
പാലക്കാട്: നവീകരിക്കുന്ന കുളത്തിൽ വെള്ളം നിറയുന്നുണ്ടോയെന്നു നോക്കാൻ ഉച്ചവെയിലത്ത് എത്തിയതാണ് വേനോലി എളമ്പരക്കാട്ടെ കർഷകൻ ജയദേവൻ. ഊറ്റുവെള്ളം വരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ അടുത്ത ആശ്രയം മഴയത്തെ ഒഴുക്കുവെള്ളം മാത്രമാണ്. കുളത്തിന്റെ ഇരുവശത്തുമുള്ള 200 ഏക്കർ നെൽപ്പാടത്ത് ഒന്നാംവിള നെൽക്കൃഷിയിറക്കണമെങ്കിൽ വെള്ളം വരണം. ജയദേവനടുത്തേക്ക് അയൽവാസിയും കർഷകനുമായ രാമസ്വാമിയെത്തി. "അറിഞ്ഞോ, കഴിഞ്ഞദിവസം ആനയെത്തി. പറമ്പിലെ തെങ്ങിൻതൈകൾ പിഴുതെറിഞ്ഞു. രണ്ടുവർഷമായി പൊന്നുപോലെ നോക്കിയതായിരുന്നു" -വോട്ടു ചോദിക്കാൻ ആരെങ്കിലും വരട്ടെ. അവരും അറിയണം ഇതൊക്കെ... ഇരുവരും കുളക്കടവിലിരുന്ന് സങ്കടം പങ്കുവെക്കുകയാണ്. ഒപ്പം തിരഞ്ഞെടുപ്പുകാലത്തെ പ്രതീക്ഷകളും.
വന്യമൃഗങ്ങളെ തടയണം
വിളഞ്ഞുനിൽക്കുന്ന നെൽപ്പാടത്ത് കൂട്ടമായി ആനകളെത്തി കൃഷി ചവിട്ടി നശിപ്പിക്കുന്നത് പതിവാണ്. മുൻപ് കാട്ടുപന്നികളായിരുന്നു ശല്യം. "പന്നി വരാതിരിക്കാൻ പാടത്ത് കാവലിരിക്കാൻ പോയാൽ കാട്ടാനയുടെ ആക്രമണമുണ്ടാകുമോയെന്നാണ് പേടി" -രാമസ്വാമി പറഞ്ഞു. അതുവഴി എത്തിയ സുകുമാരനും സുധീഷും ഒപ്പം കൂടി. "പുതുശ്ശേരി, മലമ്പുഴ പഞ്ചായത്തുകളുടെ മലയോരപ്രദേശങ്ങളിൽ കൃഷിക്ക് രക്ഷയില്ല’’-കർഷകനായ സുകുമാരനും മറിച്ച് ഒരു അഭിപ്രായമില്ല. "കഴിഞ്ഞദിവസം 16 ആനകളാണ് എത്തിയത്. പാട്ടത്തിന് നിലമെടുത്ത് പാടത്തിറങ്ങിയ ഞാൻ കടക്കെണിയിലാവുമെന്നാ പേടി" -സുധീഷ് പറഞ്ഞു.
വൈദ്യുതവേലി കെട്ടിത്തരുമോ
"കൃഷി സംരക്ഷിക്കാൻ വൈദ്യുതവേലി കെട്ടുമെന്ന് പലപ്പോഴും പറയാറുണ്ട്. എന്നിട്ട് എവിടം വരെയായി.
രണ്ടുവർഷം മുമ്പ് നരകംപുള്ളി പാലം മുതൽ 84 തേക്കിൻ പ്ലാന്റേഷൻ വരെ വൈദ്യുതവേലി നിർമിക്കുമെന്ന് പ്രഖ്യാപനങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ഒന്നും കണ്ടില്ല. കർഷകർ എന്തുചെയ്യും" -എല്ലാവർക്കും പറയാൻ ഒരേ വിഷയം.
നെല്ലു കൊടുത്താൽ ഉടനെ പണം തരുമോ
പണ്ട് കോച്ച് ഫാക്ടറിക്കുവേണ്ടി സ്ഥലം വിട്ടുനൽകി. പിന്നീട് വേനോലിയിലെത്തി കൃഷി തുടങ്ങി. ഇവിടെ ജീവിതം പച്ചപിടിക്കുന്നില്ല. നെല്ലു പാകമായാൽ യന്ത്രം കൊണ്ടുവന്ന് കൊയ്ത്തു തുടങ്ങും. പാടത്ത് കൊയ്ത്തുവണ്ടിയിറക്കുമ്പോൾ കൈയിൽ പൈസയുണ്ടാവില്ല. ഒരു മാസത്തിനകം കൊയ്ത്തുകൂലി കൊടുത്താൽ മതിയെന്ന് വണ്ടി കൊണ്ടുവന്ന ഇടനിലക്കാർ പറയും. പക്ഷേ, നെല്ലു വിറ്റ് ഉടനെ പൈസ കിട്ടുമെന്ന് ഒരു ഉറപ്പും പറയാനാകുന്നില്ല.
രാഷ്ട്രീയമുണ്ട്, പക്ഷേ...
“പാലക്കാട്ട് ആരു ജയിക്കുമെന്ന് വാദിച്ച് തമ്മിൽ തല്ലാനില്ല. ആര് ജയിച്ചാലും കാര്യം നടക്കണം.’’ -സുകുമാരന് ഇത്രയേ പറയാനുള്ളൂ. “ഇവിടെ 20 കർഷകരുടെ നിലങ്ങളുണ്ട്. ആരും ഒറ്റയ്ക്ക് കൃഷി ചെയ്യാറില്ല. വെള്ളമില്ലെങ്കിലും കാട്ടുപന്നി വന്നാലും ഒറ്റയ്ക്ക് പോരാടണം. കൂട്ടായി നിന്നാൽ എല്ലാവർക്കും കൃഷിയിറക്കാം. വന്യമൃഗങ്ങളെ തുരത്താം. രാഷ്ട്രീയവും അതുപോലെയായിരിക്കണം.” മലയോരവാസികളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം വേണം. അതിൽ രാഷ്ട്രീയമില്ലെന്നാണ് ഇവിടത്തുകാർ പറയുന്നത്.
Content Highlights: alathur loksabha elections 2024
Published: 17 Apr 2024, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented