
രാഷ്ട്രീയത്തിലെ ചാഞ്ചാട്ടങ്ങള്‍ക്ക് പേരുകേട്ടയാളാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുഖ്യമന്ത്രിപദമുറപ്പിക്കാന്‍ പലതവണ കൂടുമാറിയ നിതീഷിനെ ഇനിയും ബിഹാറിലെ ജനങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍, നിതീഷല്ല, അദ്ദേഹത്തിന്റെ സഖ്യകക്ഷികളാണ് മാറുന്നതെന്ന് ജെ.ഡി.യു.വിന്റെ മുഖ്യ വക്താവ് നീരജ് കുമാര്‍ പറയുന്നു. നിതീഷ് എവിടെയാണോ അവിടെയാണ് സര്‍ക്കാര്‍. അദ്ദേഹമല്ല മാറുന്നത്, ഒപ്പമുള്ള സഖ്യകക്ഷികളാണെന്നും പട്‌നയില്‍ മാതൃഭൂമി പ്രതിനിധി ഷൈന്‍ മോഹന് നല്‍കിയ അഭിമുഖത്തില്‍ നീരജ് കുമാര്‍ പറഞ്ഞു.
* ബിഹാറില്‍ കഴിഞ്ഞ തവണ 40-ല്‍ 39 സീറ്റുകളും എന്‍.ഡി.എ. നേടിയിരുന്നു. ഇത്തവണ എന്ത് സംഭവിക്കും?
പ്രവചനത്തിന് ഞാന്‍ മുതിരുന്നില്ല. ഇവിടെ മഹാസഖ്യവും എന്‍.ഡി.എ.യും തമ്മിലാണ് മത്സരം. മഹാസഖ്യത്തിനൊരു നേതാവില്ല. എന്‍.ഡി.എ.യ്ക്ക് അങ്ങനെയല്ല. കേന്ദ്രത്തില്‍ മോദിയുണ്ട് ബിഹാറില്‍ നിതീഷ് കുമാറുണ്ട്. മോദി സര്‍ക്കാരിന്റേയും നിതീഷ് കുമാറിന്റേയും ഭരണനേട്ടങ്ങള്‍ ഞങ്ങള്‍ക്ക് പറയാനുണ്ട്. അവര്‍ക്കോ? അഴിമതി, കുടുംബവാഴ്ച, അരാജകത്വം എന്നിവ മാത്രം. അതിനാല്‍ ഇവിടെ മത്സരമില്ല.
പിന്നാക്ക സംസ്ഥാനമായ ബിഹാറില്‍ നിതീഷ് ഘട്ടംഘട്ടമായി സാമൂഹിക പരിഷ്‌കരണം നടപ്പാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. സ്ത്രീകള്‍ക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സംവരണം നല്‍കി. ഇതോടെ വീട്ടമ്മമാര്‍ സമൂഹത്തിലേക്കിറങ്ങി. ഒമ്പതാംക്ലാസിലെത്തുമ്പോള്‍ മുഴുവന്‍ കുട്ടികള്‍ക്കും സൈക്കിള്‍ നല്‍കി. ഇതോടെ, സ്‌കൂളിലേക്ക് മാത്രമല്ല മറ്റ് വീട്ടാവശ്യങ്ങള്‍ക്കും പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ തുടങ്ങി. ഇങ്ങനെ ഘട്ടംഘട്ടമായ സാമൂഹിക പരിഷ്‌കരണമാണ് നിതീഷ് നടത്തിയത്.
* നിതീഷ് സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിയത് ജാതി രാഷ്ട്രീയം കളിക്കാനല്ലേ?
ഞങ്ങള്‍ എല്ലാ ജാതികളേയും ഒരുപോലെ അംഗീകരിക്കുന്നവരാണ്. പദ്ധതികളുണ്ടാക്കാന്‍ ജാതി സെന്‍സസ് വേണമായിരുന്നു. ഓരോ വിഭാഗവും എവിടെയത്തി നില്‍ക്കുന്നുവെന്ന് അറിയേണ്ടേ? അതിന് വിവരങ്ങള്‍ ആവശ്യമായിരുന്നു. ബിഹാറില്‍ ജാതിയുണ്ടെങ്കിലും അതിന്റെ പേരില്‍ വിദ്വേഷമില്ല.
* നിതീഷ് കുമാറിന്റെ ഇടയ്ക്കിടേയുള്ള കൂടുമാറ്റം ഈ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?
എന്‍.ഡി.എ. ആണെങ്കിലും മഹാസഖ്യമാണെങ്കിലും നിതീഷാണ് നേതാവ്. നിതീഷോ അദ്ദേഹത്തിന്റെ പദ്ധതികളോ മാറിയിട്ടില്ല. ഞങ്ങളുടെ സഖ്യകക്ഷികളാണ് മാറിയത്. കൂട്ടുകക്ഷി സര്‍ക്കാരാകുമ്പോള്‍ ഞങ്ങളുടെ തത്വം ഇതാണ്. ജാതി വിദ്വേഷം, അഴിമതി എന്നിവയിലേക്ക് പോകരുത്. ഏത് സഖ്യത്തിലായാലും നിതീഷ് വര്‍ഗീയതയോടോ അഴിമതിയോടോ സന്ധി ചെയ്യാറില്ല.
* എന്‍.ഡി.എ. സഖ്യകക്ഷിയായ ചിരാഗ് പസ്വാന്റെ എല്‍.ജെ.പി.(ആര്‍)ക്കെതിരേ സീറ്റു വില്‍പ്പന ആരോപണങ്ങളുണ്ടല്ലോ?
ആരോപണം ആര്‍ക്കെതിരേയും ആകാമല്ലോ. ലാലു കുടുംബത്തിന് പട്ന നഗരത്തില്‍ മാത്രം 486 കോടിയുടെ പ്രോപ്പര്‍ട്ടിയുണ്ട്. സാമൂഹിക നീതിയുടെ നേതാവാണെന്ന് പറയുന്നു. മുന്നാക്ക ജാതിക്കാര്‍ക്കോ പിന്നാക്ക ജാതിക്കാര്‍ക്കോ ആര്‍ക്കുമില്ല ഇത്രയും ആസ്തികള്‍.
* അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കിയത് ബിഹാറിലെ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് ബാധിക്കുക?
അയോധ്യാ ക്ഷേത്രം കോടതിവിധിയുടെ അടിസ്ഥാനത്തിലുണ്ടായതാണ്. നിതീഷ് കുമാര്‍ ക്ഷേത്രത്തേയും പള്ളിയേയുമെല്ലാം ഒരുപോലെ കാണുന്നയാളാണ്. ഞങ്ങള്‍ക്കതില്‍ വ്യത്യാസമൊന്നുമില്ല. വികസനമാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
* നിതീഷ് കുമാറിന്റെ 2005 മുതലുള്ള ആദ്യ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ വികസനത്തിനുണ്ടായ വേഗം പിന്നീടുണ്ടായില്ലെന്ന് ആരോപണമുണ്ടല്ലോ?
ഇരുട്ടില്‍ക്കിടന്ന ബിഹാറിനെ നിതീഷ് പെട്ടെന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്നതുകൊണ്ടാണ് ആളുകള്‍ക്ക് അങ്ങനെ തോന്നുന്നത്. പെട്ടെന്ന് വീടുകളിലേക്ക് വൈദ്യുതിയെത്തിയപ്പോള്‍ വലിയ മാറ്റമായി തോന്നി. എന്നാല്‍ അതിന് ശേഷവും നല്ല റോഡുകളും സ്‌കൂളുകളും കോളജുകളുമെല്ലാമുണ്ടായി. കുട്ടികള്‍ക്ക് ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പും വായ്പയും നല്‍കാന്‍ തുടങ്ങി. അവര്‍ കേരളത്തില്‍ പഠിച്ചാലും നാല് ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. ആണ്‍കുട്ടികള്‍ക്ക് നാല് ശതമാനവും പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനവും മാത്രം പലിശയ്ക്കാണ് വായ്പ. ജോലി കിട്ടിയെങ്കില്‍ മാത്രം തിരിച്ചടച്ചാല്‍ മതി. ഈ വികസന പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ.
Content Highlights: its not nitish but allies says jdu spoke person neeraj kumar
Published: 17 Apr 2024, 04:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented