
മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയെയും ചുരാചന്ദ്പുർ ജില്ലയെയും വേർതിരിക്കുന്ന ഖുഗനദിക്കുമുകളിലുള്ള 25 മീറ്റർ നീളമുള്ള സൈത്തോൺ പാലം പുതിയ ഇന്ത്യയിലെ കറുത്ത അടയാളമാണ്. ഒരു നാട്ടിൽ ഒന്നിച്ചു ജീവിച്ചിരുന്ന മനുഷ്യർക്കിടയിലുയർന്ന വേലിക്കെട്ട് ഇവിടെയാണ്. സൈത്തോൺ മലനിരകളിൽനിന്നുള്ള അരുവികൾ ഒഴുകിയെത്തുന്ന ഖുഗനദിയിൽ ഒരുപാട് ചോരവീണു. ഈ പാലത്തിന്റെ ഇരുവശങ്ങളിൽനിന്നുമാണ് കുക്കികളും മെയ്‌ത്തികളും പരസ്പരം എ.കെ. 47 തോക്കുപയോഗിച്ച് വെടിവെക്കുന്നത്.
ഈ പാലത്തിലൂടെ ഇന്നു കടന്നുപോകാവുന്നത് ബംഗാളികൾക്കും നാഗകൾക്കുമാണ്. മറ്റാര് കടന്നുവന്നാലും മിനിറ്റുകൾക്കകം വെടിയേറ്റുവീഴും. പാലം കടന്നെത്തുന്ന ശത്രുവിനായി തോക്കുചൂണ്ടി കാത്തിരിക്കുകയാണ് ഇരുവശത്തും കലാപകാരികൾ. പാലത്തിന്റെ ബിഷ്ണുപുർ തലയ്ക്കൽ സി.ആർ.പി.എഫിന്റെ പഞ്ചാബിൽനിന്നുള്ള ഒരു കമ്പനിയും ചുരാചന്ദ്പുർ തലയ്ക്കൽ ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരു കമ്പനിയും നിലയുറപ്പിച്ചിരിക്കുന്നു.
രണ്ടുകരയിലും കേന്ദ്രസേനയ്ക്ക് താമസിക്കാൻ ആവശ്യത്തിനു വീടുകൾ ലഭിച്ചിട്ടുണ്ട്. അവയിലെ ആളുകൾ ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ കൊല്ലപ്പെടുമെന്ന് ഭയന്ന് ഓടിപ്പോകുകയോ ചെയ്തിട്ടുണ്ട്. പാലത്തിന്റെ കൈവരികളിൽ മുഴുവൻ വെടികൊണ്ട പാടുകൾ. സി.ആർ.പി.എഫുകാരൻ ചിരിച്ചുകൊണ്ടുപറയുന്നു: “രണ്ടുസൈഡിൽനിന്നും രാവും പകലും വെടിവെപ്പായിരുന്നു ഞങ്ങൾ വരുമ്പോൾ. ഞങ്ങൾ വന്നശേഷം അതു രാത്രിയിൽ മാത്രമായി. രാത്രിയിൽ ഇരുകരകളിൽനിന്നുമുള്ള വെടിവെപ്പ് മണിക്കൂറുകളോളം നീളും. ഒടുവിൽ പാലത്തിൽനിന്ന് ഇരുകരകളിലേക്കും സി.ആർ.പി.എഫ്. ഫയറിങ് ശക്തമാക്കുമ്പോഴാണ് ഇരുകൂട്ടരും നിർത്തുക. ഒന്നോരണ്ടോതവണ ഫയർ ചെയ്തു നിർത്തിയാൽ അവർ വീണ്ടും വരും. മണിക്കൂറുകളോളം സി.ആർ.പി.എഫിനും ഫയർ ചെയ്യേണ്ടിവരും.”
13 പേരാണ് ഈ പാലത്തിൽ വെടികൊണ്ടുവീണു മരിച്ചത്. തങ്ങൾ ഇവിടെ വന്നദിവസം ആദ്യം ചെയ്തത് ആശുപത്രി പരിസരത്ത് കൂട്ടിയിട്ടിരുന്ന ശവശരീരങ്ങൾ മാറ്റുകയായിരുന്നുവെന്ന് കുക്കി മേഖലയിൽ സുരക്ഷാച്ചുമതലയിലുള്ള തിരുവനന്തപുരം സ്വദേശി വിൻസെന്റ് പറയുന്നു.
ഏതുവിഭാഗത്തിന്റേതുപോലുമാണെന്ന് അറിയാൻ മാർഗമില്ലാത്തവിധം എത്രപേർ, എവിടെയൊക്കെ കൊല്ലപ്പെട്ടുവെന്ന് ഇപ്പോഴും വ്യക്തമല്ല. വെള്ളം കുറവായതിനാൽ രാത്രിയിൽ ഖുഗനദി നീന്തിക്കയറി എതിരാളികളെ വെടിവെച്ചും വീടുകൾ കത്തിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തും കലാപകാരികൾ ആഘോഷിച്ചു. ഈ അവസ്ഥ തുടർന്നതോടെ നദിയുടെ കരയിലങ്ങോളമിങ്ങോളം തങ്ങളുടെ ഭാഗത്ത് അതത് സമുദായാംഗങ്ങൾ ഊഴമിട്ടു തോക്കുമായി കാവൽനിന്നു. ഈ കാവൽക്കാരാണ് എതിരാളികൾക്കുനേരേ വെടിവെക്കുന്നത്.
പോലീസിന്റെ ആയുധപ്പുര കൊള്ളയടിച്ചുകൊണ്ടുപോയതിൽ ഏഴായിരം തോക്കുകളാണ് ഇനിയും തിരിച്ചുകിട്ടാനുള്ളത്. ഏഴായിരം തോക്കുകൾ പോലീസിന്റേതാണെങ്കിൽ കുറഞ്ഞത് 15,000 തോക്കുകളെങ്കിലും പുറത്തുനിന്ന് ഇവിടേക്ക് എത്തിച്ചിട്ടുണ്ടെന്ന് സുരക്ഷാഉദ്യോഗസ്ഥർ പറയുന്നു. വെടിയേറ്റു കൊല്ലപ്പെടുന്നവരിൽനിന്നു കിട്ടുന്നത് അത്യാധുനികമായ എ.കെ. 47 ആണെന്നും സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർ പറയുന്നു.
Content Highlights: Saiton bridge, Khuga River and Manipur Violence
Published: 11 Apr 2024, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented