"ഹൃദയത്തില്‍ വലിയ ഭാരവുമേന്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നത്. എന്റെ ഭര്‍ത്താവ് ജയിലിലാണുള്ളത്, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സുഖമില്ലാതായിരിക്കുന്നു. കരയാതെ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കണമെന്നായിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സ്‌നേഹവും കരുതലും കാണുമ്പോള്‍ ഞാന്‍ വീണ്ടും വികാരാധീനയായിപ്പോവുന്നു. നിങ്ങളാണെന്റെ വിശ്വാസം. നിങ്ങളാണെന്റെ ശക്തി. ജാര്‍ഖണ്ഡിലെ ജനങ്ങളും ജെ.എം.എം കുടുംബവും ആവശ്യപ്പെട്ടത് പ്രകാരം നാളെ മുതല്‍ ഞാനെന്റെ പൊതുപ്രവര്‍ത്തന ജീവിതം ആരംഭിക്കും. നമ്മളിലൊരാളായി ഹേമന്ത് സോറന്‍ മടങ്ങിയെത്തുന്നത് വരെ അദ്ദേഹത്തിന്റെ ശബ്ദമായി, അദ്ദേഹത്തിന്റെ ചിന്തകള്‍ പങ്കുവെയ്ക്കാനുള്ള ആളായി ഞാന്‍ പ്രവര്‍ത്തിക്കും, തീര്‍ച്ച.." രാഷ്ട്രീയജീവിതത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെ കല്‍പന സോറന് ശബ്ദമിടറിയപ്പോള്‍ 'തടവറയുടെ താഴുകള്‍ തകര്‍ക്കപ്പെടും, ഹേമന്ത് സോറന്‍ മോചിതനാകുമെന്ന് മുദ്രാവാക്യം ഉറക്കെ മുഴക്കിക്കൊണ്ടായിരുന്നു സദസ്സ് അവരെ ചേര്‍ത്തുപിടിച്ചത്. 

To advertise here,

ഭൂമി കുംഭകോണക്കേസില്‍ ജനുവരി 31നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതേ അറസ്റ്റാണ് ഭാര്യ കല്‍പന സോറന്‍റെ രാഷ്ട്രീയപ്രവേശനത്തിന് വഴിതുറന്നതും. അറസ്റ്റിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ പകരം കല്‍പന സോറന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. കല്‍പനയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരേ ജെ.എം.എം. സ്ഥാപകനേതാവ് ഷിബു സോറന്റെ മൂത്ത മരുമകള്‍ സിതാ സോറന്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ ഗതാഗത മന്ത്രിയായിരുന്ന ചംപായ് സോറനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തല്‍ക്കാലം നിര്‍ണായകസ്ഥാനത്തേക്ക് നിയമിക്കപ്പെട്ടില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും കല്‍പന സജീവമായി പൊതുരംഗത്ത് എത്തിയേക്കാമെന്നൊരു സാധ്യത അന്നുമുതല്‍ക്കേ നിലനിന്നിരുന്നു. 

placeholder
കല്‍പന സോറന്‍

ഒഡിഷയിലെ മയുര്‍ഭഞ്ജ് സ്വദേശിയാണ് കല്‍പന മുര്‍മു സോറന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അതേ ജില്ലയില്‍ തന്നെയാണ് കല്‍പനയും പഠിച്ചുവളര്‍ന്നത്. എഞ്ചിനീയറിങ് എംബിഎ ബിരുദപഠനത്തിന് ശേഷം 2006 ഫെബ്രുവരിയിലായിരുന്നു ഹേമന്ത് സോറനുമായുള്ള വിവാഹം. നിഖില്‍, അന്‍ഷ് എന്ന് പേരുകളുള്ള രണ്ട് മക്കളുണ്ട്. ഹേമന്ത് സോറനൊപ്പമുള്ള 20 വര്‍ഷത്തോളം നീണ്ട ജീവിതത്തിനിടെ ഇടയ്‌ക്കെങ്കിലും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് തീര്‍ത്തും ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു അവര്‍. രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് ഒരിക്കലും മനസ്സുതുറന്നിട്ടുമില്ല. രാഷ്ട്രീയപാരമ്പര്യം തീരെയില്ലാത്ത ആളാണ് കല്‍പന. ജൈവകൃഷിയിലാണ് 43 വയസ്സുകാരിയായ കല്‍പനയുടെ താല്‍പര്യം. ഇതിന് പുറമേ ഒരു സ്‌കൂളിനും അവര്‍ മേല്‍നോട്ടം നല്‍കുന്നുണ്ട്, ഒപ്പം സന്നദ്ധപ്രവര്‍ത്തനങ്ങളിലും സജീവമാണ്. എന്നാലിപ്പോള്‍ ഹേമന്ത് സോറന്റെ അറസ്റ്റിന്റെ ചുവടുപിടിച്ച് അഴിക്കുള്ളിലെ സോറന്റെ ശബ്ദമായി സജീവരാഷ്ട്രീയത്തിലേക്ക്‌ ഇറങ്ങിയിരിക്കുകയാണ് കല്‍പന. ഭര്‍ത്താവിന്റെ അറസ്റ്റിനെത്തുടര്‍ന്ന് മാര്‍ച്ച് നാലിന് ഗിരിദിഹ് ജില്ലയില്‍ സംഘടിപ്പിച്ച ജെ.എം.എമ്മിന്റെ (ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച) 51-ാം സ്ഥാപകദിനത്തിലാണ് കല്‍പന ഔദ്യോഗികമായി പാര്‍ട്ടി അംഗത്വമെടുത്തത്. ശേഷം എംഎല്‍എമാരുമായി നടന്ന കൂടിക്കാഴ്ചകളില്‍ കല്‍പന പങ്കെടുത്തിരുന്നു. രാംലീലയില്‍ ഇന്ത്യ ബ്ലോക്കിന്റെ റാലിയിലും കല്‍പന താരമായി.  'അഴികള്‍ക്കുള്ളില്‍ക്കിടക്കുന്ന ഭര്‍ത്താക്കന്മാരെയോര്‍ത്ത് ദുഃഖിക്കുന്ന കല്‍പനയും സുനിതയും മാത്രമായിരുന്നില്ല ഇന്ത്യ റാലിയിലെ പുതുമുഖങ്ങള്‍. ജയിലിലുള്ള എഎപി നേതാക്കളായ സഞ്ജയ് സിങ്ങിന്റേയും സത്യേന്ദര്‍ ജെയിനിന്റേയും ഭാര്യമാര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. 

ഹേമന്ത് സോറന്‍ ജയിലിലായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രധാന ചുമതലയിലേക്കാണ് കല്‍പന എത്തിയിരിക്കുന്നത്. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവതില്‍ക്കലെത്തി നില്‍ക്കെ ജാര്‍ഖണ്ഡിലെ ജെ.എം.എമ്മിന്റെയും ഇന്ത്യ സഖ്യത്തിന്റെയും താരപ്രചാരകരിലൊരാള്‍ കല്‍പന ആണ്. മാര്‍ച്ച് 17 ന് നടന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ കല്‍പ്പനയെ ജെ.എം.എം നേതാവായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇന്ത്യ തലകുനിക്കില്ല ഇന്ത്യ പിന്‍വാങ്ങില്ല എന്ന മുദ്രാവാക്യമാണ് പാര്‍ട്ടി ഉയര്‍ത്തിയത്. ഹേമന്ത് സോറന്‍ അറസ്റ്റിലായതിന് ശേഷം ഉണ്ടായ വിടവ് കല്‍പ്പന സോറനിലൂടെ നികത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടിയുള്ളത്. അതിന് കഴിവുള്ള നേതാവാണ് കല്‍പ്പന സോറനെന്ന് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നു. ഊര്‍ജസ്വലരായ പ്രവര്‍ത്തകരായ യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് കല്‍പന സോറന്‍ ഇതിനകം തന്നെ തന്റെ മീഡിയ ടീമിന് രൂപം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ഈ സംഘം സംസ്ഥാത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.

ഇന്ത്യാ ബ്ലോക്കിന്റെ വേദിയില്‍ അല്‍പം വികാരാധീനയായെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരേ ആഞ്ഞടിച്ചുകൊണ്ടായിരുന്നു കല്‍പന സോറന്റെ പ്രസംഗം. രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീജനസംഖ്യയേയും ഒമ്പത് ശതമാനത്തോളമുള്ള ന്യൂനപക്ഷ വിഭാഗത്തിന്റേയും പ്രതിനിധിയാണ് താന്‍ വേദിയില്‍ നില്‍ക്കുന്നത് എന്നായിരുന്നു അണികളെ അഭിസംബോധന ചെയ്തുകൊണ്ട് കല്‍പന പറഞ്ഞത്. തന്റെ ഭര്‍ത്താവിനെ ജയിലിലേക്കയച്ചതിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് അവര്‍ ആരോപിച്ചു. ബിജെപിയുടെ വിലകുറഞ്ഞ മാനസികാവസ്ഥയെ ആണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ആദിവാസികളേയും ന്യൂനപക്ഷത്തേയും ചെറുജീവികളെ പോലെയാണ് ബിജെപി കണക്കാക്കുന്നത്. താഴെത്തട്ടിലുള്ള ആളുകളെ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് അവര്‍ കരുതുന്നത്. ഞങ്ങളോട് അവര്‍ക്ക് എത്രത്തോളം വെറുപ്പുണ്ടെന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രവൃത്തികളില്‍ നിന്ന് തന്നെ വ്യക്തമാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഹേമന്ത് സോറന് നിരന്തരം സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ അതിനുമുന്നില്‍ വഴങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അപ്പോഴാണ് ഗൂഢാലോചനയുമായി ഇ.ഡി എത്തിയത്. ജാര്‍ഖണ്ഡും ജാര്‍ഖണ്ഡിലെ ജനങ്ങളും ഒരിക്കലും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തലകുനിക്കില്ലെന്ന് കല്‍പന ആവര്‍ത്തിച്ചുപറഞ്ഞു. ചില പാര്‍ട്ടികള്‍ വിചാരിക്കുന്നത് അവര്‍ക്കാണ് എല്ലഅധികാരങ്ങളുമുള്ളത് എന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ജനങ്ങള്‍ക്കാണ് യഥാര്‍ഥ പരമാധികാരം. നിങ്ങളുടെ വിരലുകളുപയോഗിച്ചുകൊണ്ട് ആ അധികാരം നിങ്ങള്‍ പ്രയോജനപ്പെടുത്തണം. ഈ രാജ്യത്തേയും ജനാധിപത്യത്തേയും രക്ഷിക്കാന്‍ നിങ്ങളുടെ തിരഞ്ഞെടുപ്പ് അധികാരത്തെ ബുദ്ധിപൂര്‍വം ഉപയോഗിക്കണം- റാലിയെ അഭിസംബോധന ചെയ്ത് കല്‍പന പറഞ്ഞു. 

ഭര്‍ത്താവിന്റെ അസാന്നിധ്യത്തെ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നികത്താനാണ് കല്‍പനയും ശ്രമിക്കുന്നത്. അവര്‍ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് ജെ.എംഎമ്മും സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിനൊപ്പം ജാര്‍ഖണ്ഡിലെ ഗാണ്ഡെയില്‍ മെയ് 20ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കല്‍പന മത്സരിക്കുമെന്ന സൂചനകള്‍ പാര്‍ട്ടി പുറത്തുവിട്ടുകഴിഞ്ഞു. സര്‍ഫാറസ് അഹമ്മദിന്റെ രാജിയോടെയായിരുന്നു ഗാണ്ഡെയില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മത്സരിച്ചു ജയിച്ചാല്‍ കല്‍പന മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടിയുടേതായിരിക്കുമെന്നാണ് നിലവിലെ മുഖ്യമന്ത്രിയുടെ ജെ.എം.എം നേതാവുമായ ചാംപായ് സോറനും പറഞ്ഞത്. 

കല്‍പനയെ പോലെ സമാനദുഃഖം പേറുന്നയാളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിതയും. ഭൂമി കുംഭകോണക്കേസിലാണ് ഹേമന്ത് സോറന്‍ അറസ്റ്റിലായതെങ്കില്‍ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസാണ് കെജ്‌രിവാളിനെ അഴിക്കുള്ളിലേക്കെത്തിച്ചത്. കെജ്‌രിവാള്‍ അറസ്റ്റിലായതിനു പിന്നാലെത്തന്നെ 58-കാരിയായ സുനിത രണ്ടു വീഡിയോ സന്ദേശങ്ങളിലൂടെ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. കെജ്‌രിവാള്‍ ചെയ്തത് പോലെ ഭാഗത് സിങ്ങിന്റേയും അംബേദ്കറുടെയും ഫോട്ടോകളുള്ള ചുമരിനടുത്തുള്ള സീറ്റില്‍, മുഖ്യമന്ത്രി കസേരയിലിരുന്നുകൊണ്ടായിരുന്നു സുനിതയും വീഡിയോ സന്ദേശങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി നല്‍കിയത്. അതിനിടെ സുനിതയുടെ റാബ്രി ദേവിയുമായി താരതമ്യം ചെയ്ത് പരിഹാസവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹര്‍ദിപ് സിങ് പുരി രംഗത്ത് എത്തുകയും ചെയ്തു. സുനിത കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകാനുള്ള പരിശ്രമം തുടങ്ങി, ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന റാബ്രി ദേവിയെ പോലെയാവാനുള്ള ശ്രമത്തിലാണ് സുനിതയെന്ന് അദ്ദേഹം പറഞ്ഞു.

placeholder
കല്‍പനയും സുനിതയും നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നുള്ള ദൃശ്യം 

അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായപ്പോള്‍ ഡല്‍ഹിയിലെത്തിയ കല്‍പന കെജ്‌രിവാളിന്റെ ഭാര്യ സുനിതയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മാര്‍ച്ച് 30നായിരുന്നു ഇരുവരും കണ്ട് സംസാരിച്ചത്. 'സുനിത അവരുടെ ദുഃഖങ്ങള്‍ ഞാനുമായി പങ്കുവെച്ചു. ഞങ്ങളീ പോരാട്ടം തുടര്‍ന്നുകൊണ്ടുപോകും. അവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഝാര്‍ഖണ്ഡ് മുഴുവന്‍ അരവിന്ദ് സാറിനൊപ്പമുണ്ടാകും എന്നായിരുന്നു സുനിതയുമായി ഇരുപതുമിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവന്ന കല്‍പന പറഞ്ഞത്. തൊട്ടടുത്ത ദിവസം രാംലീല മൈതാനിയില്‍ ഇന്ത്യ ബ്ലോക്ക് സംഘടിപ്പിച്ച ലോക്തന്ത്ര ബച്ചാവോ പൊതുസമ്മേളനത്തില്‍ ഇരുവരും ഒന്നിച്ച് പങ്കെടുക്കുകയും ചെയ്തു. കല്‍പനയും സുനിതയും തന്റെ സഹോദരിമാരാണെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്. സഹോദരിമാര്‍ പോരാട്ടം നടത്തുമ്പോള്‍ സഹോദരന്മാര്‍ക്ക് എങ്ങനെ മാറിനില്‍ക്കാന്‍ സാധിക്കും, ഞങ്ങള്‍ മാത്രമല്ല, രാജ്യം മുഴുവന്‍ ഇരുവര്‍ക്കുമൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

മൂന്നുപതിറ്റാണ്ടായി കെജ്‌രിവാളിനു പിന്നിലെ നിശ്ശബ്ദശക്തി എന്നാണ് ഇന്ത്യ റാലിയില്‍ എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജ് സുനിതയെ അണികള്‍ക്കായി പരിചയപ്പെടുത്തിയത്. കെജ്‌രിവാളിന്റെ ശക്തി തന്നെയായിരുന്നു സുനിത. മസൂറിയിലെ ഐ.ആര്‍.എസ്. പരിശീലനകാലത്ത് മൊട്ടിട്ട പ്രണയവും പരിചയവും വിവാഹത്തിലുംസാമൂഹിക പ്രവര്‍ത്തന ജീവിതത്തിലും മാത്രമല്ല, രാഷ്ട്രീയജീവിതത്തിലും തുടരുകയാണ്. രാഷ്ട്രീയജീവിതത്തില്‍ കെജ്‌രിവാളിന് തിരക്കേറിയതോടെ സുനിതയും ഐ.ആര്‍.എസില്‍നിന്ന് സ്വമേധയാവിരമിക്കുകയായിരുന്നു. 22 വര്‍ഷം സുനിത ആദായനികുതി വകുപ്പില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

placeholder
സുനിത കെജ്‌രിവാള്‍

കെജ്‌രിവാളിനൊപ്പം നിരവധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടയാളാണ് സുനിതയെങ്കിലും അറസ്റ്റിന് ശേഷം ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇന്ത്യ ബ്ലോക്ക് സംഘടിപ്പിച്ച പരിപാടി. കെജ്‌രിവാളിന് രാജ്യത്തിന് നല്‍കാനുള്ള സന്ദേശം പങ്കുവെയ്ക്കാനുണ്ടെന്ന് അറിയിച്ച സുനിത രാജ്യത്തിനുള്ള ആറ് വാഗ്ദാനങ്ങള്‍ വിശദീകരിച്ചു. പുതിയ ഇന്ത്യ ആണ് ഇന്ത്യ ബ്ലോക്ക് മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്റെ ഭര്‍ത്താവിനെ ജയിലിലടച്ചതെന്ന് സുനിത പറഞ്ഞു. പ്രധാനമന്ത്രി ശരിയായ കാര്യമാണോ ചെയ്തത്? കെജ്‌രിവാള്‍ ഒരു സത്യസന്ധനും യഥാര്‍ഥ രാജ്യസ്‌നേഹിയുമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ?  ജയിലിലുള്ള അദ്ദേഹം രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്, നിങ്ങള്‍ പറയൂ, രാജിവെച്ച് പോകേണ്ടയാളാണോ അദ്ദേഹം? അരവിന്ദ് കെജ്‌രിവാള്‍ ഒരു സിംഹമാണ്. അദ്ദേഹത്തെ ഏറെക്കാലം ജയിലില്‍ അടയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സുനിത പറഞ്ഞു. ഞാന്‍ നിങ്ങളോട് വോട്ട് ചോദിക്കുകയല്ല, ആരെയെങ്കിലും വിജയിപ്പിക്കണമെന്നല്ല ഞാന്‍ പറയുന്നത്. പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനായുള്ള പിന്തുണയാണ് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. ഇന്ത്യ ബ്ലോക്കിന് ഒരു അവസരം നല്‍കുകയാണെങ്കില്‍ ഒരു പുതിയ ഇന്ത്യയെ ആയിരിക്കും ഞങ്ങള്‍ നിര്‍മിച്ചെടുക്കുക. അതിനായി ഡല്‍ഹിക്ക് സംസ്ഥാനപദവി നല്‍കുന്നതടക്കമുള്ള ആറ് വാഗ്ദാനങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്നത് എന്നായിരുന്നു സുനിത തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. 

placeholder
കല്‍പന സോറന്‍, സുനിത കെജ്‌രിവാള്‍

ഇ.ഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളില്‍ നിന്നുള്ള സന്ദേശമയക്കലിനെ രണ്ട് തരത്തിലായിരുന്നു എഎപി അവതരിപ്പിച്ചിരുന്നത്. ഒന്ന് ഭര്‍ത്താവിനെ താല്‍ക്കാലികമായി നഷ്ടപ്പെട്ട ഭാര്യയുടെ വൈകാരികമായ അഭിസംബോധനയായും മറ്റൊന്ന് ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കാനുള്ള പ്രതിനിധിയായും. എഎപി നേതാവ് അതിഷി ആയിരുന്നു ഔദ്യോഗിക പ്രതിനിധി. കെജ്‌രിവാളിനൊപ്പമുള്ള 29 വര്‍ഷത്തെ ജീവിതത്തില്‍ നിശബ്ദ ശക്തിയായിരുന്നു സുനിത എന്നാണ് പാര്‍ട്ടി വൃത്തങ്ങളെല്ലാം വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ നിഴലില്‍ നിന്ന് മാറി രാഷ്ട്രീയ വെളിച്ചങ്ങളിലേക്ക് അവര്‍ എത്തിയിരിക്കുന്നു.

മുഖ്യമന്ത്രിയായ ഭര്‍ത്താവിന് പകരം ആ പദവി അലങ്കരിക്കേണ്ടി വന്ന സ്ത്രീയുടെ ചരിത്രം ഇന്ത്യയില്‍ നേരത്തേയുമുണ്ടായിട്ടുണ്ട്. 1997ല്‍ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചപ്പോള്‍ ഭാര്യ റാബ്രി ദേവി ആയിരുന്നു പിന്നീട് മുഖ്യമന്ത്രിക്കസേരയിലിരുന്നത്. വെറും രണ്ട് വര്‍ഷം മുന്‍പ് മാത്രം സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയ റാബ്രിക്ക് സ്വപ്‌നതുല്യമായ പദവിയായിരുന്നു അത്. ഭാര്യയായിരുന്നു സ്ഥാനത്തെങ്കിലും ഭരണകാര്യങ്ങള്‍ വീട്ടിലിരുന്ന നിയന്ത്രിച്ചിരുന്നത് ലാലു പ്രസാദ് തന്നെയായിരുന്നു. 1997 ജൂലായ് 25 മുതല്‍ 1999 ഫെബ്രുവരി 11 വരെയായിരുന്നു റാബ്രി ദേവിയുടെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. പിന്നീടും രണ്ട് തവണ റാബ്രി ദേവി ബിഹാറിന്റെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാലുവിന്റെ നിഴലായി മുഖ്യമന്ത്രിക്കേസരയിലിരുന്നതുപോലെ ഹേമന്ത് സോറന്റെ ഭാര്യ കല്‍പനയും കെജ്രിവാളിന്‍റെ ഭാര്യ സുനിതയും പദവിയേറ്റെടുത്തേക്കുമെന്ന പ്രചാരണവും സജീവമായിക്കൊണ്ടിരിക്കുകയാണ്. വൈകാരികമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ ബ്ലോക്ക് കല്‍പനയേയും സുനിതയേയും രാംലീല മൈതാനത്തേക്കെത്തിച്ചത്. അവിടെ രണ്ടു ഭാര്യമാരെയല്ല ജനം കണ്ടത്, പ്രതിപക്ഷസഖ്യവേദിയുടെ മൊത്തം ശ്രദ്ധയാകര്‍ഷിക്കുന്ന രണ്ട് വനിതാ നേതാക്കളുടെ ഉദയത്തിനാണ് അവിടെക്കൂടിയവര്‍ സാക്ഷ്യംവഹിച്ചത്. കല്‍പനയും സുനിതയും അനിവാര്യമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരുമിക്കുകയായിരുന്നു. ഇവരുടെ മുന്നിലുള്ളത് ഒരേ ലക്ഷ്യം. അത് ഭര്‍ത്താക്കന്മാരുടെ ജയില്‍മോചനത്തിലൊതുങ്ങില്ല. അതിനുമപ്പുറം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൂട്ടര്‍ക്കുമുള്ള വെല്ലുവിളിയായി മാറുമോ എന്നത് കാത്തിരുന്നു കാണാം.