കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനംചെയ്യുന്ന ധർമടം നിയമസഭാമണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. ആകെയുള്ള 165 ബൂത്തുകളിൽ 80-ൽ യു.ഡി.എഫിനും 85-ൽ എൽ.ഡി.എഫിനുമാണ് ഭൂരിപക്ഷം.
കടമ്പൂർ പഞ്ചായത്തൊഴികെ, മണ്ഡലത്തിലെ മറ്റെല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞത് പാർട്ടിയിൽ ചർച്ചയായി. മണ്ഡലത്തിലെ 43 ബൂത്തുകളിൽ യു.ഡി.എഫ്. 500-ന് മുകളിൽ വോട്ടുനേടി മികച്ച പ്രകടനം നടത്തി.
പിണറായി വിജയൻ വോട്ടുചെയ്ത ആർ.സി.അമല സ്കൂളിലെ ബൂത്തിൽ എൽ.ഡി.എഫ്. 794-ഉം യു.ഡി.എഫ്. 226-ഉും വോട്ട് നേടി. ബി.ജെ.പി. 90 വോട്ടും. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പിണറായിയുടെ ബൂത്തിൽ 907 വോട്ടായിരുന്നു എൽ.ഡി.എഫിന്. ബി.ജെ.പി.യുടെ പ്രചാരണബോർഡോ പാർട്ടി പതാകകളോ സ്ഥാപിക്കാത്ത പ്രദേശങ്ങളാണ് പിണറായി വില്ലേജ് പരിധിയിലുള്ളത്. ഈ പ്രദേശങ്ങളിലെ 12 ബൂത്തുകളിലായി ബി.ജെ.പി.ക്ക് 1,296 വോട്ട് കിട്ടിയത് പാർട്ടികേന്ദ്രങ്ങളിൽ ചർച്ചയായി. ബി.ജെ.പി.ക്ക് പിണറായി പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടി. ഇത്തവണ 2,715 വോട്ടാണ് ബി.ജെ.പി. സ്വന്തമാക്കിയത്. സി.പി.എം. ശക്തികേന്ദ്രങ്ങളിൽ തങ്ങളുടെ വോട്ട് കൂടിയെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. നോട്ടയ്ക്ക് മണ്ഡലത്തിലാകെ 1,345 വോട്ട് വീണു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായിക്ക് ധർമടത്ത് 50,123 വോട്ടായിരുന്നു ഭൂരിപക്ഷം. രണ്ടുവർഷം കഴിഞ്ഞ് നടന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. എൽ.ഡി.എഫിന് വെറും 2,616 വോട്ടിന്റെ മേൽക്കൈ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 4,099 വോട്ടായിരുന്നു. ഈ ലോക്‌സഭയിൽ ധർമടം മണ്ഡലത്തിൽ എൽ.ഡി.എഫ്. 71,794, യു.ഡി.എഫ്.-69,178, ബി.ജെ.പി.-16,711 എന്നിങ്ങനെയാണ് വോട്ടുനില. 2019-ൽ എൽ.ഡി.എഫ്. 74,730, യു.ഡി.എഫ്.-70,631, ബി.ജെ.പി.-8,538. യു.ഡി.എഫിന് നേരിയ കുറവുണ്ടായപ്പോൾ ബി.ജെ.പി.യുടെ വോട്ട് ഇരട്ടിയായി.
‘ലീഗ് നടത്തിയത് മാസങ്ങൾക്ക് മുന്നേയുള്ള ഒരുക്കം’
കണ്ണൂർ: കണ്ണൂരിൽ യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയത്തിനായി മുസ്‌ലിം ലീഗ് മാസങ്ങൾക്ക് മുന്നേ ഒരുക്കം തുടങ്ങിയിരുന്നതായി ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി. കെ. സുധാകരന്റെ ചില പ്രസ്താവനകൾ മുന്നണിയിലും പ്രവർത്തകരിലും അസ്വാരസ്യങ്ങൾ സൃഷ്ടിച്ച സമയത്തായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത്. അതൊക്കെ മറികടന്ന് മുസ്‌ലിം ലീഗ് നേതൃത്വം തിരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കുകയായിരുന്നു. ‘ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി ജനുവരി 25-ന് നടത്തിയ ദേശരക്ഷാ യാത്രയോടെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
11 ദിവസങ്ങളിലായി 82 പഞ്ചായത്തുകളിലും നഗരസഭകളിലൂടെയും യാത്ര കടന്നുപോയി. പാർട്ടിയുടെ സംഘടനാസംവിധാനം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഴുവനായും ഉപയോഗിച്ചു. ലീഗ് കേന്ദ്രങ്ങളിൽ വോട്ട് ചേർപ്പിക്കുന്നതിന് ഇലക്ഷൻ ഡ്രൈവ് -2024 എന്ന പേരിൽ പ്രചാരണം നടത്തി. പുഴാതി, നാറാത്ത്, തളിപ്പറന്പ്, മാട്ടൂൽ, പഴയങ്ങാടി എന്നിവിടങളിൽ വോട്ടുകൾ ചേർത്തു.വിദേശത്തുനിന്നും പറ്റുന്നവർക്കൊക്കെ നാട്ടിലെത്തി വോട്ടു ചെയ്യാൻ സാഹചര്യമൊരുക്കാൻ ലീഗിന്റെ ഗൾഫ് സംഘടനയായ കെ.എം.സി.സി.യ്ക്ക് നിർദേശം നൽകി. ഇത്തരത്തിൽ നിരവധി പ്രവർത്തകർ നാട്ടിലെത്തി വോട്ടുചെയ്തു.
കണ്ണൂർ മേഖലയിലെ മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലെ 24 ബൂത്തുകളിൽ മാത്രം കെ. സുധാകരൻ 9,649 വോട്ടിന്റെ ലീഡ് ഉണ്ടാക്കാൻ സാധിച്ചു. പൗരത്വ ഭേദഗതി ബില്ലുമായി പ്രത്യാഘാതം ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി നേതാക്കൾ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ ആത്മാർഥമായ പ്രവർത്തനത്തെ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചതായി ജീല്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരി പറഞ്ഞു.
'കണ്ണൂരിൽ നേടിയത് വലിയ രാഷ്ട്രീയ വിജയം'
കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നേടിയത് വലിയ രാഷ്ട്രീയ വിജയമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. സംസ്ഥാന സർക്കാരിന്റെയും സി.പി.എമ്മിന്റെയും ജനവിരുദ്ധ നടപടികൾക്കെതിരേ ശക്തമായ വികാരമാണ് കണ്ണൂരിൽ പ്രതിഫലിച്ചത്. സി.പി.എം. പ്രവർത്തകർപോലും വോട്ട് ചെയ്തു. സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൽ അഞ്ച് വർഷക്കാലം ഞാൻ നടത്തിയ വികസന പ്രവർത്തനങ്ങളും 100 ശതമാനം വിജയപ്രതീക്ഷ നൽകിയിരുന്നു. കണ്ണൂരിലെ ജനവിധിയെക്കുറിച്ച് അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.
ഐക്യത്തോടെ യു.ഡി.എഫ്.
:വളരെ ഐക്യത്തോടെയാണ് യു.ഡി.എഫ്. പ്രവർത്തകർ നീങ്ങിയത്. കോൺഗ്രസിന്റെയും ലീഗിന്റെയുമൊക്കെ സംഘടനാസംവിധാനം ബൂത്തുതലംവരെ ചിട്ടയായി പ്രവർത്തിച്ചു. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധവികാരവും കൂടിയായപ്പോൾ വൻ വിജയം പിറകെ വന്നു.
സി.പി.എമ്മിന്റെ ശക്തി ക്ഷയിക്കുന്നു
:സി.പി.എമ്മിന്റെ കോട്ടകളിൽവരെ യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായി. അണികൾ സി.പി.എം. നേതൃത്വത്തിൽനിന്ന് അകന്നുതുടങ്ങി എന്ന കൃത്യമായ സന്ദേശം നൽകുന്നതാണ് തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ്. നേടിയ മുന്നേറ്റം. ചുരുക്കത്തിൽ സി.പി.എമ്മിന്റെ ശക്തി ക്ഷയിച്ചുതുടങ്ങി. അവരുടെ തകർച്ചയുടെ യഥാർഥ കാരണഭൂതൻ സഖാവ് പിണറായി വിജയൻ തന്നെയാണ്. കേരളത്തിൽ യു.ഡി.എഫ്. തരംഗം സൃഷ്ടിക്കുന്നതിൽ ഒരു പരിധിവരെ ഞങ്ങളെ സഹായിച്ചത് പിണറായി സർക്കാരിന്റെ ജനവിരുദ്ധ ഭരണമാണ്.
വോട്ടർമാർ രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്തു
:ഞങ്ങൾ ആരോടും വോട്ട് കച്ചവടത്തിന് പോയിട്ടില്ല. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസ് നിലനിൽക്കണമെന്ന് ഇവിടത്തെ പ്രബുദ്ധരായ വോട്ടർമാർ വിശ്വസിച്ചു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന്റെ നിറംനോക്കാതെ അവർ എനിക്ക് വോട്ട് ചെയ്തു. പിന്നെ ഇപ്പോഴത്തെ സി.പി.എം. സംസ്ഥാന നേതൃത്വത്തിനെതിരേ അണികൾക്ക് അസഹിഷ്ണുതയുണ്ട്. അതിന്റെ അനുരണനവും ജനവിധിയിൽ പ്രതിഫലിച്ചിട്ടുണ്ട്.
Content Highlights: kannur lok sabha election cpm vote list
Published: 06 Jun 2024, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented