
തിരഞ്ഞെടുപ്പ് ഗോദയില്‍ പരാജയത്തിന്റെ കയ്പറിയാത്ത ഒരു നേതാവുണ്ട് കാസര്‍കോട് ജില്ലയില്‍. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് നടന്ന് കയറിയ, എ.കെ.ജി. കഴിഞ്ഞാല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥി തുടങ്ങിയ അംഗീകാരങ്ങള്‍ സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്ത കാസര്‍കോടിന്റെ സ്വന്തം പി.കരുണാകരന്‍. ഓര്‍മവെച്ച നാള് മുതല്‍ പാര്‍ട്ടികാരനായി, അഞ്ച് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ മാത്രം മത്സരിച്ച് വിജയിച്ച കാസര്‍കോടിന്റെ സഖാവ് കരുണാകരന്‍ അദ്ദേഹത്തിന്റെ രാഷ്ട്രിയ ജീവിതത്തെയും മത്സരിച്ച തിരഞ്ഞെടുപ്പുകളെയും ആദ്യ വോട്ടിനേയും കുറിച്ചുള്ള ഓര്‍മകള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു.
ജീവിതത്തിലെ ആദ്യ വോട്ട്
എന്റെ ജീവിതത്തിലെ ആദ്യ വോട്ട് ചെയ്യുന്നത് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആയിരുന്നു. കോളേജില്‍ പഠനകാലത്തായിരുന്നു ഇത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലായിരുന്നു വിദ്യാഭ്യാസം. വര്‍ഷം ഏതാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. പക്ഷെ, തിരഞ്ഞെടുപ്പ് ബൂത്ത് നെല്ലിയടുക്കം സ്‌കൂള്‍ ആയിരുന്നുവെന്ന് ഓര്‍ക്കുന്നു. പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള കുടുംബമായിരുന്നതിനാല്‍ തന്നെ ചെറുപ്പകാലം മുതല്‍ ഇടത് രാഷ്ട്രീയമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. വിദ്യാര്‍ഥി രാഷ്ട്രിയത്തില്‍ ഉള്‍പ്പെടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ആ കാലത്തെ ഓര്‍മകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി രാമണ്ണ റേയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതെല്ലാം വിദ്യാര്‍ഥി രാഷ്ട്രിയ കാലത്തെ നല്ല ഓര്‍മകളാണ്.
ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയില്‍
സി.പി.എമ്മിന്റെ സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയിരുന്ന കാലത്താണ് ആദ്യമായി മത്സരിക്കാനുള്ള അവസരമൊരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു അത്. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 1978-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു അത്. കാഞ്ഞങ്ങാട് മണ്ഡലം വിഭജിച്ച് തൃക്കരിപ്പൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള ഉത്തരവാദിത്വമാണ് പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തിരഞ്ഞെടുപ്പ് ആയതിനാല്‍ ഇടതുപക്ഷം വലിയ വെല്ലുവിളികള്‍ നേരിട്ട കാലഘട്ടവുമായിരുന്നു അത്. ആകെ 29 സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷം വിജയിച്ചിരുന്നത്. അതില്‍ ഒരാളായിരുന്നു ഞാനും. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിജയിക്കാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്ന ഓര്‍മയാണ്.

മുഖ്യപ്രചാരണ വിഷയം
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ആയിരുന്നുവെന്ന് പറഞ്ഞല്ലോ, അതുകൊണ്ടുതന്നെ പ്രചാരണ വിഷയങ്ങള്‍ എല്ലാം തികച്ചും രാഷ്ട്രീയവും അടിയന്തരാവസ്ഥയെ ചുറ്റിപ്പറ്റിയുള്ളതുമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരേ ഇ.എം.എസ്. ഉയര്‍ത്തിയ മുദ്രാവാക്യമായ അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്നതായിരുന്നു ആ തിരഞ്ഞെടുപ്പില്‍ ഉടനീളം ഉയര്‍ന്നിരുന്ന മുദ്രാവാക്യം. ഇതിനൊപ്പം, ആ കാലഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറ്റും ഉണ്ടായ അനുഭവങ്ങളും പ്രചരണായുദ്ധങ്ങളായിരുന്നു.
അടിയന്തരാവസ്ഥയുടെ ഭാഗമായി മിസ വാറണ്ട് പുറപ്പെടുവിച്ചിരുന്നതിനാല്‍ 17 മാസക്കാലം ഒളിവില്‍ കഴിയേണ്ട സാഹചര്യമുണ്ടായി. ഇതിനുപുറമെ, മറ്റൊരു കേസുമായി ബന്ധപ്പെട്ട അഞ്ച് മാസത്തോളം ജയിലിലും കിടക്കേണ്ടിവന്നു. ഈ അനുഭവങ്ങളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങളുമായി പങ്കുവെക്കാന്‍ സാധിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. തോമസായിരുന്നു പ്രധാന എതിരാളി. ഇന്ന് എല്‍.ഡി.എഫിന്റെ ഭാഗമായ സി.പി.ഐ. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ ചേരിയിലായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള വെല്ലുവിളികളും ആ തിരഞ്ഞെടുപ്പില്‍ നേരിട്ടിരുന്നു. എങ്കിലും മികച്ച വിജയമാണ് ആ മണ്ഡലം എനിക്ക് സമ്മാനിച്ചത്. ഏതാണ്ട് ആറായിരത്തോളം വോട്ടുകള്‍ക്കാണ് അന്ന് വിജയിച്ചതെന്നാണ് ഓര്‍മ.

ലോക്‌സഭയിലേക്ക്
നിയമസഭയിലേക്ക് രണ്ടുതവണ മത്സരിച്ച് വിജയിച്ചെങ്കിലും രാഷ്ട്രീയ സാഹചര്യം കൊണ്ട് രണ്ടുവട്ടവും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. സ്ഥാനം ഒഴിഞ്ഞശേഷം പിന്നീട് ജില്ലയിലെ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനമത്രയും. ഇതിനിടെയാണ് ദേശാഭിമാനിയുടെ ചുമതല പാര്‍ട്ടി ഏല്‍പ്പിക്കുന്നത്. 14 വര്‍ഷത്തോളം ദേശാഭിമാനിക്കൊപ്പം പ്രവര്‍ത്തിച്ചു. ദേശാഭിമാനിയുടെ ഭാഗമായിരുന്ന കാലത്താണ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനാണ് സ്ഥാനാര്‍ഥി ആകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടതും.
സ്ഥാനാര്‍ഥിയാകാന്‍ ഞാൻ തീരേ ആഗ്രഹിച്ചിരുന്നില്ല. സുശീല സഖാവ് മരണപ്പെട്ടിട്ട് ഒരു വര്‍ഷം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. കുടുംബമായി തിരുവനന്തപുരത്തായിരുന്നു ആ കാലഘട്ടത്തില്‍ ഞങ്ങള്‍ താമസിച്ചിരുന്നത്. ഇങ്ങനെയിരിക്കുമ്പോഴാണ് കൊൽക്കത്തയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വെച്ച് പിണറായി സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍, എന്റെ അപ്പോഴത്തെ സാഹചര്യവും മാനസികാവസ്ഥയും പറഞ്ഞ്, എന്നെ ഇതില്‍നിന്ന് ഒഴിവാക്കി തരണമെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. അദ്ദേഹത്തിന് ശേഷം കോടിയേരിയും എം.എ. ബേബിയും ഇതേകാര്യത്തിന് എന്നെ വീണ്ടും നിര്‍ബന്ധിക്കുകയായിരുന്നു.
അന്ന് കോടിയേരി പറഞ്ഞത്, പതിനാല് പതിനഞ്ച് വര്‍ഷമായി നിങ്ങള്‍ ദേശാഭിമാനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് ലോക്‌സഭയിലേക്ക് നിങ്ങളെ പരിഗണിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമായിരിക്കും എന്നാണ്. പരിഗണിക്കുന്നില്ലെന്ന വിഷമം ഉണ്ടാകേണ്ടത് എനിക്കാണ്. പക്ഷേ, ഇക്കാര്യത്ത് എനിക്ക് യാതൊരു പരാതിയുമില്ലെന്നായിരുന്നു അദ്ദേഹത്തിന് നല്‍കിയ മറുപടി. പിന്നീട് പാര്‍ട്ടി സെക്രട്ടറിയേറ്റ് ചേരുന്നതിന് മുമ്പായി പിണറായി വീണ്ടും വിളിക്കുകയും നിങ്ങളെ സ്ഥാനാര്‍ഥിയാക്കാനാണ് മുകളില്‍ നിന്നുള്ള തീരുമാനം എന്നും മത്സരിച്ചേ പറ്റൂവെന്നും അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ആദ്യമായി ലോക്‌സഭയില്‍ മത്സരത്തിനിറങ്ങുന്നത്.

ഹാട്രിക്ക്
2004-ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ എല്‍.ഡി.എഫിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. രണ്ടാം തവണയും വിജയം ആവര്‍ത്തിച്ചു. എന്നാല്‍, ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരം മൂന്നാം തവണയായിരുന്നു. കോണ്‍ഗ്രസിന്റെ ടി.സിദ്ധിഖായിരുന്നു അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇടുതുപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന കാന്തപുരം വിഭാഗം ആ വര്‍ഷം പരസ്യമായി രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒന്ന് കാസര്‍കോട് സ്ഥാനാര്‍ഥിയായിരുന്ന ടി.സിദ്ധിഖിനും മറ്റൊന്ന് വയനാട്ടില്‍ മത്സരിച്ച എം.ഐ. ഷാനവാസിനുമായിരുന്നു. അതോടെ കൂടെയുണ്ടാകുമെന്ന് വിചാരിച്ചവര്‍ തന്നെ മാറിപ്പോകുന്ന സ്ഥിതിയുണ്ടായി.
കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ച തിരഞ്ഞെടുപ്പുമായിരുന്നു അത്. ഇടതുപക്ഷത്തിന് എതിരായുള്ള സാഹചര്യമായിരുന്നു ആ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍, മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് വിജയിക്കാന്‍ സാധിച്ചത്. 6916 വോട്ടുകള്‍ക്കായിരുന്നു അന്ന് വിജയിച്ചത്. ഈ നാട്ടില്‍ തന്നെ ജനിക്കുകയും ഇവിടെ തന്നെ വളരുകയും ഇവിടെ തന്നെ രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുകയും ചെയ്തത് കൊണ്ട് ലഭിച്ചിട്ടുള്ള സൗഹൃദങ്ങള്‍ ഉള്‍പ്പെടെയുള്ളവ അന്നതെ വിജയത്തിന് കാരണമായിട്ടുണ്ട്.

വിഭാഗീയതയുടെ കാലത്തെ തിരഞ്ഞെടുപ്പ്
പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ യാതൊരു വിധത്തിലുള്ള വേര്‍തിരിവുകളും ഉണ്ടായിട്ടില്ല. ഒരു സാഹചര്യത്തിലും സി.പി.എമ്മിന്റെ ഒരു വോട്ട് പോലും ചോരുന്ന സാഹചര്യം ഞാന്‍ മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായിട്ടില്ല. എനിക്ക് ഈ മേഖലയിലെ വ്യക്തികളെയും കുടുംബങ്ങളെയും വരെ കൃത്യമായി അറിയാം. കാരണം, ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1974-ല്‍ ബസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരേ നടന്ന വലിയ സമരം മുതല്‍ ഈ മേഖലയിലെ ആളുകളില്‍ ഒരാളായി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ നിലയില്‍ ആളുകളുമായി ഒരു വൈകാരിക ബന്ധം ഉണ്ടായിരുന്നതിനാല്‍ വിഭാഗീയതയൊന്നും വോട്ട് ചോരാന്‍ കാരണമായിട്ടില്ല.
പരാജയത്തിന്റെ കയ്പറിയാതെ
ജനങ്ങളുമായുള്ള ബന്ധമാണ് വിജയത്തിന് അടിസ്ഥാനമെന്നാണ് വിശ്വിസിക്കുന്നത്. ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ച കാര്യങ്ങളില്‍ നല്ലൊരു ശതമാനവും ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ആ 15 വര്‍ഷകാലഘട്ടത്തില്‍ ജില്ലയില്‍ ഉണ്ടായ വികസനങ്ങള്‍ നിരവധിയാണ്. മണ്ഡലത്തിലെ വികസനങ്ങള്‍ക്ക് പുറമെ, സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങളിലും പ്രവാസി മലയാളികളുടെ കാര്യത്തിലും കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.

പാര്‍ലമെന്റില്‍ തന്നെ രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. വേറെ ഒരു എം.പിക്കും അവകാശപ്പെടാന്‍ സാധിക്കാത്ത ഒന്നാണിത്. സാധാരണ ഭരണഘടനാ ഭേദഗതി ഗവണ്‍മെന്റാണ് കൊണ്ടുവരുന്നത്. മറാഠി കമ്മ്യൂണിറ്റിയെ എസ്.ടി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, തുളുഭാഷ ഭരണഘടനയുടെ ഷെഡ്യൂളില്‍ പെടുത്തുക എന്നുള്ളതുമാണ് ഞാന്‍ മുന്നോട്ടുവെച്ചത്. ഈ വിഷയങ്ങള്‍ നമ്മുടെ നാടിനെയും കര്‍ണാടകയേയും ബാധിക്കുന്ന ഒന്നാണ്. തുളുവിന്റെ കാര്യത്തില്‍ ഏറ്റവും അധികം അഭിനന്ദനങ്ങള്‍ ലഭിച്ചത് മംഗലാപുരം മേഖലയില്‍ നിന്നാണ്.
പാര്‍ട്ടിക്ക് പുറത്തുള്ള സൗഹൃദവോട്ടുകള്‍
എന്റെ ഭൂരിപക്ഷം ഉയര്‍ത്താനും വളരെ ടൈറ്റ് ആയിട്ടുള്ള മത്സരങ്ങളില്‍ ജയിക്കാനും കാരണം നമ്മുടേത് അല്ലാത്ത ആളുകളുടെ സഹായം കൊണ്ടുതന്നെയാണ്. അത് തികച്ചും വ്യക്തിബന്ധം കൊണ്ടാണ്. ഈ ബന്ധങ്ങള്‍ ഉണ്ടാകുന്നത് പ്രവര്‍ത്തനങ്ങളിലൂടെയാണ്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, നാലോളം കോളേജുകള്‍, എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ 230 കോടി രൂപ ജില്ലയിലേക്ക് എത്തിക്കാന്‍ സാധിച്ചത് ഇവയെല്ലാം ആളുകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചില പ്രത്യേക ധനസഹായങ്ങളുണ്ട്. ഇത് നമുക്ക് വാങ്ങിയെടുക്കാന്‍ സാധിക്കുന്നവയാണ്. എന്നാല്‍, ഇതിന് ഏതാനും നടപടികളുണ്ട്. ഏകദേശം നാലര കോടിയോളം ഇത്തരത്തിലുള്ള ഫണ്ട് രോഗികളായ ആളുകള്‍ക്ക് വാങ്ങി നല്‍കിയിട്ടുണ്ട്. ഇതൊന്നും സി.പി.എമ്മുകാരല്ല. ഇത്തരത്തില്‍ പാര്‍ട്ടിയുടേതല്ലാത്ത ഒരു വിഭാഗത്തിന്റെ പിന്തുണ എല്ലാ കാലത്തും എനിക്ക് ലഭിച്ചിട്ടുണ്ട്.
Content Highlights: Kasaragod former MP P Karunakaran share his memory of first election and vote
Published: 10 Mar 2024, 12:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented