രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ സംബന്ധിച്ച് കാസര്‍കോട് മണ്ഡലം കേവലം തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന ഒരു ഗോദ മാത്രമായിരുന്നില്ല. അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ തനിക്ക് ആദ്യമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിക്കൊടുത്ത മണ്ഡലമായിരുന്നു. സംസ്ഥാനത്താകെ ആഞ്ഞുവീശിയ യു.ഡി.എഫ്. തരംഗത്തിലായിരുന്നു 2019-ല്‍ അദ്ദേഹം കാസര്‍കോട് മണ്ഡലത്തില്‍ ജയിച്ചുകയറിയതെങ്കില്‍, ഇത്തവണ അദ്ദേഹത്തിന് ജയം അനായാസമായത് കാസര്‍കോട് എന്ന മണ്ഡലത്തെ കൈവെള്ളയില്‍ കൊണ്ടുനടന്നതുകൊണ്ടാണ്. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ജനകീയ എം.പി. എന്ന വിശേഷണമാണ് കാസര്‍കോട്ടുകാരുടെ 'ഉണ്ണിച്ച' നേടിയത്.
നാട്ടിലെ കല്ല്യാണത്തിനും നൂലുകെട്ടിനുമെല്ലാം പോകുന്നതാണോ എം.പിയുടെ ജോലിയെന്ന് ജില്ലയിലെ സി.പി.എമ്മുകാരും ഇടത് സൈബര്‍ അണികളും അദ്ദേഹത്തെ പരിഹസിച്ച് ചോദിച്ചിരുന്നു. എന്നാല്‍, ജനകീയ എം.പി. എന്ന പേര് നേടിക്കൊടുക്കാനും മുൻപത്തേക്കാൾ മിന്നുന്ന വിജയം നേടാനും സഹായിച്ചത് ഇക്കാര്യങ്ങളൊക്കെയായിരുന്നു. എം.പിയെ കാണാന്‍ ലോക്കല്‍ സെക്രട്ടറി മുതല്‍ ജില്ലാ സെക്രട്ടറിവരെയുള്ളവരുടെ ശുപാര്‍ശക്കത്തും ആവശ്യമില്ലായിരുന്നുവെന്നതും അദ്ദേഹത്തെ കൂടുതല്‍ ജനങ്ങളിലേക്ക് അടുപ്പിക്കാന്‍ വഴിവെച്ചു.
2019-ല്‍ കാസര്‍കോട് മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന് അനുകൂലമായ മണ്ഡലമായിരുന്നില്ല അത്. എന്നാല്‍, അന്ന് വിജയത്തിലേക്ക് നയിക്കുന്ന ഏതാനും സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയം, കോണ്‍ഗ്രസിന്റെ മുഖമായിരുന്ന രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം, പെരിയ ഇരട്ടക്കൊലപാതകം എന്നിവ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഒരുക്കിയിരുന്നു. എന്നാല്‍, 2024-ലെ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ വിജയത്തിനുള്ള മാനദണ്ഡം അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം തന്നെയായിരുന്നു. അത് വിലയിരുത്തിയ വോട്ടര്‍മാര്‍ 2019-ല്‍ നല്‍കിയതിനേക്കാള്‍ മിന്നുന്ന വിജയമാണ് ഉണ്ണിത്താന് സമ്മാനിച്ചത്.
യു.ഡി.എഫിനെ പ്രതിനിധീകരിച്ച് സിറ്റിങ് എം.പിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍, എല്‍.ഡി.എഫിന്റെ പ്രതിനിധിയായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, എന്‍.ഡി.എയ്ക്ക് വേണ്ടി എം.എല്‍. അശ്വനി എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണുന്ന ഘട്ടത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിക്ക് മേല്‍ക്കൈ നേടാനായത്. പിന്നീടങ്ങോട്ട് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും ഉണ്ണിത്താന്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. ഒടുവില്‍ 1,01,523 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 4,73,917 വോട്ടുകള്‍ പെട്ടിയിലാക്കിയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയത്തിലേക്ക് നടന്നുകയറിയത്. പ്രധാന എതിര്‍ സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് 3,72,394 വോട്ടുകളാണ് നേടാനായത്. എന്‍.ഡി.എയ്ക്ക് 2,11,690 വോട്ടുകളും ലഭിച്ചു.
കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്തായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന എം.പി. എന്ന നിലയില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതിരുന്നത് പ്രചാരണവേളയില്‍ ഗുണംചെയ്തിരുന്നു. പതിവില്‍ നിന്ന് വിപരീതമായി പടലപ്പിണക്കങ്ങളും ഗ്രൂപ്പ് തര്‍ക്കങ്ങളുമില്ലാതെ കാര്യക്ഷമമായ പ്രചാരണം കാഴ്ചവയ്ക്കാന്‍ യു.ഡി.എഫ്. ക്യാമ്പിന് സാധിച്ചിരുന്നു. കാസര്‍കോട്, മഞ്ചേശ്വരം തുടങ്ങി മുസ്ലീം ലീഗിന് മേല്‍കൈയുള്ള മണ്ഡലങ്ങളില്‍ അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും വളരെ കാര്യക്ഷമമായിരുന്നുവെന്നാണ് യു.ഡി.എഫ്. ക്യാമ്പുകള്‍ സാക്ഷ്യപ്പെടുത്തിയിരുന്നത്.
കാസര്‍കോട് ജില്ലയില്‍ ഏറ്റവും ശക്തിയുള്ള പാര്‍ട്ടി സി.പി.എം. തന്നെയാണ്. എന്നാല്‍, സി.പി.എം. നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ്. മത്സരിക്കാന്‍ രംഗത്തിറക്കിയ സ്ഥാനാര്‍ഥിയും ജില്ലാ സെക്രട്ടറിയുമായ എം.വി. ബാലകൃഷ്ണന്‍ മാസ്റ്ററെ പാര്‍ട്ടി നേതാക്കള്‍ക്ക് അപ്പുറത്തേക്ക് എത്രയാളുകള്‍ക്ക് അറിയാമായിരുന്നുവെന്നത് വലിയ ചോദ്യമാണ്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള പരിചയപ്പെടുത്തല്‍ തന്നെ അദ്ദേഹത്തിന് ആവശ്യമായിരുന്നു. എന്നാല്‍, പാര്‍ട്ടിയിലും പാര്‍ട്ടിയുടെ പോഷക സംഘടനകളിലും പ്രവര്‍ത്തിച്ച പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് മണ്ഡലത്തില്‍ വരുന്ന കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും അദ്ദേഹം പരിചിതനായിരുന്നു.
ബി.ജെ.പി. ക്യാമ്പില്‍നിന്ന് പ്രഖ്യാപിച്ച ആദ്യ വനിതാ സ്ഥാനാര്‍ഥിയായിരുന്നു എന്‍.ഡി.എയ്ക്ക് വേണ്ടിയിറങ്ങിയ എം.എല്‍. അശ്വിനി. മഹിള മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി, സ്‌കൂള്‍ അധ്യാപിക തുടങ്ങി വലിയ പ്രൊഫൈലുള്ള വ്യക്തിയെയാണ് ബി.ജെ.പി. കളത്തിലിറക്കിയത്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കണമെന്നുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ ആദ്യ ചുവടുവയ്പ്പ് എന്നാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെ അശ്വിനി തന്നെ വിശേഷിപ്പിച്ചിരുന്നത്. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ അംഗമായതിനാല്‍ത്തന്നെ ആ മേഖലയില്‍ മേല്‍കൈ നേടാനായിരുന്നു ഈ സ്ഥാനാര്‍ഥിത്വം.
മണ്ഡലത്തിലേക്ക്
കാസര്‍കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളും ചേര്‍ന്നതാണ് കാസര്‍കോട് ലോക്സഭാ മണ്ഡലം. കാസര്‍കോട്, മഞ്ചേശ്വരം എന്നീ രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നില്‍ക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി, പയ്യന്നൂര്‍ എന്നീ മണ്ഡലങ്ങളും കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ എന്നിവയും ഇടതിന്റെ കോട്ടകളാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങാണ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. 75.29 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്. 2019-ല്‍ ഇത് 80.09 ശതമാനമായിരുന്നു. ഇടതുപക്ഷത്തിന് സ്വാധീനമുള്ള കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍ പോളിങ് ശതമാനത്തിൽ ഗണ്യമായ കുറവാണുണ്ടായത്.
2019-ലെ തിരഞ്ഞെടുപ്പില്‍ 85.83 ശതമാനം പോള്‍ചെയ്ത പയ്യന്നൂര്‍ മണ്ഡലത്തില്‍ ഇക്കുറി 76.24 ശതമാനമാണ് വോട്ടുനില. തൃക്കരിപ്പൂരില്‍ 83.12 ശതമാനവും കല്യാശ്ശേരിയില്‍ 82.32 ശതമാനവും പേര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ തൃക്കരിപ്പൂരില്‍ 76.24 ശതമാനവും കല്യാശ്ശേരിയില്‍ 76.56 ശതമാനവുമായി. കാഞ്ഞങ്ങാട്ട് 2019-ല്‍ 81.01 ശതമാനം പേര്‍ പോള്‍ ചെയ്തിടത്ത് 73.32 ശതമാനം പേര്‍ മാത്രമാണ് പോള്‍ ചെയ്തത്. ഉദുമയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ചുശതമാനത്തിന്റെ കുറവ്. യു.ഡി.എഫിന് മേല്‍ക്കൈയുള്ള കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലും പോളിങ് കുറഞ്ഞു. കഴിഞ്ഞവര്‍ഷം 74.72 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ മഞ്ചേശ്വരത്ത് ഇത്തവണ 71.62 ശതമാനമായി. കാസര്‍കോട്ട് അഞ്ചുശതമാനത്തോളം കുറഞ്ഞിരുന്നു.
മുന്‍ വര്‍ഷത്തിലേക്ക്
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40438 വോട്ടിനായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയം. സംസ്ഥാനത്തൊട്ടാകെയുണ്ടായ യു.ഡി.എഫ്. തരംഗത്തിലായിരുന്നു ഈ വിജയമെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉണ്ണിത്താന്റെ വിജയം. സി.പി.എമ്മിന്റെ കോട്ടകളെല്ലാം അവരെ കൈയൊഴിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു 2019-ലേത്. ഉദുമ മണ്ഡലത്തില്‍ യുഡിഎഫിനായിരുന്നു 8937 വോട്ടുകളുടെ മേല്‍കൈ. മഞ്ചേശ്വരം മണ്ഡലത്തില്‍ 11,113 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടിയപ്പോള്‍ വെറും 32796 വോട്ടുകള്‍ മാത്രമാണ് എല്‍ഡിഎഫ് നേടിയത്. കാസര്‍കോട് മണ്ഡലത്തില്‍ 23160 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. 28567 വോട്ട് മാത്രമാണ് എല്‍ഡിഎഫിന് ഇവിടെ നേടാനായത്.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 2221 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു 2019-ല്‍ എല്‍.ഡി.എഫിന് ലഭിച്ചത്. സിപിഎമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കല്ല്യാശ്ശേരിയില്‍ പോലും ഇടതുപക്ഷത്തിന് 13694 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ മാത്രമാണ് 26131 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിച്ചിട്ടുള്ളത്. നിയമസഭയില്‍ എല്‍.ഡി.എഫിനൊപ്പം മാത്രം നില്‍ക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കേവലം 1900 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു 2019-ല്‍ ഇടതുപക്ഷത്തിന് ലഭിച്ചത്.
Content Highlights: victory of rajmohan unnithan in kasargod constituency
Published: 05 Jun 2024, 02:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented