2019-ല്‍ സംസ്ഥാനമൊട്ടാകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ കനല്‍ ഒരുതരി ബാക്കിയായത് തെക്കന്‍ കേരളത്തിലാണ്. ഇടതുകോട്ടകളെ നിലംപരിശാക്കി കേരളം യുഡിഎഫ് തൂത്തുവാരിയപ്പോഴും ഒപ്പംനിന്ന ആലപ്പുഴയടക്കമുള്ള തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളെ എല്‍ഡിഎഫ് ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. 

To advertise here,

2019-ലെ തിരിച്ചടിക്കുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ സീറ്റുകളില്‍ നടത്തിയ തേരോട്ടമാണ് അത്തരമൊരു പ്രതീക്ഷയ്ക്ക് ആധാരം. 2021-ല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് തെക്കന്‍ ജില്ലകളിലെ 39 നിയമസഭാ മണ്ഡലങ്ങളില്‍ 35-ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് ജയിച്ചത്.

എന്നാല്‍ നിയമസഭയിലെ കണക്കുകളല്ല ലോക്‌സഭയിലെ ഫലം നിര്‍ണയിക്കുക എന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. 2016-ല്‍ ഇതേ എല്‍ഡിഎഫ് തെക്കന്‍ കേരളത്തിലെ 32  നിയമസഭാ സീറ്റുകൾ നേടിയിട്ടും 2019-ല്‍ ആലപ്പുഴ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും വിജയക്കൊടി പാറിക്കാന്‍ യുഡിഎഫിനായിട്ടുണ്ട്. ലോക്‌സഭയിലേക്ക് വീണ്ടുമൊരു അങ്കത്തിന് കളമൊരുങ്ങി നില്‍ക്കെ തെക്കന്‍ കേരളം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് വിശകലനം ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട എന്നീ ആറ് തെക്കന്‍ സീറ്റുകളില്‍ നിലവിലെ 5-1 സ്‌കോര്‍ എങ്ങനെ മാറിമറയുമെന്നത് കണ്ടറിയണം.

തിരുവനന്തപുരം

സംസ്ഥാനത്തെ നിര്‍ണായക പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. 2014 മുതല്‍ ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍പ്പെടുത്തിയ തിരുവനന്തപുരത്ത് ഇക്കുറിയും ത്രികോണ പോരാണ്. ഇടത്-വലത് മുന്നണികള്‍ തമ്മിലുള്ള പോരാട്ടത്തില്‍നിന്ന് ത്രികോണ മത്സരത്തിലേക്ക് തിരുവനന്തപുരത്തെ എത്തിച്ചത് 2014 ഒ.രാജഗോപാലാണ്. 2014-ലെ മോദി തരംഗത്തില്‍ കേരളത്തില്‍ അനക്കമുണ്ടാക്കാനായത് തിരുവനന്തപുരത്ത് മാത്രമായിരുന്നു. തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്ന ബിജെപി 2014-ല്‍ രണ്ടാമതെത്തി. 15,470 വോട്ടുകള്‍ക്കാണ് ശശി തരൂരിനോട് ഒ.രാജഗോപാല്‍ പരാജയപ്പെട്ടത്. തീരദേശ മണ്ഡലങ്ങള്‍ പ്രത്യേകിച്ച് കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച വന്‍ ലീഡിലാണ് നഗരമണ്ഡലങ്ങളായ നാല് ഇടത്തും ലീഡ് നേടിയിട്ടും ബിജെപിയെ പിന്തള്ളാന്‍ തരൂരിന് സാധിച്ചത്‌. ആഞ്ഞുപിടിച്ചാല്‍ കൂടെപോരുമെന്ന് കണ്ട് 2019-ല്‍ ബിജെപി കുമ്മനം രാജശേഖരനെ ഇറക്കി. ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് കുമ്മനത്തെ തോല്‍പ്പിച്ച് ശശി തരൂര്‍ മൂന്നാമതും തിരുവനന്തപുരത്തുനിന്ന് വിജയിച്ചുകയറി. ഇക്കുറി നാലാം വിജയം ലക്ഷ്യമിട്ട് വീണ്ടും തരൂര്‍ മത്സരത്തിന് ഇറങ്ങുമ്പോൾ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി അങ്കത്തിനിറക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്ന ജനകീയ മുഖത്തെ ഇടതുപക്ഷവും കളത്തിലിറക്കിയതോടെ കനത്ത പോരാട്ടത്തിനാണ് തിരുവനന്തപുരം സാക്ഷ്യംവഹിക്കുന്നത്. 2005-ലെ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം പിടിക്കാനായതിന്റെ അനുഭവസമ്പത്ത് കൂടി പന്ന്യനുണ്ട്.

placeholder
മാതൃഭൂമിയും യങ് ഇന്ത്യയും ചേർന്ന് തിരുവനന്തപുരത്ത് നടത്തിയ ‘മീറ്റ് ദി കാൻഡിഡേറ്റ്’ പരിപാടിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് മൈക്ക് കൈമാറുന്ന യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂരും എൻ.ഡി.എ. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും

2014-ല്‍ വിജയത്തിനടുത്തെത്തിയെങ്കിലും 2019-ല്‍ ഒരുലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതീക്ഷകളില്‍ ചെറിയ മങ്ങലേറ്റു. 2019-ല്‍ സംസ്ഥാനത്ത് ബിജെപി രണ്ടാംസ്ഥാനത്തെത്തിയ ഏക മണ്ഡലമായ തിരുവനന്തപുരത്തേക്കാളും ഇത്തവണ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധയും പ്രതീക്ഷയും പുലര്‍ത്തുന്നത് സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരിലാണ്. തരൂരില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുക അത്ര എളുപ്പമല്ലെന്ന മനസ്സിലാക്കിയ രാജീവ് ചന്ദ്രശേഖര്‍ സ്ഥാനര്‍ഥി നിര്‍ണയഘട്ടത്തില്‍ തിരുവനന്തപുരത്തോട് അത്ര താത്പര്യംകാണിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപിക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ബെംഗളൂരുവിലെ മണ്ഡലങ്ങളിലാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങിയ രാജീവ് ചന്ദ്രശേഖര്‍ സര്‍വസന്നാഹങ്ങളുമായി പ്രചാരണത്തില്‍ തരൂരിനും പന്ന്യനും കനത്ത വെല്ലുവിളിയായി തന്നെ നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും കേന്ദ്രത്തില്‍ വീണ്ടുംമോദി സര്‍ക്കാര്‍ തന്നെയാകും വരികയെന്ന വാദത്തിലൂന്നിയുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. ചില പ്രാദേശിക നേതാക്കളെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസില്‍ തരൂരിനെതിരായ വികാരമുണ്ടെന്ന പ്രതീതിയുണ്ടാക്കാനും അദ്ദേഹത്തിനായി. എന്നാല്‍ മുന്‍കാല തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് നോക്കുമ്പോള്‍ അത്ര ശുഭകരമല്ല രാജീവ് ചന്ദ്രശേഖറിന്. 2014-ല്‍ തിരുവനന്തപുരത്തെ നാലു നിയമസഭാ മണ്ഡലത്തില്‍ ഒന്നാമത്തെത്തിയ ബിജെപിക്ക് 2019-ല്‍ നിയമസഭയില്‍ തങ്ങളുടെ പ്രതിനിധിയുള്ള നേമത്ത് മാത്രമാണ് ഒന്നാമതെത്താനായിരുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമവും ബിജെപിയെ കൈവിട്ടു.

അതേസമയം ബിജെപി വിജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് തനിക്ക് അനുകൂലഘടകമാണെന്നാണ് തരൂര്‍ കണക്കാക്കുന്നത്. ഇതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നത് ഇത്തവണയും അനുകൂല ഘടകമാകുമെന്ന് തരൂര്‍ കരുതുന്നു. പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം തനിക്കുള്ള വ്യക്തിപ്രഭാവവും വോട്ടാകുമെന്ന തരൂർ പ്രതീക്ഷിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ മേല്‍ക്കൈയാണ് പന്ന്യന് പ്രതീക്ഷ നല്‍കുന്ന ഘടകം. തിരുവനന്തപുരത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ കോവളമൊഴികെ ആറ് സീറ്റുകളും എല്‍ഡിഎഫിന്റേതാണ്. നിയമസഭയില്‍ ഇടതിന് മുന്‍പും മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോള്‍ ചിത്രം മാറിമറിയുന്നതാണ് കണ്ടുവരുന്നത്.

1971ല്‍ എം.എന്‍. ഗോവിന്ദന്‍ നായരാണ് മണ്ഡലത്തില്‍ ആദ്യമായി വിജയിച്ച കമ്മ്യൂണിസ്റ്റുകാരന്‍. അതിനുശേഷം മണ്ഡലത്തില്‍ ചെങ്കൊടി പാറിയത് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ 1996-ല്‍ കെ.വി. സുരേന്ദ്രനാഥിലൂടെയാണ്. ഇതിനുശേഷം വീണ്ടും ഇടതുപക്ഷത്തിന് കാത്തിരിപ്പിന്റെ കാലമായിരുന്നു. 2004-ല്‍ പി.കെ. വാസുദേവന്‍ നായരിലൂടെയാണ്. ഇദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനിലൂടെ മണ്ഡലം നിലനിര്‍ത്തിയെങ്കിലും അതിനുശേഷം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിക്ക് ശോഭ കിട്ടാത്ത സാഹചര്യമാണ് ഇതുവരെ. 2014 മുതല്‍ ഇടത് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്താണ്.

ആറ്റിങ്ങല്‍

എല്‍ഡിഎഫിന്റെ ശക്തമായ കോട്ടയായ ആറ്റിങ്ങല്‍ മൂന്ന് പതിറ്റാണ്ടിനുശേഷമാണ് കഴിഞ്ഞ തവണ യുഡിഎഫിന് തിരിച്ചുപിടിക്കാനായത്. ഹാട്രിക് വിജയംനേടിയ എ.സമ്പത്തിനെ എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിനെ ഇറക്കിയാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. ഈഴവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി തുടരുന്ന അടൂര്‍ പ്രകാശിനെ തുരത്താന്‍ എല്‍ഡിഎഫ് ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി.ജോയിയെ ആണ് രംഗത്തിറക്കിയിട്ടുള്ളത്. ബിജെപി കേന്ദ്രമന്ത്രി വി.മുരളീധരനെയും ഇറക്കിയതോടെ ആറ്റിങ്ങല്‍ കനത്ത പോരാട്ടത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്.

placeholder
വി. ജോയ്, അടൂര്‍ പ്രകാശ്, വി. മുരളീധരന്‍

സംഘടനാതലത്തിലെ ഐക്യം, മികച്ച പ്രചാരണം, സാമുദായിക സമവാക്യങ്ങളും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും 2019-ലെ അടൂര്‍ പ്രകാശിന്റെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. ശബരിമല വിഷയത്തിലെ പ്രതിഷേധങ്ങളും അടൂര്‍ പ്രകാശിന് ഗുണം ചെയ്തിരുന്നു. മണ്ഡലത്തിലെ സ്ഥിര സാന്നിധ്യമെന്നതും ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിയെന്ന നിലയിലും അടൂര്‍ പ്രകാശ് വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഇത്തവണയും അദ്ദേഹത്തിന് തന്നെയാണ് വിജയസാധ്യതയെന്നാണ് വിദഗ്ദരും സര്‍വേകളും പ്രവചിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ചൂണ്ടിക്കാട്ടിയായിരുന്നു അടൂര്‍പ്രകാശിന്റെ ഇത്തവണത്തെ പ്രധാന പ്രചാരണം. എന്നാല്‍ രാഷ്ട്രീയത്തിനപ്പുറം വി.ജോയിയുടെ പ്രവര്‍ത്തനങ്ങളും നേതൃപാടവവും മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുന്ന ഘടകങ്ങളാണെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളെല്ലാം ജോയിയുടെ പ്രചാരണങ്ങളില്‍ സജീവമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാനാകുമെന്നും ജോയ് വിശ്വസിക്കുന്നു. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണെന്നതാണ് ജോയ്ക്ക് പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം.

ജില്ലയിലെ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ തീരദേശ, ഗ്രാമീണ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്ലായിടത്തും ഇടത് എം.എല്‍.എമാരാണ് ഉള്ളത്. വര്‍ക്കലയിലെ എംഎല്‍എ കൂടിയാണ് ജോയ്.

ഈഴവ- മുസ്ലിം-ദളിത് വോട്ടുകള്‍ എങ്ങനെ വിഭജിക്കപ്പെടുമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ആശങ്കയുണ്ട്. 2019-ല്‍ ശോഭാ സുരേന്ദ്രന്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി മണ്ഡലത്തില്‍ ബിജെപിക്കുള്ള സ്വാധീനം തുറന്ന് കാട്ടിയിട്ടുണ്ട്. ശോഭാ സുരേന്ദ്രന്‍ മൂന്നാമതായെങ്കിലും രണ്ടര ലക്ഷത്തോളം വോട്ടുകള്‍ പിടിക്കാനായിരുന്നു. ബിജെപിയുടെ വോട്ട് വിഹിതം 10.5 ശതമാനത്തില്‍ നിന്ന് 25 ശതമാനത്തിലേക്കെത്തിച്ചു. ശോഭാ സുരേന്ദ്രനെ മറികടന്ന് ഇത്തവണ മണ്ഡലത്തില്‍ ഒരു വര്‍ഷംമുന്നേ പ്രചാരണത്തിനിറങ്ങിയിട്ടുള്ള  ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്‍ തന്റെ അധ്വാനം വെറുതെയാകില്ലെന്ന വിശ്വാസത്തിലാണ്. 2019-ഓടെ ശക്തമായ ത്രികോണ മത്സരത്തിനുള്ള വേദിയായി മാറിയ ആറ്റിങ്ങലില്‍ വി.മുരളീധരന്‍ നേടുന്ന വോട്ടുകള്‍ തന്നെയാകും നിര്‍ണായകം.

കൊല്ലം

2019-ല്‍ എല്‍ഡിഎഫിന് അഭിമാനപോരാട്ടമായിരുന്നു കൊല്ലത്ത്. കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവര്‍ത്തനവും കാഴ്ചവെച്ചിട്ടും എന്‍.കെ.പ്രേമചന്ദ്രനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങി പ്രചാരണത്തിന് നേതൃത്വം കൊടുത്തിട്ടും ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്കാണ്  കെ.എന്‍.ബാലഗോപാലിനെ പ്രേമചന്ദ്രന്‍ തോല്‍പ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന നില്‍ക്കുന്ന കൊല്ലത്തുകാര്‍ ലോക്‌സഭയില്‍ ഒരു മയവുമില്ലാതെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അവരെ പുറംതള്ളുകയാണ്. മുന്നണിവിട്ട് യുഡിഎഫിനൊപ്പം പോയ പ്രേമചന്ദ്രനെ തളയ്ക്കാന്‍ പി.ബി.അംഗത്തെ വരെ ഇറക്കിയിട്ടും എല്‍ഡിഎഫിന് രക്ഷയില്ല. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന പ്രേമചന്ദ്രനെ മുട്ടുകുത്തിക്കാന്‍ ഇത്തവണ കൊല്ലം എംഎല്‍എയും സിനിമാതാരവുമായ മുകേഷിനെയാണ് ഇടതുപക്ഷം ഇറക്കിയിട്ടുള്ളത്. ബിജെപി മറ്റൊരു സിനിമാനടനായ കൃഷ്ണകുമാറിനെ ഇറക്കിയതോടെ താരപോരാട്ടമാണ് കൊല്ലത്ത്.

placeholder
എന്‍.കെ.പ്രേമചന്ദ്രന്‍, എം.മുകേഷ്, ജി.കൃഷ്ണകുമാര്‍ |ഫോട്ടോ:മാതൃഭൂമി

കൊല്ലത്ത് ആര്‍എസ്പിയുടെയും യുഡിഎഫിന്റെ സംഘടനാ ശേഷിക്കപ്പുറത്ത് എന്‍.കെ.പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവത്തിനാണ് മേല്‍ക്കൈ. മികച്ച പാര്‍ലമെന്റേറിയനെന്ന വിശേഷണവും ജനകീയതയുമാണ് കഴിഞ്ഞ രണ്ടുതവണത്തേയും പ്രേമചന്ദ്രന്റെ വിജയത്തില്‍ പ്രതിഫലിച്ചത്. 

പത്തനംതിട്ട കഴിഞ്ഞാല്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ നടന്ന ജില്ലയായിരുന്നു കൊല്ലം. ഇത് യുഡിഎഫിന് 2019-ല്‍ വലിയ തോതില്‍ ഗുണംചെയ്തിട്ടുണ്ട്. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാമെന്ന വാഗ്ദാനം എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന വികാരവും വോട്ടിങില്‍ പ്രതിഫലിച്ചിരുന്നു. 90 ശതമാനം സ്വകാര്യ കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുന്ന സാഹചര്യം ഇത്തവണയും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കടലേറ്റവും പാളിയ പുനരധിവാസവും തീരദേശത്ത് പൊള്ളുന്ന വിഷയമാണ്.

പ്രധാനമന്ത്രിയുടെ വിരുന്നില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ പങ്കെടുത്തതാണ് ഇടതുമുന്നണി ഇത്തവണ അദ്ദേഹത്തിനെതിരെ ഉപയോഗിച്ച പ്രധാന പ്രചാരണായുധം. എന്നാല്‍ കഴിഞ്ഞ തവണ പ്രേമചന്ദ്രന്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന സമാനമായ പ്രചാരണം എല്‍ഡിഎഫ് നടത്തിയിരുന്നെങ്കിലും അവര്‍ക്കത് വോട്ടാക്കി മാറ്റാനായിരുന്നില്ല.

സിപിഎമ്മിന് അത്രയും വേരോട്ടമുള്ള മണ്ണില്‍ തങ്ങള്‍ക്കെതിരെ പ്രേമചന്ദ്രന്‍ ഹാട്രിക് വിജയം നേടുക എന്നത് ഇടതുപക്ഷത്തിന് ആലോചിക്കാനെ വയ്യാത്ത കാര്യമാണ്. സിറ്റിങ് എം.പിക്കെതിരേ സിറ്റിങ് എം.എല്‍.എ.യെ ഇറക്കിയുള്ള പരീക്ഷണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചതും പാര്‍ട്ടിക്കപ്പുറം സിനിമാ നടന്‍ എന്ന ഇമേജ് കൂടി വോട്ട് കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ്. കുണ്ടറ ഒഴികെ ഏഴില്‍ ആറ് നിയമസഭാ സീറ്റുകളും എല്‍ഡിഎഫിനൊപ്പമാണെന്നതും എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നു. 

ദക്ഷിണ കേരളത്തില്‍ മുസ്ലിം വോട്ട് നിര്‍ണായകമായ മണ്ഡലമെന്ന പ്രത്യേകതയും കൊല്ലത്തിനുണ്ട്. ഇരവിപുരം, ചവറ, ചടയമംഗലം നിയമസഭാമണ്ഡലങ്ങളില്‍ മുസ്ലിം വോട്ട് നിര്‍ണായകമാണ്. പി.ഡി.പി., എസ്.ഡി.പി.ഐ കക്ഷികള്‍ക്ക് വേരോട്ടമുണ്ട്. പുനലൂര്‍, ചവറ, കൊല്ലം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ വിവിധ ക്രൈസ്തവവിഭാഗങ്ങളും നിര്‍ണായകശക്തിയാണ്.

ആലപ്പുഴ

ഇടതുമുന്നണിക്കും സിപിഎമ്മിനും 2019-ല്‍ ആശ്വാസം നേടിക്കൊടുത്ത മണ്ഡലമാണ് ആലപ്പുഴ. ഇരുപതില്‍ ഒന്ന്. കോണ്‍ഗ്രസിനെ തുടര്‍ച്ചയായും ഇടതുപക്ഷത്തെ ഇടയ്ക്കിടെയും വിജയിപ്പിച്ച് വിടുന്ന ആലപ്പുഴയില്‍ ഇത്തവണ കടുത്ത മത്സരം തന്നെയാണ് അരങ്ങേറുന്നത്. 2009-മുതല്‍ 2019 വരെ രണ്ട് ടേമില്‍ ആലപ്പുഴയില്‍നിന്ന് വിജയിച്ചുകയറിയ കെ.സി.വേണുഗോപാല്‍ കഴിഞ്ഞ തവണ മാറിനിന്നതോടെ മണ്ഡലവും കോണ്‍ഗ്രസിന് നഷ്ടമായി. കെ.സിക്ക് പകരമായി നിര്‍ത്തിയ ഷാനിമോള്‍ ഉസ്മാനെ എ.എം.ആരിഫ് 10,474 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ.സി.വേണുഗോപാല്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയായി വന്നിറങ്ങുമ്പോള്‍ മണ്ഡലം പിടിച്ചുനിര്‍ത്താന്‍ ആരിഫിനെ തന്നെയാണ് എല്‍ഡിഎഫ് വീണ്ടും നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ലഭിച്ച വോട്ടിങ് ശതമാനത്തിലെ കുതിച്ചുചാട്ടം മുതലെടുക്കാന്‍ ബിജെപി തീപ്പൊരി നേതാവായ ശോഭാ സുരേന്ദ്രനെയും രംഗത്തിറക്കിയതോടെ മണ്ഡലത്തില്‍ ത്രികോണ പോരാട്ടമായി.

placeholder
എ.എം.ആരിഫ്, കെ.സി.വേണുഗോപാല്‍, ശോഭാസുരേന്ദ്രന്‍ | ഫോട്ടോ:മാതൃഭൂമി

2019-ല്‍ ആരിഫിന് ജയിക്കാനായെങ്കിലും ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ. രണ്ട് മണ്ഡലങ്ങള്‍ നല്‍കിയ ഉറച്ച പിന്തുണയാണ് ആരിഫിനെ വിജയിപ്പിച്ചത്. അദ്ദേഹം എംഎല്‍എയായി പ്രതിനിധാനം ചെയ്തിരുന്ന അരൂരിലടക്കം ഷാനിമോളായിരുന്നു മുന്നില്‍. ചേര്‍ത്തലയില്‍ നേടിയ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ആരിഫിന് തുണയായത്. 

ശബരിമല വിഷയത്തില്‍ പ്രതിഷേധ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കാത്തതാണ് ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടാന്‍ ഇടയാക്കിയതെന്നായിരുന്നു യു.ഡി.എഫിന്റെ വിലയിരുത്തല്‍. മറ്റു മണ്ഡലങ്ങളില്‍  പ്രതിഷേധ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി വന്നപ്പോള്‍ ആലപ്പഴയില്‍ ബിജെപിയാണ് ഇതിലൂടെ നേട്ടമുണ്ടാക്കിയത്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ.എസ്.രാധാകൃഷ്ണന്‍ 1,87,729 വോട്ടുകളാണ് നേടിയത്. അതുകൊണ്ട് തന്നെയാണ് ബിജെപി ഇത്തവണ പ്രവര്‍ത്തകര്‍ക്കിടയില്‍ മികച്ച പിന്തുണയുള്ള ശോഭാ സുരേന്ദ്രനെ ഇറക്കിയിരിക്കുന്നത്.

സിഎഎ അടക്കമുള്ള വിഷയങ്ങളിലൂന്നിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായ അപചയങ്ങള്‍ക്ക് കാരണം കെ.സി.യാണെന്ന പ്രചാരണവും ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ട്. അദ്ദേഹം ആലപ്പുഴയില്‍ വിജയിച്ചാല്‍ നിലവിലുള്ള അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റ് ബിജെപിയിലേക്ക് മാറുമെന്ന വാദവും പ്രചാരണത്തില്‍ ഇടതുപക്ഷം ഉയര്‍ത്തുന്നുണ്ട്. ആലപ്പുഴയിലെ ഏഴില്‍ അഞ്ച് നിയമസഭാ സീറ്റുകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നതും ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, കായംകുളം, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളാണ് സിപിഎമ്മിനൊപ്പമുള്ളത്. ഹരിപ്പാടും കരുനാഗപ്പള്ളിയിലുമാണ് കോണ്‍ഗ്രസ് പ്രതിനിധികളുള്ളത്.

ലോക്‌സഭയിലേക്ക് വരുമ്പോള്‍ തങ്ങള്‍ക്കനുകൂലമായ സാമൂഹിക അടിത്തറയാണ് ആലപ്പുഴയിലേതെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. എസ്.ഡി.പി.ഐയുടെ പിന്തുണ ഇത്തവണ യുഡിഎഫിനുണ്ട് എന്നതും തിരഞ്ഞെടുപ്പ് രാഷ്ട്രീയം കൈകാര്യ ചെയ്യുന്നതില്‍ കെ.സി.വേണുഗോപാലിനുള്ള മികവും യുഡിഎഫിന്റെ അനുകൂല ഘടകമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന്റെ പ്രചാരണ ആയുധങ്ങളാണ്. തീരദേശമേഖലയായതിനാല്‍ ലത്തീന്‍സഭയുടെ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്. എന്‍എസ്എസ്സിന്റെ പിന്തുണയും വേണുഗോപാലിനുള്ള സ്വാധീനവും തങ്ങള്‍ക്ക് ഗുണംചെയ്യുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.

മാവേലിക്കര

മാവേലിക്കരയില്‍ 2009 മുതല്‍ അജയ്യനാണ് കൊടിക്കുന്നില്‍ സുരേഷ്. മണ്ഡലം പിടിക്കാന്‍ സിപിഐ യുവപ്രതിനിധിയെ ഇറക്കിയത് മുതല്‍ ഒരു അട്ടിമറി പ്രതീതി മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. ദീര്‍ഘകാലമായി എംപിയായി തുടരുന്ന കൊടിക്കുന്നില്‍ സുരേഷിനെതിരെ മണ്ഡലത്തിലുള്ള വികാരം മുതലെടുക്കാനാണ് സി.എ.അരുണ്‍കുമാറെന്ന പുതുമുഖത്തെ ഇടതുപക്ഷം പരീക്ഷിക്കുന്നത്. ആദ്യം ഇത്തവണ മത്സരിക്കുന്നില്ലെന്ന പറഞ്ഞിരുന്ന കൊടിക്കുന്നില്‍ പാര്‍ട്ടി തീരുമാനത്തിന് വഴങ്ങിയാണ് വീണ്ടും മത്സരത്തിനിറങ്ങിയിട്ടുള്ളത്. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ കൊടിക്കുന്നിലിന്റെ പരിചയസമ്പന്നതയ്ക്കാണ് പാര്‍ട്ടി മാര്‍ക്കിട്ടത്.

placeholder
കൊടിക്കുന്നിൽ സുരേഷ്, സി.എ. അരുൺകുമാർ, ബൈജു കലാശാല

തുടക്കത്തിലെ അനിശ്ചിത്വത്തിന് ശേഷം പരിചയ സമ്പന്നതയുടെയും മണ്ഡലത്തിലെ വിപുലമായ ബന്ധങ്ങളുടെയും ബലത്തില്‍ വലിയ പ്രചാരണംതന്നെയാണ് കൊടിക്കുന്നില്‍ നടത്തിവരുന്നത്. കഴിഞ്ഞ തവണ ചിറ്റയം ഗോപകുമാറിനെ 61,138 വോട്ടുകള്‍ക്കാണ് കൊടിക്കുന്നില്‍ പരാജയപ്പെടുത്തിയത്. ബിഡിജെഎസിനായി മത്സരിച്ച തഴവ സഹദേവന്‍ 1.33 ലക്ഷം വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണ ബൈജു കലാശാലയെ ആണ് ബിഡിജെഎസ് സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്.

മന്ത്രി പി.പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെയാണ് എഐവൈഎഫ് നേതാവ് കൂടിയായ അരുണ്‍കുമാറിനെ സിപിഐ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയിട്ടുള്ളത്. യുവാവ് എന്ന പ്ലസ് പോയിന്റ് അരുണ്‍കുമാറിന്റെ പ്രചാരണത്തിലുണ്ടെങ്കിലും പരിചയക്കുറവും പ്രകടമാണ്. എന്നാല്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുകൊണ്ട് തന്നെ പരിചയപ്പെടുത്തലിന് എല്‍ഡിഎഫിന് ഏറെ സമയം ലഭിച്ചിട്ടുണ്ട്. അതേസമയം എംപിക്കെതിരെയുള്ള വികാരത്തേക്കാള്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മണ്ഡലത്തിലുള്ളത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും അരുണ്‍കുമാറിന് ആശങ്കയായി ഉണ്ട്. 

ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി പരന്ന് കിടക്കുന്ന മാവേലിക്കരയിലെ നിയമസഭാ സീറ്റുകളെല്ലാം എല്‍ഡിഎഫിനൊപ്പമാണ് എന്നതാണ് അരുണ്‍കുമാറിന്റെ പ്രധാന ആശ്വാസം. എന്നാല്‍, നിയമസഭാ സീറ്റുകളില്‍ സമാനസാഹചര്യമായിട്ടും 2019-ല്‍ ഏഴു മണ്ഡലങ്ങളിലും കൊടിക്കുന്നില്‍ ലീഡ് നേടിയിരുന്നു.

എല്ലാ മത, സമുദായിക സംഘടനകളുമായും വ്യക്തികളുമായുള്ള ബന്ധം അരക്കിട്ടുറപ്പിച്ചാണ് കൊടിക്കുന്നിലിന്റെ ഇത്തവണത്തെയും പ്രചാരണം. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വികാരം പരമാവധി മുതലെടുക്കാനും പ്രചാരണത്തില്‍ ശ്രദ്ധിച്ചിരുന്നു. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും നെല്ല് സംഭരണത്തിലെ പ്രശ്‌നങ്ങളും കശുവണ്ടി ഫാക്ടറികള്‍ തുറക്കാത്തതും റബ്ബര്‍ പ്രതിസന്ധിയും പ്രചാരണവിഷയങ്ങളായി. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ സി.എ.എ.യും പ്രധാന ആയുധമായി.

ഇത്തവണ തിരിച്ചുപിടിക്കാനായില്ലെങ്കില്‍ പിന്നെ കിട്ടില്ലെന്ന ബോധ്യത്തോടെയാണ് എല്‍.ഡി.എഫ്. പ്രചാരണം തുടങ്ങിയത്. ന്യൂനപക്ഷങ്ങള്‍ ഇത്തവണ കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫിനു അനുകൂലമായി ചിന്തിക്കുമെന്നാണ് എല്‍ഡിഎഫ് വിശ്വാസിക്കുന്നുണ്ട്. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ സി.ഐ.എ.യെ ക്കൂടാതെ ബി.ജെ.പി.യിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഒഴുകുന്നതും ആയുധമാക്കുന്നുണ്ട്. മണ്ഡലത്തില്‍ കൊടിക്കുന്നിലിനെതിരേയുള്ള വികാരം പരമാവധി മുതലെടുക്കാനും എല്‍.ഡി.എഫ്. ശ്രമിച്ചു. മണ്ഡലം തിരിച്ചുപിടിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍.ഡി. എഫ്. കേന്ദ്രങ്ങള്‍. 

പത്തനംതിട്ട

ശബരിമല പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎയ്ക്ക് വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ പക്ഷേ ഫലം വന്നപ്പോള്‍ യുഡിഎഫിന് അനുകൂലമായിരുന്നു. എന്നാല്‍ വന്‍തോതില്‍ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാന്‍ ബിജെപിക്കായി മത്സരിച്ച കെ.സുരേന്ദ്രന് സാധിച്ചു. ക്രിസ്ത്യന്‍ വോട്ടുകള്‍കൂടി സമാഹരിക്കാന്‍ സാധിച്ചാലെ മണ്ഡലം പിടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന വിലയിരുത്തലില്‍ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ആണ് ബിജെപി ഇത്തവണ രംഗത്തിറക്കിയിട്ടുള്ളത്. ഹാട്രിക് വിജയത്തിനുശേഷം നാലാം അങ്കത്തിന് ഇറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയെ വെല്ലാന്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസകിനെയാണ് എല്‍ഡിഎഫ് അവതരിപ്പിച്ചിട്ടുള്ളത്.

placeholder
Anto Antony, Thomas Isaac, Anil K Antony | Photo: Mathrubhumi
ആന്റോ ആന്റണി, തോമസ് ഐസക്ക്, അനില്‍ ആന്റണി | ഫോട്ടോ: മാതൃഭൂമി, പി.ടി.ഐ.

പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ  നടന്ന ത്രികോണ പോരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ 44243 വോട്ടുകള്‍ക്കാണ് ആന്റോ ആന്റണി പരാജയപ്പെടുത്തിയത്. 

പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാമണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടുമണ്ഡലവും ചേര്‍ന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപവത്കരിച്ചശേഷം തുടര്‍ച്ചയായി മൂന്നുതവണയും പത്തനംതിട്ട യു.ഡി.എഫിനൊപ്പമായിരുന്നു. ചരിത്രം തിരുത്തണമെന്ന വാശിയിലാണ് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക്കിനെ ഇറക്കിയിരിക്കുന്നത്. ക്രൈസ്തവ ന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. യു.ഡി.എഫിന് വലിയ മേല്‍ക്കൈയുണ്ടായിരുന്ന ക്രൈസ്തവവോട്ടുകളില്‍ ഒരു പങ്ക് 2021-ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലേക്കെത്തിയെന്നതാണ് ഐസക്കിന് പ്രതീക്ഷ നല്‍കുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫാണുള്ളത്. എന്നാല്‍ ആ രാഷ്ട്രീയ സാഹചര്യമല്ല സംസ്ഥാനത്തിപ്പോഴെന്നാണ് യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. സംസ്ഥാനം നേരിടന്ന ധനപ്രതിസന്ധിയുടെ പ്രധാന കാരണക്കാരന്‍ മുന്‍ധനമന്ത്രി കൂടിയായ ഐസക്കാണെന്ന യുഡിഎഫിന്റെയും എന്‍ഡിഎയുടെയും പ്രചാരണം എല്‍ഡിഎഫിന് ക്ഷീണമുണ്ടാക്കുന്നുണ്ട്. ക്രിസ്ത്യന്‍ മേഖലയില്‍ കാര്യമായ സ്വാധീനമില്ലാത്തതും ഐസക്കിന് വെല്ലുവിളിയാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും റബ്ബര്‍ വിലയിടിവും മണ്ഡലത്തിലെ പ്രധാന വിഷയമാണ്. 

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി വരുമെന്ന് പ്രതീക്ഷിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായിരുന്നു അനില്‍ ആന്റണിയുടെ വരവ്. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന പി.സി.ജോര്‍ജിന് അനിലിന്റെ സ്ഥാനാര്‍ഥിത്വം വലിയ തിരിച്ചടിയായി. ആദ്യം അനിലിനെ തള്ളിപ്പറഞ്ഞ പി.സി.ജോര്‍ജ് പിന്നീട് പ്രചാരണത്തില്‍ സജീവമായത് എന്‍ഡിഎയ്ക്ക് ആശ്വാസമാണെങ്കിലും അത് വോട്ടെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. എ.കെ.ആന്റണിയുടെ വ്യക്തിപ്രഭാവത്തില്‍ സ്ഥാനാര്‍ഥിത്വം നേടിയ അനില്‍ ആന്റണിക്ക്, പക്ഷേ, ഏറ്റവും വലിയ തിരിച്ചടി സാക്ഷാല്‍ ആന്റണി തന്നെ തനിക്കെതിരെ പ്രചാരണത്തിനിറങ്ങിയതാണ്. കഴിഞ്ഞ തവണ കെ.സുരേന്ദ്രന്‍ നേടിയ വോട്ട് വിഹിതം താഴെ പോകാതെ നോക്കേണ്ടതും അനില്‍ ആന്റണിയുടെ രാഷ്ട്രീയഭാവിക്ക് പ്രധാനമാണ്.