പാലക്കാട്: “പ്രചാരണത്തിനിറങ്ങുമ്പോൾ വെള്ളമെടുക്കാൻ മറക്കല്ലേ, കുറച്ച് വിശറിയും കരുതിക്കോ”...നേതാക്കളുടെ നിർദേശം. വിശറി മാത്രമല്ല, കുറച്ച് കുടകളുമെടുത്താണ് അണികളുടെ നടത്തം. വിശറിയായാലും കുടയായാലും അതിൽ പാർട്ടിചിഹ്നവും കൊടിയുടെ നിറവും നിർബന്ധം. പാലക്കാട്ടെ 40 ഡിഗ്രി ചൂടിനെ വെല്ലാൻ ഓലക്കുടകളും തലപ്പാവുമണിഞ്ഞ് പാർട്ടിപ്രവർത്തകർ കളംനിറഞ്ഞതോടെ കൊടിതോരണ നിർമാതാക്കളും വില്പനക്കാരും തിരക്കിലാണ്. കൊടിതോരണ വില്പനകേന്ദ്രങ്ങളിൽ കൊടികളേക്കാളും ബാഡ്‌ജുകളേക്കാളും കൂടുതൽ തലപ്പാവുകളും പേപ്പർഷേഡ് ഷീറ്റുകളുമാണ് പാർട്ടിക്കാർക്ക്‌ ആവശ്യം. താമരയും അരിവാൾചുറ്റിക നക്ഷത്രവും കൈപ്പത്തിയും പതിച്ചുള്ള കൈവിശറികളും പ്രചാരണ പ്രവർത്തനങ്ങളിലെ താരങ്ങളാണ്. ഇതോടെ ഇവ തപ്പിപ്പിടിച്ച് വില്പനകേന്ദ്രത്തിലെത്തിക്കാനുള്ള തിരക്കിലാണ് കച്ചവടക്കാരും നിർമാതാക്കളും.

To advertise here,

ശിവകാശിയിലേക്ക് ഓർഡർകൊടുത്താൽ രണ്ടുദിവസത്തിനകം ചിഹ്നംപതിച്ച വിശറിയെത്തുമെന്നാണ് മേട്ടുപ്പാളയം സ്‌ട്രീറ്റിൽ കൊടിതോരണങ്ങൾ വിൽക്കുന്ന എ. ശിവദാസൻ പറയുന്നത്. 12 രൂപയാണ് വിശറിയുടെ വില. ചിലർ പാലക്കാട്ടുനിന്നുതന്നെ വിശറിയുണ്ടാക്കിത്തുടങ്ങി.

കൊടിയുടെ നിറമുള്ള കുടകൾക്കുപുറമേ ഓലക്കുടകൾക്കും ആവശ്യക്കാരേറെയാണ്. ഓലക്കുടയ്ക്കുചുറ്റും പാർട്ടിചിഹ്നങ്ങൾ കെട്ടിത്തൂക്കിയാണ് പ്രചാരണം. മുളംതണ്ടുകൊണ്ടുള്ള കൈപ്പിടിയുള്ളതിനാൽ ഓലക്കുടയ്ക്ക് ബലം കൂടും. പാലക്കാടിന്റെ ഉൾപ്രദേശങ്ങളിൽനിന്നാണ്‌ ഓലക്കുടകളെത്തുന്നത്. 1,200 രൂപയാണ് വില. 150 രൂപകൊടുത്ത് കൊടിയുടെ നിറമുള്ള സാധാരണ കുടകളും പ്രചാരണ ആയുധമാക്കുന്നവരുണ്ട്.

കൊടിയുടെ നിറവും ചിഹ്നവും പതിച്ച വട്ടത്തൊപ്പിയെ വെല്ലാൻ ഉത്തരേന്ത്യൻ സ്റ്റൈലിലുള്ള തലപ്പാവുകളും വിപണിയിലെ താരങ്ങളായി. 150 രൂപമുതൽ 450 രൂപവരെയാണ് വില. ചൂട് മുഖത്തുതട്ടാതിരിക്കാൻ സ്ഥാനാർഥിയുടെ മുഖംപതിച്ച മുഖംമൂടികളും അണികൾക്കാശ്വാസമായി. അച്ചടികേന്ദ്രങ്ങളിൽ മുഖംമൂടിക്കാരുടെ തിരക്കാണെന്ന് മൂത്താന്തറയിലെ മിഥുൻ പറഞ്ഞു. മണ്ഡലത്തിലെ സ്ഥാനാർഥികൾ മുതൽ നരേന്ദ്രമോദിയും രാഹുൽഗാന്ധിയുംവരെ മുഖംമൂടിയുടെ രൂപത്തിൽ പ്രചാരണത്തിനുണ്ട്.

കൊടിക്കൂറ തോരണങ്ങളും കുരുത്തോലയുമെല്ലാം പ്രചാരണത്തിനെന്നപോലെ ചൂടിനെ ചെറുക്കാനുള്ള ആയുധങ്ങളുമാക്കുകയാണ് നേതാക്കളും പ്രവർത്തകരും. പൊള്ളാച്ചിയിൽനിന്നുപോലും ആവശ്യക്കാർ വരുന്നുണ്ടെന്ന് മേട്ടുപ്പാളയം സ്ട്രീറ്റിലെ തോരണം കേന്ദ്രത്തിലുള്ള കാർത്തിക് പറഞ്ഞു.