പാലക്കാട്: നോട്ട്ബുക്ക് അച്ചടിമുതൽ നെൽക്കൃഷിവരെയുള്ള ചെറുകിട വ്യവസായ-കാർഷിക സംസ്കാരം ഇന്നുമതിന്റെ തനിമയോടെ നിലനിൽക്കുന്ന ആലത്തൂരിൽ പച്ചക്കറി, മാവ്, തെങ്ങ് കർഷകരുടെകൂടി വിയർപ്പിന്റെ ഗന്ധവുമുണ്ട്. പറമ്പിക്കുളത്തിന്റെ വന്യതയ്ക്കിപ്പുറം സഞ്ചാരികളെ മോഹിപ്പിക്കുന്ന നെല്ലിയാമ്പതി കുന്നുകളും പീച്ചി-വാഴാനി മലയോരത്തിന്റെ കുളിർമയും മണ്ഡലത്തിന്റെ അഴകാണ്.
മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ രാഷ്ട്രീയതട്ടകമെന്ന നിലയിൽ പ്രശസ്തിയാർജിച്ച പഴയ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തെ 2008-ൽ പുനഃക്രമീകരിച്ചാണ് ആലത്തൂർ എസ്.സി. സംവരണമണ്ഡലമുണ്ടാക്കിയത്. ഇവിടെ ചർച്ചയാവുക കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങളാകും.
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ തരൂർ, ആലത്തൂർ, നെന്മാറ, ചിറ്റൂർ നിയമസഭാ മണ്ഡലങ്ങളും അടങ്ങുന്നതാണ് ആലത്തൂർ ലോക്‌സഭാ മണ്ഡലം.
മണ്ഡലം നിലവിൽവന്നശേഷം 2009-ലും 2014-ലും എൽ.ഡി.എഫിനെ തുണച്ച ആലത്തൂർ സി.പി.എമ്മിലെ പി.കെ. ബിജുവിനെയാണ് ജയിപ്പിച്ചത്. 2009-ൽ 20,960 വോട്ടിനും 2014-ൽ 37,312 വോട്ടിനുമായിരുന്നു ജയം. മൂന്നാംവട്ട അങ്കത്തിൽ 2019-ൽ ബിജുവിന് കാലിടറി. രാഹുൽ ബ്രിഗേഡിന്റെ തിളക്കത്തിൽ ലഭിച്ച സ്ഥാനാർഥിത്വവുമായെത്തിയ കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യാ ഹരിദാസ് ആലത്തൂരിൽ ചരിത്രമെഴുതി.‘നാടൻപാട്ടു’മായെത്തി വോട്ടർമാരുടെ മനം കവർന്ന രമ്യ ‘പാട്ടുംപാടി’ ജയിച്ചപ്പോൾ യു.ഡി.എഫിന് 1,58,968 വോട്ടിന്റെ ഭൂരിപക്ഷം. വടക്കാഞ്ചേരി ഒഴികെ ഏഴിൽ ആറു നിയമസഭാ മണ്ഡലങ്ങളും കൈവശമുണ്ടായിരുന്ന എൽ.ഡി.എഫിന്റെ അടിത്തറയിളക്കിയ ജയമായിരുന്നു അത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷം നേടിയായിരുന്നു രമ്യയുടെ വിജയം.
കളംമാറുന്ന പോരാട്ടം
ആലത്തൂരിൽ രണ്ടാംജയത്തിന് രമ്യയെത്തുമ്പോൾ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ നിരത്തിയാണ് പ്രചാരണം. മണ്ഡലം തിരിച്ചുപിടിക്കാൻ സർവസന്നാഹവുമായാണ് എൽ.ഡി.എഫ്. ഇക്കുറി ഇറങ്ങുന്നത്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ചേലക്കരയിൽ തോൽവിയറിയാതെ മുന്നേറുന്ന മന്ത്രി കെ. രാധാകൃഷ്ണനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. മത്സരിക്കാനില്ലെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിട്ടും പാർട്ടി നിർബന്ധത്തിന് അദ്ദേഹം വഴങ്ങി.
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലുമായി 2,02,430 വോട്ടാണ് എൽ.ഡി.എഫ്. ഭൂരിപക്ഷം. ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് ഏറ്റെടുത്ത ബി.ജെ.പി. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മുൻപ്രിൻസിപ്പൽ ടി.എൻ. സരസുവിനെയാണ് സ്ഥാനാർഥിയാക്കിയത്.
2019 ലോക്‌സഭ തിരഞ്ഞെടുപ്പ്
- രമ്യാ ഹരിദാസ് (യു.ഡി.എഫ്.) ഭൂരിപക്ഷം : 1,58,968
- പി.കെ. ബിജു(എൽ.ഡി.എഫ്.) -
- ടി.വി. ബാബു(എൻ.ഡി.എ.)
മുന്നണികളും ലഭിച്ച വോട്ടുകളും
- എൽ.ഡി.എഫ്-3,74,847
- എൻ.ഡി.എ.- 89,837
- യു.ഡി.എഫ്.- 533815
നിയമസഭാ മണ്ഡലങ്ങൾ
തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി. ഏഴിലും യു.ഡി.എഫിന് ലീഡ്
2021 നിയമസഭ തിരഞ്ഞെടുപ്പ്
ഏഴു മണ്ഡലങ്ങളും എൽ.ഡി.എഫ്. നേടി
Content Highlights: Alathur loksabha constituency 2024 election
Published: 28 Mar 2024, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented