ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പഞ്ചാബിലെ പ്രധാന പാര്‍ട്ടിയായ ശിരോമണി അകാലിദളിന്റെ പ്രസിഡന്റ് സുഖ്ബിര്‍ സിങ് ബാദല്‍. ഭരണമാറ്റം വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ നിലപാടുകള്‍ക്ക് പ്രാദേശിക പാര്‍ട്ടികളെ ദേശീയ പാര്‍ട്ടികള്‍ മാതൃകയാക്കണമെന്നും 'മാതൃഭൂമി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞതവണ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായിരുന്ന അകാലിദള്‍, കര്‍ഷക സമരത്തിന്റെ വേളയില്‍ എന്‍.ഡി.എ. സഖ്യം വിട്ടിരുന്നു. രണ്ട് പതിറ്റാണ്ടിനു ശേഷം ആദ്യമായി ബി.ജെ.പി. സഖ്യമില്ലാതെ ഒറ്റയ്ക്കായിരുന്നു ഇത്തവണ അകാലിദള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും. ദേശീയ തലത്തിലെയും പഞ്ചാബിലെയും രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് സുഖ്ബിര്‍ സിങ് ബാദല്‍ സംസാരിക്കുന്നു...

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. എങ്ങനെയാണ് ദേശീയ രാഷ്ട്രീയത്തെ വിലയിരുത്തുന്നത്?

To advertise here,

ബി.ജെ.പി. എന്തായാലും അധികാരത്തില്‍ തിരിച്ചെത്താന്‍ പോകുന്നില്ല. ഇന്ത്യ പ്രതിപക്ഷ സഖ്യത്തിനും അധികാരം പിടിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്ന് തോന്നുന്നില്ല. രാജ്യത്താകെ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഭരണത്തില്‍ മാറ്റം വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.

ഇത്തവണ സഖ്യമില്ലാതെ എല്ലാ സീറ്റിലും അകാലിദള്‍ മത്സരിക്കുന്നുണ്ട്. എന്താണ് പഞ്ചാബിലെ സ്ഥിതി? എങ്ങനെയാണ് വിജയസാധ്യത?

അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിലല്ല, പ്രവര്‍ത്തിച്ചു കാണിക്കുന്നതിലാണ് കാര്യം. പഞ്ചാബിന് വേണ്ടി മികച്ച ഭരണവും വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളത് അകാലിദളാണ്. ആ മാതൃക പഞ്ചാബിലെ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. പാര്‍ട്ടി മികച്ച വിജയംതന്നെ നേടും.

ഇന്ത്യ സഖ്യത്തെ എങ്ങനെയാണ് കാണുന്നത്? പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമില്ലാതെയാണല്ലോ മത്സരിക്കുന്നത്?

പഞ്ചാബിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. അവരെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. സ്വാര്‍ത്ഥ താല്പര്യത്തിനായുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അവര്‍ തിരിച്ചറിയും.

പഞ്ചാബിന്റെ അതിര്‍ത്തികളില്‍ ഇപ്പോഴും കര്‍ഷക സമരം തുടരുകയാണ്. എന്താണ് അകാലിദളിന്റെ നിലപാട്?

അകാലിദള്‍ കര്‍ഷകരുടെ പാര്‍ട്ടിയാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നും നിലപാട് എടുത്തിട്ടുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. 2020-ല്‍ കര്‍ഷക സമരത്തിന്റെ പേരിലാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ രാജിവെച്ചത്. എന്‍.ഡി.എ. സഖ്യത്തില്‍ നിന്ന് വിട്ടുപോന്നത് അക്കാരണത്താല്‍തന്നെ. ഡല്‍ഹിയിലെ സമരം തീര്‍ത്തപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ കേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്രമോദിയും തയ്യാറാകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

ബി.ജെ.പിയുമായി രണ്ടു പതിറ്റാണ്ടായി സഖ്യമുണ്ടായിരുന്നു. ഇത്തവണ സഖ്യത്തിനായി ബി.ജെ.പി. സമീപിച്ചിരുന്നില്ലേ. എന്തുകൊണ്ടാണ് അതു നടക്കാതിരുന്നത്?

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ കര്‍ഷക വിഷയത്തിലാണ് സഖ്യം പിരിഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പും ബി.ജെ.പി. ഞങ്ങളെ സമീപിച്ചിരുന്നു. പഞ്ചാബിന്റെയും കര്‍ഷകരുടെയും ദീര്‍ഘകാലമായുള്ള ചില ആവശ്യങ്ങള്‍ ഇപ്പോഴും പാലിക്കാതെയുണ്ട്. അക്കാര്യത്തില്‍ തീരുമാനം വേണമെന്ന് അവരോട് പറഞ്ഞു. താങ്ങുവില അടക്കമുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സിഖ് തടവുകാരുടെ മോചനം, പഞ്ചാബിന്റെ ജലത്തര്‍ക്കത്തില്‍ ശാശ്വത പരിഹാരം തുടങ്ങിയവ ഉദാഹരണം. പഞ്ചാബികളുടെ ആറോളം ന്യായമായ ആവശ്യങ്ങളാണ് ഞങ്ങള്‍ മുന്നോട്ടു വെച്ചത്. പഞ്ചാബിന്റെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാത്തവരോടൊപ്പം ഞങ്ങള്‍ ചേരാത്തത് സ്വാഭാവികമാണ്. സഖ്യത്തിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്.

എ.എ.പിയും കോണ്‍ഗ്രസും ബി.ജെ.പിയും ദേശീയ പാര്‍ട്ടികളാണ്. അകാലിദള്‍ പഞ്ചാബ് മാത്രം കേന്ദ്രീകരിച്ചുള്ള പാര്‍ട്ടിയും?

പഞ്ചാബിനു വേണ്ടി ശബ്ദിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഏക പ്രാദേശിക പാര്‍ട്ടിയാണ് ഞങ്ങളുടേത്. ബാക്കിയെല്ലാം ദേശീയ പാര്‍ട്ടികളാണ്. ഡല്‍ഹിയുടെ ഉത്തരവിനനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി തീരുമാനമെടുക്കാന്‍ അവര്‍ക്കാകില്ല. സംസ്ഥാനത്തിന്റെ കാര്യത്തില്‍ അവര്‍ക്കൊരു താല്പര്യവുമില്ല.

വിഭാഗീയതയും വര്‍ഗീയതയും പറഞ്ഞാണ് ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയം നടക്കുന്നത്. എന്നാല്‍ താഴെത്തട്ടിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു നിലപാടെടുക്കുന്നവരാണ് പ്രാദേശിക പാര്‍ട്ടികള്‍. അവരെ കണ്ടുപഠിക്കുകയാണ് ദേശീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്.

കഴിഞ്ഞതവണ അങ്ങ് എം.പിയായിരുന്നു. എന്നാല്‍ ഇത്തവണ മത്സരിക്കുന്നില്ല. എന്തുകൊണ്ടാണ് പിന്‍മാറ്റം?

ഞാന്‍ പാര്‍ലമെന്റിനു പറ്റിയ ആളല്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ആയിരിക്കാനാണ് എനിക്കിഷ്ടം. പാര്‍ലമെന്റിലേക്ക് പാര്‍ട്ടിയുടെ മറ്റാളുകള്‍ മത്സരിക്കുന്നുണ്ട്. എന്റെ ഭാര്യ ഹര്‍സിമ്രത് കൗര്‍ ഭട്ടിന്‍ഡയില്‍ മത്സരിച്ചു.

മാത്രമല്ല, എനിക്ക് പാര്‍ട്ടിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുമുണ്ട്. മുമ്പ് അത്തരം കാര്യങ്ങള്‍ നോക്കിയിരുന്ന പിതാവ് പ്രകാശ് സിങ് ബാദല്‍ ഇപ്പോള്‍ നമുക്കൊപ്പമില്ല. പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഉത്തരവാദിത്വം കൂടുതലുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വരുന്നു. കേന്ദ്രത്തിലെ പുതിയ സര്‍ക്കാരിന്റെ ഭാഗമാകുമോ?

ഭാവിയില്‍ എന്തുനടക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. അടുത്ത നിമിഷത്തില്‍ എന്താകുമെന്ന് നമുക്കറിയില്ലല്ലോ. എങ്കിലും പറയാം, ഞങ്ങള്‍ പഞ്ചാബികള്‍ക്ക് വേണ്ടിയാണ് പോരാടുന്നത്. അത് ഇനിയും കൂടുതല്‍ ശക്തിയായി തുടരുമെന്ന് ഉറപ്പുനല്‍കാം. ഭാവി തീരുമാനം എന്തുതന്നെയായാലും അത് സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് മാത്രമായിരിക്കും.