പട്ന: : ''എട്ടാംക്ലാസിലെ കണക്കിന്റെ ഒരധ്യായവും കൊണ്ട് ഇരിക്കാന്‍ തുടങ്ങിയിട്ട് മൂന്നുമാസമായി. കുട്ടികള്‍ക്ക് ഒന്നും തലയില്‍ക്കയറുന്നില്ല. പ്രൈമറി ക്ലാസുകളില്‍നിന്ന് ഒന്നും പഠിക്കാതെയെത്തുന്ന കുട്ടികളെ എങ്ങനെ കൈകാര്യംചെയ്യുമെന്നറിയില്ല. ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രമാവരുത് സ്‌കൂള്‍ വിദ്യാഭ്യാസം'' -ദര്‍ബംഗയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാണ് സങ്കടം പങ്കുവെച്ചത്.

To advertise here,

ഡല്‍ഹിയില്‍നിന്ന് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മകളുമായി പട്നയിലേക്ക് തീവണ്ടിയില്‍ മടങ്ങുകയാണവര്‍. ''നിങ്ങളുടെ കേരളം ഏറ്റവും മുന്നിലാണെങ്കില്‍ ഏറ്റവും പിന്നില്‍ത്തന്നെ തുടരാനാണ് ഞങ്ങളുടെ യോഗം. ആരുഭരിച്ചാലും വേണ്ടില്ല, വിദ്യാഭ്യാസം മെച്ചപ്പെടുത്തണം.''

ദര്‍ബംഗയിലെ ഹൈസ്‌കൂള്‍ അധ്യാപിക പങ്കുവെച്ചത് ഒറ്റപ്പെട്ട സങ്കടമല്ലെന്ന് പട്നയിലെത്തിയതുമുതല്‍ കണ്ടുതുടങ്ങി. നഗരത്തില്‍ സൈക്കിള്‍ റിക്ഷ ചവിട്ടുന്ന മുഹമ്മദ് മുസ്ലിം എന്ന അറുപതുകാരനും പറയാനുള്ളത് ബിഹാറിന്റെ മൈല്ലപ്പോക്കിനെക്കുറിച്ചാണ്. നാല്‍പ്പതുവര്‍ഷംമുന്‍പ് പൂര്‍ണിയയില്‍നിന്ന് വീടുവിട്ടിറങ്ങി പട്നയിലെത്തിയ മുഹമ്മദ് ജീവിതം ചവിട്ടിനീക്കുന്നത് സൈക്കിള്‍റിക്ഷകൊണ്ടാണ്.

''നിങ്ങള്‍ കണ്ടില്ലേ, ഈ സൈക്കിള്‍ റിക്ഷയുടെ വേഗംപോലുമില്ല ബിഹാറിന്. നിതീഷ് ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ കുറെ റോഡുകളൊക്കെ നിര്‍മിച്ചു. പിന്നെ വലിയ മാറ്റമൊന്നും കാണാനില്ല'' -മുഹമ്മദ് പറഞ്ഞു.

പട്നയിലെ ഖാദിവസ്ത്രങ്ങള്‍ വില്‍ക്കുന്ന തെരുവില്‍ ചെറിയൊരു പലചരക്കുകട നടത്തുന്ന കിരാരി കുമാര്‍ എന്ന യുവാവിന് പറയാനുള്ളത് ഗുണ്ടായിസത്തെക്കുറിച്ചാണ്. നിതീഷ് കുമാര്‍ വന്നശേഷമാണ് ഗുണ്ടാരാജിന് ശമനമുണ്ടായതെന്ന് കിരാരി കുമാര്‍ പറയുന്നു. ''എന്റെ അച്ഛന് കുറച്ചകലെ ഒരു കടയുണ്ടായിരുന്നു. ഗുണ്ടാനേതാക്കള്‍ അവിടെ വന്ന് പണം നല്‍കാതെ സാധനങ്ങള്‍ വാങ്ങും. അതിനെതിരേ പ്രതികരിച്ചതിന് അച്ഛന്റെ കട അടിച്ചുതകര്‍ത്തു. എന്തായാലും അത്തരം അതിക്രമങ്ങള്‍ ഇപ്പോഴില്ല'' -കിരാരി കുമാര്‍ ആശ്വസിക്കുന്നു.

ഇവിടത്തെ രാഷ്ട്രീയത്തെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദമെന്ന് പട്നയിലെ എം.എല്‍.എ. ക്വാര്‍ട്ടേഴ്സിന് കാവല്‍ നില്‍ക്കുന്ന വിമുക്തഭടനായ രജീന്ദര്‍ പാസ്വാന്റെ പ്രതികരണം. ''വികസനത്തെക്കുറിച്ചല്ല ഇവിടെ ചര്‍ച്ച. ജാതിയാണ് മുഖ്യപ്രശ്‌നം. മുന്‍പൊന്നും ഇത്രയും ജാതിപ്രശ്‌നം ബിഹാറിലെ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല.''

കേരളവും തമിഴ്നാടുമൊക്കെ പുരോഗമിക്കുമ്പോഴും ബിഹാറിന്റെ അവസ്ഥ കണ്ടില്ലേയെന്നും സി.ആര്‍.പി.എഫിലായിരിക്കേ ചെന്നൈയില്‍ ജോലിചെയ്ത രജീന്ദര്‍ പസ്വാന്‍ ചോദിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഒരുവശത്ത് കൊഴുക്കുമ്പോഴും അതിനോട് നിസ്സംഗതപുലര്‍ത്തുന്ന രജീന്ദര്‍ പാസ്വാനെപ്പോലുള്ള ഒട്ടേറെ സാധാരണക്കാരെയും ഇവിടെ കാണാം.