പ്രവചനാതീതമാണ് ഇന്ത്യന്‍ രാഷ്ട്രീയം, പലതവണ രാജ്യം അതുകണ്ടു. ജയം ഉറപ്പിച്ചവരെ തോല്‍പിച്ചു. ചിലപ്പോള്‍ പ്രതീക്ഷയ്ക്ക് മേലെ വിജയം സമ്മാനിച്ചു. 2014-ലും പിന്നെ 2019-ലും തുടര്‍ന്ന മോദി തരംഗം ഇത്തവണയും പ്രതീക്ഷിക്കുന്നവരുണ്ട്. വോട്ടുകണക്കുകള്‍ പറയുന്നത് എന്താണ്? നോക്കാം.

2009 തിരഞ്ഞെടുപ്പില്‍ 116 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി. 2014-ല്‍ അബ്കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യവുമായാണ് കളം നിറഞ്ഞു കളിച്ചത്. അടല്‍ ബിഹാരി വാജ്പേയി എന്ന മുന്‍ പ്രധാനമന്ത്രിയുടെ സൗമ്യമുഖമായിരുന്നില്ല അന്ന് ബി.ജെ.പിക്ക്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 282 സീറ്റുകളോടെയാണ് നിര്‍ണ്ണായക ഭൂരിപക്ഷം നേടി ബി.ജെ.പി. അധികാരത്തിലെത്തിയത്. ഒറ്റ തിരഞ്ഞെടുപ്പുകൊണ്ട് 166 സീറ്റുകള്‍ അധികം നേടിയാണ് ബി.ജെ.പി. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്. ആകെ പോള്‍ ചെയ്തതില്‍ 31% വോട്ടുകളും ബി.ജെ.പിക്ക്. അതുവരെ രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ചത് 44 സീറ്റുകള്‍ മാത്രം. കിട്ടിയത് കേവലം 19% വോട്ടുകള്‍ മാത്രം.

To advertise here,
placeholder
ലോക്സഭാ തിരഞ്ഞെടുപ്പ് - 2009

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം രണ്ടാം തവണ മാത്രമായിരുന്നു കോണ്‍ഗ്രസ് അല്ലാതെ ഒരു പാര്‍ട്ടി ഒറ്റയ്ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുന്നത്. 1977-ല്‍ അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ജനതാ പാര്‍ട്ടിയായിരുന്നു ആദ്യത്തേത്.

2014-ന് ശേഷം, 2019-ലും ബി.ജെ.പി. അതേ മുന്നേറ്റം തുടര്‍ന്നു. നോട്ടുനിരോധനത്തിന് ശേഷം വരുന്ന തിരഞ്ഞെടുപ്പായിരുന്നിട്ടും, മോദിക്ക് അനുകൂലമല്ല രാഷ്ട്രീയ കാലാവസ്ഥയെന്ന് വിമര്‍ശകര്‍ വിധിയെഴുതിയിട്ടും, ബി.ജെ.പി. തന്നെ ജയിച്ചു. അവരുടെ വോട്ട് വിഹിതം 37 ശതമാനമായി ഉയര്‍ന്നു. 282-ല്‍ നിന്നും 303 സീറ്റുകളിലേക്ക് സീറ്റുനില ഉയര്‍ത്തി. കോണ്‍ഗ്രസിന് സീറ്റുനില 44-ല്‍ നിന്ന് 52 ആയി മെച്ചപ്പെടുത്താനെ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസ് വോട്ടുവിഹിതം 19 ശതമാനത്തില്‍ തന്നെ തുടര്‍ന്നു.

placeholder
ലോക്സഭാ തിരഞ്ഞെടുപ്പ് - 2014

2024-ല്‍ എന്തു സംഭവിക്കും? ഫലം എന്തുതന്നെ ആയാലും അത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു നിര്‍ണായക നാഴികകല്ലാകും. അതുറപ്പാണ്.

ഇന്ന്

ഹാട്രിക്കടിക്കാന്‍ എന്‍.ഡി.എയും, പ്രതാപം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസും തമ്മിലുള്ള മത്സരം മാത്രമല്ല ഇന്ന്. ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കാനുള്ള എല്ലാ അടവും പയറ്റുകയാണ് പ്രതിപക്ഷത്തുള്ളവര്‍. സംഘടിതമായും അല്ലാതെയും.

placeholder
പ്രതീകാത്മക ചിത്രം | Photo: ANI

2014-ല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, ഛത്തീസ്ഗഡ് എന്നിവയുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സര്‍ക്കാരുകള്‍ ഉണ്ടായിരുന്നു. 2023 അവസാനിക്കാറായപ്പോള്‍ 28 സംസ്ഥാനങ്ങളില്‍ 12-ല്‍ ബി.ജെ.പി. ഒറ്റയ്ക്ക് ഭരിക്കുകയും  നാലിടത്ത് സഖ്യകക്ഷി ഭരണവുമായി രാജ്യത്തെ അനിഷേധ്യ രാഷ്ട്രീയ പാര്‍ട്ടിയായി. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുങ്ങി.

ഈ തിരഞ്ഞെടുപ്പുകാലത്താണ് ഇന്ത്യാ മുന്നണിയുടെ പ്രധാന നേതാക്കളിലൊരാളായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലാകുന്നത്. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി. രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി പ്രതിപക്ഷം അതിനെ നേരിട്ടു. ആം ആദ്മി പാര്‍ട്ടിയുടെ മുഖമായ കെജ്രിവാളിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പു ഫലത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ട്.

placeholder
അരവിന്ദ് കെജ്​രിവാളിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു | Photo: PTI:

അടിസ്ഥാന സൗകര്യവികസനവും ദേശീയതയും രാമക്ഷേത്രവുമൊക്കെ ചേര്‍ന്നതായിരുന്നു  ബി.ജെ.പിയുടെ പ്രചാരണ പാക്കേജ്. രാമജന്മഭൂമി തര്‍ക്കത്തിന്റെ പാശ്ചാത്തലത്തിലാണ് ബി.ജെ.പി. രാജ്യത്ത് ഹൈന്ദവ വികാരത്തിന്റെ രാഷ്ട്രീയം കെട്ടിപ്പടുത്തത്. 1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റ് വെറും രണ്ടായിരുന്നു. 40 വര്‍ഷത്തിനിപ്പുറം, ഇന്ന് ബി.ജെ.പിയുടെ സീറ്റുകള്‍ ലോക്സഭയില്‍ 303 ആണ്.  


1989 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ 85 സീറ്റുകള്‍ ബി.ജെ.പി. നേടി. 1996-ല്‍ 161, 1999-ല്‍ 182 ആയി ബി.ജെ.പിയുടെ സീറ്റുകള്‍ വര്‍ദ്ധിച്ചു എന്നാല്‍ 2004-ല്‍ വാജ്‌പേയി സര്‍ക്കാരിന് ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ല. ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രചരിപ്പിച്ചിട്ടും 2004-ല്‍ സീറ്റുകള്‍ 138 ആയും 2009-ല്‍ 116 ആയും കുറഞ്ഞു.  

അവിടെ നിന്നാണ് നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടില്‍ 2014-ല്‍  282 സീറ്റോടെ ബി.ജെ.പി. അധികാരത്തിലെത്തുന്നത്. 2019-ല്‍ 303 സീറ്റുകള്‍.

placeholder
ലോക്സഭാ തിരഞ്ഞെടുപ്പ് - 2019

മുൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ സി.എ.എ., മുത്തലാഖ് നിരോധനം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നിവയെല്ലാം കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ബി.ജെ.പി. നടപ്പിലാക്കിക്കഴിഞ്ഞു. ഇതിനെല്ലാം ഉപരി ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ ആയുധം, രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ 400 സീറ്റില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

തങ്ങളുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാനും വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാനുമുള്ള കഠിന പരിശ്രമത്തിലായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ്. മോദിക്കെതിരെ കോണ്‍ഗ്രസും രാഹുലുമല്ലാതെ മറ്റാര് എന്ന ചോദ്യത്തിനപ്പുറം ഇന്ത്യാ സഖ്യം പിറന്നു.  ദേശീയ പാര്‍ട്ടികള്‍ക്ക് പുറമേ, പ്രാദേശിക പാര്‍ട്ടികളും സഖ്യങ്ങള്‍ക്കും ഈ തിരഞ്ഞെടുപ്പില്‍  നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നത്.

placeholder
ഇന്ത്യ മുന്നണി നേതാക്കൾ കൈകോർത്തപ്പോൾ | Photo: X @INCIndia

ആം ആദ്മി പാര്‍ട്ടി , തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ., എസ്.പി., വൈ.എസ്ആര്‍. കോണ്‍ഗ്രസ് എന്നിങ്ങനെ വിവിധ പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ സ്വാധീന മേഖലകളില്‍ ശക്തി തെളിയിക്കാനായി എന്ന് അവര്‍ വിശ്വസിക്കുന്നതും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

ബി.ജെ.പിയുടെ പ്രതീക്ഷകള്‍

രണ്ടിലേറെ എം.പിമാരുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് തനിച്ച് മുഴുവന്‍ സീറ്റുകളും കിട്ടിയ സംസ്ഥാനങ്ങള്‍ ഗുജറാത്ത് (26), ഹരിയാണ (10), ഹിമാചല്‍പ്രദേശ് (4), ഡല്‍ഹി(7), ഉത്തരാഖണ്ഡ്(5) എന്നിവിടങ്ങളാണ്. ഇവയില്‍ ഗുജറാത്തും ഉത്തരാഖണ്ഡും ഈ നേട്ടം ആവര്‍ത്തിക്കാന്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനങ്ങളാണ്.

ഏറ്റവുമധികം എം.പിമാരെ തിരഞ്ഞെടുക്കുന്ന യു.പിയില്‍ 80-ല്‍ 62 സീറ്റുകളാണ് കഴിഞ്ഞതവണ ബി.ജെ.പിക്കു ലഭിച്ചത്. ഇത്തവണ അനുകൂല തരംഗമുണ്ടായാല്‍ സഖ്യകക്ഷികള്‍ക്കു പുറമെ 70-ഓളം സീറ്റുകള്‍ യു.പിയില്‍ നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതുതന്നെയാണ് ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് പിന്നിലും.

placeholder
 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍ക്കുന്നവര്‍ | Photo: ANI

ഉത്തരേന്ത്യയില്‍ 2019 തിരഞ്ഞെടുപ്പില്‍ ആകെയുള്ള 220 സീറ്റുകളില്‍ ബി.ജെ.പി. വാരിക്കൂട്ടിയത് 159 സീറ്റുകളാണ്. പടിഞ്ഞാറന്‍ ഇന്ത്യയില്‍ 103-ല്‍ 75-ഉം വടക്കുകിഴക്കന്‍ ഇന്ത്യയില്‍ 25-ല്‍ 14-ഉം സീറ്റുകള്‍ ബി.ജെ.പി. നേടി. എന്നാല്‍ കിഴക്കന്‍ ഇന്ത്യയില്‍  ആകെയുള്ള 64-ല്‍ 26-ഉം ദക്ഷിണേന്ത്യയില്‍ 131-ല്‍ 29 സീറ്റുകളും മാത്രമേ നേടാനായുള്ളു. ഇവിടെ  തന്നെയാണ് ഇത്തവണ ബി.ജെ.പിയും മോദിയും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും പ്രവര്‍ത്തിച്ചതും. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

placeholder
നരേന്ദ്ര മോദിയും അമിത് ഷായും

ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള യു.പിയിലും മഹാരാഷ്ട്രയിലും ബിഹാറിലും തിരിച്ചടിയുണ്ടായാല്‍ ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ പിഴക്കും. അത്ഭുതങ്ങള്‍ സംഭവിക്കാം. ചെറിയ ചെറിയ നഷ്ടങ്ങള്‍ ബംഗാളിലും ആന്ധ്രയിലും ഒഡീഷയിലുമായി വീട്ടാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. തമിഴ്‌നാട്ടില്‍ രണ്ടോ മൂന്നോ കിട്ടിയാലും കേരളത്തില്‍ അത്ഭുതം സംഭവിച്ചാലും ഒന്നിലധികം സീറ്റ് നേടാനുള്ള സാധ്യത വളരെക്കുറവാണ്. മറ്റെവിടെ നിന്നും സീറ്റ് കൂടില്ല. ഹരിയാണയിലും പഞ്ചാബിലും ഡല്‍ഹിയിലും തിരിച്ചടിക്ക് സാധ്യതയേറെയാണ്.

രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഫലം

2024-ലെ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായി ഫലമറിയാനായി രാജ്യം ഉറ്റുനോക്കുമ്പോഴും ബി.ജെ.പി. ശക്തമായ നിലയിലാണെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, പ്രവചനങ്ങള്‍ക്കപ്പുറമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളും ചരിത്രവും പരിശോധിക്കുമ്പോള്‍ ഓരോ തിരഞ്ഞെടുപ്പുകളും മുന്‍വിധിയോടെ കാണുക അസാധ്യമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബി.ജെ.പിയുടെ രാഷ്ട്രീയ ആധിപത്യത്തെ വെല്ലുവിളിക്കാനുള്ള തന്ത്രങ്ങള്‍ അക്ഷീണം മെനഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ടതിന്റെ ആത്മവിശ്വാസത്തിലാണ്.

placeholder
Rahul Gandhi (L) and Modi (R) | Photo: ANI
രാഹുൽ ​ഗാന്ധി, നരേന്ദ്രമോദി | Photo: ANI

രാജ്യത്തെ മുന്‍നിര രാഷ്ട്രീയ ശക്തിയിലേക്കുള്ള ബി.ജെ.പിയുടെ പ്രയാണം ആഴത്തിലുള്ള പ്രവര്‍ത്തനത്തിന്റെയും മോദി ഫാക്ടറിന്റെയും പിന്‍ബലത്തിലായിരുന്നു. എഴുപത്തിമൂന്നുകാരനായ നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി മൂന്നാമങ്കത്തിന് ബി.ജെ.പി. ഇറങ്ങുന്നതിന് മുന്‍പ് തന്നെ 400 സീറ്റുകളില്‍ കുറഞ്ഞൊന്നും ബി.ജെ.പിയും മോദിയും പ്രതീക്ഷിക്കുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് അബ്കി ബാര്‍ ചാര്‍ സൗ പാര്‍ എന്ന് ഇലക്ഷന്‍ മുദ്രാവാക്യം. മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബി.ജെ.പിക്ക് അവരുടെ ശക്തമായ അടിത്തറ നിലനിര്‍ത്താന്‍ കഴിയുമോ അതോ ഇന്ത്യാ സഖ്യം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ മാറ്റി മറിക്കുമോ എന്നത് ജൂണ്‍ നാലിന് അറിയാം.