
ന്യൂഡല്‍ഹി: നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് അവസാന ഘട്ടത്തിലെത്തി നില്‍ക്കെ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. ബി.ജെ.പി പ്രതിരോധത്തിലായ പല സമയത്തും പ്രതിപക്ഷം തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
അയോധ്യാ രാമക്ഷേത്ര നിര്‍മാണം ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു. വിഷയം പ്രധാന ചര്‍ച്ചയായപ്പോള്‍ ഇന്ത്യാ സഖ്യം ഒന്നും മിണ്ടാതെ കൈകെട്ടി നിന്നു. ഫെബ്രുവരിയില്‍ ഇത് സംബന്ധിച്ച് പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തുടക്കമിടുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നുവെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി. അപ്പോഴേക്കും ബി.ജെ.പി ഏറെ മുന്നോട്ടുപോയിരുന്നു.
പ്രധാനമന്ത്രി മുഖമെന്ന നിലയ്ക്ക് ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ ഇന്ത്യാ സഖ്യത്തിന് സാധിച്ചില്ല. ഇത് ബി.ജെ.പി പ്രധാന ആയുധമാക്കി. പ്രതിപക്ഷത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതെങ്കിലും ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. സഖ്യത്തിനുള്ളിലെ പാര്‍ട്ടികള്‍ പോലും പരസ്പരം പോരടിക്കുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്.
സഖ്യത്തിലെ നിര്‍ണായക പാര്‍ട്ടിയെന്ന് കരുതുന്ന മമത ബാനര്‍ജി പോലും മത്സരിക്കുന്നത് സ്വന്തമായിട്ടാണ്. കോണ്ഗ്രസുമായുണ്ടായുള്ള സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് തൃണമൂലിന് ഒറ്റയ്ക്ക് മത്സരിക്കേണ്ട അവസ്ഥ വന്നത്. ബി.ജെ.പി ആഗ്രഹിച്ച പോലെ വോട്ടുബാങ്കിലുള്ള വിള്ളലുണ്ടാക്കാന്‍ മാത്രമാണ് ഇതുകൊണ്ട് കഴിഞ്ഞതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. മോദിയും ബി.ജെ.പിയും അപരാജിതരല്ല. പക്ഷെ ഇന്ത്യാ സഖ്യം അവരെ പരാജയപ്പെടുത്താനുള്ള ആയുധമുപയോഗിക്കുന്നതില്‍ തോറ്റുപോയെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
2015, 2016 കാലത്തെ വിവിധ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അവസ്ഥ പരിതാപകരമായിരുന്നു. പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു. എന്നിട്ടുപോലും പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശരിയായ തന്ത്രങ്ങളുണ്ടാക്കാന് സാധിച്ചില്ല.
നോട്ട് നിരോധനത്തിന് ശേഷം ബി.ജെ.പിക്കും മോദിക്കുമെതിരേയുമുള്ള ജനവികാരം ശക്തമായിരുന്നു. 2017-ല്‍ ഗുജറാത്തില്‍ പോലും തോല്‍വിയുടെ വക്കിലെത്തി. പക്ഷെ ഉത്തര്‍പ്രദേശിലടക്കം ബി.ജെ.പിയുടെ വലിയ മുന്നേറ്റം കാണേണ്ടി വന്നു. ഇതിന് ശേഷം 2019 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. 52 സീറ്റ് മാത്രമാണ് നേടാനായതെന്നും പ്രശാന്ത് പറയുന്നു.
രാജ്യം കോവിഡിന്റെ പിടിയിലകപ്പെട്ടപ്പോള്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ പല തീരുമാനങ്ങളും വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെട്ടത്. പക്ഷെ ഇതൊന്നും ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നും പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു. ക്രിക്കറ്റ് കളിയില്‍ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ ഒരുപക്ഷെ ആ ബാറ്റര്‍ സെഞ്ച്വറിയടിച്ചേക്കാം. പ്രത്യേകിച്ചും ആയാള്‍ നല്ല ഒരു ബാറ്റര്‍ കൂടിയാവുമ്പോള്‍. സമാന അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
Content Highlights: election strategist prashanth kishore against india block
Published: 21 May 2024, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented