
കൃഷി ജീവിതത്തിന്റെ ഭാഗമായി മാറിയവരാണ് പാലക്കാടുള്ളവര്‍. തൊഴിലാളിവര്‍ഗ കൂട്ടായ്മകളും കര്‍ഷകതൊഴിലാളി സംഘടനകളും സജീവമായൊരിടം. ലോക്സഭാ തിരഞ്ഞെടുപ്പ് വീണ്ടും പടിക്കലെത്തുമ്പോള്‍ പാലക്കാട്ടെ രാഷ്ട്രീയത്തിന് ചൂട് കൂടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിൽ ഏറ്റവും വലിയ ട്വിസ്റ്റ് നടന്ന മണ്ഡലം ആലത്തൂരാണ്. രൂപീകൃതമായ അന്ന് മുതല്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലം കഴിഞ്ഞ തവണ കോണ്‍ഗ്രസ് പിടിച്ചെടുത്തു. വെറും ജയമല്ല ഒന്നര ലക്ഷം ഭൂരിപക്ഷത്തിന് ആധികാരിക വിജയം.
സീറ്റ് തിരിച്ചുപിടിക്കാന്‍ മന്ത്രി കെ.രാധാകൃഷ്ണനെയാണ് സിപിഎം രംഗത്തിറക്കിയത്. സിറ്റിങ് എം.പി രമ്യ ഹരിദാസിനെ തന്നെയാണ് രണ്ടാം ജയം തേടി യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. പ്രഖ്യാപനം വരും മുന്നെ രമ്യ പ്രചാരണവും തുടങ്ങിയിരുന്നു.
കൈയില്‍ നിന്ന് പോയ മണ്ഡലത്തെ തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷത്തിനാവുമോ അതോ പാട്ടുംപാടി ജയിച്ച രമ്യ മണ്ഡലം നിലനിര്‍ത്തുമോ. ബിജെപിക്ക് വോട്ടുവിഹിതം കൂടുമോ.. ഈ തിരഞ്ഞെടുപ്പ് ആലത്തൂര്‍ മണ്ഡലത്തെ കൊണ്ടുനിര്‍ത്തുന്നത് ആകാംക്ഷയുടെ മുള്‍മുനയിലാണ്.
2009 ല്‍ നിലവില്‍ വന്ന മണ്ഡലം
പാലക്കാട് ജില്ലയിലെ നാലും തൃശ്ശൂര്‍ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലത്തൂര്‍ ലോക്സഭാ മണ്ഡലം. 2009-ല്‍ ലോക്സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തോടെയാണ് ആലത്തൂര്‍ സംവരണ മണ്ഡലം നിലവില്‍ വരുന്നത്. തൊഴിലാളി മേഖലയായതിനാല്‍ തന്നെ എല്‍ഡിഫിന് ശക്തമായ അടിത്തറ മണ്ഡലത്തിലുണ്ട്. സിപിഎമ്മിന്റെ തൊഴിലാളി സംഘടനകളും ഇവിടെ സജീവമാണ്. ഇപ്പോള്‍ ആലത്തൂരായി മാറിയ മണ്ഡലത്തില്‍ വടക്കാഞ്ചേരിയും കുന്നംകുളവും ചേലക്കരയും പിന്നെ ആലത്തൂരും നെന്മാറയും ചിറ്റൂരും തരൂരുമാണുള്ളത്
കോണ്‍ഗ്രസ് മണ്ഡലം 26കാരനായ ശിവരാമന്‍ പിടിച്ചെടുത്തപ്പോൾ
തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴല്‍മന്ദം, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയമസഭമണ്ഡലങ്ങള്‍ ചേര്‍ന്ന ഒറ്റപ്പാലം ലോക്സഭാ മണ്ഡലമാണ് പിന്നീട് പുനഃക്രമീകരണത്തില്‍ ആലത്തൂര്‍ മണ്ഡലമായത്.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിച്ച ചരിത്രവും ഒറ്റപ്പാലത്തിനുണ്ട്. 1977 ലോക്‌സഭ ഇലക്ഷനില്‍ കോണ്‍ഗ്രസ്സിന്റെ കെ കുഞ്ഞമ്പുവായിരുന്നു ഇവിടെ നിന്നും വിജയിച്ചത്. 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്ന് എ.കെ ബാലന്‍ സീറ്റ് തിരിച്ചുപിടിച്ചു. പിന്നീട് 1984,1989,1991 എന്നീ വര്‍ഷങ്ങളില്‍ കണ്ടത് കോണ്‍ഗ്രസിന്റെ ഹാട്രിക്കായിരുന്നു.1984 മുതല്‍ 1992 വരെ കെ. ആര്‍ നാരായണനായിരുന്നു ഈ മണ്ഡലത്തിലെ എം.പി. പിന്നിട് കെ. ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായപ്പോള്‍ ഒറ്റപ്പാലം ഉപതിരഞ്ഞെടപ്പിന് തയ്യാറെടുത്തു.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് കോട്ടയായിരുന്ന ഇടത്തേയ്ക്ക് സിപിഎം നിശ്ചയിച്ചത് എസ് ശിവരാമന്‍ എന്ന 26കാരനെയായിരുന്നു. ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ എം കോം വിദ്യാര്‍ഥിയായ ശിവരാമനിലേക്ക് ഈ ഉത്തരവാദിത്ത്വം എത്തിയത് തികച്ചും ആകസ്മികമായിട്ടാണ്. കോണ്‍ഗ്രസിന്റെ പയറ്റിത്തെളിഞ്ഞ നേതാവ് കെ.കെ ബാലകൃഷ്ണനെ കോണ്‍ഗ്രസ് കളത്തിലിറക്കിയപ്പോള്‍ പലരും ശിവരാമന്റെ പരാജയം കണക്കുകൂട്ടി. എന്നാല്‍ പിന്നീട് നടന്നത് കേരളത്തിന്റെ രാഷ്ട്രീയ പുസ്തകത്തിലെ തിളക്കമാര്‍ന്നൊരു ഏടായിരുന്നു. ഏവരും പരാജയം ഉറപ്പിച്ചിരുന്ന ആ 26ക്കാരന്‍ 1.32 ലക്ഷത്തിലധികം വോട്ടിന് ജയിച്ചു. നാട്ടുകാരനായ യുവാവിനെ ഇരുകൈയും നീട്ടിയാണ് ഒറ്റപ്പാലത്തുള്ളവര്‍ സ്വീകരിച്ചത്. പിന്നീട് ആലത്തൂര്‍ മണ്ഡലം രൂപികരിക്കുന്നത് വരെയും ഇടതുപക്ഷ തേരോട്ടം തന്നെയായിരുന്നു മണ്ഡലത്തില്‍.
ആലത്തൂര്‍ മണ്ഡലം രൂപികരിക്കുന്നു- 2009 തിരഞ്ഞെടുപ്പ്
2009ല്‍ ആലത്തൂരായി മണ്ഡലം മാറിയപ്പോള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും തങ്ങളുടെ കോട്ട പിടിവിട്ട് പോവാതിരിക്കാന്‍ സിപിഎമ്മും ആഞ്ഞ് പരിശ്രമിച്ചു. അന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി.കെ. ബിജുവാണ് എല്‍ഡിഎഫിനായി കളത്തിലിറങ്ങിയത്. കോണ്‍ഗ്രസിലെ എന്‍.കെ. സുധീറായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 20,960 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജു അന്ന് നേടിയത്. ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന എം. ബിന്ദു 53,390 വോട്ടും നേടി. മണ്ഡല രൂപികരണ വര്‍ഷം തന്നെ ലഭിച്ച വിജയം സിപിഎം മൈലേജ് വര്‍ദ്ധിപ്പിച്ചു.
2014 തിരഞ്ഞെടുപ്പ് - ആലത്തൂര്‍ വീണ്ടും ചുവന്നു
2014-ലെ തിരഞ്ഞെടുപ്പിലും പി.കെ. ബിജു തന്നെയായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ഥി. യുഡിഎഫില്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭാ ആധ്യക്ഷയായിരുന്ന കെ.എ. ഷീബയും ബി.ജെ.പി.യുടെ ഷാജുമോന്‍ വട്ടേക്കാടും ഉള്‍പ്പെടെ 12 സ്ഥാനാര്‍ഥികളായിരുന്നു രംഗത്ത്. രണ്ടാമൂഴത്തില്‍ ബിജുവിന്റെ ഭൂരിപക്ഷം 37,444 വോട്ടായി വര്‍ധിച്ചു. മണ്ഡലത്തിലുടനീളമുള്ള സി.പി.എമ്മിന്റെ ശക്തമായ സംഘടനാസംവിധാനമായിരുന്നു ഭൂരിപക്ഷത്തിനു പിന്നില്‍. എന്നാല്‍ ബിജെപിയുടെ വോട്ട് വര്‍ധന തള്ളിക്കളയാനാവുന്നതല്ല.ബി.ജെ.പി.യുടെ വോട്ട് 87,803 ആയി വര്‍ധിച്ചു. ഇതേ തിരഞ്ഞെടുപ്പില്‍ 21,417 പേര്‍ നോട്ടയ്ക്ക് വോട്ടുരേഖപ്പെടുത്തി ശ്രദ്ധേയമായതും ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്.
2019 തിരഞ്ഞെടുപ്പ്- മൂന്നാമൂഴത്തിന് കച്ചമുറുക്കി ബിജു; പാട്ടും പാടി രമ്യഹരിദാസ്
2019ല്‍ മൂന്നാം തവണയും വിജയം പ്രതീക്ഷിച്ചു കൊണ്ടാണ് പി.കെ ബിജുവിനെ എല്‍ഡിഎഫ് രംഗത്തിറക്കിയത്. ചേലക്കര എംഎല്‍എയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പികെ ബിജുവിന് മൂന്നാമതും പാര്‍ട്ടി അവസരം നല്‍കി. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് രംഗത്തിറക്കിയത് രമ്യ ഹരിദാസിനെയായിരുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ് ആലത്തൂരിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് ഇറങ്ങിയത് നഷ്ടപ്പെടാന്‍ ഒന്നുമില്ലാതിരുന്നിടത്ത് തുടങ്ങിയ പോരാട്ടമായിരുന്നു അത്.
ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ എന്ന രാഷ്ട്രീയക്കാരി വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നാടന്‍ പാട്ടുകളും മറ്റും കലര്‍ത്തിയ പ്രസംഗ ശൈലിയും ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. ആലത്തൂരിലെ പ്രചാരണ വേളയിലും ഇതേ ആയുധം പുറത്തെടുത്തായിരുന്നു രമ്യയുടെ പ്രചാരണങ്ങളത്രയും. 'ആലത്തൂരിന്റെ പെങ്ങളൂട്ടി' എന്ന വിശേഷണം വരെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അണികള്‍ രമ്യയ്ക്ക് ചാര്‍ത്തി നല്‍കി. പെങ്ങളൂട്ടി മേൽവിലാസം രമ്യ ഹരിദാസിന് നല്‍കിയ മൈലേജ് ചില്ലറയല്ല.
ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ട തിരഞ്ഞെടുപ്പില്‍ തകര്‍ന്നു. ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ (1,58,968) വന്‍ ഭൂരിപക്ഷത്തിലായിരുന്നു രമ്യയുടെ മിന്നുന്ന വിജയം. 2014 ലില്‍ പി.കെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിയത്. രാഷ്ട്രപതിപദം വരെയെത്തിയ കെ.ആര്‍ നാരായണനില്‍ നിന്ന് എസ്. ശിവരാമന്‍ പിടിച്ചെടുത്ത ഒറ്റപ്പാലം 27 വര്‍ഷത്തിന് ശേഷം സിപിഎമ്മിനെ കൈവിട്ടു. വെറും തോല്‍വിയല്ല മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് നാണംകെട്ടത്. പാര്‍ട്ടി പ്രതീക്ഷിക്കാത്തൊരു പതനം.
ആലത്തൂര്‍ വീണ്ടും ചുവക്കുമോ?
കഴിഞ്ഞ തിരഞ്ഞടുപ്പിലെ വീഴ്ചയില്‍ നിന്ന് ഇടതുപക്ഷം എങ്ങനെ കരകയറുമെന്നത് തന്നെയാണ് പ്രധാന ചോദ്യം. വിജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല. മണ്ഡലം തിരിച്ചുപിടിക്കേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമായിരിക്കും. പാര്‍ട്ടി കണ്ടെത്തിയ ഉത്തരം മന്ത്രി കെ രാധാകൃഷ്ണനാണ്. സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്ന രാധാകൃഷ്ണനെക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥിയെ സിപിഎമ്മിന് കിട്ടാനുമില്ല. മന്ത്രി സ്ഥാനത്ത് നിന്ന രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കിയത് ആലത്തൂര്‍ തിരിച്ചുപിടിക്കാന്‍ ഉറപ്പിച്ചു തന്നെയാണ്. കഴിഞ്ഞ് തവണ അമിത ആത്മവിശ്വാസം കൈപൊള്ളിയപ്പോള്‍ ഇത്തവണ ചിട്ടയായ പ്രചാരണവും സംഘടനാശേഷിയും ഉപയോഗിച്ച് തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. കഴിഞ്ഞ തവണ തോറ്റെങ്കിലും നിയമസഭയില്‍ എല്‍ഡിഎഫ് അതിശക്തമായി തിരിച്ചുവന്നത് അനുകൂലഘടകമായി അവര്‍ കാണുന്നു.
പാട്ടുംപാടി ജയിച്ച രമ്യയുടെ എം.പി എന്ന നിലയിലെ പ്രവര്‍ത്തനമാവും ഇക്കുറി വിജയസാധ്യത നിശ്ചയിക്കുന്നത്. കഴിഞ്ഞ തവണ പുതുമുഖമെന്ന പരിഗണന ലഭിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ മേഖലകളിലായി അവര്‍ പ്രചാരണം ആരംഭിച്ചു. സ്ഥാനാര്‍ഥിത്വം വരുംമുന്നെ ഇതിന്റെ ഭാഗമായി സന്ദേശ പദയാത്ര നടത്തി .ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 1734 കോടി രൂപ ചെലവഴിച്ചുവെന്നാണ് രമ്യ ഹരിദാസിന്റെ അവകാശവാദം. ആലത്തൂരിന്റെ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ 50 ലധികം തവണ സംസാരിച്ചിട്ടുണ്ടെന്നും ഇവര്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
മണ്ഡലത്തിലെ കാവിക്കാറ്റ്
കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ് മത്സരത്തിനിടെ ചെറുതല്ലാത്ത രീതിയില്‍ ബിജെപിയും മണ്ഡലത്തില്‍ വേരുറപ്പിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വോട്ടുവിഹിതം വര്‍ധിപ്പിച്ചിരുന്നു. 2009 തിരഞ്ഞെടുപ്പില്‍ എം ബിന്ദുവായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 53890 വോട്ടാണ് അവര്‍ അന്ന നേടിയത്. 2014 ലെ തിരഞ്ഞെടുപ്പിൽ ഷാജു മോന്‍ വട്ടേക്കാടായിരുന്നു സ്ഥാനാര്‍ത്ഥി അന്ന് 87,803 വോട്ടുകള്‍ നേടി. 2019ൽ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടിവി ബാബുവിനെയായിരുന്നു ബിജെപി രംഗത്തിറക്കിയത്. 89837 വോട്ടുകള്‍ അദ്ദേഹം നേടിയത്. വോട്ടുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും 2014 വോട്ടുശതമാനം 2019ല്‍ നേടാനായി സാധിച്ചില്ല. 2014ല്‍ 9.45 ശതമാനമുണ്ടായിരുന്നത് 2109ലേക്ക് എത്തുമ്പോള്‍ 8.82ആയി ചുരുങ്ങിയിട്ടുണ്ട്. എന്നിരുന്നാലും തങ്ങളുടെ ബലം വര്‍ദ്ധിപ്പിക്കാനാവുമെന്ന് തന്നെയാണ് ബിജെപി പാളയം വിശ്വസിക്കുന്നത്
മണ്ഡലത്തിലെ മിക്കയിടങ്ങളിലും സംഘപരിവാര്‍ സംഘടനകളുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ പ്രവര്‍ത്തനം നിലവിലെ വോട്ടുവിഹിതം കൂട്ടുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ബിഡിജെഎസിന്റെ സ്ഥാനാര്‍ഥിയായിരിക്കും ആലത്തൂരില്‍ ബിജെപി രംഗത്തിറക്കുന്നത്.
നെല്ല് സംഭരണവും മറ്റ് കാര്‍ഷിക പ്രശ്‌നങ്ങളും
കാര്‍ഷിക മേഖലയായതിനാല്‍ തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. വരള്‍ച്ചാ പ്രശ്നങ്ങളും, മറ്റ് കാര്‍ഷിക പ്രശ്നങ്ങളും ചൂടുള്ള ചര്‍ച്ചയാവും. കഴിഞ്ഞ് കാലങ്ങളായി നാട്ടുകാരെ വളരെയധികം ബാധിച്ച പ്രശ്നങ്ങളിലൊന്ന് നെല്ലിന്റെ സംഭരണവും തുക കൃതൃസമയത്ത് ലഭിക്കാത്തതുമാണ്. ഈ പ്രശ്നത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ സാധ്യതയുണ്ട്.
Content Highlights: Alathur Lok Sabha constituency
Published: 20 Mar 2024, 02:40 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented