ണ്ണൂരുപോലെ രാഷ്ട്രീയം ഇത്രമേല്‍ തിളച്ചുമറിയുന്നൊരു ജില്ല വേറെയുണ്ടാവില്ല. ശക്തവും തീവ്രവുമായ രാഷ്ട്രീയം പേറുന്ന മണ്ണ്. എണ്ണിയാലൊടുങ്ങാത്ത സമരങ്ങളും പോരാട്ടങ്ങളും നിറഞ്ഞ ചരിത്രം തന്നെയാണ് അതിന് പിന്നില്‍. ആ സമരവീഥിയിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും.  ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുള്ള നിരവധി മണ്ഡലങ്ങളുണ്ട്. അത്തരത്തില്‍ ചുവപ്പ് കോട്ടയെന്ന വിശേഷണവും ചാര്‍ത്തികിട്ടി. കോണ്‍ഗ്രസിനും ലീഗിനുമുള്ള സ്വാധീനവും ശക്തമാണെന്നതിനാല്‍ എല്ലായിപ്പോഴും തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് ചൂടേറും. കൊണ്ടും കൊടുത്തും പാര്‍ട്ടികള്‍ കളത്തിലിറങ്ങുമ്പോള്‍ കണ്ണൂര്‍ പ്രവചനാതീതമെന്ന് പറയാതെ വയ്യ.

To advertise here,

തിരഞ്ഞെടുപ്പുകളുടെ ചരിത്രം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനാണ് പൊതുവേ ജില്ലയില്‍ മേല്‍ക്കൈ. മണ്ഡലരൂപീകരണത്തിന് ശേഷം സിപിഎമ്മിനെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിയുറച്ച കോട്ടകള്‍. എന്നാല്‍ കോണ്‍ഗ്രസിന്റേയും ലീഗിന്റേയും ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളും ജില്ലയിലുണ്ട്. യുഡിഎഫിനെ ജില്ലയില്‍ കരുത്തോടെ നിര്‍ത്തുന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ പരായജപ്പെടുത്താന്‍ പ്രാപ്തമാക്കുന്നതും ഈ ശക്തികേന്ദ്രങ്ങളിലെ വലിയ സ്വാധീനമാണ്. 

കണ്ണൂര്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴ് മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നിവ. കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങള്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലും തലശ്ശേരിയും കൂത്തുപറമ്പും വടകര ലോക്‌സഭാ മണ്ഡലത്തിലുമാണ്. തളിപ്പറമ്പ്, ധര്‍മടം, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ സിപിഎമ്മിന് വലിയ കരുത്തുണ്ട്. ധര്‍മടം മുഖ്യമന്ത്രി പിണറായി വിജയന്റെയും തളിപ്പറമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടേയും മണ്ഡലമാണ്. ഇരിക്കൂറും പേരാവൂരുമാണ് യുഡിഎഫ് കോട്ടകള്‍. നിലവില്‍ ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍ ഈ മണ്ഡലങ്ങളില്‍ നിന്നാണ്. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ ഇരുമുന്നണികള്‍ക്കും സ്വാധീനമുണ്ട്.  

ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനേയും എല്‍ഡിഎഫിനേയും മാറി മാറി തുണച്ചിട്ടുണ്ട് കണ്ണൂര്‍. എങ്കിലും മുന്നില്‍ നില്‍ക്കുന്നത് യുഡിഎഫ് തന്നെയാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളായി ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ് മണ്ഡലം വിധിയെഴുതിയതായി കാണാം. കൃത്യമായി പറഞ്ഞാല്‍ 2009-മുതല്‍. ആ വര്‍ഷം കെ സുധാകരനിലൂടെയാണ് യുഡിഎഫ് കണ്ണൂര്‍ തിരിച്ചുപിടിക്കുന്നത്. എന്നാല്‍ 2014-ല്‍ സിപിഎമ്മില്‍ നിന്ന് പി കെ ശ്രീമതി വിജയിച്ചു. 2019-ല്‍ കെ സുധാകരന്‍ തന്നെ വീണ്ടും കണ്ണൂര്‍ എംപിയായി. 

2019-ലെ കെ സുധാകരന്റെ വിജയം സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു. ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അദ്ദേഹം പി കെ ശ്രീമതിയെ പരാജയപ്പെടുത്തിയത്. കേരളമൊന്നടങ്കം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിന്റെ പ്രതിഫലനം കണ്ണൂരിലും കണ്ടു. ഇടതുകോട്ടകളെല്ലാം വീഴ്ത്തിയായിരുന്നു സുധാകരന്റെ മുന്നേറ്റം. കണ്ണൂര്‍, അഴീക്കോട്, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ വമ്പിച്ച ലീഡോടെ സുധാകരന്‍ മുന്നേറിയപ്പോള്‍ ചുവപ്പ് കോട്ടകളായ ധര്‍മടത്തും മട്ടന്നൂരും സിപിഎമ്മിന്റെ ലീഡ് ഗണ്യമായി കുറഞ്ഞു. സിപിഎം അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത് തളിപ്പറമ്പിലാണ്. മണ്ഡലത്തില്‍ 725 വോട്ടിന്റെ ലീഡെടുത്തായിരുന്നു സുധാകരന്റെ കുതിപ്പ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിംസ് മാത്യു നാല്‍പ്പതിനായിരം വോട്ടുകള്‍ക്ക് ജയിച്ച അതേ മണ്ഡലത്തിലാണ് യുഡിഎഫിന്റെ ഈ ലീഡ്. എന്നാല്‍ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെല്ലാം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ സിപിഎമ്മിനായിട്ടുണ്ട്. 

placeholder
കെ സുധാകരന്‍

കണ്ണൂരിന്റെ ശബ്ദം ആദ്യമായി പാര്‍ലമെന്റില്‍ മുഴങ്ങുന്നത് എകെജിയിലൂടെയാണ്. 1952-ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നാണ് എകെജി വിജയിച്ചത്. കണ്ണൂര്‍ എന്ന പേരില്‍ ലോക്‌സഭാ മണ്ഡലം പുനര്‍നിര്‍ണയിച്ചതിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത് 1977-ലാണ്. അന്ന് സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മത്സരിച്ച സിപിഐ യുടെ സി കെ ചന്ദ്രപ്പന്‍ വിജയിച്ചു. 1980-ല്‍ കെ കുഞ്ഞമ്പുവും(ഐഎന്‍സി(യു)) പാര്‍ലമെന്റിലെത്തി. പിന്നീടങ്ങോട്ട് തുടര്‍ച്ചയായി അഞ്ച് തവണയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1984-ല്‍ സിപിഎമ്മിലെ പാട്യം രാജനെ ഇരുപത്തിയയ്യായിരത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ മുല്ലപ്പള്ളി 1989, 1991, 1996, 1998 വര്‍ഷങ്ങളിലും വിജയിച്ച് കുതിപ്പ് തുടര്‍ന്നു. കോണ്‍ഗ്രസിന്റെ ഉറച്ച ലോക്‌സഭാ മണ്ഡലമെന്ന നിലയിലേക്ക് മുല്ലപ്പള്ളി കണ്ണൂരിനെ കൊണ്ടെത്തിച്ചു. 

എന്നാല്‍ 1999-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ മറുപടിയെത്തി. എ പി അബ്ദുള്ളകുട്ടിയിലൂടെ. വോട്ടെണ്ണി കഴിയുമ്പോള്‍ അബ്ദുള്ളകുട്ടി അത്ഭുതകുട്ടിയാകുമെന്ന സിപിഎം ക്യാമ്പിന്റെ പ്രവചനം തെറ്റിയില്ല. ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 10,210 വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളിയെ അദ്ദേഹം പരാജയപ്പെടുത്തിയത്. 2004-ലും മുല്ലപ്പള്ളിയെ തോല്‍പ്പിച്ച് അബ്ദുള്ളകുട്ടി വീണ്ടും കണ്ണൂര്‍ എംപി യായി. അബ്ദുള്ളകുട്ടി കോണ്‍ഗ്രസ് പാളയത്തിലെത്തിയതിന് ശേഷം നടന്ന 2009-ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ കെ രാഗേഷിനെ പരാജയപ്പെടുത്തി കെ സുധാകരനാണ് പാര്‍ലമെന്റിലെത്തിയത്. 2014-ല്‍ പി കെ ശ്രീമതിയിലൂടെ മണ്ഡലം ഇടത്തോട്ട് മാറിയെങ്കിലും 2019-ല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് സുധാകരന്‍ തിരിച്ചുവന്നു. 50%-ത്തിലധികം വോട്ടുകളാണ് സുധാകരന്‍ നേടിയത്. 

placeholder
സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനത്തിലെ കയ്യൂർ ദൃശ്യാവിഷ്കാരത്തിനു മുന്നിൽ സി.പി.എം.നേതാക്കളായ പി.ജയരാജൻ, ഇ.പി.ജയരാജൻ, എം.വി.ജയരാജൻ എന്നിവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വര്‍ഷംസ്ഥാനാര്‍ഥി  പാര്‍ട്ടിഭൂരിപക്ഷം
1952എ.കെ. ഗോപാലന്‍  സി.പി.ഐ.87,029
1957 എം.കെ. ജിനചന്ദ്രന്‍  കോണ്‍ഗ്രസ്1,382
1962എസ്.കെ. പൊറ്റെക്കാട്ട്  സ്വതന്ത്രന്‍64,950
1967പാട്യം ഗോപാലന്‍  സി.പി.എം84,312
1971 സി.കെ. ചന്ദ്രപ്പന്‍  സി.പി.ഐ.39,824
1977സി.കെ. ചന്ദ്രപ്പന്‍  സി.പി.ഐ12,877
1980കെ. കുഞ്ഞമ്പു  കോണ്‍ഗ്രസ്73,257    
1984മുല്ലപ്പള്ളി രാമചന്ദ്രന്‍  കോൺഗ്രസ്‌25,053    
1989മുല്ലപ്പള്ളി രാമചന്ദ്രന്‍  കോൺഗ്രസ്‌42,404
1991മുല്ലപ്പള്ളി രാമചന്ദ്രന്‍  കോൺഗ്രസ്‌41,127
1996മുല്ലപ്പള്ളി രാമചന്ദ്രന്‍  കോൺഗ്രസ്‌39,302
1998 മുല്ലപ്പള്ളി രാമചന്ദ്രന്‍  കോൺഗ്രസ്‌2,180
1999എ.പി. അബ്ദുള്ളക്കുട്ടി  സി.പി.എം10,247
2004എ.പി. അബ്ദുള്ളക്കുട്ടി  സി.പി.എം.83,849
2009കെ. സുധാകരന്‍  കോൺഗ്രസ്‌43,151    
2014 പി.കെ. ശ്രീമതി  സി.പി.എം.6,566
2019കെ. സുധാകരന്‍  കോൺഗ്രസ്‌

 94,559

ഇരുമുന്നണികളും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന മണ്ഡലത്തില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 2019-ല്‍ 6.5%, 2014-ല്‍ 5.45%, 2009-ല്‍ 3.14% എന്നിങ്ങനെയാണ് ബിജെപിയുടെ വോട്ട് ശതമാനം. ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും മണ്ഡലത്തിലെ നിര്‍ണായക ശക്തിയായി ബിജെപി മാറിയിട്ടില്ല.  

ഇത്തവണ ഇടതുകോട്ടകളില്‍ വോട്ട് വര്‍ധിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് സിപിഎം. 2019-ല്‍ തകര്‍ന്നടിഞ്ഞെങ്കിലും 2021-നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് മട്ടന്നൂരില്‍ കെ കെ ശൈലജ വിജയിച്ചത്. 60,000-ലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് അവര്‍ നേടിയത്. ധര്‍മടത്ത് പിണറായി വിജയന് അമ്പതിനായിരത്തില്‍പരം ഭൂരിപക്ഷവുമുണ്ട്. അതിനാല്‍ ഇത്തവണ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് ഇടതു ക്യാംപ് കണക്കുകൂട്ടുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ 'വോട്ടിങ് പാറ്റേണ്‍' ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടുവരാറില്ലെന്നതാണ് യുഡിഎഫ് പ്രതീക്ഷ. കുടിയേറ്റ മേഖലകളുള്‍പ്പെട്ട ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങള്‍ യുഡിഎഫ് കോട്ടകളാണ്. മണ്ഡലങ്ങളിലെ യുഡിഎഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുകയെന്നത് സിപിഎമ്മിന് എളുപ്പമല്ല. മേഖലകളിലെ ക്രൈസ്തവ വോട്ടുകളില്‍ ഭൂരിഭാഗവും കാലാകാലങ്ങളായി യുഡിഎഫിനൊപ്പമാണ്. മുസ്ലിം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകില്ലെന്ന പ്രതീക്ഷയുമുണ്ട്. 

ഇത്തവണയും സുധാകരന്‍ തന്നെ മത്സരിക്കണമെന്നതാണ് കണ്ണൂരിലെ കോണ്‍ഗ്രസിന്റെ നിലപാട്. ഇടതുകോട്ടകളില്‍ സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്താന്‍ സുധാകരനോളം പോന്ന മറ്റൊരാളില്ല. കൈക്കരുത്തിന്റെ രാഷ്ട്രീയം പേറുന്ന കണ്ണൂരില്‍ അടിച്ചും തിരിച്ചടിച്ചും സിപിഎമ്മിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയാണ് അദ്ദേഹത്തിന്റെ വളര്‍ച്ച. അതിനാല്‍ സുധാകരന്‍ മത്സരിക്കുമ്പോള്‍ യുഡിഎഫിന് വീറും വാശിയും കൂടും. കൃത്യമായി വോട്ടുകള്‍ പോള്‍ ചെയ്യിക്കും. കെഎസ് കളത്തിലിറങ്ങിയാല്‍ മണ്ഡലം നിലനിര്‍ത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. 

സുധാകരന്‍ മാറിയാല്‍ അതിനൊത്തൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തലാണ് യുഡിഎഫിന് ആദ്യ വെല്ലുവിളി. കേരളത്തില്‍ പുതിയ സ്ഥാനാര്‍ഥി വരാന്‍ സാധ്യതയുള്ള ചുരുക്കം സീറ്റില്‍ ഒന്ന് കണ്ണൂരാണ്. കാലങ്ങളായി എ ഗ്രൂപ്പ് മത്സരിച്ച ഇരിക്കൂര്‍ സീറ്റ് ഇത്തവണ ഐക്ക് കൊടുത്തതില്‍ വലിയ പ്രതിഷേധം നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടിരുന്നു. എന്നാല്‍ സജീവ് ജോസഫ് ജയിച്ചുകയറി. യഥാര്‍ഥത്തില്‍ തളിപ്പറമ്പ് കാസര്‍കോട്ട് നിന്ന് മാറ്റി കണ്ണൂരില്‍ ചേര്‍ത്തതോടെയാണ് ഇടതുപക്ഷത്തിന്റെ കരുത്ത് കൂടിയത്. 

സാധാരണഗതിയില്‍ തരംഗമില്ലെങ്കില്‍ ഇരിക്കൂറും പേരാവൂരും നേടുന്ന ലീഡ്  മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്പ് മണ്ഡലങ്ങളിലൂടെ എല്‍ഡിഎഫ് മറികടക്കും. എന്നാല്‍ അഴീക്കോടും കണ്ണൂരും നേടുന്ന ലീഡാണ് പലപ്പോഴും കാര്യങ്ങള്‍ നിശ്ചയിക്കുക. സ്ഥിരമായി യുഡിഎഫിനൊപ്പം നിന്ന കണ്ണൂര്‍ കഴിഞ്ഞ രണ്ട് തവണയായി കടന്നപ്പള്ളിയിലൂടെ ഇടത്തേക്ക് ചാഞ്ഞു. പാച്ചേനി നിന്നിട്ടും യുഡിഎഫിന് തിരിച്ചുപിടിക്കാനായില്ല. അഴീക്കോടും കെ.എം ഷാജിക്ക് കഴിഞ്ഞ തവണ അടിപതറി. ബിജെപിയെ ചെറുക്കുന്നതില്‍ ആരാണ് മുന്നില്‍ എന്ന മത്സരം ഇവിടെ ന്യൂനപക്ഷ വോട്ടുകളുടെ ഗതിനിയന്ത്രിക്കും. സാമുദായിക സമവാക്യങ്ങള്‍ക്കൊപ്പം പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തി മുന്നണികള്‍ കച്ചമുറുക്കുമ്പോള്‍ കണ്ണൂരില്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.