ഇംഫാൽ: കലാപം തകര്‍ത്ത മണിപ്പുരിലെ രണ്ട് സീറ്റുകളിലും കോൺ​ഗ്രസ് നേടിയ ഉജ്ജ്വല വിജയം നരേന്ദ്രമോദിക്കും ഭരണകക്ഷിയായ ബിജെപിക്കുമുള്ള ജനങ്ങളുടെ കൃത്യമായ സന്ദേശമാണെന്ന് വിലയിരുത്തല്‍. 2019-ൽ ബി.ജെ.പിയോടൊപ്പം നിന്ന ഒരു സീറ്റും ബി.ജെ.പി പിന്തുണയേകിയ എൻ.പി.എഫിന് ലഭിച്ച ഒരു സീറ്റും  ഇത്തവണ അവർ കൈവിട്ടു. ഒരു വർഷമായി കലാപകലുഷിതമായ അന്തരീക്ഷത്തിൽ തുടരുന്ന സംസ്ഥാനം ഒന്നു സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് ഫലം ചർച്ചയാകുന്നത്.

To advertise here,

അതേസമയം, പ്രതിപക്ഷത്ത് നിന്നുകൊണ്ട് രാഹുൽ നിരന്തരം മണിപ്പുർ വിഷയം ഉന്നയിച്ചു. പാർലമെന്റിൽ പ്രധാനമന്ത്രിക്കുനേരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിയും മണിപ്പുരിലെ തൗബാലായിരുന്നു. പ്രധാനമന്ത്രിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു മണിപ്പുരിന്റെ ജനവിധിയെ ജയറാം രമേശ് വിശേഷിപ്പിച്ചത്. 

വലിയ ഭൂരിപക്ഷത്തിനാണ് കോൺ​ഗ്രസ് സ്ഥാനാർഥികൾ ഇരുമണ്ഡലങ്ങളിൽ നിന്നും വിജയിച്ചുകയറിയത്. അന്തിമഫലം പരിശോധിക്കുമ്പോൾ ഇന്നര്‍ മണിപ്പുരില്‍ നിന്നും 109801വോട്ടുകളുടെ ഭൂരിപക്ഷത്തിനും ഔട്ടര്‍ മണിപ്പുരില്‍ നിന്ന് 85418 വോട്ടുകളുടെ ഭൂരിപക്ഷത്തിനും കോൺ​ഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. 2014-ല്‍ രണ്ട് സീറ്റും കോണ്‍ഗ്രസിനായിരുന്നെങ്കിലും 2019-ല്‍ പാര്‍ട്ടിക്ക് രണ്ടും നഷ്ടമായിരുന്നു. എന്‍ഡിഎ സഖ്യത്തിനായിരുന്നു ഇവിടെ വിജയം.

മെയ്ത്തി വിഭാ​ഗത്തിന് നിരുപാധികം പിന്തുണയുമായി തുടർന്ന ബി.ജെ.പി നേതൃത്വത്തെ ഇതേ വിഭാ​ഗം ഭൂരിപക്ഷമുള്ള ഇന്നർ മണിപ്പുരിലെ ഫലം ഞെട്ടിച്ചു. മെയ്ത്തികള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പുരില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. ഇന്നര്‍ മണിപ്പുരിലെ 10 ലക്ഷത്തോളം പേരില്‍ എട്ടുലക്ഷത്തിലധികം മെയ്ത്തികളാണ്.

നാഗകളും കുക്കികളും മെയ്ത്തികളും ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പുരില്‍ എന്‍.ഡി.എ.യ്ക്കുവേണ്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. ഔട്ടര്‍ മണിപ്പുരില്‍ 10 ലക്ഷം വോട്ടര്‍മാരില്‍ രണ്ടുലക്ഷം മെയ്ത്തികളാണ്. നാഗാ വിഭാഗത്തില്‍നിന്നായിരുന്നു രണ്ടുകൂട്ടരുടെയും സ്ഥാനാര്‍ഥി. 

കലാപം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായിട്ടും തകര്‍ക്കപ്പെട്ട മണിപ്പുരിജനതയുടെ പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഒന്നുംചെയ്യാന്‍ തയ്യാറാകാത്ത  മുഖ്യമന്ത്രി ബിരേന്‍ സിങ്ങും എന്‍ഡിഎ സര്‍ക്കാരും കടുത്ത ജനരോഷമാണ് നേരിടുന്നത്. 2023 മേയ് മാസം മൂന്നിനാണ് കുക്കി-മെയ്ത്തി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും വംശീയകലാപത്തിലേക്ക് വഴിമാറിയതും. ഇപ്പോഴും സംസ്ഥാനത്തെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല. 

മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച മണിപ്പുർ ഹൈക്കോടതി ഉത്തരവിനെത്തുടർന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ ഇതുവരെ 200-ലധികം പേർക്ക് ജീവൻ നഷ്ടമായി. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. പതിനായിരങ്ങളാണ് ഭവനരഹിതരായത്‌.