിച്ചു എന്ന് അറിയിച്ചുള്ള വിളി വന്നതും ശരിക്കും ഞെട്ടിപ്പോയി. മൂന്ന് നാല് ദിവസം മുമ്പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗമായതിനാല്‍ തന്നെ എന്റെ പേരും പരിഗണിക്കുന്നുണ്ടെന്നും അറിഞ്ഞിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയാകാനുള്ള അവസരം ലഭിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. പക്ഷേ, അശ്വിനിയാണ് കാസര്‍കോട് മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്ന് അറിയിച്ചുള്ള കോള്‍ വന്നപ്പോള്‍ ശരിക്കും സര്‍പ്രൈസ് ആയിപ്പോയി.