2023 മാർച്ച് 12, ഞായറാഴ്ച. തൃശ്ശൂർ തേക്കിൻകാട് മൈതാനം. കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി. തുടക്കമിടുന്ന ജനശക്തിറാലി നടക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ ചാണക്യനുമായ അമിത് ഷായാണ് പരിപാടിയിലെ മുഖ്യാതിഥി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയോ അമിത് ഷായോ പങ്കെടുക്കുന്ന പരിപാടികളിൽ അവർക്കിരുവർക്കും മുകളിൽ ആർക്കും പ്രാധാന്യം ലഭിക്കില്ലെന്ന പതിവ് തേക്കിൻകാട് മൈതാനത്തെ പരിപാടിയിൽ ലംഘിക്കപ്പെട്ടു. അമിത് ഷായുമെത്തി കാര്യപരിപാടികളിലേക്ക് കടന്നപ്പോഴാണ്, വേദിയിലേക്ക് ഒരാൾ കടന്നുവരുന്നത്. കൈയിൽ ഒരു പൊന്നാടയുമായെത്തിയ അയാളെ അമിത് ഷാ എഴുന്നേറ്റുനിന്ന് കൈകൂപ്പി സ്വീകരിച്ചു. അയാൾ ആ പൊന്നാട, തനിക്ക് രാഷ്ട്രീയത്തിൽ അനുസരിക്കാനുള്ള രണ്ടുപേരുകളിൽ ഒരാളായ അമിത് ഷായെ അണിയിച്ചു. അരലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് ബി.ജെ.പി. അവകാശപ്പെട്ട പരിപാടി വീക്ഷിക്കാനെത്തിയ എല്ലാവരും ഒരൊറ്റപേരിന് വേണ്ടി ആവേശംകൊണ്ടു, സുരേഷ്‌ ഗോപിക്കുവേണ്ടി.

To advertise here,

ക്രൗഡ് പുള്ളറാണ് സുരേഷ്‌ ഗോപി. മലയാള സിനിമയിലെ എക്കാലത്തേയും ക്ഷുഭിത 'യൗവ്വനം'. രാഷ്ട്രീയ അധികാരികളോട് സന്ധിചെയ്യാത്ത വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ, മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമ വാഴുന്ന കാലത്തുതന്നെ സൂപ്പർസ്റ്റാർ കസേര വലിച്ചിട്ടിരുന്ന നായകനടൻ. ഇടതുപക്ഷ വിദ്യാർഥി സംഘടനയിൽ പ്രവർത്തിച്ച, കരുണാകരനുമായി അടുപ്പം പുലർത്തിയ സുരേഷ്‌ ഗോപിയെ പിന്നീട് കണ്ടത് നോമിനേറ്റ് ചെയ്യപ്പെട്ട അംഗമായി രാജ്യസഭയിൽ. അവിടുന്ന് ബി.ജെ.പിയിൽ. സിനിമയിൽ സജീവമായപ്പോൾ തന്നെ പലകുറി രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോഴും, മറ്റ് മുഴുവൻസമയ രാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തമായി ഒരുകാര്യം കൂടി സുരേഷ്‌ഗോപി പലയാവർത്തി പറഞ്ഞു, രാഷ്ട്രീയത്തിൽ തനിക്ക്‌ മറ്റ് അധികാരികളില്ല, രണ്ടേരണ്ടുപേർ. ഒന്ന് നരേന്ദ്രമോദി. രണ്ട് അമിത് ഷാ. കമ്മിഷണർ സിനിമയിൽ മോഹൻതോമസ് എന്ന കഥാപാത്രം ഭരത് ചന്ദ്രൻ ഐ.പി.എസിനോട് പറയുന്നത് പോലെ, സുരേഷ്‌ഗോപിക്ക് ഒരു ഡൽഹിയേയുള്ളൂ. ഹി ബിലോങ്‌സ് ടു ദേർ!

തൃശ്ശൂർ എടുത്തു (ശരിക്കും!)

2016-ൽ നോമിനേറ്റ് ചെയ്യപ്പെട്ട് രാജ്യസഭയിൽ എത്തിയ സുരേഷ് ​ഗോപി, അതേവർഷം ഒക്ടോബറോടെയാണ് ബി.ജെ.പിയിൽ അംഗത്വമെടുക്കുന്നത്. ഇതോടെ കേരളം 'പിടിക്കാനുള്ള' കേന്ദ്ര ബി.ജെ.പിയുടെ തുറുപ്പുചീട്ടുകളിൽ ആദ്യത്തേതായി സുരേഷ് ​ഗോപി
മാറുകയായിരുന്നു. പതുക്കെ എങ്കിലും ഭാവിയിൽ കേരളത്തിൽനിന്ന് ലോക്സഭയിലോ ഓ. രാജഗോപാലിന് ശേഷം നിയമസഭയിലോ സുരേഷ്ഗോപിയെ എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ബി.ജെ.പി. അദ്ദേഹത്തിന് പ്രവർത്തന സ്വാതന്ത്ര്യം നൽകിയത്. ബി.ജെ.പിയിൽ ചേർന്ന് മൂന്നാം വർഷം തൃശ്ശൂരിൽ ലോക്സഭാ സ്ഥാനാർഥിയായി. രാജ്യസഭാംഗമെന്ന നിലയിൽ പ്രവർത്തന മണ്ഡലം തിരുവനന്തപുരമായി ഔദ്യോഗികമായി തിരഞ്ഞെടുത്ത സുരേഷ്ഗോപി മത്സരിച്ചപ്പോൾ, വിജയത്തിലെത്താൻ പോയിട്ട് രണ്ടാമതാവാൻ പോലും ബി.ജെ.പിക്ക് കഴിഞ്ഞില്ല. പക്ഷേ, തൊട്ടുമുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേടിയതിനേക്കാൾ 17% വോട്ട് ബി.ജെ.പി. ഇവിടെ അധികമായി നേടി. ഒരുലക്ഷത്തിന് ആറായിരത്തോളം വോട്ടുകൾ കുറവ് ഭൂരിപക്ഷത്തിന് ജയിച്ച ടി.എൻ. പ്രതാപൻ പോലും ഒരുഘട്ടത്തിൽ മണ്ഡലത്തിൽ സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം തന്റെ തോൽവിക്ക് കാരണമാകുമെന്ന് പാർട്ടി വേദികളിൽ പരാതി പറഞ്ഞു. രണ്ടാമതുണ്ടായിരുന്ന സി.പി.ഐയുടെ രാജാജി മാത്യു തോമസുമായി പക്ഷേ 27,634 വോട്ടുകളുടെ വ്യത്യാസമേ സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നുള്ളൂ. മുൻവർഷത്തേക്കാൾ ഒരുശതമാനം മാത്രം വോട്ടുയർത്തിയാണ് കോൺഗ്രസ് ഇവിടെ ജയിക്കുന്നത്. എന്നാൽ, വിജയിച്ച 2014-നേക്കാൾ 11.37% കുറവ് എൽ.ഡി.എഫിന്റെ വോട്ടുകളിലുണ്ടായി.

placeholder
തൃശ്ശൂരിൽനിന്ന് ജയിച്ച എൻ.ഡി.എ.സ്ഥാനാർഥി സുരേഷ് ഗോപിക്ക് ഡൽഹി വിമാനത്താവളത്തിൽ ബി.ജെ.പി. പ്രവർത്തകർ നൽകിയ സ്വീകരണത്തിൽനിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി

വീണ്ടും തൃശ്ശൂരിൽ തന്നെ സുരേഷ്ഗോപി ഭാഗ്യപരീക്ഷണം നടത്തുന്നത് 2021-ലെ തിരഞ്ഞെടുപ്പിൽ നിയമസഭയിലേക്കാണ്. കൂടുതൽ കടുത്ത വെല്ലുവിളി സുരേഷ്ഗോപി ആ തവണ ഇരുമുന്നണി സ്ഥാനാർഥികൾക്കും ഉയർത്തി. സി.പി.ഐ. മണ്ഡലം നിലനിർത്തിയെങ്കിലും സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം ഉണ്ടാക്കിയ നെഞ്ചിടിപ്പ് ചില്ലറയല്ലായിരുന്നു. കോൺഗ്രസിൽനിന്ന് സുരേഷ്ഗോപിക്കെതിരെ മത്സരിക്കാനുണ്ടായിരുന്നത്, അദ്ദേഹം ഒരുകാലത്ത് അടുപ്പം പുലർത്തിയിരുന്ന ലീഡർ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. ഇന്ന് സുരേഷ് ഗോപിയുടെ സഹപ്രവർത്തകയായ പത്മജ തൃശ്ശൂരിൽ മത്സരിക്കുന്നത് രണ്ടാം തവണ. സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം അവർക്ക് തൊട്ടുമുൻവർഷത്തേക്കാൾ 3,000-ത്തിലേറെ വോട്ടുകളുടെ കുറവുണ്ടാക്കി. പക്ഷേ, വി.എസ്. സുനിൽകുമാർ ജയിച്ചതിനേക്കാൾ 11,000ത്തോളം വോട്ടുകളുടെ കുറവാണ് വിജയിച്ചിട്ടും എൽ.ഡി.എഫിന്റെ പെട്ടിയിൽ അന്ന് വീണത്.

സ്വയം പ്രഖ്യാപിച്ച സ്ഥാനാർഥിത്വം

'എനിക്കീ തൃശ്ശൂർ വേണം, നിങ്ങളെനിക്കീ ഈ തൃശ്ശൂർ തരണം. ഈ തൃശ്ശൂർ ഞാനിങ്ങെടുക്കുവാ. എനിക്ക് വേണമീ തൃശ്ശൂർ'. 2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയാണ് പിന്നീട് പലകുറി ചർച്ച ചെയ്യപ്പെട്ട, ട്രോൾ ചെയ്യപ്പെട്ട ഈ ഡയലോഗ് സുരേഷ് ഗോപി തന്റെ സ്ഥിരം ശൈലിയിൽ പ്രഖ്യാപിക്കുന്നത്. ഇത് ഭേദഗതികളോടെ 2023 മാർച്ചിലെ ജനശക്തി റാലിയിൽ സുരേഷ്ഗോപി ആവർത്തിച്ചു. 'ഏത് ഗോവിന്ദൻ വന്നാലും ശരി, തൃശ്ശൂർ ഇനിയും ഞാൻ ഹൃദയംകൊണ്ട് ആവശ്യപ്പെടുന്നു. തൃശ്ശൂർക്കാരെ നിങ്ങളെനിക്ക് തരണം. നിങ്ങൾ എനിക്ക് തന്നാൽ ഞാനെടുക്കും'.

സംസ്ഥാന നേതൃത്വംപോലും സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുംമുമ്പ് സുരേഷ്ഗോപി ഇവിടെ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക കൂടിയായിരുന്നു. അതിന്റെ തുടർച്ചയായി അദ്ദേഹം, തന്റെ സ്ഥാനാർഥിത്വത്തിൽ അവസാനവാക്ക് വരേണ്ടത് കേന്ദ്രനേതൃത്വത്തിൽനിന്നാണെന്ന് കൂടെ സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. 'ഒരു നരേന്ദ്രൻ വടക്കുനിന്ന് ഇങ്ങ് തെക്കോട്ട് ഇറങ്ങിവന്ന് കേരളം ഞാനിങ്ങ് എടുത്തിരിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ശ്രീ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയമുതലാളിയും മനസിലാക്കിക്കോളൂ, കേരളം എടുത്തിരിക്കും.' പ്രസംഗത്തിൽ അഭിസംബോധന ചെയ്തത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയായിരുന്നെങ്കിലും, തുടർന്നുള്ള വാക്കുകളിലാണ് തനിക്ക് അനുസരിക്കാനുള്ളത് കേന്ദ്ര നേതൃത്വത്തെ മാത്രമാണെന്ന് സുരേഷ്ഗോപി അടിവരയിട്ടത്. സുരേഷ്ഗോപിയുടെ 'കേന്ദ്രനേതൃത്വത്തിൽ' ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ പോലും ഇല്ലെന്നതും ശ്രദ്ധേയമായിരുന്നു. തൃശ്ശൂരല്ല, കണ്ണൂരായാലും താൻ മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും അത് ആൾക്കൂട്ടത്തിന്റെ കൈയ്യടിക്ക് വേണ്ടിയുള്ള മാസ് ഡയലോഗ് മാത്രമായിരുന്നു.

placeholder
തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന ജനശക്തി റാലിയില്‍ അമിത് ഷാ, പ്രകാശ് ജാവദേക്കര്‍, സുരേഷ് ഗോപി | ഫോട്ടോ: മനീഷ് ചേമഞ്ചേരി/ മാതൃഭൂമി

വൻവിജയം

രാഷ്ട്രീയത്തിലിറങ്ങിയ മറ്റ് സിനിമാക്കാരേക്കൾ ജനപ്രീതി സുരേഷ്ഗോപിക്കുണ്ടെന്നുള്ളത് വസ്തുതയാണ്. ഗണേഷ്‌കുമാർ, ഇന്നസെന്റ്, മുകേഷ് അടക്കം തിരഞ്ഞെടുപ്പിൽ വിജയിച്ച നടന്മാർ എറെയുള്ള നാടാണ് കേരളം. കൃഷ്ണകുമാർ, ധർമ്മജൻ ബോൾഗാട്ടി, ഭീമൻ രഘുവടക്കം പലരും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരുകൈനോക്കി പരാജയപ്പെട്ടവരാണ്. സുരേഷ്ഗോപി രണ്ടുതിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും രണ്ടിലും വിജയിക്കാൻ കഴിഞ്ഞില്ല. മൂന്നാമവസരത്തിൽ നേടിയത് രാഷ്ട്രീയകേന്ദ്രങ്ങളെയാകെ ഞെട്ടിച്ച വിജയം. ഒരു തവണ രാജ്യസഭയിലുമെത്തി. അന്ന് ഒരു ടേം കൂടെ പ്രതീക്ഷിച്ചെങ്കിലും കേന്ദ്രനേതൃത്വം വേണ്ടെന്ന നിലപാടെടുത്തു.

ആലപ്പുഴയിൽ ജനിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന സുരേഷ് ഗോപി 74,686 വോട്ടിനാണ് തൃശ്ശൂർക്കാരനായ വി.എസ്. സുനിൽകുമാറിനെ പരാജയപ്പെടുത്തുന്നത്. തൃശ്ശൂരിൽ ജനിച്ച് തിരുവനന്തപുരത്ത് പ്രവർത്തിച്ച് കോഴിക്കോട് താമസമാക്കിയ വടകരയിലെ സിറ്റിങ് എം.പിയെ മൂന്നാമതാക്കുമ്പോൾ ഇരുവരും തമ്മിലെ വോട്ടന്തരം 84,214. 2019-ൽ അപ്രതീക്ഷിത സ്ഥാനാർഥിയായിരുന്നെങ്കിലും മൂന്നുലക്ഷത്തോടടുത്ത് വോട്ടുനേടിയപ്പോൾത്തന്നെ ബി.ജെ.പി. സുരേഷ് ഗോപിയിൽ വിജയസാധ്യത കണ്ടു. തോറ്റ മണ്ഡലത്തിൽ സാന്നിധ്യമുറപ്പിച്ചു. രാജ്യസഭാംഗമെന്ന നിലയിൽ തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഇടതുപക്ഷം ഭരിക്കുന്ന കോർപ്പറേഷനിൽപ്പോലും വികസനഫണ്ടെത്തി. ടി.എൻ. പ്രതാപൻ എം.പിയെക്കാളും സക്രിയമായി ഇടപെടുന്നുവെന്ന ധാരണയുണ്ടാക്കി. കരുവന്നൂർ പ്രശ്‌നത്തിൽ പദയാത്ര നടത്തി. ജീവകാരുണ്യപ്രവർത്തനങ്ങളുമായും സജീവമായി.

മൂന്നുതവണയാണ് സുരേഷ് ഗോപിക്കുവേണ്ടി നരേന്ദ്രമോദി തൃശ്ശൂരിലെത്തിയത്. ആദ്യത്തെ പരിപാടിക്ക് ശേഷം 14 ദിവസത്തിനകം മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വീണ്ടും മോദി ഗുരുവായൂരിലെത്തി. തൃശ്ശൂരിനൊരു കേന്ദ്രമന്ത്രിയെന്ന് ചുവരെഴുത്തുകൾ നിറഞ്ഞു. മോദിയുമായുള്ള അടുപ്പം വോട്ടർമാരിലും ഈ ധാരണ ശക്തമാക്കി. പാലായിലെ സഭാനേതൃത്വവുമായുള്ള അടുപ്പവും ലൂർദ് മാതാവിനുള്ള കിരീടവും ക്രിസ്ത്യൻ വോട്ടർമാരിൽ അനുകൂലമായ ഇളക്കമുണ്ടാക്കി. വികസനസ്വപ്‌നങ്ങളോടുള്ള നഗരത്തിലെ ക്രിസ്ത്യൻ സമുദായത്തിന്റെ ആഭിമുഖ്യം പരമാവധി മുതലെടുക്കാവുന്നവിധത്തിൽ പ്രചാരണംനടത്തി. കോൺഗ്രസിനെ തുണയ്ക്കാറുള്ള ക്രിസ്ത്യൻ വോട്ടുകൾ സുരേഷ് ഗോപിക്ക് അനുകൂലമായി. അനുകമ്പയുള്ള, അഴിമതിയില്ലാത്ത, പച്ചയായ മനുഷ്യനെന്ന പ്രതിച്ഛായ വളർത്താനാവശ്യമായ പ്രവർത്തനവും പ്രചാരണവും ഫലംകണ്ടു.

placeholder
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടത്തി പദയാത്രയില്‍നിന്ന്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പങ്കാളിയായപ്പോള്‍ | ഫോട്ടോ: ജെ. ഫിലിപ്പ്/ മാതൃഭൂമി

സുരേഷ്ഗോപിയുടെ രാഷ്ട്രീയം

രാഷ്ട്രീയ പ്രസംഗങ്ങളിലെ മാസ് ഡയലോഗ്, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് 'വായടപ്പിക്കുന്ന' മറുപടി, ആൾക്കൂട്ടത്തിനിടയിലും അഭിമുഖകാരനെ 'തേച്ചൊട്ടിക്കുന്ന' നാടകീയത... ഇതുമാത്രമല്ല, സിനിമാക്കാരനായ രാഷ്ട്രീയക്കാരൻ സുരേഷ്ഗോപിയെ തൃശ്ശൂർ പിടിക്കാൻ കേന്ദ്രനേതൃത്വത്തിന് 'പെർഫെക്ട് ചോയ്സ്' ആക്കിയത്. മറ്റ് മുഴുവൻ സമയരാഷ്ട്രീയക്കാർക്ക് ലഭിക്കാത്ത സ്വീകാര്യത സുരേഷ്ഗോപിക്ക് ഉണ്ടാവുമ്പോൾ തന്നെ, തങ്ങളുടെ പ്രത്യയശാസ്ത്ര അടിത്തറയിൽനിന്ന് വിട്ടുപോകാത്ത ആളാണ് സുരേഷ്ഗോപിയെന്നതും കേന്ദ്ര ബി.ജെ.പി. നേതൃത്വത്തിന് സുരേഷ് ഗോപിയെ പ്രിയങ്കരനാക്കുന്നു.

ചാരിറ്റി പ്രവർത്തനമല്ല രാഷ്ട്രീയമെന്നായിരുന്നു സുരേഷ്ഗോപിയുടെ രീതികളോട് സി.പി.എമ്മിന്റെ വിമർശനം. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ അത് പ്രസ്താവിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാൽ, എന്നു മുതലാണ് ജീവകാരുണ്യപ്രവർത്തനം രാഷ്ട്രീയപ്രവർത്തനമല്ലാതായി മാറിയത് എന്ന ചോദ്യവുമായാണ് സുരേഷ്ഗോപി ഇതിനെ പ്രതിരോധിച്ചത്. രാജ്യസഭാംഗമായിരുന്ന കാലത്ത് അത്തരം പ്രവർത്തനവുമായാണ് സുരേഷ്ഗോപി മുന്നോട്ടുപോയത്. എന്നാലും, സഭാ കാലയളവ് അവസാനിച്ചപ്പോൾ തന്റെ ഇടപെടലുകളുടെ പട്ടികയിൽ അഭിമാനത്തോടെ അവതരിപ്പിച്ചത് പൗരത്വ ഭേദഗതി ബില്ലിലും കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയപ്പോഴും ചർച്ചയിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിഞ്ഞുവെന്ന അവകാശവാദമായിരുന്നു. എല്ലാ സിനിമകൾക്കും ലഭിക്കുന്ന അഡ്വാൻസ് തുകയിൽനിന്ന് രണ്ടു ലക്ഷം മിമിക്രി കലാകാരന്മാർക്കായി മാറ്റിവെച്ചും, വാദ്യകലാകാരന്മാർക്ക് ഒരുകോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തും അദ്ദേഹം എല്ലാമേഖലയിലും തൊട്ടു.

തൃശ്ശൂർ പൂരം ചമയപ്രദർശനത്തിലെ ആസാദി കുടയിൽ സംഘപരിവാർ ആചാര്യന്മാർ ഇടംപിടിച്ചപ്പോൾ അതിന് പിന്നിലെ ആശയം സുരേഷ്ഗോപിയുടേതാണെന്നും പറയപ്പെട്ടു. താൻ പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണെന്നും അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. വിഷുവിന് തൃശ്ശൂരിലെ ക്ഷേത്രങ്ങൾ വഴി കൈനീട്ടം നൽകാൻ പണമെത്തിച്ചതും വിവാദമായി. കാറിലിരുന്ന് വിഷുകൈനീട്ടം നൽകിയതും, അത് സ്വീകരിക്കാൻ എത്തിയവർ സുരേഷ് ഗോപിയുടെ കാലുപിടിച്ചതും ചർച്ച ചെയ്യപ്പെട്ടു. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ ഇടപെട്ടുവെന്ന് കാണിച്ച് എം.പി. പോലുമല്ലാത്ത കാലത്ത് പാറമേക്കാവ് ദേവസ്വം നന്ദിയറിയിച്ച് സുരേഷ്ഗോപിക്ക് കത്തെഴുതി. രാജ്യസഭയിലെത്തുന്നതിന് മുമ്പ് 2015-ൽ അരുവിക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് ദിവസം എൻ.എസ്.എസ്. ആസ്ഥാനത്ത് പോയ സുരേഷ്ഗോപിയെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇറക്കിവിട്ടത് ചർച്ചയായിരുന്നു. താനും ചെവിയിൽ പൂടയുള്ള നായരാണെന്ന സുരേഷ്ഗോപിയുടെ അന്നത്തെ പരാമർശവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2019-ൽ പെരുന്നയിലെത്തി അദ്ദേഹം സുകുമാരൻ നായരുടെ അനുഗ്രഹം വാങ്ങി. ഇത്തവണയും തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരുന്നയിലെത്തി. അവിശ്വാസികളുടെ നാശത്തിനായി താൻ പ്രാർഥിക്കുമെന്ന് പറഞ്ഞത് വിവാദമായി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി, മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ലൂർദ് മാതാ പള്ളിയിൽ സമർപ്പിച്ച സ്വർണ്ണക്കീരിടത്തെച്ചൊല്ലിപ്പോലും രാഷ്ട്രീയവിവാദമുണ്ടായി. എന്നാൽ, മുന്നണികളെ ഞെട്ടിച്ച വിജയത്തിലൂടെ തന്റെ ജനപ്രീതി ചെമ്പല്ലെന്ന് തെളിയിക്കുന്നു, സുരേഷ് ഗോപി.

placeholder
പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ടൗൺ കപ്പേളയിൽ നടന്ന പ്രാർഥനയിൽ പങ്കെടുക്കാൻ സുരേഷ് ഗോപിയെത്തിയപ്പോൾ.

രാഷ്ട്രീയ ദൗത്യം

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തിനിടെയാണ് സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിപദം. കെ- റെയിലിൽ ബി.ജെ.പിയുടെ ഉടക്കിൽ തട്ടിയാണ് കേന്ദ്രത്തിന്റെ നടപടികൾക്ക് വേഗമില്ലാത്തത്. കൊച്ചി മോട്രോ തൃശ്ശൂരിലേക്ക് നീട്ടുമെന്നത് മണ്ഡലത്തിന് സുരേഷ് ഗോപിയുടെ വ്യക്തിപരമായ വാഗ്ദാനമാണ്.

ഒരൊറ്റ വിജയംകൊണ്ട് കേരളത്തിൽ ബി.ജെ.പി. വിശ്രമിക്കാൻ പോകില്ലെന്ന് ഉറപ്പാണ്. കേരളം ലക്ഷ്യമിട്ട് തുടങ്ങാനിരിക്കുന്ന 'മിഷന്റെ' മുന്നോടിയാണ് സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിപദം. പിന്നാലെ, കേരള ബി.ജെ.പിക്ക് വലിയ പരിഗണനകൾ ലഭിക്കുമെന്നും അണിയറയിൽ സംസാരമുണ്ട്. ഭാവിയിൽ കേരളത്തിലെ ബി.ജെ.പിയുടെ സാധ്യതകളെ, വിജയിച്ച സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ കൂടെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. അക്കൗണ്ട് തുറക്കാതെ തന്നെ കേന്ദ്രത്തിൽ കേരളത്തിൽനിന്ന് മന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും, വിജയിച്ചെത്തുന്ന കേന്ദ്രമന്ത്രിയുടെ പ്രവർത്തനം ഇനി നിർണായകമാവും.