
കൊച്ചി: എറണാകുളത്തെ യു.ഡി.എഫിന്റെ ബംബര്‍ വിജയത്തില്‍ കോണ്‍ഗ്രസും ഞെട്ടലിലാണ്. നല്ല ഭൂരിപക്ഷത്തോടെയുള്ള വിജയം ഉറപ്പിച്ചിരുന്നെങ്കിലും ജനങ്ങള്‍ ഇറങ്ങി, ഇത്രയും 'കളറാക്കു'മെന്ന് കോണ്‍ഗ്രസ് നേതൃത്വവും പ്രതീക്ഷിച്ചിരുന്നില്ല.
ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ജയം ഉറപ്പിച്ചതിനാല്‍ പിന്നീട് അങ്ങോട്ടുള്ള യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ യാന്ത്രികമായിരുന്നു. ജയിച്ചതിന്റെ ആലസ്യം തിരഞ്ഞെടുപ്പിനു മുന്‍പേ യു.ഡി.എഫ്. ക്യാമ്പില്‍ പ്രതിഫലിച്ചിരുന്നു.
ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിക്കുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് പി. രാജീവിനുതന്നെ വലിയ ഭൂരിപക്ഷത്തില്‍ തോല്‍വി സംഭവിച്ചതിനാല്‍, ഇക്കുറി അത് കവര്‍ ചെയ്യുന്ന ഒരു സ്ഥാനാര്‍ഥിയെ സി.പി.എം. കൊണ്ടുവന്നേക്കുമെന്ന് കോണ്‍ഗ്രസ് ആദ്യം പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെല്ലാം നേരത്തേ തന്നെ തുടങ്ങി.
ബൂത്തുതലത്തില്‍ യോഗങ്ങളെല്ലാം ചേര്‍ന്ന് സജ്ജരായി. എന്നാല്‍, ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപന ശേഷം ആദ്യം കണ്ട ആവേശം യു.ഡി.എഫ്. ക്യാമ്പില്‍ കണ്ടില്ല.
പാര്‍ട്ടിയുടെ വോട്ടുകള്‍ ചെയ്യിക്കുന്നതിനുള്ള സംവിധാനം എല്ലായിടത്തും വേണ്ടതുപോലെ പ്രവര്‍ത്തിച്ചില്ല. വോട്ടിങ് പത്തുശതമാനത്തോളം കുറയാന്‍ ഇതും കാരണമായി. എന്തായാലും ഹൈബി ഈഡന്‍ ജയിക്കുമെന്ന സന്ദേശം അപ്പോഴേക്കും കോണ്‍ഗ്രസ് വോട്ടര്‍മാരിലേക്കെല്ലാം പടര്‍ന്നിരുന്നു. മറ്റ് അത്യാവശ്യങ്ങള്‍ ഉള്ളവര്‍ പോളിങ് ബൂത്തിലേക്ക് പോകാന്‍ തയ്യാറായില്ല.
പോളിങ് കുറഞ്ഞതിനാല്‍ ഒരു ലക്ഷം വോട്ടില്‍ താഴെയുള്ള വിജയമാണ് മുതിര്‍ന്ന നേതാക്കളും പ്രതീക്ഷിച്ചത്. അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഓരോ റൗണ്ടിലും ഹൈബിയുടെ ലീഡ് കയറിപ്പോയത്.
യു.ഡി.എഫ്. കുത്തകയായ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഒരു ബൂത്തില്‍ മാത്രമാണ് ഇടതുമുന്നണിക്ക് ലീഡ് ചെയ്യാനായത്. ഇടതുമുന്നണി ലീഡ് ചെയ്തതിനെക്കാള്‍ കൂടുതല്‍ ബൂത്തുകളില്‍ ബി.ജെ.പി. മുന്നേറിയെന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയായി.
ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം-കോണ്‍ഗ്രസ്
എറണാകുളം ജില്ലയില്‍ യു.ഡി.എഫ്. നേടിയ തിളക്കമേറിയ വിജയം ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ഡി.സി.സി. നേതൃയോഗം. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും അരാഷ്ട്രീയ വാദികള്‍ക്കും ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ലെന്ന് യോഗം വിലയിരുത്തി.
പിണറായിക്കും നരേന്ദ്ര മോദിക്കുമെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ജനപ്രതിനിധികളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിച്ചെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കും ജനം നല്‍കിയ തിരിച്ചടിയാണിതെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രി കെ. ബാബു പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ഹൈബി ഈഡന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. ബെന്നി ബഹനാന് എത്താനായില്ല.
ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. െജബി മേത്തര്‍ എം.പി. എം.എല്‍.എ.മാരായ ടി.ജെ. വിനോദ്, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, ഉമ തോമസ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എസ്. അശോകന്‍, അബ്ദുള്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.
Content Highlights: ernakulam lok sabha constituency udf big win
Published: 07 Jun 2024, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented