ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പുതിയ ദളിത് രാഷ്ട്രീയ മുഖമായി ഉദിച്ചുയർന്ന് ചന്ദ്രശേഖര്‍ ആസാദ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നഗിന മണ്ഡലത്തില്‍ അങ്കത്തിനിറങ്ങിയ ചന്ദ്രശേഖര്‍ ആസാദ് നടത്തിയത് വന്‍ മുന്നേറ്റം. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ ഒരു ലക്ഷത്തിനടുത്താണ് ആസാദിന്റെ ലീഡ് നില. 

To advertise here,

ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കായിരുന്നു ഭീം ആര്‍മി സ്ഥാപക നേതാവും ആസാദ് സമാജ് പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദിന്റെ പോരാട്ടം. ''എല്ലാ പാര്‍ട്ടികളെയും പരീക്ഷിച്ചു, ഇനി തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'കെറ്റില്‍'  പരീക്ഷിക്കാം'' എന്നതായിരുന്നു തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ബി.ജെ.പി.യും ഇന്ത്യസംഖ്യത്തില്‍നിന്ന് എസ്.പി.യും ഇവര്‍ക്ക് പുറമേ ബി.എസ്.പി.യും നഗിനയില്‍ സ്ഥാനാര്‍ഥികളെ അണിനിരത്തിയെങ്കിലും ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്നതായി ആസാദിന്റെ മുന്നേറ്റം. 

നാലുവര്‍ഷം മാത്രമാണ് ചന്ദ്രശേഖര്‍ ആസാദിന്റെ 'ആസാദ് സമാജ്' പാര്‍ട്ടിയുടെ പ്രായം. നേരത്തെ ഉത്തര്‍പ്രദേശിലെ ദളിത് രാഷ്ട്രീയമുഖമായിരുന്നത് ബി.എസ്.പി. നേതാവ് മായാവതിയായിരുന്നു. എന്നാല്‍, ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും മായാവതിയുടെ ബി.എസ്.പി. ശോഷിച്ചുവരുന്നതാണ് ഉത്തര്‍പ്രദേശിലെ കാഴ്ച. ഈ വോട്ട് ബാങ്കിലേക്കാണ് പുതിയ പാര്‍ട്ടിയുമായി ദളിത് നേതാവും അംബേദ്​കറൈറ്റുമായ ആസാദ് കടന്നുകയറിയത്. 

ദളിത്, മുസ്ലീം വോട്ടുകള്‍ വിധിനിര്‍ണയിക്കുന്ന നഗിന മണ്ഡലത്തില്‍ വ്യക്തമായ ലീഡാണ് ആസാദിനുള്ളത്. 2019-ല്‍ എസ്.പി.യുമായി സഖ്യമുണ്ടാക്കി ബി.എസ്.പി.യാണ് നഗിനയില്‍ വിജയിച്ചത്. ഇത്തവണ മണ്ഡലം പിടിക്കാനായി ബി.ജെ.പി.യും എസ്.പി.യും ബി.എസ്.പി.യും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു.