ഏപ്രിൽ ഒമ്പതിന് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടേകാലോടെയാണ് അഗർത്തലയിൽനിന്നുള്ള ഇൻഡിഗോയുടെ 6E-524 ഫ്‌ളൈറ്റ് ഇംഫാൽ എയർപോർട്ടിൽ ലാൻഡ് ചെയ്തത്. എയർപോർട്ടിൽനിന്നു പുറത്തേക്കിറങ്ങുമ്പോൾ ഇന്നർലൈൻ പെർമിറ്റ് എടുക്കാനുള്ള വരികണ്ടു. മണിപ്പുരിൽ എവിടെപ്പോകുന്നതിനും ഇൗ പെർമിറ്റ് എടുക്കണം. വിദേശത്തുനിന്നു വരുന്നവർക്ക് ഇത് എടുക്കേണ്ടതില്ല. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽനിന്ന് വരുന്നവർക്കുവേണ്ടിയുള്ളതാണിത്.

To advertise here,

‘എന്തിനാണ് വന്നത്?’’ -ഓഫീസറുടെ ചോദ്യം. പത്രക്കാരനാണെന്നറിഞ്ഞാൽ അപ്പോൾതന്നെ മടക്കിയയക്കുമെന്ന് അവിടെയുള്ള സുഹൃത്തുക്കൾ സൂചിപ്പിച്ചതിനാൽ വെറുതേ നാടുകാണാൻ വന്നതാണെന്ന് പറഞ്ഞു. ഒന്നുനോക്കിയശേഷം അടുത്തചോദ്യം: ‘‘എവിടെയാണ് താമസം?’’ ഇക്കുറി കുടുങ്ങുമെന്ന് വിചാരിച്ചു. അസം റൈഫിൾസിലെ മലയാളി ഓഫീസർ മേജർ എബ്രഹാം ഏർപ്പെടുത്തിവിട്ട വണ്ടിയുടെ ഡ്രൈവർ അസീസുർ റഹ്‌മാൻ അപ്പോഴേക്കും പുറത്തെത്തിയെന്ന് ഫോണിൽ വിളിച്ചറിയിച്ചു. റഹ്‌മാനോട് വിവരം പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർക്ക് ഫോൺ കൊടുക്കാൻ നിർദേശിച്ചു. അവർ തമ്മിൽ സംസാരിച്ചതോടെ താമസസ്ഥലത്തെക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാതെ ആധാർ കാർഡ് വാങ്ങിനോക്കി വിവരങ്ങൾവെച്ച് ഐ.എൽ.പി. നൽകി.

പുറത്തിറങ്ങി റഹ്‌മാന്റെ വണ്ടിയിൽക്കയറി നേരേ അസം റൈഫിൾസിന്റെ ട്രാൻസിറ്റ് ഹൗസിലേക്ക്. അവിടെ കൊട്ടാരക്കരക്കാരനായ കമാൻഡന്റ് സി.ആർ. പിള്ള താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടേക്കുള്ള യാത്രയ്ക്കിടയിൽ റഹ്‌മാനും ചോദിച്ചു: ‘‘എന്തിനാണ് വന്നത്?’’ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻവന്ന മാധ്യമപ്രവർത്തകനാണ് എന്നു പറഞ്ഞതോടെ വിശ്വാസംവരാതെ ഒന്നുനോക്കി. ‘‘സർ ശരിക്കും പറഞ്ഞതാണോ?’’ ഇവിടെ നടക്കുന്ന കലാപത്തെക്കുറിച്ച് ചോദിച്ചപ്പോൾ റഹ്‌മാന്റെ മറുപടി: എന്തുപറയാനാണ് സാർ, ഈ പ്രശ്‌നം കാരണം സംസ്ഥാനം കുറഞ്ഞത് 30 വർഷം പിന്നിലേക്കുപോയി. ബിസിനസ് ഒന്നും നടക്കുന്നില്ല. മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവിടെ ബിസിനസുകൾ ചെയ്യുന്നത്. പ്രശ്നം രൂക്ഷമായതോടെ അവർ എല്ലാവരും ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്കുപോയി. ചിലർ അവശേഷിച്ചെങ്കിലും തീവ്രവാദികളുടെ ഗുണ്ടാപ്പിരിവു കാരണം അവരും ബിസിനസ് അവസാനിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വലിയ ഹോട്ടലുകളും മറ്റും നടത്തുന്നവരോട് 50 ലക്ഷം രൂപവരെയാണ് ആവശ്യപ്പെടുന്നത്. ഇടത്തരം വ്യവസായികളോട് 20-25 ലക്ഷം, ചെറിയ കടകൾ നടത്തുന്നവർ 5-10 ലക്ഷം, റോഡരികിൽ കച്ചവടം ചെയ്യുന്നവർ 10,000 മുതൽ ഒരുലക്ഷംവരെ... ഇങ്ങനെയാണ് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടത്. ബിസിനസ് തന്നെ തകർന്നുനിൽക്കുന്ന അവർ എങ്ങനെ കൊടുക്കാനാണ്. മിക്കവരും കടകൾ പൂട്ടി. വീടുകളിലേക്കുചെന്ന്‌ പിരിവുചോദിക്കാൻ തുടങ്ങി. നാഗാലാൻഡിൽനിന്നാണ് മണിപ്പുരിലേക്ക് ദേശീയപാതവഴി സാധനങ്ങൾ വരുന്നത്. ആ പാതയ്ക്കരികിൽ ബുക്കും ലാപ്‌ടോപ്പുംവെച്ച് ലോറികളുടെ നമ്പറുകൾ എഴുതി പണംവാങ്ങുകയാണ്. ആരുമില്ല തടയാൻ.

അവരവരുടെ മേഖലകളിൽ അവരവർ പിരിവെടുക്കുന്നു. പരസ്പരം കൊല്ലാനുള്ള ആയുധങ്ങൾ വാങ്ങുന്നത് ഈ പണം ഉപയോഗിച്ചാണ്. അസം റൈഫിൾസിൽ 27 വർഷം ജോലിചെയ്തശേഷം വിരമിച്ചപ്പോഴാണ് ടാക്‌സി ഓടിക്കാൻ തുടങ്ങിയത്. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും എന്റെ വണ്ടിയാണ് വിളിക്കുന്നത്. ഈ വിവരങ്ങളൊക്കെ എങ്ങനെയറിഞ്ഞു എന്ന ചോദ്യത്തിന് റഹ്‌മാന്റെ മറുപടി. ഒരുപാടുനാളുകൾക്കുശേഷം തീവ്രവാദം ടോപ്ഗിയറിൽ എത്തി. ഇപ്പോൾ പരസ്യമായി അവർ രംഗത്തിറങ്ങുന്നു. ആരുമില്ല തടയാൻ. ആയുധങ്ങളുമായി വാഹനങ്ങളിൽ റോന്തുചുറ്റുന്ന സംഘങ്ങളെ എവിടെയും കാണാം. മെയ്ത്തികൾ അവരുടെ മേഖലയിലും കുക്കികൾ അവരുടെ മേഖലയിലും സ്വയംഭരണം നടപ്പാക്കി. കുക്കികൾക്ക് ഇംഫാൽ താഴ്‌വരയിലേക്കും മെയ്ത്തികൾക്ക് മലമേഖലകളിലേക്കും പ്രവേശനമില്ല. മെയ്ത്തികൾ, കുക്കികൾ, നാഗകൾ, നേപ്പാളികൾ, മുസ്‌ലിങ്ങൾ എന്നിവരാണ് മണിപ്പുരിലെ ജനസംഖ്യയുടെ 99 ശതമാനവും.  പേരിനുമാത്രമുള്ള മറ്റുചില വിഭാഗങ്ങളുമുണ്ട്.

നാഗകൾക്കും മുസ്‌ലിങ്ങൾക്കും നേപ്പാളികൾക്കും എവിടേക്കും പോകാൻ തടസ്സമില്ല. പുറത്തുനിന്നുവരുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതടക്കം എല്ലാ കാര്യങ്ങൾക്കും ഈ വിഭാഗത്തിൽനിന്നുള്ളവരാണ്. ഏതുമേഖലയിലായാലും ഈ മൂന്നുവിഭാഗങ്ങൾക്കും താമസിക്കുന്നതിനും യാത്രചെയ്യുന്നതിനും തടസ്സമില്ല. എന്നാൽ, അവർ നിശ്ചയിക്കുന്ന പിരിവുകൊടുക്കാൻ നിർബന്ധിതരാണ്.
ട്രാൻസിറ്റ് ഹൗസിലെത്തി ബാഗ് വെച്ചശേഷം നേരേ നഗമാപാലിലെ മാർക്കറ്റിലേക്കുപോയി. അവിടെയാണ് ലോകപ്രശസ്തമായ ഇമ കെയത്തൽ (അമ്മ മാർക്കറ്റ്). 40 വർഷമായി നഗമാപാലിൽ സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുന്ന പാലക്കാട് ചെത്തല്ലൂർ സ്വദേശി എം.എം. അശോകനെ കണ്ടു. മണിപ്പുരിന്റെ ഓരോ ഇടവഴിയും അറിയാവുന്ന അശോകനെ കണ്ടാൽ മണിപ്പുരിൽ എവിടെയും പോകാൻ വഴിയൊരുക്കുമെന്ന് കമാൻഡന്റ് പറഞ്ഞതോടെയാണ് അദ്ദേഹത്തെ കാണാനെത്തിയത്.

വന്നുകണ്ട്‌ ആവശ്യം പറഞ്ഞു. മെയ്ത്തികൾക്കിടയിലും കുക്കികൾക്കിടയിലും പോയി കാര്യങ്ങൾ അന്വേഷിക്കാൻ സൗകര്യമൊരുക്കണം. തലകുലുക്കിയശേഷം ചില നിർദേശങ്ങൾ, നിങ്ങൾ ഒരു കൂട്ടരെ കാണാൻപോയത് മറ്റുകൂട്ടർ അറിയാൻപാടില്ല. അങ്ങനെ അറിഞ്ഞാൽ പിന്നെ നിങ്ങളെ രക്ഷിക്കാൻ ഒരാൾക്കും സാധിക്കില്ല. അവർ പറയുന്നത് മുഴുവൻ കേട്ടിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. തോക്കുകൾ കണ്ടാൽ ചിത്രം എടുക്കാൻ ശ്രമിക്കരുത്. കലാപകാരികൾ തോക്കുമായി സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങൾ എടുത്താലും തലപോകും. അവർ ഫോൺ വാങ്ങി പരിശോധിച്ചാൽ കുടുങ്ങും.

ഇപ്പോൾ പ്രശ്നങ്ങൾ അല്പം ശമിച്ചിരിക്കുന്നതിനാലാണ് ഈ മേഖലയിലേക്ക് പോകാൻകഴിയുന്നത്. അവിടെയിരിക്കുമ്പോൾ അശോകേട്ടനെ കാണാൻ മണിപ്പുർ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ഹരികുമാർ എത്തി. ബദിയടുക്ക സ്വദേശിയാണ്. പരിചയപ്പെട്ടു. വിവരങ്ങൾ തിരക്കുന്നതിനിടയിലാണ് മണിപ്പുരിലുള്ള ഇന്ത്യയിലെ ഏക ദേശീയ സ്‌പോർട്സ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ മലയാളിയായ ഉഷാ നായരാണെന്ന് അറിയുന്നത്. വൈകാതെ ട്രാൻസിറ്റ് ഹൗസിലേക്ക്. അവിടെ മുതിർന്ന ഉദ്യോഗസ്ഥൻ കാത്തിരിക്കുന്നു. “കലാപം നടന്നിട്ട് എന്താണ് സാർ അസം റൈഫിൾസോ മറ്റ് കേന്ദ്രസേനകളോ ഇടപെടാഞ്ഞത്” -അദ്ദേഹത്തെ കണ്ടപ്പോൾതന്നെ സംശയം ചോദിച്ചു. “സംസ്ഥാനം ആവശ്യപ്പെട്ടാലല്ലേ കേന്ദ്രസേനയ്ക്ക് ഇടപെടാൻ പറ്റു.” “ഇത്രയും സുരക്ഷയുള്ള സായുധസേനയുടെയും പോലീസിന്റെയുമൊക്കെ ആയുധങ്ങൾ എങ്ങനെയാണ് കലാപകാരികൾ കൊള്ളയടിക്കുന്നത്” -അടുത്തചോദ്യം. “ഒരു കേന്ദ്രസേനയുടെയും ആയുധം കൊള്ളയടിച്ചിട്ടില്ല. മണപ്പുരി പോലീസിന്റെ ആയുധങ്ങളാണ് കൊള്ളയടിച്ചത്. അതും കൊള്ളയടിച്ചതല്ല, അവർ കൊടുത്തതാണ്. അവരിൽ ചില പോലീസുകാരും എതിരാളികളെ വെടിവെക്കാൻ ഒപ്പംചേർന്നു. ഒടുവിൽ അവർക്കുനേരേ അസം റൈഫിൾസിനു തോക്കുചൂണ്ടേണ്ടിവന്നു” -അദ്ദേഹം പറഞ്ഞു.

ഇത് എല്ലാവരും കരുതുന്നപോലെ മതത്തിന്റെ പേരിലുള്ള ഒരു സംഘർഷമല്ല. മാത്രമല്ല, ഇതു മേയ് മൂന്നിനു തുടങ്ങിയതുമല്ല. പലപ്പോഴായി പൊട്ടിപ്പൊട്ടിനിന്ന സംഘർഷം ഒരുദിവസം വ്യാപകമായി. ഈ സംഘർഷത്തോടെ മെയ്ത്തികൾ ഇംഫാൽ താഴ്‌വരയിലേക്ക് മാത്രമായി ചുരുങ്ങി. കുക്കികൾ മലമേഖലയിലേക്കും പോയി. സംസ്ഥാനത്തിന്റെ നാലുചുറ്റും മലമേഖലയാണ്. അവിടെനിന്ന് സാധനങ്ങൾ വന്നില്ലെങ്കിൽ ഇവർ പട്ടിണികിടന്നു ചാകും. 2023 ഏപ്രിൽ 27-ന് കുക്കിമേഖലയിൽ മുഖ്യമന്ത്രിയുടെ പരിപാടി നടക്കാനിരുന്ന സ്ഥലം അക്രമിക്കപ്പെട്ടതിനുപിന്നാലെ ഇരുകൂട്ടരും എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് മേയ് മൂന്നിന് വ്യാപകമായ ആക്രമണം നടത്താനായത്.

ഇംഫാലിലുണ്ടായിരുന്ന കുക്കി ഓഫീസർമാർ മുഴുവൻ അവരുടെ മേഖലയിലേക്കുപോയി. അവിടെയുണ്ടായിരുന്ന മെയ്ത്തി ഓഫീസർമാർ മുഴുവൻ ഇംഫാലിലേക്ക് വന്നു. മൂന്നുപോലീസുകാർ കൊല്ലപ്പെട്ടിട്ടുണ്ട്. അതുമൂന്നും മെയ്ത്തികളാണ്. അതുകൂടിയായതോടെയാണ് പോലീസുകാർ മെയ്ത്തികൾക്കു പൂർണമായി സഹായമായി നിൽക്കാൻ തുടങ്ങിയത്. കേന്ദ്രസേനയ്ക്ക് അധികാരം നൽകിയിരുന്നെങ്കിൽ ഒരാഴ്ചകൊണ്ട് പരിഹരിക്കാമായിരുന്ന പ്രശ്നമാണ് ഇനിയും പരിഹാരമാകാതെ മുന്നോട്ടുപോകുന്നത്.

(തുടരും)