“വേറെ ഏതെങ്കിലും ഒരു എം.പി.യോ എം.എൽ.എ.യോ കാറിൽ ഏകനായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. ജീവിതത്തെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും വളരെ ചിന്തിക്കുവാൻ സമയം കിട്ടിയിരുന്നു”. 1991-ലെ ‘ദുർഘടം പിടിച്ച’ എന്ന് അദ്ദേഹംതന്നെ വിശേഷിപ്പിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെക്കുറിച്ച് പിന്നീട് ഉപരാഷ്ട്രപതിയാവുംമുമ്പ് കെ.ആർ. നാരായണൻ എഴുതിയ കത്തിലെ വാചകങ്ങളാണിവ.

To advertise here,

1991-ൽ മൂന്നാംതവണ കെ.ആർ. നാരായണൻ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ സ്ഥിതി അദ്ദേഹം വിശേഷിപ്പിച്ചതുപോലെ ദുർഘടംപിടിച്ചതായിരുന്നു. ആൾക്കൂട്ടമില്ല, ആരവമില്ല, പണവുമില്ല. രാത്രി ഏറെ വൈകി കിടന്നാലും കെ.ആർ. രാവിലെ നേരത്തേ എഴുന്നേൽക്കും. ഷൊർണൂർ റസ്റ്റ് ഹൗസിലെ എട്ടാംനമ്പർ മുറിയിലാണ് താമസം. ഒപ്പം ഭാര്യ ഉഷാനാരായണനും ഉണ്ടാവും.

രാവിലെ എട്ടിന് പ്രചാരണത്തിനിറങ്ങുമ്പോൾ പലപ്പോഴും തനിച്ചാവും. സംസാരിക്കാൻ ഡ്രൈവർ മാത്രം. ഇടയ്ക്ക് ഇപ്പോഴത്തെ യു.ഡി.എഫ്. സ്ഥാനാർഥി വി.കെ. ശ്രീകണ്ഠനോ മറ്റ് യുവനേതാക്കളോ കൂട്ടിനുണ്ടാവും. എന്നാൽ, കെ.ആർ. നാരായണന് ചെറുകവലകളിലെ സ്വീകരണയോഗങ്ങളിലും മറ്റുമെത്തുന്ന നിഷ്പക്ഷരായ സമ്മതിദായകരിൽ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം വെറുതെയല്ലെന്ന് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുകയും ചെയ്തു.

1984-ൽ ആദ്യതവണ തിരഞ്ഞെടുപ്പിനെത്തുമ്പോൾ കൊപ്പത്തെ പര്യടനം ഉച്ചയ്ക്ക് രണ്ടുമണികഴിഞ്ഞിട്ടും ഭക്ഷണത്തിന് നിർത്താനായില്ല. ഇനി എത്ര സ്വീകരണമുണ്ടെന്നായി കെ.ആർ. നാരായണൻ. ഇനി വിയറ്റ്നാംപടിയിലെ സ്വീകരണം കൂടിയേ ഉള്ളൂ എന്ന മറുപടി അദ്ദേഹത്തിന് ആശ്വാസം പകർന്നു. കാർ വിയറ്റ്നാംപടിയിലെത്തിയതോടെ സ്ഥാനാർഥി പ്രസംഗം തുടങ്ങി. “ഇവിടെ സംസാരിക്കാൻ ഏറെ സന്തോഷമുണ്ട്. ഞാൻ വിയറ്റ്നാമിൽ പോയിട്ടുണ്ട്. വിയറ്റ്നാമിനെ ആദ്യം അംഗീകരിച്ചത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്.” ഇങ്ങനെ സന്ദർഭത്തിനനുസരിച്ച് പ്രസംഗിക്കാൻ അദ്ദേഹത്തെ തുണച്ചത് അനുഭവങ്ങളാണ്.

തനിക്ക് കത്തയക്കുന്നവർക്കുമാത്രമല്ല നിവേദനങ്ങളയയ്ക്കുന്നവർക്കും കെ.ആർ. നാരായണൻ സ്വന്തം കൈപ്പടയിൽ മറുപടി അയയ്ക്കുമായിരുന്നു. രാത്രികളിലായിരുന്നു കത്തെഴുത്ത്.