ഴിഞ്ഞ ദിവസമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സി.പി.ഐ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റെന്ന നിലയില്‍ രാജ്യം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ദേശീയ മുഖമായ ആനി രാജയെയാണ് സി.പി.ഐ. സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ കുറിച്ചും ഇന്ത്യ മുന്നണിയെ കുറിച്ചും ആനി രാജ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

To advertise here,

ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് എത്രത്തോളം നിര്‍ണായകമാണ്?

സ്വതന്ത്ര ഭാരതം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്‌. കാരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സമസ്ത മേഖലകളും ഫാസിസ്റ്റ് ശക്തികള്‍ കയ്യടക്കി കഴിഞ്ഞിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇന്ത്യന്‍ ജനതയുടെ ജീവിതത്തിലും കടന്നുകയറ്റം നടത്തി ഫാസിസം അഴിഞ്ഞാടുന്ന ഒരു ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയിലെ മതേതര ജനാധിപത്യ മൂല്യങ്ങളെല്ലാം തച്ചുതകര്‍ക്കപ്പെട്ടു. അത്തരമൊരു കാലഘട്ടത്തില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് അങ്ങേയറ്റം നിര്‍ണായകമാണ്.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പടെ ചേര്‍ന്ന് രൂപീകരിച്ച 'ഇന്ത്യ' മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പല സംസ്ഥാനങ്ങളിലും 'ഇന്ത്യ' മുന്നണി പല രീതിയിലുള്ള വെല്ലുവിളികളും നേരിടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ 'ഇന്ത്യ' മുന്നണിയുടെ സാധ്യതകളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണവും ഇന്നത്തെ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതിയും ഒക്കെ പരിഗണിച്ചാണ് ഇന്ത്യ മുന്നണി എന്ന രാഷ്ട്രീയ മുന്നേറ്റം രൂപപ്പെടുന്നത്. ഇടക്കാലത്ത് അതില്‍ ചില പ്രതിബന്ധങ്ങളൊക്കെ ഉണ്ടായെങ്കിലും അതിപ്പോള്‍ സജീവമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കേരളത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യ മുന്നണി അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ ഇല്ല എന്നത് യാഥാര്‍ഥ്യമാണ്. ഇടത്- വലത് രാഷ്ട്രീയങ്ങള്‍ തമ്മിലാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സഖ്യത്തിന് രാഷ്ട്രീയമായി പ്രസക്തിയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്ത്യ മുന്നണി ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. തമിഴ്‌നാട്ടിലും തെലങ്കാനയിലുമെല്ലാം ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളുമെല്ലാം ഈ സഖ്യത്തിന്റെ ഭാഗമായി സജീവമായുണ്ട്. ഇത്തരത്തില്‍ ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ പരിഗണിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യ മുന്നണി നിലനില്‍ക്കുന്നത്.

രാജ്യം തന്നെ ഉറ്റുനോക്കുന്ന വയനാടും തിരുവനന്തപുരവുമെല്ലാം ഉള്‍പ്പടെ വളരെ പ്രധാനപ്പെട്ട സീറ്റുകളിലാണ് സി.പി.ഐ. മത്സരിക്കുന്നത്. വിജയപ്രതീക്ഷ എത്രത്തോളമാണ്?

സംസ്ഥാനത്തെ എല്ലാ സീറ്റുകളിലെയും വിജയം പ്രധാനപ്പെട്ടത് തന്നെയാണ്. എല്ലാ സീറ്റുകളിലും ഞങ്ങള്‍ മത്സരിക്കുന്നത് വിജയിക്കാന്‍ തന്നെയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും നിലപാടും ജനങ്ങളിലെത്തിച്ച് അവരുടെ അംഗീകാരം നേടാനുള്ള ഇടപെടലുകളാണ് നടത്തുക. രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷം മികച്ച വിജയം നേടുകതന്നെ ചെയ്യും. 

വയനാട് സീറ്റിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പാര്‍ട്ടി താങ്കളെ തിരഞ്ഞെടുത്തിരിക്കുകയാണ്. വയനാട് മണ്ഡലത്തിലെ സി.പി.ഐ. ഉയര്‍ത്തുന്ന രാഷ്ട്രീയം എന്തായിരിക്കും?

ഇടതുപക്ഷം രാജ്യത്തുടനീളം ഉയര്‍ത്തുന്ന രാഷ്ട്രീയം തന്നെയാണ് സി.പി.ഐ. വയനാട്ടിലും ഉയര്‍ത്തുക. അത് ജനപക്ഷ, സ്ത്രീപക്ഷ, യുവപക്ഷ രാഷ്ട്രീയമാണ്. തൊഴിലില്ലായ്മ, സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍, അതിന് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും നല്‍കുന്ന പിന്തുണ തുടങ്ങിയ വലിയ വിഷയങ്ങള്‍ നമുക്ക് മുന്നിലുണ്ട്. കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളുമെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അവരെല്ലാം പലരീതിയില്‍ ഈ സര്‍ക്കാരിനെതിരായ പോരാട്ടത്തിലാണ്. പാര്‍ലമെന്റിനെ ദുരുപയോഗം ചെയ്ത് കൊണ്ടുവന്ന കരിനിയമങ്ങള്‍ ജനങ്ങളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. അതിനെതിരായ രാഷ്ട്രീയമാണ് വയനാട്ടിലും രാജ്യത്തുടനീളവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. 

വയനാട് രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റാണ്. മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വയനാട്ടില്‍ സി.പി.ഐ. നേരിടേണ്ടി വരിക ഇന്ത്യ മുന്നണിയുടെ മുഖമായ രാഹുല്‍ ഗാന്ധിയെ തന്നെയായിരിക്കും. രാഹുല്‍ ഉത്തരേന്ത്യക്ക് പകരം കേരളത്തില്‍ മത്സരിക്കുന്നതിനെ ഇടതുപക്ഷം നേരത്തെ വിമര്‍ശിച്ചിരുന്നു. രാഹുലുമായുള്ള മത്സരത്തെ ഏത് രീതിയിലാണ് നോക്കിക്കാണുന്നത്?

ആ രീതിയില്‍ നോക്കിയാല്‍ വയനാട്ടില്‍ മാത്രമല്ല, സി.പി.ഐ മത്സരിക്കുന്ന എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് എതിരാളികള്‍. അവരെല്ലാം തന്നെ ഇന്ത്യ മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുമാണ്. എതിരാളികള്‍ ആരാണ് എന്നതിനപ്പുറത്തേക്ക് ഈ തിരഞ്ഞെടുപ്പിനുള്ള പ്രസക്തിയെ കുറിച്ച് ഞാന്‍ സൂചിപ്പിച്ച് കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ ജനപക്ഷ രാഷ്ട്രീയത്തിന് ജനങ്ങളുടെ അംഗീകാരം നേടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങളുടെ പങ്ക് വഹിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം അവരാണ് തീരുമാനിക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന സങ്കുചിതമായ രാഷ്ട്രീയമാണോ അതോ ഈ രാജ്യത്തെ വര്‍ഗീയതയില്‍നിന്ന് രക്ഷിക്കുന്നതിന് ഇന്ത്യയുടെ ഭരണഘടനയെയും പാര്‍ലമെന്ററി ജനാധിപത്യത്തിനെയും രാഷ്ട്രീയമാണോ വലുത് എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. കേവലം തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള രാഷ്ട്രീയ സംവിധാനമായല്ല സി.പി.ഐ ഇന്ത്യ മുന്നണിയെ കാണുന്നത്.

പാര്‍ലമെന്റില്‍ ഉള്‍പ്പടെ 50 ശതമാനം വനിത സംവരണം നടപ്പിലാക്കണമെന്ന് മഹിള ഫെഡറേഷന്‍ ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി സമീപകാലത്ത് നടപ്പിലാക്കിയ സംവരണ ബില്ലിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യം ഇന്ത്യയിലാണെന്ന് അഭിമാനിക്കുന്നവരാണ് നമ്മള്‍. മദര്‍ ഓഫ് ഡെമോക്രസി എന്നാണ് പ്രധാനമന്ത്രിയൊക്കെ പറയാറുള്ളത്. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന്റെ പടിവാതിലുകള്‍ സ്ത്രീകള്‍ക്ക് നേരെ കൊട്ടിയടച്ചുകൊണ്ടാണ്, സ്ത്രീകളെ പുറത്ത് നിര്‍ത്തിക്കൊണ്ടാണ് ഇത്രയും കാലവും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യം ഭരിച്ചത്. രാജ്യത്തെ ജനസംഖ്യയുടെ അമ്പത് ശതമാനം വരുന്ന സ്ത്രീകളുടെ അഭിപ്രായം മതിയായ രീതിയില്‍ കേള്‍ക്കുക പോലും ചെയ്യാതെയാണ് ഈ നിയമങ്ങളെല്ലാം നിര്‍മ്മിക്കപ്പെട്ടത്. അതുകൊണ്ടാണ് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ അമ്പത് ശതമാനം സ്ത്രീ സംവരണം വേണമെന്ന ആവശ്യം ദേശീയ മഹിള ഫെഡറേഷന്‍ ഉള്‍പ്പടെ ഉയര്‍ത്തിയത്.

placeholder
Photo: PTI

2021-ല്‍ മഹിള ഫെഡറേഷന്‍ സുപ്രീം കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്തിരുന്നു. വനിത ബില്ല് നടപ്പിലാക്കും എന്ന് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും (സി.പി.ഐ. ഉള്‍പ്പടെ) ഈ റിട്ടില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ സി.പി.ഐ. ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കോടതി അയച്ച നോട്ടീസിനോട് പ്രതികരിച്ചില്ല. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ സുപ്രീം കോടതി അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ഈ കേസ് ഹിയറിങ്ങ് നടക്കുന്ന അന്ന് വൈകിട്ടാണ് ഈ ബില്ലിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ആദ്യമായുണ്ടാവുന്നത്. എന്നാല്‍ മനുവാദിയായ നരേന്ദ്ര മോദി സ്ത്രീ സമത്വത്തില്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വികലമായ ഈ ബില്ല്. സെന്‍സസും ഡീലിമിറ്റേഷനും എല്ലാം പറഞ്ഞ് സമീപഭാവിയിലൊന്നും ഈ നിയമം പാസാവാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും അവരെടുത്തിട്ടുണ്ട്. നരേന്ദ്ര മോദി ഉയര്‍ത്തുന്ന സ്ത്രീപക്ഷ വികസനം പൊള്ളത്തരമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus