കേരളത്തില്‍  തിരഞ്ഞെടുപ്പ് ചൂടേറിക്കൊണ്ടിരിക്കുകയാണ്. ശ്രദ്ധേയമായ ആലത്തൂര്‍ ലോക്​സഭാ മണ്ഡലത്തില്‍ വെെകി പ്രഖ്യാപിച്ച എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് ഡോ. ടിഎന്‍ സരസു. ബി.ജെ.പിയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ഉയര്‍ന്ന പേരാണിത്. വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പൽ കൂടിയായ ഡോ. ടിഎന്‍ സരസു. വിക്ടോറിയയിലെ പ്രവര്‍ത്തനകാലത്ത് ഇടതുപക്ഷ യൂണിയനുകളുമായി ഉണ്ടായ പ്രശനങ്ങളും. പിന്നീട് റിട്ടയര്‍മെന്റ് ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുഴിമാടം ഒരുക്കി യാത്രയാക്കിയതും അന്ന് വാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സരസുവിനെ നേരിട്ട് വിളിച്ച് സംസാരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കേരളത്തിലെ ഇതുവരെ ഒരു സ്ഥാനാര്‍ഥിയെയും പ്രധാനമന്ത്രി വിളിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും അവർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

കേരളത്തില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് സംസാരിക്കുന്നത് ചെറിയ കാര്യമല്ല. എന്തായിരുന്നു അനുഭവം.

പ്രധാനമന്ത്രിയുടെ ഫോണ്‍കോള്‍ വളരെയധികം ആത്മവിശ്വാസം പകരുന്ന ഒന്നായിരുന്നു. സരസുജീ സുഖമാണോ എന്നാണ് ആദ്യം തന്നെ ചോദിച്ചത്. ഞാന്‍ ജയിക്കുമെന്ന് പരിപൂര്‍ണ വിശ്വാസമുണ്ടെന്ന് പറഞ്ഞു. ഇവിടെത്തെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയുണ്ട്, ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പോവുന്നു എന്താണ് എന്റെ അജണ്ട എന്നിവയെല്ലാം അദ്ദേഹം ചോദിച്ചു മനസിലാക്കി. ആലത്തൂര്‍ മണ്ഡലത്തിന്റെ പരിപൂര്‍ണ വികസനമാണ് ഞാന്‍ മുന്നില്‍ കാണുന്നതെന്ന് അദ്ദേഹത്തോട് ഞാന്‍ വ്യക്തമാക്കി. കേരളത്തില്‍ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. നിരവധി പാവങ്ങളുടെ പണമാണ് സഹകരണ ബാങ്ക് തട്ടിപ്പിലൂടെ വെള്ളത്തിലായിരിക്കുന്നത്. 

വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന സമയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം ഊര്‍ജ്ജം പകരുന്നതായിരുന്നു.

എംപിയായതിന് ശേഷം നിങ്ങള്‍ എന്തു ചെയ്യുമെന്നായിരുന്നു മോദിജി എന്നോട് ചോദിച്ചത്. ജയിക്കുമോ തോല്‍ക്കുമോ എന്ന ആശങ്ക സംഭാഷണത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ആലത്തൂരിന്റെ എല്ലാ തരത്തിലുള്ള വികാസം അതാണ് ലക്ഷ്യമെന്നായിരുന്നു എന്റെ മറുപടി.

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിൽ ആശങ്കയുണ്ടോ.

സ്ഥാനാര്‍ഥിത്വം വൈകി പ്രഖ്യാപിച്ചതില്‍ യാതൊരു ടെന്‍ഷനും എനിക്കില്ല. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. പിന്നെ ഞങ്ങളുടെ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ഇടയിലൊരു അപരിചിതത്വം എനിക്ക് തോന്നിയിട്ടില്ല. മോദിജി നേരിട്ട് നിര്‍ത്തിയ ആളാണ് ഞാന്‍ അതിപ്പോ എത്ര വൈകിയാലും ഇല്ലെങ്കിലും നമ്മള്‍ക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യുമെന്ന ഗ്യാരണ്ടി മോദിജി എനിക്ക് നല്‍കിയിട്ടുണ്ട്. ആ ഗ്യാരണ്ടിയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു.

മത്സരിക്കുന്നത് ശക്തരായ എതിരാളികളോടാണല്ലോ? തുടക്കകാരിയെന്ന നിലയില്‍ എങ്ങനെ നോക്കിക്കാണുന്നു.

ശരിയാണ് മത്സരിക്കുന്നത് സിറ്റിങ്ങ് എംപിയായ രമ്യ ഹരിദാസിനോടും സിപിഎമ്മിന്റെ ശക്തനായ കെ. രാധാകൃഷ്ണനോടുമാണ്. എന്നാല്‍ അതൊന്നും ഞാന്‍ മുന്നില്‍ കാര്യമാക്കുന്നില്ല. ഇവരെല്ലാം ജയിച്ചിട്ട് ആലത്തൂരിന് എന്ത് ലഭിച്ചുവെന്ന് ഇവിടെയുള്ള ജനങ്ങള്‍ക്ക് നന്നായി അറിയാം.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മാറി മാറി ഭരിച്ച് ഈ കേരളവും ഇന്ത്യയും അവര്‍ നശിപ്പിച്ചു. ആ സത്യം ഇവിടെ എല്ലാവര്‍ക്കും മനസിലാവുന്നുണ്ട്. ഇനി മോദിജി വന്നാല്‍ മാത്രമേ രക്ഷയുള്ളുവുന്നുവെന്നും ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നതല്ല. മാത്രമല്ല നമ്മുടെ രാജ്യത്തെ നയിക്കാന്‍ ഇനിയും മോദിജി തന്നെയാണ് വരാന്‍ പോവുന്നത്.

കഴിഞ്ഞ് തിരഞ്ഞെടുപ്പുകളിലെല്ലാം മണ്ഡലത്തിലെ വോട്ടുവിഹിതം വളരെയധികം വര്‍ധിച്ചതായി കാണാം. നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് വേരാഴ്ത്തുന്നുണ്ട് എന്നത് ശുഭലക്ഷമാണ്. ഈ പ്രാവശ്യം വോട്ടുകളുടെ എണ്ണം കൂട്ടുകയല്ല പകരം വമ്പിച്ച ഭൂരിപക്ഷത്തോടൊയുള്ള വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇക്കുറി എൻ.ഡി.എ അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയുണ്ടോ.

ഇന്ത്യയെ ഒരു ദരിദ്രരാഷ്ട്രമെന്ന ലേബലിലായിരുന്നു ലോകം കണ്ടിരുന്നത്. മോദിജി പ്രധാനമന്ത്രിയായ കഴിഞ്ഞ 10 വര്‍ഷത്തെ അവലോകനം ചെയ്യുകയാണെങ്കില്‍ ഇന്ത്യയില്‍ വന്ന പുരോഗമനപരമായ മാറ്റങ്ങള്‍ വളരെ പ്രകടമാണ്. ഇന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. എല്ലാ ലോകനേതാക്കളും ആദരിക്കുന്ന ഒരു മഹദ് വ്യക്തത്വമായി മാറിയിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. അദ്ദേഹം തന്നെയാണ് ഇനിയും അടുത്ത പ്രധാനമന്ത്രി. സ്വന്തം രാജ്യം ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത് കാരണക്കാരനായ മോദിജിയെ മനസിലാക്കാനുള്ള വിവരം ഇന്ത്യക്കാര്‍ക്കുണ്ട്.

ചെറിയൊരു ഉദാഹരണം പറയാം കേരളത്തിൽ പെട്രോളിന് രണ്ടു രൂപ സെസ് കൂട്ടി എന്തിനു വേണ്ടി. ജനങ്ങളുടെ ക്ഷേമത്തെ നശിപ്പിക്കുക. ക്ഷേമ പെന്‍ഷന്റെ അവസ്ഥയെന്താണ്. അരി പോലും വാങ്ങാന്‍ പണമില്ലാതെ ആളുകള്‍ പിച്ചചട്ടിയെടുക്കേണ്ട അവസ്ഥയാണിന്ന് സംസ്ഥാനത്ത്.

സബ്ക്കാ വികാസ് എന്നതാണ് മോദിജിയുടെ പ്രഥമ അജണ്ട. അതായത് എല്ലാവരുടെയും ക്ഷേമം അതിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ആ ആശയമാണ് ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം പകര്‍ന്നു നല്‍കിയിരിക്കുന്നു. ഞങ്ങളെല്ലാവരും ആ ആശയത്തിന് വേണ്ടിയാണ് പോരാടുന്നത്. ഇന്ത്യയുടെ വളര്‍ച്ച മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്.

എന്താണ് താങ്കളുടെ പ്രധാന അജണ്ട. ആലത്തൂരിന്റെ ഏതു പ്രശ്‌നങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്.

ആലത്തൂരിന്റെ പ്രശ്‌നങ്ങള്‍ എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. പ്രചരണവേളയില്‍ ആളുകള്‍ ഇതിനെക്കുറിച്ച് എന്നോട് വ്യക്തമാക്കുന്നുണ്ട്. നിരവധി പരാതികളാണ് എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പാലക്കാട് കേരളത്തിന്റെ നെല്ലറയാണെന്ന് അറിയാമല്ലോ. ആലത്തൂര്‍ മണ്ഡലത്തിന്റെ ബഹുഭൂരിപക്ഷം ആളുകളും സാധാരണക്കാരും കര്‍ഷകരുമാണ്. എന്നാല്‍ ആ കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ ഇവിടെത്തെ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വരള്‍ച്ച കാരണം കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്.നെല്ല് കര്‍ഷകര്‍ക്ക് വില ലഭിക്കുന്നില്ല. സര്‍ക്കാര്‍ കൃത്യസമയത്ത് അവര്‍ക്ക് അര്‍ഹമായ പണം നല്‍കാതെ പറ്റിക്കുന്നു. കര്‍ഷകരുടെ ഉന്നമനത്തിനായുള്ള ഒരു വലിയ പ്ലാന്‍ തന്നെ മനസിലുണ്ട്. അത് ചെയ്ത് വിജയിപ്പിക്കാമെന്ന് വിശ്വാസവും എനിക്കുണ്ട്. 

സഹകരണ ബാങ്ക് തട്ടിപ്പ് എല്ലാ പ്രദേശത്തെ ആളുകളെയും ബാധിച്ചു. ലൈഫ് പദ്ധതിയുടെ പേരില്‍ വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയാണ്. ലൈഫ് പദ്ധതിയുടെ പേരില്‍ ലഭിച്ച വീടുകള്‍ ഗുണനിലവാരത്തില്‍ വളരെ മോശമാണ്. ഇത്തരത്തില്‍ അനവധി പ്രശ്‌നങ്ങള്‍ ഇവിടെയുള്ള സാധാരണക്കാര്‍ അനുഭവിക്കുന്നുണ്ട്. ഇതുവരെയുള്ള ഭരണകര്‍ത്താക്കള്‍ കാണാത്ത നിരവധി പ്രശ്‌നങ്ങള്‍ ഇന്നും ഈ മണ്ഡലത്തില്‍ നിലനില്‍ക്കുന്നു.

വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന കാലത്ത് എസ്എഫഐ പ്രവര്‍ത്തകര്‍ കുഴിമാടം ഒരുക്കി യാത്രയയപ്പ് നടത്തിയ സംഭവം ഇന്നോര്‍ക്കുമ്പോള്‍.

കേരളത്തിലെ മുന്‍നിര കോളേജുകളിലൊന്നാണ് വികടോറിയ കോളജ്. നിരവധി കലാസാംസ്‌കാരിക രാഷ്ട്രിയ പ്രമുഖര്‍ പഠിച്ചിറങ്ങിയ മഹത്തായ കലാലയമാണത്. അവിടെത്തെ പ്രിന്‍സിപ്പലായത് അഭിമാനമായി കാണുന്ന വ്യക്തിയാണ് ഞാന്‍. കോളേജിന്റെയും അവിടുത്തെ വിദ്യാര്‍ഥികളുടെയും അഭിവൃദ്ധിയ്ക്കായി എന്നെ കൊണ്ട് കഴിയുന്ന തരത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. സത്യസന്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഞാനും അന്ന് നേരിട്ടു. എസ്എഫ്‌ഐയുമായി പ്രശ്‌നങ്ങള്‍ വഷളായെന്ന് പറയാം. പവിത്രമായ ആ കോളേജിന്റെ മുഖത്തേറ്റ കളങ്കമാണ് അന്ന് അവര്‍ എനിക്കായി തീര്‍ത്ത കുഴിമാടം. അതേ ജില്ലയില്‍ ഞാന്‍ സ്ഥാനാര്‍ഥിയായി വിജയിച്ച് മോദിയുടെ അടുത്തേക്ക് ഞാന്‍ പോവുമ്പോള്‍ അവര്‍ അന്ന് ആ കോളേജിന്റെ മുകളില്‍ തീര്‍ത്ത ആ കളങ്കം മാഞ്ഞുപോവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എസ്എഫ്‌ഐയുടെ വിദ്യാഭ്യാസ വിരുദ്ധമായ ഏകാധിപത്യ മനോഭാവത്തോട് ഞാന്‍ പൊരുതി നിന്നുവെന്ന് വേണം പറയാന്‍. തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്ന മനോഭാവമായിരുന്നു കോളേജിലെ എസ്എഫ്ക്കാർക്ക്. അവരുടെ തോന്നിവാസങ്ങള്‍ക്ക് അടിമയായി ഞാന്‍ നിന്നില്ല. അങ്ങനെ നിന്നിരുന്നെങ്കില്‍ എനിക്ക് കുഴിമാടത്തിന് പകരം പൂച്ചെണ്ട് ലഭിച്ചേനെ.

ഒരു അധ്യാപികയും കോളേജ് പ്രിൻസിപ്പലുമായിരുന്നല്ലോ. പൂക്കോട്ടെ സിദ്ധാർഥിന്റെ മരണത്തെക്കുറിച്ച് എന്താണ് പ്രതികരണം.

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത്രയ വലിയ  ക്രൂരതയാണ് സിദ്ധാര്‍ത്ഥ് നേരിട്ടതെന്ന് പകല്‍ പോലെ വൃക്തമാണ്.കൂടെ പഠിക്കുന്ന സഹപാഠിക്ക് പച്ചവെള്ളം പോലും കൊടുക്കാതെ മര്‍ദിച്ചു കൊന്ന കാപാലികരാണ് അവിടെയുള്ള എസ്എഫ്‌ഐ പ്രവർത്തകർ. എങ്ങനെയാണ് അങ്ങനെയെല്ലാം ചിന്തിക്കാൻ കഴിയുന്നത്.

കാമ്പസ് രാഷ്ട്രീയം ഹൈക്കോടതി വരെ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, അത് നമ്മുടെ നാട്ടില്‍ നടപ്പിലാക്കിയിട്ടില്ല. ഈ പറഞ്ഞവര്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് കിട്ടിയത് പോലെയാണ്. അവര്‍ എന്ത് കാണിച്ചാലും യാതൊരു നടപടിയുമെടുക്കാൻ സാധിക്കാത്തത് ഭയാനകമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങളെ ഏറെ പ്രതീക്ഷകളോടെ കോളേജിലേക്ക് അയക്കുന്നത് അവര്‍ ശവമായി വരാനല്ലല്ലോ

പല കോളേജുകളിലും അവരുടെ ഏകാധിപത്യമാണ്. വേറൊരു സംഘടനെയെയും വളരാനോ പ്രവര്‍ത്തിക്കാനോ അനുവദിക്കില്ല. ഇതാണോ ഇവരുടെ ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്യം. ഈ വൈരുദ്ധ്യം ജനം മനസിലാക്കേണ്ടിയിരിക്കുന്നു.

ലോക്​സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എത്ര സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോദിജി വ്യക്തമാക്കിയത് പോലെ തന്നെ കേരളത്തില്‍ രണ്ടക്കം തികയ്ക്കും. ആ കാര്യത്തില്‍ ഞങ്ങള്‍ കേരള ഘടകത്തിന് യാതൊരു സംശയവുമില്ല

അയോധ്യ വിഷയം ഈ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ.

അയോധ്യ വിഷയം രാഷ്ട്രിയ ആയുധമല്ല. കോടികണക്കിന് വരുന്ന ജനങ്ങളുടെ വിശ്വാസം ബിജെപി നേതൃത്വം  സംരക്ഷിച്ചു. വെറുമൊരു രാഷ്ട്രീയ ആയുധമാണ് അതെങ്കില്‍ ലക്ഷകണക്കിന് ആളുകള്‍ രാമക്ഷേത്രത്തിൽ  ദര്‍ശനത്തിന് എത്തുമോ? ഇപ്പോഴും അവിടെ തിരക്കാണ്. ജനസേവന പ്രവര്‍ത്തനങ്ങള്‍ വെറും രാഷ്ട്രീയ ആയുധമായി കാണുന്നവര്‍ക്ക് അയോധ്യയെ അത്തരത്തില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഞങ്ങള്‍ വിശ്വാസികള്‍ക്ക് അത് വിശ്വാസ സംരക്ഷണമാണ്.

ഇലക്ട്രല്‍ ബോണ്ട് വിഷയം തിരച്ചടിയാവുമോ.

ഞങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങളുടെ ഭാഗം ക്ലീനാണ്. തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കില്ല. ജനത്തിന് ഞങ്ങളെ അറിയാം.

ഇന്ത്യ സഖ്യം ഈ തിരഞ്ഞെടുപ്പില്‍ ഓളം ഉണ്ടാക്കുമോ.

ഇന്ത്യ സംഖ്യത്തിന് യാതൊരു ഓളം ഉണ്ടാക്കാനാവില്ല. തുടങ്ങിയവരില്‍ പലരും അടിച്ചു പിരിഞ്ഞത് നമ്മള്‍ കണ്ടതാണല്ലോ. ആ സഖ്യത്തിന് വലിയ ആയുസില്ല.