പട്‌ന: ബിഹാറില്‍ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി.)യില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് 22 നേതാക്കള്‍ പാര്‍ട്ടിവിട്ടു. ചിരാഗ് പണം വാങ്ങി ലോക്‌സഭാ ടിക്കറ്റുകള്‍ വില്‍ക്കുകയാണെന്ന വിമര്‍ശനം ഉന്നയിച്ച ഇവര്‍, പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. 

To advertise here,

മുന്‍മന്ത്രി രേണു കുശ്‌വാഹ, മുന്‍ എം.എല്‍.എയും പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സതീഷ് കുമാര്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ദാംഗി, പാര്‍ട്ടിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി രവീന്ദ്ര സിങ്, സഞ്ജയ് സിങ് തുടങ്ങിയവരാണ് പാര്‍ട്ടി വിട്ട പ്രമുഖര്‍. ഞങ്ങളുടെ കഠിനപ്രയത്‌നത്തിന്റെ ഫലമായാണ് ചിരാഗിന് അഞ്ച് സീറ്റുകള്‍ ലഭിച്ചത്. അദ്ദേഹം അതെല്ലാം വിറ്റു. ബിഹാറിലെ ജനങ്ങള്‍ അദ്ദേഹത്തിന് മറുപടി നല്‍കും, രവീന്ദ്ര സിങ് പറഞ്ഞു.

നാല്‍പ്പത് ലോക്‌സഭാ മണ്ഡലങ്ങളുള്ള ബിഹാറില്‍ അഞ്ച് സീറ്റുകളിലാണ് എല്‍.ജെ.പി. മത്സരിക്കുക. വൈശാലി, ഹാജിപുര്‍, സമസ്തിപുര്‍, ഖഗാരിയ, ജമുയി മണ്ഡലങ്ങളില്‍നിന്നാണ് എല്‍.ജെ.പി. സ്ഥാനാര്‍ഥികള്‍ ജനവിധി തേടുക.