ഷിംല: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മറ്റ് ബി.ജെ.പി. നേതാക്കളുടേയും ആരോപണം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയുടെ പിന്നില്‍ വൈദേശികശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുരിലെ ബി.ജെ.പി. റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോണ്‍ഗ്രസിനൊപ്പം വൈദേശികശക്തികളുടേയും ഇടപെടല്‍ അവരുടെ പത്രികയില്‍ കാണാവുന്നതാണ്. അവര്‍ നിങ്ങളുടെ കുട്ടികളുടെ സ്വത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കും. രാജ്യത്തിന്റെ അണുവായുധങ്ങള്‍ ഇല്ലാതാക്കും. മതത്തിന്റേയും ജാതിയുടേയും പേരില്‍ രാജ്യത്തെ വിഭജിക്കും', അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
'തുക്‌ഡെ- തുക്‌ഡെ ഗ്യാങ് കോണ്‍ഗ്രസിനെ വളയുകയും അവരുടെ ആശയത്തെ ഹൈജാക്ക് ചെയ്യുകയുംചെയ്തു. നിങ്ങളുടെ സ്വത്ത് മുസ്ലിങ്ങളിലേക്ക് പോകണോ അതോ മക്കള്‍ക്കുതന്നെ ലഭിക്കണോയെന്ന് നിങ്ങള്‍ തീരുമാനിക്കണം. മുസ്ലിങ്ങള്‍ നമ്മള്‍ തുല്യഅവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലല്ല അത് നല്‍കിയത്, അവരുടെ അവകാശമായതിനാലാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്തുടര്‍ച്ച സ്വത്ത് നികുതിയെക്കുറിച്ച് കോണ്‍ഗ്രസ്- ബി.ജെ.പി. വാക്‌പോര് തുടരുന്നതിനിടെയാണ് അനുരാഗ് ഠാക്കൂറും സമാനപരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യാവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍സിങ് പറഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു. ഇത് ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരും രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പി. അധ്യക്ഷനില്‍നിന്ന് വിശദീകരണം തേടിയിരുന്നു. 22 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തിനിടെ അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രകോപനപ്രസംഗം നേരത്തെ വിവാദമായിരുന്നു.
Content Highlights: Anurag Thakur Property To Muslims Charge Against Congress
Published: 27 Apr 2024, 07:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented