ലക്ഷ്യംവെക്കുന്നത് ഇരുപതിൽ ഇരുപത്. ഒരു സീറ്റിലെ തോൽവി പോലും താങ്ങാനാവില്ല. എങ്കിലും കഴിഞ്ഞ തവണ വീശിയ കാറ്റല്ല ഇക്കുറി അടിക്കുന്നതെന്ന് ഐക്യ ജനാധിപത്യ മുന്നണിക്ക് അറിയാം. പ്രതീക്ഷയും പ്രാർത്ഥനയുമാണ് അവസാനഘട്ടത്തിൽ യു.ഡി.എഫിനെ മുന്നോട്ടുനയിക്കുന്നത്. 

To advertise here,

കഴിഞ്ഞ തവണ ഒപ്പം നിന്നത് ആലപ്പുഴ മാത്രം. ഇക്കുറി അതിനു മുകളിൽ എത്ര സീറ്റ് കിട്ടിയാലും ബോണസ്.  ആറ്റിങ്ങൽ, മാവേലിക്കര, ആലത്തൂർ, പാലക്കാട്, കണ്ണൂർ, തൃശൂർ മണ്ഡലങ്ങൾ പ്രതീക്ഷ പകരുന്നുമുണ്ട്. ന്യൂനപക്ഷം ഒപ്പം നിന്നാൽ കാസർകോടും വടകരയും കൈയിലിരിക്കുമെന്നും ഇടതുപക്ഷം കരുതുന്നു. 

2014 വരെ കരയ്ക്കിരുന്നു കളി കാണുകയായിരുന്നു ബി.ജെ.പി. അവിടന്നിങ്ങോട്ട് രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും കളത്തിലിറങ്ങി നന്നായി കളിച്ചവർ. ചില മണ്ഡലത്തിൽ ഇരുപത് ശതമാനത്തിലധികം വോട്ട് ഷെയറോടെ ഇരുമുന്നണികളുടെ നെഞ്ചിടിപ്പേറ്റി. ബി.ജെ.പിയുടെ വളർച്ച ഇരുമുന്നണികളേയും ബാധിച്ചിട്ടുണ്ടെങ്കിലും ചോർച്ച കൂടുതലും സംഭവിച്ചത് ഇടത് വോട്ടുബാങ്കിനായിരുന്നു. 

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വോട്ടുവിഹിതവും വോട്ടുകണക്കും പറയുന്നതെന്ത് ?

കാസര്‍കോട് 

2009-ല്‍ 3,85,522 വോട്ടുകളാണ് കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ ഇടതുപക്ഷത്തിന്‌ ലഭിച്ചത്. 2014-ല്‍ അത് 3,84,964 ആയി. 2019-ല്‍ 4,34,523 വോട്ടുകള്‍. വോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും വോട്ട് ഷെയര്‍ പരിശോധിക്കുമ്പോഴാണ് എല്‍.ഡി.എഫിന്റെ ചിത്രം വ്യക്തമാവുക. 2009-ല്‍ 45.5% ആയിരുന്നെങ്കില്‍ 2014-ലും 2019-ലും 39.5% ആണ് വോട്ട് ഷെയര്‍. അതായത് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഏറിയുമില്ല കുറഞ്ഞുമില്ല. പുതുവോട്ടര്‍മാരെ ഇടതുപക്ഷത്തേക്ക്‌ ആകര്‍ഷിക്കാന്‍ മണ്ഡലത്തിനായില്ലെന്ന് സാരം. അതേസമയം, യു.ഡി.എഫ്. വോട്ട് വിഹിതം വര്‍ധിപ്പിച്ചു. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. 2019-ൽ രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ മണ്ഡലം പിടിച്ചത്. 

കണ്ണൂര്‍

2009-ല്‍ 3.89 ലക്ഷം, 2014-ല്‍ 4.27 ലക്ഷം 2019-ല്‍ 4.35 ലക്ഷം എന്നിങ്ങനെയാണ് കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ എല്‍.ഡി.എഫിന്റെ പെട്ടിയില്‍ വീണ വോട്ടുകള്‍. അതായത് വോട്ട് വിഹിതം യഥാക്രമം 45.1%, 45.2%, 40.05%. 2014-ല്‍ ഇടത് സ്ഥാനാര്‍ഥിയായ പി.കെ. ശ്രീമതിയാണ് വിജയിച്ചതെങ്കിലും വോട്ട് ശതമാനത്തില്‍ പോയിന്റ് ഒരു ശതമാനം മാത്രമാണ് വര്‍ധനവുണ്ടാക്കാനായത്. എന്നാല്‍ 2009-ലുണ്ടായിരുന്ന 50.1% എന്ന വോട്ട് വിഹിതം 2019-ലെത്തിയപ്പോള്‍ യു.ഡി.എഫ് 50.4 ശതമാനത്തിലെത്തിച്ചു. അപ്പോഴും നഷ്ടമുണ്ടായത് എല്‍.ഡി.എഫിന്. ബി.ജെ.പിക്ക് ലഭിച്ചതാകട്ടെ യഥാക്രമം 3.01%, 5.5%, 6.5% എന്നിങ്ങനെ

വടകര

അവസാനം നടന്ന മൂന്ന് ലോക്‌സഭ തിരഞ്ഞെടുപ്പുകളിലെ(2009, 2014, 2019) എല്‍.ഡി.എഫ്. വോട്ടുകള്‍ യഥാക്രമം 3.65 ലക്ഷം, 4.13 ലക്ഷം, 4.42 ലക്ഷം എന്നിങ്ങനെയായിരുന്നു. എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും ആകെ വോട്ടർമാരുടെ എണ്ണമെടുത്താൽ ചെറിയ തോതില്‍ മാത്രം. 2009-ല്‍ 42.3%, 2014-ല്‍ 43.41%, 2019-ല്‍ 41.49% എന്നിങ്ങനെയാണ് വോട്ട് വിഹിതം. എന്നാല്‍, 2009-ല്‍ ഇടതുപക്ഷത്തിന് ഉണ്ടായിരുന്ന 48.8 ശതമാനത്തിന്റെ വോട്ട് ഷെയർ 2019 ആയപ്പോഴേക്കും യു.ഡി.എഫിലേക്ക് ചേക്കേറി. 2019-ൽ യു.ഡി.എഫിന് ലഭിച്ചത് 49.43%. പഴയ വോട്ടർമാർ ചോരുകയും പുതിയവർ കൈവിടുകയും ചെയ്തു.  2019 ഒഴിച്ചാല്‍ ബാക്കി എല്ലാ തവണയും വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രം കാണിക്കുന്ന വടകര ആര്‍ക്കൊപ്പം നില്‍ക്കുമെന്നതില്‍ പുതിയ വോട്ടുകള്‍ നിര്‍ണായകമാകും 

വയനാട് 

2019-ല്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തിയത് എല്‍.ഡി.എഫിന് വൻതിരിച്ചടിയായി. 2009-ല്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്ന 3.9% വോട്ട് പിന്നീട് 8.3 ആവുകയും 2019-ലത് ഒരു ശതമാനം കുറഞ്ഞ് 7.23% ആവുകയും ചെയ്തപ്പോൾ 25.19% മാത്രമായി എല്‍.ഡി.എഫിന്റെ വോട്ട് ഷെയർ. അതായത് യു.ഡി.എഫിലേക്ക്‌ ഒഴുകിപ്പോയ വോട്ടത്രയും എല്‍.ഡി.എഫിന്റേതെന്ന് സാരം. ഇത്തവണ വയനാട്ടില്‍ അല്‍പം കൂടി ആത്മവിശ്വാസം വെയ്ക്കുന്നുണ്ട് എല്‍.ഡി.എഫ്.

കോഴിക്കോട്

2009-ലാണ് എം.കെ. രാഘവന്‍ യു.ഡി.എഫ്. ടിക്കറ്റില്‍ കോഴിക്കോട്ടെത്തുന്നത്. മുഹമ്മദ് റിയാസായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 838 വോട്ടുകള്‍ക്ക് എം.കെ. രാഘവന്‍ വിജയിച്ചു. അന്ന് യു.ഡി.എഫിന് 42.9%, എല്‍.ഡി.എഫ് 42.8%, ബിജെപി 11.3% എന്നിങ്ങനെയായിരുന്നു വോട്ട് ഷെയര്‍. യു.ഡി.എഫും എല്‍.ഡി.എഫും വോട്ട് ഷെയര്‍ വ്യത്യാസം 0.1%. 2014-ല്‍ യു.ഡി.എഫിന് നഷ്ടമായത് 0.7% വോട്ടുകളാണെങ്കില്‍ എല്‍.ഡി.എഫിന് നഷ്ടമായത് 2.4% വോട്ടുകളാണ്. 2019-ലെ യുഡിഎഫ് തരംഗത്തില്‍ എം.കെ.രാഘവന്റെ വോട്ട് ഷെയര്‍ 45.85% ആയി വര്‍ധിച്ചപ്പോള്‍ കോഴിക്കോട്ടെ  ജനസമ്മതനായ എ. പ്രദീപ് കുമാര്‍ എം.എല്‍.എയെ നിര്‍ത്തിയിട്ട് പോലും 37.93 ശതമാനമായിരുന്നു എല്‍.ഡി.എഫിന്റെ വോട്ട് ഷെയര്‍. വീണ്ടും മൂന്ന് ശതമാനത്തോളം വോട്ട് ചോര്‍ച്ച. 11.3 ശതമാനമായിരുന്നു 2009-ല്‍ ബി.ജെ.പിയുടെ വോട്ട് ഷെയര്‍. അത് 12.3 ശതമാനത്തിലേക്കും 14.98 ശതമാനത്തിലേക്കുമെത്തി. ഈ മൂന്ന് തവണയും മൂന്ന് പാര്‍ട്ടികളും വോട്ട് വര്‍ധിപ്പിച്ചുവെങ്കിലും നേരിയ വര്‍ധന മാത്രമാണ് എല്‍.ഡി.എഫിന് കോഴിക്കോട്ട്‌ ഉണ്ടായതെന്ന് കാണാം

മലപ്പുറം, പൊന്നാനി 

യു.ഡി.എഫിന്റെ ശക്തികേന്ദ്രമാണ് മലപ്പുറവും പൊന്നാനിയും. മലപ്പുറത്ത് 2009-ല്‍ 39.9 ശതമാനമായിരുന്നു എല്‍.ഡി.എഫിന്റെ വോട്ട് ഷെയര്‍. പക്ഷേ, 2014-ല്‍ 31.87 ശതമാനമായി. 2019-ല്‍ യു.ഡി.എഫിന്റെ വോട്ട് ഷെയർ ആകട്ടെ കഴിഞ്ഞ മൂന്ന് തവണയും 51 ശതമാനത്തിന് താഴേക്ക് പോയിട്ടേയില്ല.

വോട്ട് ഷെയറിന്റെ കാര്യത്തില്‍ 2009-ല്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുണ്ടായ അന്തരം എട്ട് ശതമാനമായിരുന്നു. 2014-ലേക്ക് വന്നപ്പോള്‍ അത് മൂന്ന് ശതമാനത്തോളം മാത്രമായി. എന്നാല്‍ 2019-ല്‍ 19 ശതമാനമായി. ബിജെപി 7.5 ശതമാനത്തിൽനിന്ന് 8.6 ശതമാനത്തിലേക്കും പിന്നീട് 10.87 ശതമാനത്തിലേക്കും വളര്‍ന്നു. അവിടേയും വോട്ട് ചോര്‍ച്ച ബാധിച്ചത് എല്‍.ഡി.എഫിനെ.

പാലക്കാട് 

ഇടത് സ്വഭാവമുള്ള പാലക്കാട് വോട്ട് ഷെയര്‍ മാത്രമല്ല വോട്ടും എല്‍.ഡി.എഫിന് കുറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു 2019. 2009-ലും 2014-ലും ജയിച്ച എം.ബി രാജേഷിന്  പക്ഷേ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 11,637 വോട്ടിന്റെ ലീഡില്‍ വി.കെ. ശ്രീകണ്ഠനിലൂടെ യു.ഡി.എഫ്. മണ്ഡലം പിടിച്ചപ്പോള്‍ ചോര്‍ന്ന വോട്ട് ഷെയര്‍ കണക്ക് കൂടി പറയാം. 2009-ല്‍ 0.2% ആയിരുന്നു എല്‍.ഡി.എഫ്- യുഡിഎഫ് വോട്ട് ഷെയര്‍ വ്യത്യാസം. എന്നാല്‍, 2014-ല്‍ എല്‍.ഡി.എഫ് വോട്ട് വിഹിതം മൂന്ന് ശതമാനത്തോളും കൂട്ടി. യു.ഡി.എഫിന് കുറഞ്ഞതാവട്ടെ 9 ശതമാനത്തോളം. 8.7 ശതമാനം വോട്ട് ഷെയര്‍ പിടിച്ച ബിജെപി അത് 15 ശതമാനത്തിലേക്കുയര്‍ത്തി. വോട്ട് ചോര്‍ച്ച സംഭവിച്ചത് യു.ഡി.എഫിന്. എന്നാല്‍ 2019-ല്‍ യു.ഡി.എഫ് വീണ്ടും വോട്ട് വിഹിതമുയര്‍ത്തി. 38.83%. എല്‍.ഡി.എഫ്. 45.4-ല്‍ നിന്ന് പോയത് 37.7 ശതമാനത്തിലേക്ക്. ബിജെപിയുടെ വോട്ട് വിഹിതം 21.26%. 2009-ല്‍  ആഞ്ഞടിച്ച യു.ഡി.എഫ്. തരംഗത്തിലും നേട്ടമുണ്ടാക്കിയത് എന്‍.ഡി.എ.

ആലത്തൂര്‍ 

അവസാനത്തെ മൂന്ന് ലോക്‌സഭ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ 20% വോട്ടുകളാണ് എല്‍.ഡി.എഫിന് നഷ്ടമായത്. 2009-ല്‍ 46.8%, 2014-ല്‍ 44.41%, 2019-ല്‍ 34.58% എന്നിങ്ങനെയാണ് എല്‍.ഡി.എഫിന്റെ വോട്ട് ഷെയര്‍. അതേസമയം യു.ഡി.എഫ് 8% വര്‍ധിപ്പിച്ചു. ബി.ജെ.പി. കാര്യമായി നേട്ടമുണ്ടാക്കാത്ത മണ്ഡലം കൂടിയാണ് ആലത്തൂര്‍. 6.5%, 9.45%, 8.82% എന്നിങ്ങനെയാണ് എന്‍.ഡി.എ വോട്ട്‌ഷെയര്‍. 

തൃശൂര്‍, ചാലക്കുടി 

എല്‍.ഡി.എഫ് വോട്ട് ഷെയറില്‍ കാര്യമായ ഇടിവ് സംഭവിച്ച മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. എല്‍.ഡി.എഫ് വോട്ട് ഷെയര്‍ 44.1 ശതമാനത്തിൽനിന്ന് 42.3ശതമാനത്തിലേക്കും അവിടെ നിന്ന് 12% കുറഞ്ഞ് 30.8 ശതമാനത്തിലേക്കും പോയതായി കാണാം. 2019-ല്‍ ടി.എന്‍ പ്രതാപനിലൂടെമണ്ഡലം പിടിച്ച യു.ഡി.എഫിനാകട്ടെ 39.83% ആണ് വോട്ട് ഷെയര്‍. 2009-ല്‍ വെറും 6.7 ശതമാനത്തിൽനിന്ന് ബി.ജെ.പിയുടെ വോട്ട് ഷെയര്‍ പോയത് 11.2 ശതമാനത്തിലേക്കും അവിടെനിന്ന് 28.89 ശതമാനത്തിലേക്കുമാണ്. ചാലക്കുടിയിലും എല്‍.ഡി.എഫിന് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും വോട്ട് ഷെയര്‍ താഴേക്കാണ്. 41.3 ശതമാനത്തില്‍നിന്ന് 40.5 ശതമാനത്തിലേക്കും അവിടെനിന്ന് 34.45 ശതമാനത്തിലേക്കും വോട്ട് ഷെയര്‍ താഴ്ന്നു.

എറണാകുളം 

യു.ഡി.എഫ്. സ്വാഭാവമുള്ള മണ്ഡലമാണ് എറണാകുളം. എന്നാല്‍ ഇവിടേയും 2009-ല്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് ഷെയര്‍ വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2014-ല്‍ വോട്ട് ഷെയര്‍ വ്യത്യാസം 10 ശതമാനവും 2019-ലത് 13 ശതമാനവുമായി. ഏറിയും കുറഞ്ഞും വലിയ മാറ്റമില്ലാതെ യു.ഡി.എഫ് പിടിച്ച മണ്ഡലത്തില്‍ കൃത്യമായി വളര്‍ച്ച രേഖപ്പെടുത്തുന്നത് എന്‍.ഡി.എ ആണ്. 7.1%, 11.6%, 14.24%. 

ഇടുക്കി, കോട്ടയം 

2014-ല്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ഇടുക്കി 2019-ല്‍ ഡീന്‍ കുര്യാക്കോസിലൂടെ യു.ഡി.എഫ്. തിരിച്ചുപിടിച്ചു. 2014-ല്‍ എല്‍.ഡി.എഫിന്റെ വോട്ട് ഷെയര്‍ 46.6 ശതമാനമായിരുന്നെങ്കില്‍ 2019-ലെത്തുമ്പോള്‍ 35.69 ശതമാനത്തിലേക്കെത്തി. എന്നാല്‍ യു.ഡി.എഫ് 40 ശതമാനത്തില്‍ നിന്ന് 54 ശതമാനത്തിലേക്കെത്തി. 2009-ല്‍ 3.6% മാത്രം വോട്ട് ഷെയര്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി. ആറിലേക്കും പിന്നീട് 8.57 ശതമാനത്തിലേക്കും നില മെച്ചപ്പെടുത്തി. 

യു.ഡി.എഫ്. സിറ്റിങ് എം.പിയായ തോമസ് ചാഴിക്കാടന്‍ മറുകണ്ടം ചാടി ഇന്ന് എല്‍.ഡി.എഫിനൊപ്പമാണ്. ഓരോ തിരഞ്ഞടുപ്പ് കഴിയുമ്പോഴും എല്‍.ഡി.എഫിന് വോട്ട് ഷെയര്‍ കുറഞ്ഞുവരുന്നതാണ് കണക്കുകള്‍. 41.3 ശതമാനത്തില്‍ നിന്ന് 36.5 ശതമാനത്തിലേക്കും അവിടെ നിന്ന്‌ 34.58 ശതമാനത്തിലേക്കും വോട്ട് ഷെയര്‍ താഴ്ന്നു.

ആലപ്പുഴ

ആലപ്പുഴയില്‍ കഴിഞ്ഞ തവണ വിജയിച്ചത് എല്‍.ഡി.എഫ്. ആണെങ്കിലും വോട്ട് ഷെയറില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഇടതിനായിരുന്നില്ല. 2009-ല്‍ 44.4 ശതമാനമുണ്ടായിരുന്ന എല്‍.ഡി.എഫ് വോട്ട് ഷെയര്‍ 2014-ല്‍ 44.4 ശതമാനത്തിലേക്കും 2019-ല്‍ 40.94 ശതമാനത്തിലേക്കുമെത്തി. ഫലത്തില്‍ ആലപ്പുഴയില്‍ നേട്ടമുണ്ടാക്കിയത് എന്‍.ഡി.എ ആണ്. 2009-ല്‍ 2.2 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട്‌ഷെയര്‍. എന്നാല്‍ 2019-ല്‍ കെ.എസ്. രാധാകൃഷ്ണനിലൂടെ ബി.ജെ.പി. അത് 17.2% ആക്കി. എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫില്‍ നിന്നും പോയ വോട്ടുകള്‍ ഗുണകരമായത് എന്‍.ഡിഎയ്‌ക്കെന്ന് സാരം.

മാവേലിക്കര

മാവേലിക്കരയെടുത്താല്‍ കഴിഞ്ഞ മൂന്ന് തവണയും കൊടിക്കുന്നില്‍ സുരേഷ് ആണ് യു.ഡി.എഫ്. നായകന്‍. വോട്ട് ഷെയര്‍ 49.4%, 45.3%, 45.44%. എന്നാല്‍ മൂന്ന് തവണയും എല്‍.ഡി.എഫിന്റെ വോട്ട് ഷെയര്‍ താഴേക്കാണ്. 43.4%, 41.6%, 39%. ബി.ജെ.പി. 5.1%, 9%, 13.79%. എന്നാല്‍ വോട്ടുകളുടെ എണ്ണം മൂന്ന് മുന്നണിക്കും വര്‍ധിച്ചിട്ടുണ്ട്. 

പത്തനംതിട്ട

യു.ഡി.എഫ്. സ്വഭാവമുള്ള പത്തനംതിട്ടയില്‍ മൂന്ന് തവണയും ആന്റോ ആന്റണി വിജയിച്ചെങ്കിലും എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ട് ഷെയര്‍ ഒരു പോലെ കുറയുന്നത് കാണാം. 51.2%, 41.3%, 37.1% എന്നിങ്ങനെയാണ് മൂന്ന് തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വോട്ട് ഷെയറെങ്കില്‍  37.3%, 34.8%, 32.79% എന്നിങ്ങനെയാണ് എല്‍.ഡി.എഫ്. വോട്ട് ഷെയര്‍.  2009-ല്‍ 7.1 ശതമാനമുണ്ടായിരുന്ന ബി.ജെ.പി. 16 ശതമാനത്തിലേക്കും അവിട നിന്ന് 28.97 ശതമാനവുമാക്കി വോട്ട് ഷെയര്‍ വര്‍ധിപ്പിച്ചു. 

കൊല്ലം 

കഴിഞ്ഞ മൂന്ന് തവണയും പ്രേമചന്ദ്രനിലൂടെ യു.ഡി.എഫ്. നിലനിര്‍ത്തിയ മണ്ഡലം. 45.19%, 46.5%, 51.7% എന്നിങ്ങനെയാണ് യു.ഡി.എഫ്. വോട്ട് ഷെയര്‍. എന്നാല്‍ എല്ലാ തവണയും എല്‍.ഡി.എഫിന് വോട്ട് ഷെയര്‍ ഗണ്യമായി കുറഞ്ഞു. 2009-ല്‍ 45.19% ആയിരുന്നു എല്‍.ഡി.എഫ് വോട്ട് ഷെയര്‍. 2014-ല്‍ അത് 42.2 ശതമാനത്തിലേക്കും 2019-ല്‍ അത് 36.13% ആയും കുറഞ്ഞു. അതായത് 14 ശതമാനത്തോളം വോട്ട് ചോര്‍ച്ച. 4.4%, 6.7%, 10.64% എന്നിങ്ങനെയാണ് ബി.ജെ.പി. വോട്ട് ഷെയര്‍ വര്‍ധിപ്പിച്ചത്. 

ആറ്റിങ്ങല്‍

2009-ലും 2014-ലും എ. സമ്പത്തിലൂടെ എല്‍.ഡി.എഫിനൊപ്പം വന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. എന്നാല്‍, 2019-ല്‍ അടൂര്‍ പ്രകാശിലൂടെ യു.ഡി.എഫ്. മണ്ഡലം പിടിച്ചു. 45.37% ഉണ്ടായിരുന്ന എല്‍.ഡി.എഫ് വോട്ട്‌ഷെയര്‍ 2014-ല്‍ 45.67% ആയി. എന്നാല്‍ 2019-ല്‍ അത് 34.06 ശതമാനത്തിലേക്കെത്തി. 42.83%, 37,6%, 38.34% എന്നിങ്ങനെയാണ് യു.ഡി.എഫ് വോട്ട് ഷെയര്‍. എന്നാല്‍ എന്‍.ഡി.എ 6.59 ശതമാനത്തില്‍ നിന്ന് 10.53 ശതമാനത്തിലേക്കും അവിടെനിന്ന് 24.67 ശതമാനത്തിലേക്കും മാറിയപ്പോള്‍ ചോര്‍ന്നത് ഭൂരിഭാഗവും എല്‍.ഡി.എഫിന്റെ വോട്ടുകളായിരുന്നു

തിരുവനന്തപുരം

മൂന്ന് തവണയും ശശി തരൂരാണ് തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. യു.ഡി.എഫും എന്‍.ഡി.എയും നേട്ടമുണ്ടാക്കിയ മണ്ഡലത്തില്‍ മോശം പ്രകടനം എല്‍.ഡി.എഫിന്റേതു തന്നെയായിരുന്നു. 2009-ല്‍ 30.74%, 2014-ല്‍ 28.5%, 2019-ല്‍ 25.6% ആണ് എല്‍.ഡി.എഫ്. വോട്ട് ഷെയര്‍. 44.29%, 34.1%, 41.2% എന്നിങ്ങനെയാണ് യു.ഡി.എഫ്. വോട്ട് ഷെയര്‍. യു.ഡി.എഫ് തരംഗമുണ്ടായിട്ട് പോലും ഇവിടെ യു.ഡി.എഫിന് വോട്ട് ഷെയര്‍ കുറഞ്ഞു. 2009-ല്‍ വെറും 11.4 ശതമാനമായിരുന്ന വോട്ട് ഷെയര്‍ 2014-ല്‍ എന്‍.ഡി.എ. 32 ശതമാനമാക്കി. 2019-ല്‍ എന്‍.ഡി.എയുടെ വോട്ട് ഷെയര്‍ ഒരു ശതമാനം മാത്രം കുറഞ്ഞ് 31.3% ആയപ്പോള്‍ എല്‍.ഡി.എഫിന്റെ വോട്ട് നഷ്ടം മൂന്ന് ശതമാനം. 2014-ല്‍ നഷ്ടമായ വോട്ടുകള്‍ മിക്കവാറും തിരികെ യു.ഡി.എഫിലെത്തിയപ്പോഴും  മൂന്ന് തവണയും എല്‍.ഡി.എഫിന് വോട്ട് ഷെയര്‍ ഉയര്‍ത്താനായില്ല

1957 മുതല്‍ ഇതുവരെ 18 ലോക്‌സഭാ തിരഞ്ഞെടുപ്പുകളാണ് കേരളത്തിലുണ്ടായത്. എന്നാല്‍, മുന്നണി രൂപീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയായി ഇടതുപാര്‍ട്ടികള്‍ മത്സരിക്കാനിറങ്ങുന്നത് 1989 മുതലാണ്. അതിന്ശേഷം ഇതുവരെ നടന്ന 9 തിരഞ്ഞെടുപ്പുകളില്‍ നാല് തവണ എല്‍.ഡി.എഫ്.. പത്തിന് മുകളില്‍ സീറ്റ് നേടി (1989-17, 1991- 12, 1996- 15, 2004- 18. എന്നാല്‍ 2009-ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന മൂന്നില്‍ രണ്ട് തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് രണ്ടക്കം കടന്നിട്ടില്ല. ഇത്തവണയും എല്‍.ഡി.എഫിനെതിരാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അഞ്ചിന് മുകളില്‍ ഒരു ഏജന്‍സിയും പ്രവചിച്ചിട്ടേയില്ല. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ചെറിയ ശതമാനം മാത്രം വോട്ട് നഷ്ടം വന്നപ്പോള്‍ എല്‍.ഡി.എഫിന്റെ വിധി അതായിരുന്നില്ല.