ടുക്കാനും കൊടുക്കാതിരിക്കാനുമുള്ള മത്സരം നടക്കുന്ന തൃശ്ശൂര്‍, കേരളാ കോണ്‍ഗ്രസുകാര്‍ കൊമ്പുകോര്‍ക്കുന്ന കോട്ടയം, സിറ്റിങ് എം.പിയെ വീഴ്ത്താന്‍ മന്ത്രിയെ തന്നെ ഇറക്കിയിരിക്കുന്ന ആലത്തൂര്‍.... മധ്യകേരളത്തിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ കാഴ്ചകള്‍ ബഹുരസമാണ്, അതിലുപരി വീറുംവാശിയുമേറിയതാണ്. പൊടിപാറിയ പ്രചാരണം അവസാനിച്ച് കേരളം പോളിങ് ബൂത്തിലേക്ക് കടക്കാന്‍ ഇനിയുള്ളത് ഒരു പകലിന്റെ ദൈര്‍ഘ്യം. വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മധ്യകേരളത്തിന്റെ മനസ്സില്‍ എന്തായിരിക്കും. മധ്യകേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ എന്താണ് കണക്കുകൂട്ടിയിരിക്കുന്നത്?.

To advertise here,

വിഷയങ്ങളും വിവാദങ്ങളും കൊണ്ട് സമ്പന്നമായിരുന്നു സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം. വന്യമൃഗശല്യം, കര്‍ഷകന്റെ കണ്ണീര്, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ആരംഭിച്ച ചര്‍ച്ചകള്‍ വിവാദ സിനിമാ പ്രദര്‍ശനവും പൂരത്തിന്റെ മാറ്റ് കുറയ്ക്കാന്‍ നീക്കം നടന്നോ എന്ന ആരോപണംവരെയായി എത്തിനില്‍ക്കുന്നു. അജണ്ടകള്‍ സൃഷ്ടിച്ചും വിവാദങ്ങള്‍ കത്തിച്ചും മുന്നണികളും സ്ഥാനാര്‍ഥികളും മത്സരിച്ചു. മുന്നണികള്‍ തമ്മിലും മുന്നണികള്‍ക്കുള്ളിലും പോരും വാക്കേറ്റവും നടന്നു. ഇതില്‍ ജനം വിലകൊടുത്തത് എന്തിന്? തള്ളിക്കളഞ്ഞത് എന്തൊക്ക? പാര്‍ട്ടികളുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമാണോ ജനമനസ്സിലെ കണക്കുകൂട്ടലുകള്‍. മധ്യകേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ എന്തൊക്കെയാകാം ചര്‍ച്ചയായത്? അത് ആരെ എങ്ങനെയൊക്കെ സഹായിക്കും.

തൃശ്ശൂര്‍

കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിനു വേണ്ടി സി.പി.ഐയുടെ വി.എസ്. സുനില്‍കുമാറും യു.ഡി.എഫിനു വേണ്ടി കോണ്‍ഗ്രസിന്റെ കെ. മുരളീധരനും എന്‍.ഡി.എയില്‍ ബി.ജെ.പിക്കു വേണ്ടി സുരേഷ് ഗോപിയുമാണ് കളത്തില്‍. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ സുനില്‍കുമാറിന്റെയും സുരേഷ് ഗോപിയുടെയും സ്ഥാനാര്‍ഥിത്വം ഉറപ്പായിരുന്നു. എന്നാല്‍, സഹോദരി പത്മജയുടെ ബി.ജെ.പി. പ്രവേശനത്തിന് പിന്നലെയാണ് വടകരയില്‍നിന്ന് കെ. മുരളീധരന്‍ തൃശ്ശൂരിലേക്കെത്തുന്നത്. ബി.ജെ.പി. ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന, ജയിച്ചാല്‍ ഒരു കേന്ദ്രമന്ത്രിയെന്ന വാഗ്ദാനം നല്‍കുന്ന ലോക്സഭാ സീറ്റാണ് തൃശ്ശൂര്‍.

placeholder
വി.എസ്. സുനില്‍കുമാര്‍, കെ. മുരളീധരന്‍, സുരേഷ് ഗോപി

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച സുരേഷ് ഗോപിയെത്തന്നെ ഇത്തവണയും സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ബി.ജെ.പിക്ക് ലക്ഷ്യങ്ങളേറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരെത്തുടരെ മണ്ഡലസന്ദര്‍ശനം നടത്തുകയും പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. കരുവന്നൂര്‍ ബാങ്ക് വിഷയം ചര്‍ച്ചയാക്കി സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കി. അതേസമയം, നാട്ടുകാരനും മുന്‍മന്ത്രിയുമായ സുനില്‍കുമാറിന്റെ ജനകീയ പ്രതിച്ഛായ വോട്ടായാല്‍ വിജയം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് ഇടതുക്യാമ്പിന്. കെ. മുരളീധരനെ സംബന്ധിച്ചിടത്തോളം കൂടെപ്പിറപ്പ് ഏല്‍പിച്ച ആഘാതത്തിനുള്ള മറുപടി നല്‍കല്‍ കൂടിയാണ് ഈ മത്സരം. വടകരയില്‍നിന്ന് തൃശ്ശൂര്‍ വഴി ഡല്‍ഹിയിലേക്ക് എത്തിയില്ലെങ്കില്‍ അത് മുരളീധരന്റെ പൊളിറ്റിക്കല്‍ ഗ്രാഫിനെ കൂപ്പുകുത്തിക്കുമെന്നതില്‍ സംശയംവേണ്ട.

നിയമസഭാ മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും: തൃശ്ശൂര്‍ (സി.പി.ഐ.), നാട്ടിക(സി.പി.ഐ.), ഇരിഞ്ഞാലക്കുട (സി.പി.എം.), ഒല്ലൂര്‍ (സി.പി.ഐ.), പുതുക്കാട് (സി.പി.എം.), ഗുരുവായൂര്‍ (സി.പി.എം.), മണലൂര്‍ (സി.പി.എം.).

ആലത്തൂര്‍

ഇക്കുറിയും രമ്യ ഹരിദാസിന് പാട്ടുംപാടി ജയിക്കാനാകുമോ എന്നാണ് ആലത്തൂരിലെ ചോദ്യം. ജനകീയനും സിറ്റിങ് മന്ത്രിയുമായ കെ. രാധാകൃഷ്ണനാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി. പാലക്കാട് വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പൽ  പ്രൊഫ. ടി.എന്‍. സരസു ബി.ജെ.പിയ്ക്കു വേണ്ടിയും മത്സരത്തിനിറങ്ങുന്നു. തൃശ്ശൂരും പാലക്കാടുമായി വ്യാപിച്ചു കിടക്കുന്നതും സംസ്ഥാനത്തെ രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നുമായ ആലത്തൂരിന് ചര്‍ച്ചയാക്കാന്‍ കാര്‍ഷിക മേഖലയിലേത് ഉള്‍പ്പെടെ നിരവധി വിഷയങ്ങളുണ്ട്. 2019-ല്‍ മൂന്നാമങ്കത്തിനിറങ്ങിയ പി.കെ. ബിജുവിന് അടിതെറ്റിയപ്പോള്‍ സി.പി.എം. ഞെട്ടി എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. അഞ്ചുകൊല്ലത്തിനിപ്പുറം മണ്ഡലം തിരിച്ചുപിടിക്കുക എന്ന വലിയ ഉത്തരവാദിത്തം ലഭിച്ചിരിക്കുന്നത് കെ. രാധാകൃഷ്ണനാണ്. ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങള്‍ എന്നിവയാണ് രാധാകൃഷ്ണനു മുന്നിലെ പ്രധാന വെല്ലുവിളികള്‍.

placeholder
രമ്യ ഹരിദാസ്, കെ. രാധാകൃഷ്ണന്‍, പ്രൊഫ. ടി.എന്‍. സരസു | Photo: Mathrubhumi 

പുതുമുഖമായി വന്ന രമ്യക്ക്, രാഹുല്‍ ഗാന്ധി ഫാക്ടറിനെ കൂടാതെ പി.കെ. ബിജുവിരുദ്ധ വോട്ടുകള്‍ കൂടി ലഭിച്ചതോടെ വിജയം അനായാസമാവുകയായിരുന്നു. എന്നാല്‍ എം.പി. എന്ന നിലയ്ക്ക് രമ്യ വേണ്ടത്ര ശോഭിച്ചോ എന്ന ചോദ്യമാണ് പ്രതിപക്ഷത്തിന്റെ ആയുധം. പ്രൊഫ. ടി.എന്‍. സരസുവിനെതിരേ എസ്.എഫ്.ഐ. നടത്തിയ കുഴിമാടം സമരം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ നാല് മണ്ഡലങ്ങള്‍ ആലത്തൂര്‍ മണ്ഡലത്തിലാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍-നെല്ല് സംഭരണം, ജലസേചനം, വന്യമൃഗശല്യം, ചര്‍ച്ചയാകുമെന്നത് ഉറപ്പാണ്. സഹകരണബാങ്ക് തട്ടിപ്പ് പ്രചാരണവിഷയമാക്കിയാണ് സരസുവിന്റെ നീക്കം.

നിയമസഭാ മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും: ആലത്തൂര്‍ (സി.പി.എം), നെന്മാറ (സി.പി.എം.), കുന്നംകുളം (സി.പി.എം.), വടക്കാഞ്ചേരി (സി.പി.എം.), ചേലക്കര (സി.പി.എം.), ചിറ്റൂര്‍ (ജെ.ഡി.എസ്.), തരൂര്‍ (സി.പി.എം.).

പാലക്കാട്

പാലക്കാട്ട് നിന്ന് ആര് പാര്‍ലമെന്റിലേക്കെത്തും? കൈവിട്ടുപോയ മണ്ഡലത്തെ തിരിച്ചുപിടിക്കാന്‍ എ. വിജയരാഘവനെ കളത്തിലിറക്കിയാണ് സി.പി.എം. നീക്കം. സിറ്റിങ് എം.പിയായ വി.കെ. ശ്രീകണ്ഠന്‍ യു.ഡി.എഫിനു വേണ്ടിയും സി. കൃഷ്ണകുമാര്‍ ബി.ജെ.പിയ്ക്കുവേണ്ടിയും മത്സരരംഗത്തുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കരുത്തേറെയുള്ള മണ്ഡലമാണ് പാലക്കാട്, എ.കെ. ഗോപാലനെയും ഇ.കെ. നായനാരെയും ലോക്സഭയിലെത്തിച്ച മണ്ണ്. 1996 മുതല്‍ 2019 വരെ സി.പി.എം. പ്രതിനിധികള്‍ മാത്രമായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍ 2019-ല്‍ കഥമാറി. എം.ബി. രാജേഷിനെ വീഴ്ത്തി വി.കെ. ശ്രീണ്ഠന്‍ ജയിച്ചുകയറി. രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ തേരോട്ടം ഇങ്ങ് പാലക്കാട് കോട്ടയിലും സി.പി.എമ്മിന്റെ കടപുഴക്കി. എന്നാല്‍ ഇക്കുറി തരംഗസാധ്യത ഇല്ലാത്തത് എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നു.

placeholder
വി.കെ. ശ്രീകണ്ഠന്‍, എ. വിജയരാഘവന്‍, സി. കൃഷ്ണകുമാര്‍ | Photo: Mathrubhumi 

സംസ്ഥാനത്ത് ബി.ജെ.പിക്ക് നിര്‍ണായകസ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. ബി.ജെ.പിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നതും. പാര്‍ട്ടിക്ക് അപ്പുറം ജനകീയനായ സി. കൃഷ്ണകുമാറാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. കരുവന്നൂര്‍ വിഷയം, ഭരണവിരുദ്ധവികാരം തുടങ്ങിയവയില്‍ കണ്ണുവെച്ചാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നീക്കം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനവിരുദ്ധ നടപടികള്‍ എണ്ണംപറഞ്ഞ് ചൂണ്ടിക്കാണിച്ചും, നേട്ടങ്ങള്‍ കൂടുതല്‍ വോട്ടര്‍മാരിലെത്തിക്കാനുമാണ് എല്‍.ഡി.എഫ്. നേട്ടം. 1989-ല്‍ മണ്ഡലത്തില്‍നിന്ന് എം.പിയായ ചരിത്രം എ. വിജയരാഘവനുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറി, കാര്‍ഷികമേഖല, റെയില്‍ യാത്രാക്ലേശം തുടങ്ങിയവയൊക്കെ പാലക്കാടിന്റെ വിധിയെഴുത്തിനെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളാണ്.

നിയമസഭാ മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും: പട്ടാമ്പി (സി.പി.ഐ.), മലമ്പുഴ (സി.പി.എം.), കോങ്ങാട്‌ (സി.പി.എം.), പാലക്കാട് (കോണ്‍ഗ്രസ്), മണ്ണാര്‍ക്കാട് (മുസ്‌ലിം ലീഗ്), ഒറ്റപ്പാലം (സി.പി.എം) , ഷൊര്‍ണൂര്‍ (സി.പി.എം.). 

ചാലക്കുടി

മറ്റ് മണ്ഡലങ്ങളില്‍ ത്രികോണപ്പോരാണെങ്കില്‍ ചാലക്കുടിയില്‍ നടക്കുന്നത് ചതുഷ്‌കോണപ്പോരാണെന്ന് പറയാം. സി.പി.എം, കോണ്‍ഗ്രസ്, ബി.ഡി.ജെ.എസ്. ട്വന്റി 20 എന്നിവരാണ് മത്സരരംഗത്ത്. പ്രൊഫ. സി. രവീന്ദ്രനാഥ് എല്‍.ഡി.എഫിനു വേണ്ടിയും ബെന്നി ബെഹനാന്‍ യു.ഡി.എഫിനു വേണ്ടിയും പോരിനിറങ്ങുമ്പോള്‍, എന്‍.ഡി.എയ്ക്കു വേണ്ടി ബി.ഡി.ജെ.എസിന്റെ കെ.എ. ഉണ്ണികൃഷ്ണനും ട്വന്റി 20-യ്ക്കുവേണ്ടി ചാര്‍ളി പോളും മത്സരരംഗത്തുണ്ട്. ട്വന്റി 20യുടെ ആദ്യ ലോക്സഭാ മത്സരമാണിത്. ആദ്യഘട്ടത്തില്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന ചിന്തയായിരുന്നു യു.ഡി.എഫ്. ക്യാമ്പില്‍. എന്നാല്‍ പ്രൊഫ. സി. രവീന്ദ്രനാഥിന്റെ വരവും പിന്നാലെ ട്വന്റി 20 യുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും മത്സരം കടുപ്പമേറിയതാക്കി മാറ്റിയെന്നു പറയേണ്ടിവരും.

placeholder
സി.രവീന്ദ്രനാഥ്, ബെന്നി ബഹനാന്‍, കെ.എ. ഉണ്ണിക്കൃഷ്ണന്‍, അഡ്വ. ചാര്‍ളി പോള്‍

മണ്ഡല പുനഃക്രമീകരണത്തെ തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതാവുകയും ചാലക്കുടി മണ്ഡലം രൂപവത്കരിക്കപ്പെടുകയുമായിരുന്നു. 2008 മുതല്‍ നിലവില്‍ വന്ന ചാലക്കുടി മണ്ഡലം, 2009-ല്‍ കെ.പി. ധനപാലനെയും 2014-ല്‍ ഇന്നസെന്റിനെയും 2019-ല്‍ ബെന്നി ബെഹനാനെയുമാണ് തിരഞ്ഞെടുത്തത്. മണ്ഡലത്തിലെ വോട്ടറല്ല രവീന്ദ്രനാഥ്. ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിത്വത്തിന് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ദേശിച്ചതോടെ രവീന്ദ്രനാഥ് കളത്തിലിറങ്ങി. മന്ത്രിയായ ശേഷവും സൈക്കിളില്‍ സഞ്ചരിക്കുന്ന, സാധാരണക്കാരില്‍ ഒരാള്‍ എന് പ്രതിച്ഛായ പേറുന്ന രവീന്ദ്രനാഥിനെ മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റിയ പോരാളിയായാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ ഞെട്ടിച്ച ട്വന്റി 20 ഇടത്-വലത് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ നിശ്ചയിക്കുമോ എന്നതാണ് ചാലക്കുടിയിലെ പോരാട്ടത്തെ കൂടുതല്‍ വീറുറ്റതാക്കുന്നത്.

നിയമസഭാ മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും: കൊടുങ്ങല്ലൂര്‍ (സി.പി.ഐ.), കുന്നത്തുനാട് (സി.പി.എം.), പെരുമ്പാവൂര്‍ (കോണ്‍ഗ്രസ്), കൈപ്പമംഗലം (സി.പി.ഐ.), ചാലക്കുടി (കോണ്‍ഗ്രസ്), ആലുവ (കോണ്‍ഗ്രസ്), അങ്കമാലി (കോണ്‍ഗ്രസ്).

എറണാകുളം

യു.ഡി.എഫിന് മേല്‍ക്കയ്യുള്ള മണ്ഡലം. നേരിടേണ്ടത് സിറ്റിങ് എം.പി. ഹൈബി ഈഡനെ. കെ.ജെ. ഷൈന്‍ എന്ന അപ്രതീക്ഷിത സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ മത്സരം കൊഴുപ്പിക്കുകയായിരുന്നു എല്‍.ഡി.എഫ്. ഡോ. കെ.എസ്. രാധാകൃഷ്ണനാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. സാമുദായിക പ്രാതിനിധ്യം എന്ന ഘടകത്തിനാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടികള്‍ പ്രാമുഖ്യം നല്‍കാറുള്ളത്. ലത്തീന്‍ ക്രിസ്ത്യന്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ളിടമാണ് എറണാകുളം. അതുകൊണ്ടുതന്നെ ആ സമുദായത്തില്‍നിന്നുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് എല്‍.ഡി.എഫും യു.ഡി.എഫും ശ്രദ്ധിക്കുന്നതും.

placeholder
ഹൈബി ഈഡന്‍, കെ.ജെ. ഷൈന്‍, കെ.എസ്. രാധാകൃഷ്ണന്‍ | Photo: Mathrubhumi 

മണ്ഡലത്തിന്റെ ചരിത്രത്തില്‍ അഞ്ചുതവണയാണ് ഇടതുപക്ഷത്തിന് പ്രതിനിധികളെ ലഭിച്ചിട്ടുള്ളത്. ഇതില്‍ ഒരുവട്ടം മാത്രമാണ് സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത്- വി. വിശ്വനാഥ മേനോന്‍. ബാക്കി നാലുവട്ടവും ഇടതുസ്വതന്ത്രരായിട്ടായിരുന്നു വിജയം. ആന്റണി ജൂഡിയാണ് മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാര്‍ഥി. 17 ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ കണക്കു നോക്കിയാല്‍ 13 തവണയും യു.ഡി.എഫിനൊപ്പംനിന്ന മണ്ഡലമാണ് എറണാകുളം. 2014-ല്‍ പി. രാജീവിനെയാണ് ഹൈബിയെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫ്. ഇറക്കിയത്. എന്നാല്‍ അദ്ഭുതങ്ങള്‍ സംഭവിച്ചില്ല. മികച്ച ഭൂരിപക്ഷത്തില്‍ ഹൈബി ജയിച്ചു. വടകരയ്ക്കു പുറമേ എറണാകുളത്തുമാണ് ഇക്കുറി എല്‍.ഡി.എഫ്. വനിതാ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിരിക്കുന്നത്. ദീര്‍ഘകാലമായി പൊതുരംഗത്തുപ്രവര്‍ത്തിക്കുന്ന ലത്തീന്‍ ക്രിസ്ത്യന്‍ സമുദായാംഗമായ ഷൈനെ മത്സരിപ്പിക്കുന്നതിലൂടെ കടുത്തമത്സരത്തിനാണ് എല്‍.ഡി.എഫ്. കോപ്പുകൂട്ടുന്നത്.

നിയമസഭാ മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും: വൈപ്പിന്‍ (സി.പി.എം.), തൃക്കാക്കര (കോണ്‍ഗ്രസ്), കൊച്ചി (സി.പി.എം.), തൃപ്പൂണിത്തുറ (കോണ്‍ഗ്രസ്), പറവൂര്‍ (കോണ്‍ഗ്രസ്), കളമശ്ശേരി (സി.പി.എം.), എറണാകുളം (കോണ്‍ഗ്രസ്).

കോട്ടയം

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന 18-ാമത്തെ പിളര്‍പ്പിന് ഈ മാസം സാക്ഷ്യംവഹിച്ച കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള മത്സരമാണ് കോട്ടയത്ത്. 2019-ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന തോമസ് ചാഴിക്കാടന്‍ ഇക്കുറി ഇടതുപാളയത്തിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതും കേരളാ കോണ്‍ഗ്രസ് എമ്മാണ്. കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പും ജോസ് കെ. മാണിപക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിനും ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണിത്. ശക്തി തെളിയിക്കേണ്ടത് രണ്ട് കേരളാ കോണ്‍ഗ്രസുകള്‍ക്കും അത്യാവശ്യമാണ്. മാത്രമല്ല, മുന്നണികളിലെ വിലപേശല്‍ ശക്തി ഉറപ്പിക്കാനുള്ള മാര്‍ഗവും ഇത് മാത്രമാണ്.

placeholder
തോമസ് ചാഴിക്കാടന്‍, ഫ്രാന്‍സിസ് ജോര്‍ജ്, തുഷാര്‍ വെള്ളാപ്പള്ളി | Photo: Mathrubhumi 

എന്‍.ഡി.എ. മുന്നണിയില്‍ ബി.ഡി.ജെ.എസാണ് കോട്ടയത്ത് മത്സരിക്കുന്നത്. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥി. ഈഴവ വോട്ടുകളുടെ സമാഹരണം ലക്ഷ്യമാക്കിയാണ് തുഷാറിന്റെ മത്സരം. കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍, പ്രത്യേകിച്ച് റബര്‍ വിലയാണ് കോട്ടയത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. കേരള സ്റ്റോറി സിനിമ ഉയര്‍ത്തിയ വിവാദങ്ങളും ചര്‍ച്ചയായേക്കും. സഭയുടെ നിലപാടാണ് മറ്റൊരു നിര്‍ണായകഘടകം. കേരളാ കോണ്‍ഗ്രസുകള്‍ക്കുള്ളിലെ പടലപ്പിണക്കവും കോട്ടയത്തെ മത്സരത്തെ കൗതുകമുള്ളതാക്കുന്നു. യു.ഡി.എഫിന്റെ ജില്ലാ ചെയര്‍മാനായിരുന്ന സജി മഞ്ഞക്കടമ്പന്റെ പാര്‍ട്ടിവിടലും എന്‍.ഡി.എയ്ക്ക് ഒപ്പം ചേരാനുള്ള തീരുമാനവുമൊക്കെ കോട്ടയത്തെ പോരിന് ആക്കംകൂട്ടുന്ന സംഗതികളാണ്. 

നിയമസഭാ മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും: കോട്ടയം(കോണ്‍ഗ്രസ്), പുതുപ്പള്ളി(കോണ്‍ഗ്രസ്), ഏറ്റുമാനൂര്‍ (സി.പി.എം.), കടുത്തുരുത്തി (കേരള കോണ്‍ഗ്രസ്), പിറവം (കേരള കോണ്‍ഗ്രസ് (ജെ)), പാലാ (എന്‍.സി.കെ.), വൈക്കം (സി.പി.ഐ.)

ഇടുക്കി

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജും യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസും തമ്മില്‍ ഇതുവരെ ഏറ്റുമുട്ടിയത് മൂന്നുവട്ടം. സ്‌കോര്‍: ജോയ്‌സ് ജോര്‍ജ്-1 (2014), ഡീന്‍ കുര്യാക്കോസ്-1 (2019). 2024-ല്‍ മണ്ഡലം ആരെയാകും തുണയ്ക്കുക. പത്തുകൊല്ലം മുന്‍പ് ഭൂമിവിഷയവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കത്തിനിന്നിരുന്ന സമയത്ത് ഇടതു സ്വതന്ത്രനായി രംഗപ്രവേശം ചെയ്ത ജോയ്‌സിന് വിജയം നേടാനായി. എന്നാല്‍ അഞ്ചുകൊല്ലത്തിനിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ രാഹുല്‍ തരംഗം ഉള്‍പ്പെടെയുള്ളവയുടെ കരുത്തില്‍ ഡീന്‍ വിജയിച്ചു. പഴയ എതിരാളികളുടെ ഏറ്റുമുട്ടലാണ് ഇക്കുറിയും. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിന്റെ സംഗീത വിശ്വനാഥനാണ് സ്ഥാനാര്‍ഥി. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍നിന്നും സംഗീത മത്സരിച്ചിരുന്നു.

placeholder
ഡീന്‍ കുര്യാക്കോസ്, ജോയ്‌സ് ജോര്‍ജ്, സംഗീത വിശ്വനാഥന്‍ | Photo: Mathrubhumi 

പൊതുവേ യു.ഡി.എഫ്. അനുകൂലമണ്ഡലമായാണ് ഇടുക്കിയെ കണക്കാക്കുന്നത്. സഭയുടെ നിലപാടും കാര്‍ഷികവിഷയങ്ങളും തിരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കും. വിവാദചിത്രം കേരള സ്റ്റോറി ആഴ്ചകള്‍ക്കു മുന്‍പ് ഇടുക്കി രൂപത, വിദ്യാര്‍ഥികള്‍ക്കുള്ള ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പട്ടയവിഷയം, ഭൂപ്രശ്‌നം, വന്യജീവി ആക്രമണം, കാര്‍ഷികോത്പന്നങ്ങളുടെ വിലക്കുറവ്, വികസനമുരടിപ്പ് ഇവയൊക്കെ ഇടുക്കിക്കാര്‍ക്ക് വിധി നിര്‍ണയിക്കാനുള്ള സൂചകങ്ങളാണ്. ഹൈറേഞ്ച് സംരക്ഷണസമിതി അപ്രസക്തമായെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുപക്ഷത്തേക്കുള്ള വരവ് ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ക്യാമ്പ്. ഭരണവിരുദ്ധവികാരവും സഭയുടെ നിലപാടും അനുകൂലമായാല്‍ വിജയം ഒപ്പമുണ്ടാകുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. 

നിയമസഭാ മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും: ഉടുമ്പന്‍ചോല (സി.പി.എം.), ദേവികുളം (സി.പി.എം.), പീരുമേട്(സി.പി.ഐ.), തൊടുപുഴ (കേരള കോണ്‍ഗ്രസ്), ഇടുക്കി (കേരള കോണ്‍ഗ്രസ് എം), കോതമംഗലം(സി.പി.എം.), മൂവാറ്റുപുഴ (കോണ്‍ഗ്രസ്).