
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് വയനാട്. ആകെ നടന്നത് മൂന്ന് തിരഞ്ഞെടുപ്പുകള്‍ മാത്രം. എന്നാല്‍ 2019-ഓടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമായി വയനാട് മാറി. കോണ്‍ഗ്രസ് നേതാവും ആ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖവുമായിരുന്ന രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വമായിരുന്നു അതിന് കാരണം. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തലത്തിലേക്ക് വയനാട് ലോക്‌സഭ മണ്ഡലവും അവിടുത്തെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും മാറി. ഇത്തവണ രാഹുല്‍ തന്നെ മത്സരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സിറ്റിങ് മണ്ഡലമെന്ന രീതിയില്‍ രാജ്യം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലം തന്നെയാണ് വയനാട്.
ദുരിതക്കയത്തിലെ വയനാടന്‍ ജീവിതങ്ങള്‍
സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വലിയൊരു വിഭാഗം പ്രദേശങ്ങളുമുള്ളത്. അത്രതന്നെ ഉയരത്തില്‍ തന്നെയാണ് വയനാട്ടുകാരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുള്ളത്. ചുരം കയറിയിറങ്ങി അയല്‍നാടുകളില്‍ അഭയം തേടിയാണ് ഇന്നുമീ നാട് ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി തേടുന്നത്. വന്യമൃഗങ്ങളുമായുള്ള സംഘര്‍ഷവും കാര്‍ഷിക പ്രതിസന്ധികളും വികസനരാഹിത്യവും പറഞ്ഞുമടുത്ത പരാതികളാണ് ഈ ജനതയ്ക്ക്. ഓരോ തിരഞ്ഞെടുപ്പുകളിലും ഈ ദുരിതജീവിതത്തില്‍ നിന്നുള്ള നിന്നുള്ള മോചനം എന്ന സ്വപ്‌നവും പേറിയാണ് അവര്‍ പോളിങ് ബൂത്തുകളില്‍ എത്താറുള്ളത്. ജീവിതം അല്ലെങ്കില്‍ മരണം എന്ന രീതിയില്‍ കഴുത്തിന് മുകളിലുള്ള വാളായി നില്‍ക്കുന്ന വന്യജീവി സംഘര്‍ഷങ്ങള്‍, എന്നും കുരുക്കിലകപ്പെട്ടുകിടക്കുന്ന ചുരത്തിനൊരു ബദല്‍പ്പാത, അടിയന്തര ചികിത്സാ സൗകര്യങ്ങള്‍, കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം അങ്ങനെ ഓരോന്നിനും തിരഞ്ഞെടുപ്പുകളില്‍ വയനാട്ടുകാര്‍ പരിഹാരം ആഗ്രഹിക്കും. പലപ്രശ്‌നങ്ങളും ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിച്ചെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ പലതും പദ്ധതികളായിത്തന്നെ തുടരുകയാണ്. പച്ചപ്പുനിറഞ്ഞ മലനിരകള്‍ സഞ്ചാരികള്‍ക്ക് വിരുന്നൂട്ടുന്നുണ്ടെങ്കിലും അതിനുള്ളിലെ ജീവിതങ്ങള്‍ നാള്‍ക്കുനാള്‍ ദുരിതക്കയത്തിലേക്ക് നീങ്ങുകയാണ്.

ഈ സാഹചര്യങ്ങള്‍ അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ് വയനാട് ഈ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ജീവന്‍കൂടി വയനാട്ടില്‍ പൊലിഞ്ഞിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു. ഈ വര്‍ഷം വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഒന്‍പതാമത്തെയാളായിരുന്നു കുറുവാദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ വെള്ളച്ചാലില്‍ പോള്‍. ബേലൂര്‍ മഖ്നയെന്ന മോഴയാനയുടെ ചവിട്ടേറ്റ് കര്‍ഷകന്‍ അജീഷ് കൊല്ലപ്പെട്ടിട്ട് കൃത്യം ഒരാഴ്ച തികയുന്ന ദിവസമാണ് പോളും കൊല്ലപ്പെട്ടത്. ദുരന്തങ്ങള്‍ ഇങ്ങനെ ആവര്‍ത്തിക്കുമ്പോഴും പരിഹാരം എന്തെന്ന് പോലുമറിയാതെ പകച്ചുനില്‍ക്കുകയാണ് വയനാട്ടുകാര്‍. വയനാടിന്റെ നാലുഭാഗവും കാടുണ്ട്. വനവും തോട്ടങ്ങളുമെല്ലാം ഇടകലര്‍ന്നുകിടക്കുന്ന ഭൂമികയാണത്. ബന്ദിപ്പുര്‍, മുതുമല, നാഗര്‍ഹോളെ, കൊട്ടിയൂര്‍, ആറളം വന്യജീവിസങ്കേതങ്ങളോടെല്ലാം അതിര്‍ത്തിപങ്കിടുന്നു. സംസ്ഥാനാതിര്‍ത്തി കടന്നും വന്യമൃഗങ്ങള്‍ വയനാട്ടിലെത്തുന്നുണ്ട്. ജില്ലയിലെ 26 തദ്ദേശസ്ഥാപന മേഖലകളില്‍ ഇരുപതിടത്തും വന്യമൃഗശല്യമുണ്ട്. കാടില്ലാത്തിടത്തുപോലും വന്യമൃഗങ്ങളാല്‍ മനുഷ്യന്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. മുപ്പതുവര്‍ഷംകൊണ്ട് 115 പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചതായാണ് കണക്ക്. ഈ സ്ഥിതി ഓരോ നാള്‍ കഴിയുമ്പോഴും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒരു ചെറുത്തുനില്‍പ്പിനുപോലും സാധ്യതയില്ലാതെ വയനാട്ടിലെ മനുഷ്യജീവനുകള്‍ ഇല്ലാതാവുകയാണ്. വനാതിര്‍ത്തിഗ്രാമങ്ങളിലെ എത്രയോ മനുഷ്യര്‍ ഈവിധം നിസ്സഹായരായി ദാരുണമരണത്തിന് കീഴ്പ്പെടുന്ന അവസ്ഥ. വന്യമൃഗ പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരത്തില്‍ കുറഞ്ഞതൊന്നും വയനാടന്‍ ജനത ആഗ്രഹിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയവും അതുതന്നെയാണ്.
'കൈ' വിടാത്ത മണ്ഡലം
വയനാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് ജില്ലകളിലായി പരന്നുകിടക്കുകയാണ് വയനാട് ലോക്‌സഭാ മണ്ഡലം. വയനാട് ജില്ലയിലെ കല്‍പറ്റ, മാനന്തവാടി, ബത്തേരി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. മണ്ഡലം നിലവില്‍വന്ന 2009-ല്‍ എം.ഐ. ഷാനവാസിന് 1,53,439 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം നല്‍കിയാണ് വയനാട് കേരളത്തെ അമ്പരപ്പിച്ചത്. അത്തവണ എന്‍.സി.പി സ്ഥാനാര്‍ഥിയായെത്തിയ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ 99,663 വോട്ട് നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കൂടിയായിരുന്നു ഷാനവാസിന്റെ ഈ ജയം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യു.ഡി.എഫ്. ശക്തികേന്ദ്രങ്ങള്‍ കോര്‍ത്തുണ്ടാക്കിയ മണ്ഡലത്തിന് അതോടെ അവരുടെ ഉറച്ചകോട്ടയെന്ന വിശേഷണം അടിവരയായി. എന്നാല്‍, അതിലേറെ അമ്പരപ്പാണ് 2014-ലെ ഫലം സമ്മാനിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നായി പതിനാറ് സ്ഥാനാര്‍ത്ഥികളാണ് അക്കുറി മത്സരിച്ചത്. ഇക്കുറി എളുപ്പമാവുമെന്നുറിപ്പിച്ചിറങ്ങിയ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞു. ഇപ്പോഴത്തെ ഇടത് എം.എല്‍.എയായ പി.വി അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തി 37,123 വോട്ട് നേടി. സി.പി.ഐയുടെ ചരിത്രത്തിലെ കരുത്തനായ സ്ഥാനാര്‍ഥി സത്യന്‍ മകേരി ശക്തമായ മത്സരം കാഴ്ചവെച്ച് പിന്‍വാങ്ങി. അപ്പോഴും ഏത് ഘട്ടത്തിലും കോണ്‍ഗ്രസിനെ കൈവിടില്ലെന്ന ചരിത്രം വയനാട് തിരുത്തിയില്ല. 41.20 ശതമാനം വോട്ടാണ് അക്കുറി ഷാനവാസ് നേടിയത്.

വോട്ടുനില 2014
| സ്ഥാനാര്‍ഥി | വോട്ട് |
|---|---|
| എം.ഐ. ഷാനവാസ് (കോണ്‍) | 3,77,035 |
| സത്യന്‍ മൊകേരി (സി.പി.ഐ.) | 3,56,165 |
| പി.ആര്‍. രശ്മില്‍നാഥ് (ബി.ജെ.പി.) | 80,752 |
| പി.വി അന്‍വര്‍ (സ്വതന്ത്രൻ) | 37,123 |
ഭൂരിപക്ഷം- 20,870
രാഹുലിന്റെ വരവ്

അപ്രതീക്ഷിതമായിരുന്നു ആ സ്ഥാനാര്‍ഥിത്വം. വിദൂര സാധ്യതയായി പോലും തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പ്രവചിക്കാതിരുന്ന നീക്കം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അന്നത്തെ സാഹചര്യത്തില്‍ അമേഠി അത്ര സുരക്ഷിതമല്ലെന്ന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തിരിച്ചറിവായിരുന്നു പിന്നില്‍. ദക്ഷിണേന്ത്യയില്‍ പരിഗണിച്ച മണ്ഡലങ്ങളില്‍ മുന്നില്‍ തന്നെയായിരുന്നു വയനാട്. സംസ്ഥാന നേതൃത്വം രാഹുലിനെ ആവേശത്തോടെ സ്വാഗതം ചെയ്തതോടെ പ്രഖ്യാപനവും വന്നു. ആ സ്ഥാനാര്‍ഥിത്വം 2019 ലോകസഭ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിച്ച ഘടകവുമായി മാറി.
ദേശീയ രാഷ്ട്രീയം ഒന്നാകെ വയനാട് എന്ന മണ്ഡലത്തിലേക്ക് ഉറ്റുനോക്കി. 2014ലെ തിരഞ്ഞെടുപ്പില്‍ 20870 ആയിരുന്ന ഭൂരിപക്ഷം അത്തവണ നാലുലക്ഷം കവിഞ്ഞു. മണ്ഡലത്തിലെ ഏഴ് ലക്ഷത്തില്‍പ്പരം വോട്ടുകളാണ് രാഹുലിന്റെ അക്കൗണ്ടില്‍ വീണത്. ഇടതുമുന്നണി ശക്തമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സി.പി.ഐ സ്ഥാനാര്‍ഥിയായിരുന്ന പി.പി സുനീറിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചതില്‍നിന്ന് ഒരുലക്ഷത്തോളം വോട്ടുകള്‍ കുറഞ്ഞു. ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ ഒരിടത്തുപോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭൂരിപക്ഷം നേടിയ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലുള്‍പ്പടെ യു.ഡി.എഫിന്റെ വ്യക്തമായ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്. എല്ലാ നിയമസഭാ മണ്ഡലത്തിലും 50,000-ത്തിലേറെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് വിജയിച്ചുകയറിയത്. മൂന്നാമതെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒരു ചലനവും സൃഷ്ടിക്കാനായില്ല.

വോട്ടുനില 2019
| സ്ഥാനാര്‍ഥി | വോട്ട് |
| രാഹുല്‍ ഗാന്ധി (യു.ഡി.എഫ്) | 706367 |
| പി.പി സുനീര്‍ ( എൽ.ഡി.എഫ്) | 274597 |
| തുഷാര്‍ വെള്ളാപ്പള്ളി (എൻ.ഡി.എ) | 78816 |

മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ശതമാനവും യു.ഡി.എഫിന്റെ വോട്ട് ഷെയര്‍ കൂടുന്നതിന് കാരണമായി. 2014-ല്‍ 73 ആയിരുന്ന പോളിങ് ശതമാനം 2019ല്‍ 80-നും മുകളിലേക്കുയര്‍ന്നു. മണ്ഡലത്തിലെ ആകെയുള്ള 1325788 വോട്ടര്‍മാരില്‍ 670002 പേര്‍ സ്ത്രീകളായിരുന്നു. സ്ത്രീ വോട്ടുകള്‍ക്കൊപ്പം ചുരത്തിനു താഴെയുള്ള നാല് നിയോജക മണ്ഡലങ്ങളിലെ ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി.
നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് നേടിയ ഭൂരിപക്ഷം
| മാനന്തവാടി | 54631 |
| സുല്‍ത്താന്‍ ബത്തേരി | 70465 |
| കല്‍പ്പറ്റ | 63754 |
| തിരുവമ്പാടി | 54471 |
| ഏറനാട് | 56527 |
| നിലമ്പൂര്‍ | 61660 |
| വണ്ടൂര്‍ | 69555 |

രാഹുല്‍ വീണ്ടുമെത്തുമ്പോള്‍
ഇത്തവണയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ ജനവിധി തേടുമെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ഏതാണ്ട് സ്ഥിരീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായി വയനാട് തുടരുമ്പോഴും 2019 പോലെ ആഘോഷമാക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ധൈര്യം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടാകില്ല. ഔദ്യോഗിക പ്രഖ്യാനങ്ങളില്ലായിരുന്നുവെങ്കിലും അന്നത്തെ യു.പി.എ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി തന്നെയായിരുന്നു രാഹുല്‍. ഇന്ന് ഇന്ത്യ മുന്നണിയുടെ നായകനും രാഹുല്‍ തന്നെയാണെങ്കിലും അത്തരം അവകാശവാദങ്ങള്‍ ഉയര്‍ത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിരുകയില്ല. വയനാടന്‍ ജനതയും എല്ലാം മറന്നൊരു തിരഞ്ഞെടുപ്പ് ഉത്സവത്തിലേക്കിറങ്ങാനുള്ള മാനസികാവസ്ഥയിലല്ല. നിരന്തരമെന്നോണമുള്ള വന്യജീവി സംഘര്‍ഷങ്ങളിലെ ആളപായങ്ങളില്‍ നീറിപ്പുകയുകയാണ് വയനാട്. ഏറ്റവും അടിസ്ഥാനപരമായൊരു ജീവല്‍പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരം കാണാനാകാത്തത് ഈ തിരഞ്ഞെടുപ്പിനെ നല്ല രീതിയില്‍ സ്വാധീനിക്കുക തന്നെ ചെയ്യും.
എങ്കിലും രാഹുലിന്റെ കരിസ്മയില്‍ തന്നെയാണ് യു.ഡി.എഫ് ക്യാമ്പിന്റെ പ്രചാരണങ്ങള്‍ കേന്ദ്രീകരിക്കുക. ജോഡോ യാത്രയുടെ ആവേശം വോട്ടാവുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രചാരണങ്ങളും കളംനിറയും. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ അനുകൂലമാവുമെന്നും ന്യൂനപക്ഷവോട്ടുകള്‍ കൈവിടില്ലെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി 2019 ല്‍ രാഹുല്‍ നേടിയ നാലുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണെന്നതാണ് മറ്റൊരു യഥാര്‍ഥ്യം. അതില്‍ കുറയുന്ന ഓരോ വോട്ടിനും ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് കണക്കുപറയേണ്ടി വരും.

ദേശീയ പോരാട്ടമൊരുക്കാന്‍ ഇടതുപക്ഷവും
സി.പി.ഐയുടെ ദേശീയ മുഖവും മലയാളിയുമായ ആനി രാജയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായ ആനി രാജ തന്നെയാണ് രാഹുലിന് യോജിച്ച സ്ഥാനാര്‍ഥിയെന്ന് സി.പി.ഐ കണക്കുകൂട്ടുന്നു.ഇന്ത്യ മുന്നണിയിലുള്‍പ്പടെ, രാഹുല്‍ മത്സരിക്കേണ്ടത് തങ്ങള്‍ക്കെതിരെയല്ല ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് എതിരെയാണെന്ന വാദമാണ് ഇടതുപക്ഷമുയര്‍ത്തിയിരുന്നത്. ഡല്‍ഹിയിലെ ഇന്ത്യ മുന്നണി പരിപാടികളിലെ സജീവ സാന്നിധ്യമായ ആനി രാജ എതിരാളിയായി എത്തുമ്പോള്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യാനുള്ള നീക്കമാണ് എല്‍.ഡി.എഫ് നടത്തുന്നത്. സി.പി.എമ്മിനെക്കാള്‍ സജീവമായി ഇന്ത്യ മുന്നണിയിലുള്ളത് സി.പി.ഐ ആണെന്നതും ഓര്‍ക്കണം.
രാജ്യത്തെ വനിതാ മുന്നേറ്റ വേദികളിലെ സജീവ സാന്നിധ്യം കൂടിയായ ആനി രാജയുടെ സ്ഥാനാര്‍ഥിത്വം സ്ത്രീ വോട്ടുകളെയും ആകര്‍ഷിക്കുമെന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നു. വന്യജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കുള്ള രോഷത്തിന് മറുപടി പറയലാണ് ഇടത് ക്യാമ്പിനുള്ള പ്രധാന വെല്ലുവിളി. ഈ വിഷയത്തിലുള്‍പ്പടെ സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കും മറുപടി പറയേണ്ടി വരും.

വല്ലപ്പോഴും മാത്രം മണ്ഡലത്തിലെത്തുന്ന എം.പി എന്നത് ഉയര്‍ത്തിക്കാട്ടി രാഹുലിനെതിരെ പ്രചാരണം കേന്ദ്രീകരിക്കാനാവും എല്‍.ഡി.എഫ് ശ്രമിക്കുക. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും രാത്രികാല ഗതാഗത നിരോധനം പരിഹരിക്കാന്‍ സാധിക്കാത്തതും പ്രചാരണ വിഷയമാക്കും. ചുരം ഗതാഗത പ്രതിസന്ധി പരിഹരിക്കാനുള്ള തുരങ്കപാതയായിരിക്കും എല്‍.ഡി.എഫിന്റെ പ്രചാരണത്തിലെ മറ്റൊരു വിഷയം. രാജ്യം ഉറ്റുനോക്കുന്ന മണ്ഡലത്തിലേക്ക് എന്‍.ഡി.എ ആരെ സ്ഥാനാര്‍ഥിയാക്കുമെന്നതും കാത്തിരുന്ന് കാണണം. വിജയപ്രതീക്ഷകള്‍ക്കപ്പുറത്ത് ഒരു ലക്ഷം വോട്ടുപിടിക്കുക എന്നതായിരിക്കും എന്‍.ഡി.എയുടെ ലക്ഷ്യം.
Content Highlights: wayanad parliament constituency rahul gandhi annie raja
Published: 23 Feb 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented