
ഇതുവരെകണ്ടത് ട്രെയിലറാണെങ്കില്‍ ഇനിയാണ് പടം എന്നമട്ടിലാണ് ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പ്. കഴിഞ്ഞ മൂന്നുഘട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധനേടിയത് പൂര്‍ണിയയിലെ പപ്പു യാദവിന്റെ മത്സരമാണെങ്കില്‍ ഇനി കാണാനിരിക്കുന്നത് അതുക്കുംമേലെയുള്ള അങ്കങ്ങളാണ്. മേയ് 13-ന് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാറിലെ അഞ്ച് മണ്ഡലങ്ങളും എന്‍.ഡി.എ.യില്‍നിന്ന് പിടിച്ചെടുക്കാന്‍ വാശിയേറിയ പോരാട്ടത്തിലാണ് ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമടങ്ങുന്ന മഹാസഖ്യം.
മസില്‍പവറും ഗുണ്ടായിസവും കൊണ്ട് രാഷ്ട്രീയം നടത്തുന്ന ബാഹുബലിമാരുടെ ബലപരീക്ഷണമാണ് മുംഗേറിലെങ്കില്‍ രണ്ട് ജെ.ഡി.യു. മന്ത്രിമാരുടെ മക്കള്‍ കൊമ്പുകോര്‍ക്കുന്നതാണ് സമസ്തിപുരിലെ അങ്കം. ബിഹാറിന്റെ ചെങ്കോട്ടയെന്ന് പേരുള്ള ബെഗുസരായി നിലനിര്‍ത്താന്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും ഉജിയാര്‍പുരില്‍ ഹാട്രിക് വിജയം നേടാന്‍ മറ്റൊരു കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയും പോരാടുന്നു. ബി.ജെ.പി.യുടെ സിറ്റിങ് എം.പി.ക്കെതിരേ ആര്‍.ജെ.ഡി.യുടെ സിറ്റിങ് എം.എല്‍.എ. രംഗത്തിറങ്ങുന്ന ദര്‍ഭംഗയിലും കടുത്ത മത്സരമാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായ ജെ.ഡി.യു. നേതാവ് ലലന്‍ സിങ്ങും ആര്‍.ജെ.ഡി.യുടെ അനിതാ ദേവിയും മത്സരിക്കുന്ന മുംഗേറില്‍, യഥാര്‍ഥ പോരാട്ടം ഇവര്‍ക്കുപിന്നിലെ രണ്ട് ബാഹുബലിമാര്‍ തമ്മിലാണ്. ഗാര്‍ഡിനെ കൊലപ്പെടുത്തി ജയില്‍ചാടിയ കേസില്‍ 17 കൊല്ലത്തെ തടവുശിക്ഷയനുഭവിച്ച് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ അശോക് മാഹ്തോയാണ് ഒരുവശത്ത്.
എ.കെ. 47 റൈഫിള്‍ കൈവശംവെച്ചതിന് യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് പത്തുവര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞദിവസം പരോളിലിറങ്ങിയ ആനന്ദ് സിങ്ങാണ് മറുഭാഗത്ത്. ശിക്ഷാകാലാവധി കഴിഞ്ഞ് ആറുവര്‍ഷത്തിനുശേഷമേ മത്സരിക്കാനാകൂ എന്നതിനാല്‍ അശോക് മാഹ്തോ അടുത്തിടെ തിടുക്കപ്പെട്ട് വിവാഹം കഴിച്ച് രംഗത്തിറക്കിയതാണ് അനിതാ ദേവിയെ. പരോളിലിറങ്ങിയ ആനന്ദ് സിങ്ങാണ് ലലന്‍ സിങ്ങിന്റെ ഊര്‍ജം. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ലലന്‍ സിങ്ങിനുവേണ്ടി ശക്തിപ്രകടനം നടത്തുകയാണ് അഞ്ച് തവണ എം.എല്‍.എ. ആയിരുന്ന ആനന്ദ് സിങ്. സംസ്ഥാനത്തെ ജെ.ഡി.യു. നേതാക്കളായ രണ്ട് മന്ത്രിമാരുടെ മക്കള്‍ പരസ്പരം മത്സരിക്കുന്നതാണ് സമസ്തിപുരിലെ കൗതുകം. മന്ത്രി അശോക് ചൗധരിയുടെ മകള്‍ സാംബവി ചൗധരിക്ക് (25) ചിരാഗ് പസ്വാന്‍ എല്‍.ജെ.പി. ടിക്കറ്റ് നല്‍കിയപ്പോള്‍ മറ്റൊരുമന്ത്രിയായ മഹേശ്വര്‍ ഹസാരിയുടെ മകന്‍ സണ്ണി ഹസാരിയെ (33) രംഗത്തിറക്കി കോണ്‍ഗ്രസ് ഞെട്ടിച്ചു. സാംബവിക്കുവേണ്ടി അശോക് ചൗധരി പ്രചാരണത്തിനെത്തുമ്പോള്‍ സണ്ണിക്ക് സ്വാഭാവികമായും പിതാവിന്റെ പിന്തുണയില്ല.ഒരുകാലത്ത് ഇടത് ശക്തികേന്ദ്രമായിരുന്ന ബെഗുസരായിയില്‍ ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനെയാണ് സി.പി.ഐ.യുടെ അവധേഷ് റോയ് നേരിടുന്നത്. 2019-ല്‍ ഇടത് തീപ്പൊരിനേതാവായിരുന്ന കനയ്യകുമാറിനെ തോല്‍പ്പിച്ച ഗിരിരാജ് സിങ്ങിനെ മഹാസഖ്യത്തിന്റെ ബലത്തില്‍ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.പി. ബിഹാറില്‍ ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ സി.പി.ഐ.ക്ക് ലഭിച്ച ഏക മണ്ഡലമാണ് ബെഗുസരായ്.
ഉജിയാര്‍പുരില്‍ ആര്‍.ജെ.ഡി.യുടെ അലോക് കുമാര്‍ മേത്തയെ തോല്‍പ്പിച്ചാല്‍ കേന്ദ്രമന്ത്രി നിത്യാനന്ദ് റായിക്ക് ഇവിടെ ഹാട്രിക് നേടാം. ദര്‍ഭംഗയില്‍ ബി.ജെ.പി.യുടെ സിറ്റിങ് എം.പി. ഗോപാല്‍ജി ഠാക്കൂറിന് സീറ്റ് നിലനിര്‍ത്താന്‍ ഏറെ വിയര്‍ക്കണം. സിറ്റിങ് എം.എല്‍.എ. ലളിത് കുമാറിനെയാണ് ഇവിടെ ആര്‍.ജെ.ഡി. സ്ഥാനാര്‍ഥി.
Content Highlights: bihar loksabha election fourth phase
Published: 10 May 2024, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented