കൊച്ചി: ഇന്നലെയുടെ നേതൃതാരങ്ങളാണ് ചുമരിൽ. കാലത്തിന്റെ കുത്തൊഴുക്കിൽ കടപുഴകിയവരും കൊടി പറത്തിയവരും. അതിനിടയിൽ ഒഴിഞ്ഞ വയറുമായി പരീക്ഷണ ഭാരതീയന്റെ മുഖം. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ചരിത്രത്തിന്റെ വലിയ ഓർമ്മപ്പെടുത്തലായി കാർട്ടൂണുകളുടെ നീണ്ടനിര. എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിലെ ഗാലറികളിലാണ് വിഖ്യാത കാർട്ടൂണിസ്റ്റ് അബു എബ്രഹാമിവ്റെ 200-ലേറെ വരകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. 

To advertise here,

കാർട്ടൂണിസ്റ്റായ ജേർണലിസ്റ്റ്

മുംബൈയിൽ പത്രപ്രവർത്തകനായിട്ടായിരുന്നു അബുവിന്റെ തുടക്കം. ഡൽഹിയിലെ പ്രശസ്തമായ ശങ്കേഴ്സ് വീക്കിയിലെത്തിയതോടെ വിശാലമായി. ഇംഗ്ലണ്ടിൽ ഒബ്സർവ്വറിലും ഗാർഡിയനിലും സ്റ്റാഫ് കാർട്ടൂണിസ്റ്റായി. പിന്നെ ഇന്ത്യൻ എക്സ്പ്രസിലും ജോലി ചെയ്തു. തുടർന്ന് ഫ്രീലാൻസായി വര തുടർന്നു. രാഷ്ട്രീയത്തിന്റെ കയറ്റിറക്കങ്ങളും കാലുഷ്യവുമെല്ലാം നിറഞ്ഞ ഒരു നീണ്ട കാലഘട്ടം അങ്ങനെ പല ക്ലാസിക് കാർട്ടൂണുകൾക്കും അരങ്ങൊരുക്കി. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അബു പിൽക്കാലത്ത് അടിയന്തിരാവസ്ഥാ നാളുകളിൽ വരച്ച രചന സമഗ്രാധിപത്യത്തിനെതിരെയുള്ള മൂർച്ചയുള്ള കാർട്ടൂണായി മാറി.

സ്വാതന്ത്ര്യത്തിൽ നിന്ന് ഇന്ത്യ നടന്നെത്തിയ ദൂരം എത്രയെന്ന് ഈ കാർട്ടൂണുകൾ പറയും. ചാന്ദ്രയാത്രയും സ്പുട്നിക്കും മിസൈൽ പദ്ധതിയും ചർച്ചചെയ്യുന്ന പ്രതാപികളായ ലോക നേതാക്കളുടെ മുറിയിലേക്ക് വാതിൽ തുറന്നെത്തുന്ന വിഷണ്ണനായ അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു  ഒരു കാർട്ടൂണിലുണ്ട്. നെഹ്റുവിന്റെ കയ്യിലുള്ളത് ഇന്ത്യക്കാരുടെ വിശപ്പു മാറ്റുന്നതിനുള്ള  ഒരു പദ്ധതിയുടെ കടലാസാണ്. ഇന്ദിര,മെറാർജി, നിജലിംഗപ്പ... അങ്ങനെ നീണ്ട നിര.

ഒഴിവുകാല യാത്രകളിൽപ്പോലും സ്കെച്ച് ബുക്ക് അബുവിനൊപ്പമുണ്ടായിരുന്നു. ഹരിയാനയിലെ ഗ്രാമങ്ങളിലും സ്വദേശമായ മാവേലിക്കരയിലെ ചന്തയിലും ഡൽഹിയിലെ തെരുവുകളിലും വര നിർബാധം തുടർന്നു. എ.ഐ.സി.സി. സമ്മേളനങ്ങളിലെ അബുവിന്റെ തത്സമയ വരകളിൽ രാജ്യത്തിന്റെ തലവര മാറ്റിയ പലരുമുണ്ട്.  തലകുനിച്ചും ചിന്തിച്ചും ചാഞ്ഞിരിക്കുന്ന ഇന്ദിരാഗാന്ധിയുടെ പല പോസുകൾ, എ.ഐ.സി.സി. സമ്മേളന മുറിയിലെ ഉരുളൻ തലയണകളിൽ ചാഞ്ഞിരിക്കുന്ന മൊറാർജി ദേശായി, കാമരാജ്, ബ്രഹ്മാനന്ദ റെഡ്ഡി, നന്ദ, ജഗജീവൻ റാം,രാജ്യസഭയിൽ നിന്ന് ബിജു പട്നായക്, ത്രിപാഠി ത്യാഗി, ചന്ദ്രശേഖർ... പട്ടാളക്കുപ്പായത്തിൽ ചെഗുവരയും ഫിദൽ കാസ്ട്രോയുമുണ്ട്. അവർക്കിടയിലും പാമ്പാട്ടിയും വെള്ളം തേടി നടക്കുന്ന ഗ്രാമീണവനിതകളും വരകളിൽ ഇടംപിടിച്ചു.

ഇന്ദിരക്കാലം

കൊടി പിടിച്ചു നീങ്ങുന്ന ഇന്ദിരയാണ് 1979-ൽ വരച്ച കാർട്ടുണിലുള്ളത്. കൊടിയിൽ സോഷ്യലിസ്മ, സെക്കുലറിസ്മ,കരിസ്മ... എന്ന് എഴുതിയിട്ടുണ്ട്. താത്വികവിചാരങ്ങളും ഇന്ദിരയെന്ന വ്യക്തിപ്രഭാവവും നിറഞ്ഞ കാലത്തെ കുസൃതിയോടെ അടയാളപ്പെടുത്തുകയാണ് കാർട്ടൂണിസ്റ്റ്. പല താത്പര്യങ്ങളുള്ള പാർട്ടിയും നേതാക്കളും സംസ്ഥാനങ്ങളും തമ്മിലുള്ള ഉരസലുകൾ പല രചനകൾക്കും പ്രമേയമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പിളർപ്പിൽ തമ്മിൽത്തല്ലുന്നവരെ വൈരുധ്യാധിഷ്ടിത ഭൗതികവാദമുമായി ചേർത്തുവെക്കുന്നുണ്ട് ഒരു കാർട്ടൂണിൽ. അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് അനാഥാലയത്തിലേക്ക് എത്തുന്ന സി.പി.എമ്മിനെയാണ് മറ്റൊന്നിൽ ചിത്രീകരിച്ചിരിക്കുന്നത്.

ആ രണ്ടുപേർ

അബുവിന്റെ ‘പ്രൈവറ്റ് വ്യൂ’ എന്ന പംക്തിയിലെ രണ്ട് കഥാപാത്രങ്ങളായിരുന്നു ഉയരം കൂടിയ ഒരാളും കുറിയ തടിയുള്ള മറ്റൊരാളും. അവർ വരയിൽ പിറന്നതിനെ കുറിച്ച് ഒരിക്കൽ അബു എഴിതിയത് ഇങ്ങനെ. ‘അവർ എന്നെ കണ്ടെത്തിയത് എപ്പോഴാണെന്ന് കൃത്യമായി ഓർക്കുന്നില്ല. പക്ഷേ 1969-ലെ ബംഗളൂരു എ.ഐ.സി.സി. സമ്മേളനത്തിലായിരുന്നു ഞാൻ അവരുമായി പരിചയപ്പെടുന്നത്. അവർ ഏതു സംസ്ഥാനത്തു നിന്നാണെന്നോ ഏതു ജില്ലയിൽ നിന്നാണെന്നോ  ചോദിക്കണമെന്ന് എനിക്കു തോന്നിയില്ല. പ്രതിസന്ധിയുടെ ഒരു  വർഷമായിരുന്നു അത്. പാർട്ടിയെ രക്ഷിക്കാൻ രണ്ടു വലിയ നേതാക്കൾ ഉയർന്നുവരുന്നുവെന്ന് സഹജാവബോധത്താൽ എനിക്കറിയാമായിരുന്നു. ആ വേനൽക്കാലം മുതൽ ഓരോ എ.ഐ.സി.സി. യോഗത്തിലും ശ്രദ്ധേയമായ ആ പ്രതിഭാസം ഞാൻ കണ്ടു. കൂടുതൽ  കൂടുതൽ പ്രതിനിധികൾ ഈ രണ്ടു പേരുമായി സാമ്യമുള്ളവരായി മാറിത്തുടങ്ങിയിരുന്നു. പ്രകൃതിക്ക് കലയെ പകർത്താനുള്ള ഒരു രീതിയുണ്ട്. 'കാസ്റ്റ് യുവർ വോട്ട് ഹിയർ' എന്നതിനെ അബു ഒന്നു തിരിച്ചിട്ട് ‘വോട്ട് യുവർ കാസ്റ്റ് ഹിയർ’ എന്ന ക്ലാസിക് കാർട്ടൂൺ വരച്ചപ്പോൾ അതിനൊപ്പവുമുണ്ടായിരുന്നു ഈ രണ്ടു പേർ.

അബുവിന്റെ ലോകം

അബുവിന്റെ ശതാബ്ദി വർഷത്തിൽ കേരള ലളിതകലാ അക്കാദമി നടത്തുന്ന പ്രദർശനത്തിന്റെ തുടക്കമാണിത്. കൊച്ചിയിൽ ആരംഭിച്ച ഒരു മാസത്തെ പ്രദർശനത്തിനു ശേഷം വിവിധ നഗരങ്ങളിൽ  ഇതു നടക്കുമെന്ന് അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്തും സെക്രട്ടറി ബാലമുരളീകൃഷ്ണനും പറഞ്ഞു. അബുവിന്റെ മക്കളായ അയിഷയും ജാനകിയും ഏറെ താത്പര്യമെടുത്തു. കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി ക്യുറേറ്റ് ചെയ്തു. ഇത്രയോറെ ഒറിജിനൽ കാർട്ടൂണുകൾ പ്രദർശനത്തിലെത്തുന്നത് അപൂർവ്വമാണ്. വർത്തമാനകാല ഇന്ത്യയിൽ ഈ കാർട്ടൂണുകളെ അടുത്തറിയുന്നത് ജനങ്ങൾക്ക് പുതിയൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്.