
ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് ഈ തിരഞ്ഞെടുപ്പ് കടുത്തപരീക്ഷണമാണ്. കേന്ദ്രം കൈകഴുകിയതോടെ കലാപം തന്റെ സൃഷ്ടിയല്ല എന്നുതെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുമാത്രമായിരിക്കുന്നു. കലാപം തുടങ്ങിയിട്ട് മേയ് മൂന്നിന് ഒരുവര്‍ഷം പൂര്‍ത്തിയാകുകയാണ്. തകര്‍ക്കപ്പെട്ട മണിപ്പുരിജനതയുടെ പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഒന്നുംചെയ്യാന്‍ തയ്യാറാകാത്ത ബിരേന്‍ സിങ്ങിനോട് കടുത്ത എതിര്‍പ്പാണ് ജനങ്ങള്‍ക്ക്. സ്വന്തംസമുദായമായ മെയ്ത്തികളില്‍നിന്നാണ് ഏറ്റവുംകൂടുതല്‍ വിമര്‍ശനം ബിരേന്‍ സിങ് നേരിടുന്നത്. ബിരേന്‍ സിങ്ങിനെ മാറ്റാതെ ചര്‍ച്ചയ്ക്കുപോലും ഇല്ലെന്ന നിലപാടിലാണ് കലാപത്തിന്റെ മറുവശത്തുണ്ടായിരുന്ന കുക്കികളും.
ഒരുനാട്ടില്‍ ശത്രുരാജ്യക്കാരെപ്പോലെ കഴിയുകയാണ് ഇവിടത്തെ ജനത. ഇംഫാല്‍ താഴ്വരയിലുള്ള മെയ്ത്തികള്‍ക്ക് മലമേഖലകളിലേക്കും മലമേഖലകളിലുള്ള കുക്കികള്‍ക്ക് ഇംഫാല്‍ ഉള്‍പ്പെടുന്ന താഴ്വരയിലേക്കും പോകാനാകില്ല. കുക്കികളുടെ മേഖലയായതിനാല്‍ മ്യാന്‍മാര്‍ അതിര്‍ത്തിയിലേക്കു പോകേണ്ട ആവശ്യമുണ്ടായാലും വേണ്ടെന്നു വെക്കുകയാണ് മെയ്ത്തികള്‍.
ഇംഫാല്‍ വിമാനത്താവളം മെയ്ത്തികളുടെ മേഖലയിലായതിനാല്‍ വിമാനയാത്രയ്ക്കുവേണ്ടി കുക്കികള്‍ ഇപ്പോള്‍ മിസോറമിലേക്ക് പോകുകയാണ്. എതിര്‍വിഭാഗത്തിലുള്ളയാളെ കണ്ടാല്‍ അപ്പോള്‍ത്തന്നെ വെടിവെച്ചുകൊല്ലാന്‍ തയ്യാറായി സായുധസംഘങ്ങള്‍ അവരവരുടെ ഇടങ്ങളില്‍ വാഹനങ്ങളില്‍ റോന്തുചുറ്റുന്നു. പുതിയ എ.കെ. 47 തോക്കുകളുമായാണ് ഈ കലാപകാരികളുടെ സഞ്ചാരം. ആരുമില്ല തടയാന്‍. കുക്കികളുടെ ഇടയിലേക്ക് മണിപ്പുരി പോലീസുകാര്‍ക്കും മെയ്ത്തികളുടെ ഇടയിലേക്ക് കേന്ദ്രസേനയ്ക്കും വിലക്കുണ്ട്.
കലാപം സാമ്പത്തികരംഗം തകര്‍ത്തെറിഞ്ഞതോടെ ജീവനക്കാര്‍ക്ക് ശമ്പളംപോലും സമയത്തുകൊടുക്കാന്‍ സര്‍ക്കാരിനുപറ്റുന്നില്ല. കലാപകാലത്തുതന്നെ പഞ്ചാബികളടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പലതും പൂട്ടി. അവിടെ ജോലിചെയ്തവര്‍ തൊഴില്‍ നഷ്ടപ്പെട്ട് നട്ടംതിരിയുകയാണ്.
അവസരം മുതലെടുക്കാന്‍ ചാടിവീണ, നിരോധിത സംഘടനകള്‍ ഇപ്പോള്‍ പണപ്പിരിവ് ശക്തമാക്കിയിട്ടുണ്ട്. ഇതുഭയന്ന് മെയ്ത്തികളിലെത്തന്നെ പലരും വ്യാപാരം അവസാനിപ്പിച്ചു. ഇപ്പോള്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നവരെ തേടിയാണ് ഈ സംഘങ്ങള്‍ പോകുന്നത്. 10 ലക്ഷം വരെയാണ് ഓരോ കടക്കാരോടും ആവശ്യപ്പെടുന്നത്. പിരിവുകൊടുക്കാന്‍ നിര്‍ബന്ധിതരായതോടെ രണ്ടുകൂട്ടരും ബിരേന്‍ സിങ്ങിനെയാണ് ശപിക്കുന്നത്.
മെയ്ത്തികള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പുരില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. നാഗകളും കുക്കികളും മെയ്ത്തികളും ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പുരില്‍ എന്‍.ഡി.എ.യ്ക്കുവേണ്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. ഇന്നര്‍ മണിപ്പുരിലെ 10 ലക്ഷത്തോളം പേരില്‍ എട്ടുലക്ഷത്തിലധികം മെയ്ത്തികളാണ്. കലാപത്തിനുമുമ്പ് ഈ വോട്ടുകള്‍ കണ്ണുമടച്ചു തനിക്കുകിട്ടുമെന്ന് ബിരേന്‍ സിങ്ങിനുറപ്പിക്കാമായിരുന്നു. ഇപ്പോള്‍ ഇവര്‍തന്നെ, തങ്ങളുടെ ജീവിതം ഈവിധമാക്കിയതിന് ബിരേന്‍ സിങ്ങാണ് ഉത്തരവാദിയെന്ന് ആരോപിക്കുന്നു. കലാപം അടിച്ചമര്‍ത്താന്‍ തയ്യാറാകാതിരുന്ന കേന്ദ്രസര്‍ക്കാരിനുനേരേയും ഇവര്‍ വിമര്‍ശനമുന്നയിക്കുന്നു.
കേന്ദ്രം രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഇത്രയുംനാള്‍ നീണ്ടുനില്‍ക്കില്ലായിരുന്നുവെന്നും തങ്ങള്‍ക്ക് സ്വന്തംനാട്ടില്‍ ഭയന്നുജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. ഈ എതിര്‍പ്പ് ഊതിക്കെടുത്താന്‍ കഴിയാതിരുന്നാല്‍ മെയ്ത്തി വിഭാഗത്തില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനായാസം ജയിച്ചുകയറാം. ഈ സാഹചര്യം തിരിച്ചറിഞ്ഞ് എല്ലാ എം.എല്‍.എ.മാരെയും അതത് മണ്ഡലങ്ങളിലേക്ക് അയച്ച് വോട്ടുതേടുകയാണ് ബിരേന്‍ സിങ്. ഇതോടൊപ്പം, കലാപത്തില്‍ പ്രധാന പങ്കുവഹിച്ച അരംബായ് ടെങ്കോലിന്റെ പിന്തുണയോടെ മെയ്ത്തിവോട്ടുകള്‍ വീണ്ടെടുക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലുമാണ് മുഖ്യമന്ത്രി.
ഔട്ടര്‍ മണിപ്പുരില്‍ 10 ലക്ഷം വോട്ടര്‍മാരില്‍ രണ്ടുലക്ഷം മെയ്ത്തികളാണ്.
നാഗ വിഭാഗത്തില്‍നിന്നാണ് രണ്ടുകൂട്ടരുടെയും സ്ഥാനാര്‍ഥി. നാലുലക്ഷത്തിനു മുകളിലുള്ള നാഗവോട്ടുകള്‍ ഇരുവര്‍ക്കുമായി വിഭജിക്കപ്പെടും. പിന്നീടുള്ള കുക്കിവോട്ടുകളാണ് നിര്‍ണായകം. സ്വന്തംസ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബുദ്ധിപൂര്‍വം കരുനീക്കിയ കുക്കിനേതൃത്വം, പന്ത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടിയിരിക്കുകയാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായാല്‍ വോട്ട് നിങ്ങളുടെ സ്ഥാനാര്‍ഥിക്ക്, അല്ലെങ്കില്‍ കോണ്‍ഗ്രസിന് എന്നു സൂചന നല്‍കിയിട്ടുണ്ട്. ഇവര്‍ ആരെ പിന്തുണച്ചാലും അവര്‍ ജയിക്കും. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും ബിരേന്‍സിങ്ങും ഒരുപോലെ പെട്ടിരിക്കുകയാണ്.
പ്രശ്‌നപരിഹാരത്തിനായി ചില തിരക്കിട്ട നീക്കങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്നതായി കേന്ദ്രസേനകള്‍ക്ക് സൂചന കിട്ടിയിട്ടുണ്ട്. കലാപം തുടങ്ങി ഇതുവരെയായിട്ടും കേന്ദ്രസേനയെ നേരിട്ട് ഇടപെടാന്‍ അനുവദിച്ചിട്ടില്ല. കേന്ദ്രസേനയെ മടക്കിയയക്കണമെന്നാവശ്യപ്പെട്ട് മെയ്ത്തികള്‍ സമരം ചെയ്യുമ്പോള്‍ കൂടുതല്‍ കേന്ദ്രസേന വേണമെന്നും പോലീസിനെ മാറ്റിനിര്‍ത്തി അവര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നുമാണ് കുക്കികളുടെ ആവശ്യം.
ആരു തുടക്കമിട്ടതായാലും പരിഹരിക്കാന്‍ കഴിയാത്തവിധം വളര്‍ന്നുകൊണ്ടിരിക്കുന്ന മണിപ്പുര്‍ പ്രശ്‌നം ബിരേന്‍ സിങ്ങിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കുമെന്നുറപ്പാണ്.
Content Highlights: manipur riots and loksabha election
Published: 12 Apr 2024, 10:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented