ബിഹാറിലെ ബെഗുസരായിയില്‍ സി.പി.ഐ.യുടെ മുന്‍ തീപ്പൊരി നേതാവ് കനയ്യകുമാറിന് കഴിയാത്തത് ഇക്കുറി അവധേഷ് റായിക്ക് സാധിക്കുമോ? 2019-ല്‍ കനയ്യയെ തോല്‍പ്പിച്ച ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനെത്തന്നെയാണ് ഇത്തവണ സി.പി.ഐ.ക്ക് നേരിടേണ്ടത്.

To advertise here,

ഭരണവിരുദ്ധവികാരവും മഹാസഖ്യത്തിന്റെ ശക്തിയും സി.പി.ഐ.ക്ക് അനുകൂലമായാല്‍ 57 വര്‍ഷത്തിനുശേഷം ബെഗുസരായി ചുവക്കും. അല്ലെങ്കില്‍ ഗിരിരാജ് സിങ്ങിന്റെ വിജയം തനിയാവര്‍ത്തനം. 1967-ലാണ് ഇവിടെനിന്ന് ഒടുവിലായി ഇടതുനേതാവ് ലോക്സഭയിലെത്തിയത്. സി.പി.ഐ. നേതാവ് യോഗേന്ദ്ര ശര്‍മയാണ് അന്ന് വിജയിച്ചത്. പത്തുവര്‍ഷമായി ബി.ജെ.പി.യും അതിനുമുന്‍പ് രണ്ടുതവണ ജെ.ഡി.യു.വുമാണ് ഇവിടെ ജയിച്ചത്.

അതേസമയം, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോഴും വേരുറപ്പുള്ള മണ്ണാണ് ബെഗുസരായ്. ഈ ലോക്സഭാ മണ്ഡലത്തില്‍നിന്നാണ് നിലവില്‍ സി.പി.ഐ.യുടെ രണ്ട് സിറ്റിങ് എം.എല്‍.എ.മാരുമെന്നതാണ് ഇതിന് തെളിവ്.

ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിനേതാവായി കനയ്യ കത്തിനില്‍ക്കുമ്പോള്‍ വലിയ മാധ്യമശ്രദ്ധ ലഭിച്ചിട്ടുപോലും 2019-ല്‍ 4.22 ലക്ഷം വോട്ടുകള്‍ക്കാണ് ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടത്. എന്നാല്‍, അന്ന് കനയ്യയ്ക്കു കിട്ടിയ 2.69 ലക്ഷം വോട്ടും ആര്‍.ജെ.ഡി.യുടെ തന്‍വീര്‍ ഹസ്സനു ലഭിച്ച 1.98 ലക്ഷം വോട്ടും ഇക്കുറി മഹാസഖ്യത്തിന്റെ ഭാഗമായതിനാല്‍ തനിക്കു ലഭിക്കുമെന്നാണ് അവധേഷ് റായി കരുതുന്നത്.

ബിഹാറിന്റെ ലെനിന്‍ഗ്രാഡ്

ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസരായി അറിയപ്പെടുന്നത്. ഒരുകാലത്ത് ബിഹാറിലെ മുഖ്യ വ്യവസായ കേന്ദ്രമായിരുന്ന ബെഗുസരായിയുടെ പ്രതാപകാലത്താണ് തൊഴിലാളി യൂണിയനുകളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ വളര്‍ന്നത്. എന്നാല്‍, വ്യവസായശാലകളില്‍ ഭൂരിഭാഗവും അടച്ചുപോയതോടെ ക്രമേണ ബെഗുസരായിയുടെ പ്രതാപം മങ്ങി. സര്‍വകലാശാലയോ മെഡിക്കല്‍, എന്‍ജിനിയറിങ് കോളജുകളോ ഇപ്പോള്‍ ഇവിടെയില്ല.

കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങ് താന്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ ഉപയോഗിച്ചുപോലും ഇവിടെ ഒന്നും ചെയ്തില്ലെന്ന് അവധേഷ് റായ് ആരോപിച്ചു. 17 മാസംകൊണ്ട് മഹാസഖ്യം സര്‍ക്കാര്‍ അഞ്ചുലക്ഷം പേര്‍ക്ക് ബിഹാറില്‍ ജോലി നല്‍കിയെന്നും അവധേഷ് റായ് പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. ക്യാമ്പ്. ബെഗുസരായി നഗരത്തില്‍ എന്‍.ഡി.എ.യുടെ മുഴുവന്‍ സഖ്യകക്ഷികളുടെ പ്രവര്‍ത്തകര്‍ക്കും ഒന്നിച്ചിരുന്ന് പ്രവര്‍ത്തിക്കാനുള്ള ഓഫീസ് തുറന്നിട്ടുണ്ട്. ബി.ജെ.പി. നേതാവ് കൗശല്‍ കിഷോര്‍ വര്‍മയുടെ നേതൃത്വത്തിലാണ് പ്രതിദിന പ്രചാരണപരിപാടികള്‍ ആസൂത്രണംചെയ്യുന്നത്.